2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഒരു ഫേസ് ബുക്ക്‌ റിക്വസ്റ്റ് - ഭാഗം 2



പക്ഷേ ഒന്നും ഉണ്ടായില്ല.അവള്‍ വീണ്ടും അവനേകണ്ടപ്പോള്‍ ലജ്ജാവതിയായി മുഖം താഴ്ത്തി.പിറ്റേദിവസം അവനെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് അവള്‍ ഒരു ബ്ലാക് ആന്ഡ് വൈറ്റ് ഫോട്ടോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നു.ടെലിഷോപ്പിങ് പരസ്യത്തില്‍ പറയുന്നപോലെ "വാവ് ജെന്നി വാവ്" എന്നു പറയാന്‍ തോന്നിപ്പിക്കുന്ന ഒരു കിടിലന്‍ ഫോട്ടോ.അപ്പോള്‍ തന്നെ അവള്‍ ശ്രദ്ധിച്ച്തുടങ്ങിയിരിക്കുന്നു.മാസാവസാനം ആയതുകൊണ്ട് മാത്രം അവന്‍ ആര്‍ക്കും ചിലവ് ചെയ്തില്ല.അല്ലെങ്കിലുണ്ടല്ലോ...

അങ്ങനെ മൈക്രോ സെക്കന്‍റുകള്‍,മില്ലി സെക്കന്‍റുകളായി,പിന്നെ വെറും സെക്കന്‍റുകളായി.പിന്നെ മിനിട്ടും മണിക്കൂറും, ദിവസവും,ആഴ്ചയും,മാസങ്ങളും ഒക്കെ ആയി.അതുപോലെ അവളുടെ പ്രൊഫൈലില്‍ ഫ്രെന്‍ഡ്സ് കൂടി വന്നു..കൂടുതല്‍ ഫോട്ടോസ് വന്നു.ഫേസ്ബുക്കിന് ഒരു ആക്ടിവ് യൂസറെ കൂടി കിട്ടി.പക്ഷേ ആ റിക്വെസ്റ്റ് റിക്വെസ്റ്റ് ആയിതന്നെ അവശേഷിച്ചു.അവള്‍ അപ്ലോഡ് ചെയ്ത ഫോട്ടോസിന് അവന്‍ ഇട്ട കമന്റുകള്‍ ഒന്നുംതന്നെ വെളിച്ചം കണ്ടില്ല.വീണ്ടും വീണ്ടും കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ ഒരു ദിവസം അവളുടെ പ്രൊഫൈല്‍ ഫോട്ടോ അപ്രത്യക്ഷമായി.അതിനും അവന്‍ ഒരു മെസ്സേജ് അയച്ചു "നല്ല ഫോട്ടോ ആയിരുന്നു.മാറ്റേണ്ടിയിരുന്നില്ല."

പിന്നെ അവളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയും അവന് കാണാന്‍ കഴിഞ്ഞില്ല.ഫേസ്ബുക്കില്‍ സെക്യൂരിറ്റി കോഡ് എഴുതിയവനെ പ്രാകിക്കൊണ്ട് അവന്‍ അവളുടെ ഫ്രെന്‍ഡ്സ് ലിസ്റ്റ് തിരഞ്ഞു തുടങ്ങി.അവര്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോസില്‍ അവളുണ്ടാകാതിരിക്കില്ല.ഫേസ് ഡിറ്റേക്ട് ചെയ്തു ഫോട്ടോ ഹൈഡ് ചെയ്യാനുള്ള സെറ്റപ്പ് ഒന്നും ഫേസ് ബുക്കിലെ ഒരുത്തനും ഇല്ല.
അവന് നിരാശനാകേണ്ടി വന്നില്ല.പിന്നെ കുറെക്കാലം ചെറിയ പിണക്കമായിരുന്നു.അവളു വേണേല്‍ അപ്രൂവ് ചെയ്യട്ടെ.പക്ഷേ എത്രനാള്‍ അങ്ങനെ അവന് പിടിച്ചുനില്‍ക്കാന്‍ പറ്റും,അവസാനം അവന്‍ ഒരു മെസ്സേജ് അയച്ചു ഒന്നുകൂടി ഓര്‍മിപ്പിച്ചു."കുറെ നാളായല്ലോ സര്‍ക്കാര്‍ ഓഫീസിലെ ഫയല്‍ പോലെ റിക്വെസ്റ്റ് കെട്ടിക്കിടക്കുന്നു.ഒരു തീര്‍പ്പുണ്ടാകുമോ?"

വീണ്ടും തഥൈവ.ഇനി കാത്തിരുന്നിട്ട് കാര്യമില്ല.കാര്യം പറയുക തന്നെ.നേരിട്ടു പറഞ്ഞാല്‍ ഒരു പക്ഷേ വിയര്‍പ്പിന്‍റെ അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതുകൊണ്ടു എഴുത്ത് വഴിയാക്കാം.കടലാസ് എന്തായാലും പറ്റില്ല.അതൊരിക്കല്‍ പൊളിഞ്ഞതാണ്.എന്തായാലും ഫേസ്ബുക്കില്‍ നനഞ്ഞു.ഇനി അതില്‍ തന്നെ കുളിച്ചു കയറാം.അങ്ങനെ മഴയുള്ള ഒരു രാത്രിയില്‍ മഴയെ സാക്ഷി നിറുത്തി അവന്‍ എഴുതിത്തുടങ്ങി.

"ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാന്‍ പറ്റില്ല.അതുപോലെ താന്‍ ഇവിടത്തെ നമ്പര്‍ വണ്‍ സുന്ദരിയാണെന്നും എനിക്കഭിപ്രായമില്ല.പക്ഷേ എന്തുകൊണ്ടോ താന്‍ എനിക്കു പറ്റിയതാണെന്ന് എന്‍റെ മനസ്സ് പറയുന്നു.തന്നെ പറ്റി എനിക്കറിയാവുന്നത് തനിക്ക് ഇവിടെ കൊള്ളാവുന്ന ഒരു ജോലിയുണ്ടെന്നും പെരുമാറ്റം കൊണ്ട് ആള് ഡീസന്‍റ് ആണെന്നുമാണ്.എന്നെപ്പറ്റി പറയുകയാണെങ്കില്‍ ഇടത്തരം കുടുംബം.വീട്ടില്‍ രണ്ടു മക്കള്‍.ബി ടെക് കഴിഞ്ഞു ഐ ടി മേഖലയില്‍ പ്രോഗ്രാമ്മര്‍ എന്ന നിലയില്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്നു.സാമ്പാദ്യം എന്നുപറഞ്ഞാല്‍ ഒരു കാറും,ബൈക്കും പിന്നെ ടാക്സ് വെട്ടിക്കാന്‍ എടുത്ത കുറച്ചു പോളിസികളും.പിന്നെ ഇടക്കിടെ ബ്ലോഗില്‍ എഴുത്തുന്ന ചെറിയ ഒരസുഖം ഉണ്ട്.

അമേരിക്കയിലോ,ആസ്ത്രേലിയയിലോ ഒന്നും പോയി സെറ്റില്‍ ആകാനൊന്നും ഇപ്പോള്‍ എനിക്കു താല്പര്യമില്ല.അത് വച്ച് ഇനി ഉണ്ടായിക്കൂടെന്നില്ല.പക്ഷേ ഒരു കാര്യം പറയാം നമ്മള്‍ എന്തായാലും കുറച്ചുകൊല്ലം മറ്റ് ഏതെങ്കിലും രാജ്യത്തു താമസിക്കും.ഈ ഐ ടി എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ ജോലിപോലെയൊന്നും അല്ലെന്നറിയാവല്ലോ.പോകുന്നിടത്തോളം പോകും.അത്രതന്നെ.പിന്നെ വീട്ടില്‍ കപ്പ നടാന്‍ അത്യാവശ്യം സ്ഥലം ഉള്ളതുകൊണ്ടു, എന്‍റെ കൈക്ക് ആരോഗ്യം ഉള്ളതുവരെ ഭക്ഷണത്തിന് മുട്ടുണ്ടാകില്ല.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനമാണ്.ഒരു മറുപടി പെട്ടെന്നു പറയണം എന്നില്ല.നല്ലവണ്ണം ആലോചിച്ചിട്ടു പറഞ്ഞാല്‍ മതി."

പിന്നെ അവന് തോന്നി.ഞാന്‍ എന്താണ് ഇങ്ങനെ പൈങ്കിളി ആയിപ്പോയത്.ലൈന്‍ അടിക്കാന്‍ ഒന്നും അല്ലല്ലോ കെട്ടി കൂടെപൊറുപ്പിക്കാനല്ലേ കാര്യം നേരെ ചൊവ്വെ പറഞ്ഞാല്‍ മതി.ദാണ്ടെ കിടക്കുന്നു ഒരു കണ്‍ട്രോള്‍+aയും ഡെലിട്ടും.

"എടീ എന്നെക്കൊണ്ടു ഇത്രയൊക്കെയേ പറ്റൂ.അല്ലാതെ നിന്‍റെ പുറകെ നടന്ന്‍     മരം ചുറ്റിക്കളിക്കാനും, ലവ് യൂ എന്നൊന്നും പറയാനും എന്നെക്കൊണ്ടു പറ്റില്ല..അതിനുള്ള പ്രായവും കഴിഞ്ഞു.നിനക്കു പറ്റുമെങ്കില്‍ ഫേസ് ബുക്ക് റിക്വെസ്റ്റ് ഒന്ന്‍ അപ്രൂവ് ചെയ്യ്.എന്നിട്ട് നാട്ടുനടപ്പനുസരിച്ച് ഞാന്‍ എന്‍റെ വീട്ടുകാരെ വിടാം.അല്ലപിന്നെ..."

അവന്‍റെ മനസില്‍ അപ്പോള്‍ ഒരു മഴപെയ്തു തോര്‍ന്നതുപോലെയായിരുന്നു.
പക്ഷേ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ബ്രോഡ് ബാന്‍ഡ് കട്ട് ആയി.മഴ പെയ്താല്‍ അല്ലെങ്കിലും BSNL ബ്രോഡ് ബാന്‍ഡ് ഇങ്ങനാ...

അഭിപ്രായങ്ങളൊന്നുമില്ല: