2011, നവംബർ 4, വെള്ളിയാഴ്‌ച

പെണ്ണുചോദ്യം

കടയാടി ബേബി എന്ന വട്ടപേര് പുള്ളിക്കാരന് എങ്ങിനെ കിട്ടി എന്നെനിക്കറിയില്ല. ഞാന്‍ ആ പേര് ആദ്യം കേള്‍ക്കുന്നത് "നിരണം കവികളില്‍ ഒരാളായ കടയാടി ബേബി" ദേ ഇവനാണ് എന്നു ഒരുത്തന്‍ പരിചയപ്പെടുത്തിയപ്പോഴാണ്.ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍  സുന്ദരന്‍ ,സുമുഖന്‍,സര്‍വോപരി സല്‍ഗുണസമ്പന്നന്‍ .ദിനചര്യ ഇങ്ങനെയാണ് കാലത്തുതന്നെ എഴുന്നേറ്റയുടനെ ഓഫീസില്‍ വരും. പ്രകൃതിയിലെ ജീവികളോട് ഭയങ്കര സ്നേഹമാണ്.ഉച്ചക്ക് ശരീരത്തിന്‍റെ ദാഹമകറ്റാന്‍ ഒരുചായയും ആത്മാവിന്‍റെ  ദാഹമകറ്റാന്‍ ഒരു പുകയും.അതുപോലെ എല്ലാ ദിവസവും ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഭക്ഷണശേഷം ഞങ്ങളുടെയോപ്പം ജഡ്ജസ് ആയി വന്നിരിക്കും...മാര്‍ക്ക് കറെക്റ്റ് ആയി ഇടുമെങ്കിലും പെണ്ണുങ്ങളോട് കമ എന്നൊരക്ഷരം മിണ്ടില്ല...പിന്നെയുള്ള ഏക വീക് പോയിന്‍റ് സാമൂഹ്യസേവനമാണ്...

കാലത്ത് എഴുന്നേറ്റയുടനെ ഓഫീസില്‍ വരും എന്നുവച്ചാല്‍ വെളുപ്പിനെ ആറുമണിക്ക് വരും എന്നൊന്നും വിചാരിക്കരുത്.ഒരു പത്തു പത്തരക്ക് എഴുന്നേറ്റ് പത്തേമുക്കാലിന് വരും. പത്തരക്ക് എഴുന്നേറ്റിട്ട് എങ്ങിനെ പത്തേമുക്കാലിന് വരും അറ്റ്ലീസ്റ്റ് കുളിക്കുകയെങ്കിലും ചെയ്യേണ്ടെ എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമൊന്നുമില്ല..പുള്ളി കുളിച്ചാല്‍ പുള്ളിക്ക്, പുള്ളിയുടെ തലയില്‍ വളര്‍ത്തുന്ന ഓമനജീവികളായ പാമ്പ്,പഴുതാര, അട്ട തുടങ്ങിയവയെ സംരക്ഷിക്കാനാവില്ല.സായിബാബ കടയാടിയെ കണ്ടാണ് ഹെയര്‍ സ്റ്റൈല്‍ തീരുമാനിച്ചതെന്നാണ് കടയാടിയുടെ ഫാന്‍സ് പറയുന്നതു. .ഫാന്‍സ് എന്നുപറഞ്ഞാല്‍ ഓഫീസില്‍ എല്ലാവരും നിശബ്ദമായിരിക്കുമ്പോള്‍ ഓഫീസിന്‍റെ അങ്ങേ അറ്റത്തുപോയി "കടൂ..."  എന്നുനീട്ടി വിളിക്കുന്ന കടയടിയുടെ നാട്ടുകാരനായ മറ്റൊരു ചങ്ങനാശേരിക്കാരന്‍.അതൊരു സിഗ്നല്‍ ആണ് ..അപ്പോഴേ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെല്ലാം ചെവിപൊത്തും...പിന്നെ 10 മിനിറ്റ് കഴിഞ്ഞേ ചെവിതുറക്കൂ.പക്ഷെ ഇത്രയൊക്കെയാണെങ്കിലും പുള്ളി പെണ്‍പിള്ളാരുടെ അപ്പന്‍മാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനാണ്.ഒന്നു നോക്കിയാല്‍ മതി, നോക്കുന്ന പെങ്കുട്ടിയുടെ കല്യാണം പെട്ടെന്നു തന്നെ ഉറക്കും...സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത, ജാതകദോഷം, ചൊവ്വാ, ബുധന്‍, ശനി ദോഷങ്ങള്‍ മൂലം കല്യാണം ഉറയ്ക്കാത്ത പെങ്കുട്ടികളുടെ കല്യാണം ഉറപ്പിച്ച് കൊടുക്കുക ഇതിലും വലിയ സാമൂഹ്യസേവനം വേറെ എന്തുണ്ട് ഈ നാട്ടില്‍?

അങ്ങനെയിരിക്കുമ്പോള്‍ തേജോമയയിലെ ഒരുച്ചനേരം..

കടയാടി:"ദാണ്ടെ പോകുന്നു എന്‍റെ ഹൃദയം മോഷ്ടിച്ച സുന്ദരി. ഇനി എന്നും അവള്‍ക്കാന് കൂടുതല്‍ മാര്‍ക്ക്".
നിനക്കു ഹൃദയമോ ,ഒന്നുപോടെ തമാശ പറയാതെ.ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ടി.ജി രവിയുടെയല്ലേ ,അതവള് എടുത്തിട്ട് എന്നാ ചെയ്യാനാ...

കടയാടി:എടോ ഞാന്‍ സീരിയസ് ആയിട്ടാഡോ...
അപ്പോള്‍ കഴിഞ്ഞമാസം പറഞ്ഞ ആ അഹങ്കാരിയുടെ കൂട്ടുകാരിയോ...അവളും എന്തോ ഹൃദയമോ,കിഡ്നിയോ കൊണ്ടുപോയല്ലോ...

കടയാടി: ഓ അവള് ആ അഹങ്കാരിയേക്കാള്‍ വലിയ അഹങ്കാരിയാ... അവളെയിപ്പോള്‍ കാണുന്നില്ലല്ലോ..കല്യാണം കഴിഞ്ഞുകാണും...പക്ഷെ ഇത് ഞാന്‍ സീരിയസാണെടോ..
ഓഹോ അങ്ങനെയാണോ ,ആ വരുന്നതില്‍ ഏതാണ് ആ കള്ളി?

കടയാടി:എടോ ദേ നേരെ വരുന്നതാ..കമ്പനിയുടെ ഐഡി കാര്ഡ് ഉള്ള ടാഗ് കയ്യിലെടുത്തു കറക്കികൊണ്ടു വരുന്നത്..ദേ അവള് അവളുടെ ഫ്രണ്ടിനെ അടിക്കുന്നു...അല്ല പിച്ചുന്നു.
ഓഹോ ഇപ്പോള്‍ മനസിലായി .പ്രിയാമണിയുടെ ഫേസ്കട്ട് ഉള്ള അത്യാവശ്യം ഉയരമുള്ള കൊച്ച്.ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെയുണ്ടല്ലോ.. പക്വത എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല എന്നു തോന്നുന്നു.അതോ ലാളിച്ചു വഷളാക്കിയെക്കുവാനോ.

കടയാടി: ഓ അതൊന്നും കുഴപ്പമില്ലെഡോ..ഞാനങ്ങു സഹിച്ചു.
കണ്ടിട്ടു തന്‍റേടക്കാരിയാണെന്ന് തോന്നുന്നു. റയിഞ്ച് വേറെയാ..വരച്ച വരയില്‍ നിറുത്തണമെങ്കില്‍ നീ ഒരു 10 മാര്‍ക്കര്‍ വാങ്ങി വീടുമൊത്തം വരക്കേണ്ടിവരും..അതുപോലെ നിനക്കു മലയാളം അക്ഷരങ്ങളായ ക്ഷ,ണ്ണ,ജ്ഞ ച്ഛ ഒക്കെ വരക്കാനറിയാവോ.. മൂക്കുകൊണ്ട്...

കടയാടി:അവളെ കെട്ടുവാണെല്‍ അവളെന്തു പറഞ്ഞാലും ഞാനനുസരിക്കും..ഞാനൊരു അടിമയായി മാറുമെടോ...അടിമ..
എന്നാല്‍ ശരി അവളുടെ പേരെന്നാ...

കടയാടി:ഒരു പേരിലെന്തിരിക്കുന്നു..താന്‍ കേട്ടിട്ടില്ലേ..പ്രേമത്തിന് കണ്ണില്ല,കാലില്ല പേരില്ല എന്നൊക്കെ...
അപ്പോള്‍ പേരറിയില്ല. തല്‍ക്കാലം പ്രിയാമണി എന്നു തന്നെ വിളിക്കാം.നാട്,വീട് പോട്ടെ..അവള് ഓള്‍റെഡി കെട്ടിയതാണോ എന്നെങ്കിലും അറിയാമോ?

കടയാടി:ആ കുട്ടിത്തം കണ്ടാല്‍ അറിയില്ലേ...കെട്ടിയിട്ടില്ല...ഇനിയിപ്പോള്‍ ഒന്നു കെട്ടിയാലും ഞാനങ്ങു സഹിച്ചു...
എന്തായാലും നിനക്കു പറ്റിയത് തന്നെ..എപ്പോള്‍ നോക്കിയാലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നപോലെയാണ് പ്രിയാമണിയുടെ മുഖം.വര്‍ക്ക് ചെയ്യുന്ന കമ്പനി കുഴപ്പമില്ല,ടാഗിന്‍റെ കളര്‍ വച്ച് കണ്ടു പിടിക്കാം..ബാക്കി ഡീറ്റൈല്‍സ് ..യെസ് യുറേക്കാ..

കടയാടി:എന്തു യുറേക്കാ...
ഓകെ അപ്പോള്‍ ശരി ഇന്നുമുതല്‍ കടയാടിക്കുവേണ്ടി ഓര്‍കൂട്ടും, ഫേസ്ബുക്കും അരിച്ച് പെറുക്കുന്നു. മീറ്റിങ് ഡിസ്പെര്‍സെഡ് .ഗോറ്റു യുവര്‍ ക്ലാസ്സെസ്,അല്ല ക്യുബിക്കിള്‍സ്...

ഒരു വീകെന്‍ഡ് സര്‍ച്ച് കൊണ്ട് തന്നെ ആളെ പൊക്കി.മ്യൂചുവല്‍  ഫ്രെന്‍ഡ്സ് അല്ലാതെന്താ...പൊന്‍കുന്നം - കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്നുള്ള ഒന്നാന്തരം അച്ചായത്തി. പഠിച്ചത് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ എഞ്ചിനീയറിങ് കോളേജില്‍.താമസം കാക്കനാടിനടുത്തുതന്നെ ..പക്ഷെ ഹോസ്റ്റലില്‍ അല്ല.

കടയാടി ഒന്നൂടെ ആലോചിച്ചിട്ടു പോരേ..അവള്‍ക്ക് വല്ല ആങ്ങളമാരുമുണ്ടോ എന്നെങ്കിലും കണ്‍ഫേം ആക്കിയിട്ടു പോരേ ഈ ചോദിക്കാന്‍ പോക്ക്..

കാഞ്ഞിരപ്പള്ളി എന്‍റെ നാടാഡോ.ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നുവെന്നേയുള്ളൂ.. കാഞ്ഞിരപ്പള്ളിയില്‍ എന്‍റെ അപ്പാപ്പനു രണ്ടു മലയുണ്ട് അറിയാവോ?വേണ്ടിവന്നാല്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴ ഞങ്ങള്‍ ഇടുക്കി ഡാം പോലെ പണിതു വെള്ളം മുട്ടിച്ചു കളയും.. അവിടെ വച്ച് എന്നെ ആരെങ്കിലും തൊട്ടാലുണ്ടല്ലോ.. എന്നോടാ കളി..

അല്ലെങ്കില്‍ നീ അറ്റ്ലീസ്റ്റ് അവളോടു ഒന്നു ചോദിച്ചിട്ടു പോടാ...അല്ലെങ്കില്‍ ഹായി എന്നൊന്ന് പറയ്..

ഞാന്‍ തറവട്ടില്‍ പിറന്നവനാ..ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചോളാം..കേട്ടോഡോ...വേണേല്‍ ഇത് കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ പറഞ്ഞു തരാം..താന്‍ വേണേല്‍ തന്‍റെ ആ ഒണക്ക ബ്ലോഗിലിട്ടോ...

അങ്ങനെ കടയാടി പ്രിയാമണിയുടെ വീട്ടിലെത്തി. ഒരു മിനി കൊട്ടാരം പോലെയിരിക്കുന്നു. അംഗരക്ഷകര്‍ വേറെ...പുറത്തു പിച്ചക്കാരനെപോലെയൊത്തനെ കണ്ടതും ഒരു ഒറ്റ രൂപ കോയിന്‍ വീടിനകത്തുനിന്നും നീട്ടി. വിത്ത് ഒരിടങ്ങഴി അരി..

അയ്യോ ഞാന്‍ പിച്ചക്കാരനല്ല. പ്രിയാമണിക്ക് അല്ല ജബ അത് ഇവിടത്തെ മോള്‍ക്കു കല്യാണലോചനയായിട്ട് വന്നതാ.
കയറിയിരിക്കൂ...അതും പറഞ്ഞ് വന്ന സ്ത്രീ അകത്തേക്ക് പോയി
കടയാടി ചുമ്മാ പുറത്തേക്ക് നോക്കി.അന്യായ സെറ്റപ്.കൊച്ചു ഗള്ളീ ,ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യേണ്ട കാര്യമൊന്നുമില്ലല്ലേ..പിന്നെ ടൈംപാസിനായിരിക്കും അല്ലേല്‍ പക്വത വരാന്‍വേണ്ടിയായിരിക്കും..എന്തായാലും കോളടിച്ചൂ..

മുമ്പ് അകത്തേക്ക് പോയസ്ത്രീ കുടിക്കാനുള്ളത് കൊണ്ടുവന്നു.

അല്ല...  ഡാഡ് ഇല്ലേ മമ്മീ..

എന്‍റെ ഡാഡ് ഇവിടെ ഉണ്ടാകേണ്ടകാര്യമില്ല..സാറിപ്പോള്‍ വരും...വിളിച്ച് പറഞ്ഞിട്ടുണ്ട്.

ഓഹോ അപ്പോള്‍ വേലക്കാരിയാണല്ലേ...കൊള്ളാം..

പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.എന്താണെന്നറിയില്ല പുറത്തോട്ടു നോക്കിയപ്പോള്‍ മുതല്‍ കടയടിക്കൊരു ഒരു മൂത്രശങ്ക.പുറത്തെന്താണെന്ന് വച്ചാല്‍..

ഒരു സെവന്‍റീസ് മോഡല്‍ ഓപ്പണ്‍ ടൈപ്പ് വില്ലീസ് ജീപ്പ്.അതില്‍നിന്നും ആറടിക്കു മേല്‍ പൊക്കമുള്ള ഒരു കൊമ്പന്‍മീശക്കാരന്‍ ഇറങ്ങുന്നു..വേഷം ഒരു ബനിയനും നിക്കറും,തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്, ചുണ്ടില്‍ ഒരു പൈപ്പ്, കൂടെ ഒരു പെട്ടി,നാല് പട്ടി.ഒരു പട്ടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പട്ടി വരും.വേട്ടനായ് എന്നു മലയാളത്തില്‍ പറയുമത്രേ.

വന്നപ്പാടെ കടയാടിയെ അടിമുടി നോക്കി. പുള്ളി ഇരുന്നതിന്‍റെ ഇരുവശങ്ങളിലുമായി ജോസ് പ്രകാശിന്‍റെ അടുത്ത് ഗുണ്ടകള്‍ നില്‍ക്കുന്നതുപോലെ പട്ടികളും.അപ്പോഴാണ് ഈ പാമ്പേഴ്സും, സ്നഗ്ഗീസുമെല്ലാം കുട്ടികള്‍ക്ക് മാത്രം ഉള്ളതല്ല എന്നു കടയടിക്ക് തോന്നിയത്. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ വാവിട്ട വാക്കും ,കൈവിട്ട ആയുധവും ഇതും ഒക്കെ ഒരുപോലെയാണ് തിരിച്ചെടുക്കാന്‍ പറ്റില്ല..

ഇത്രക്ക് ബഹുമാനം വേണ്ട ഇരിക്കൂ.ഞാന്നാന് നിങ്ങള്‍ പറഞ്ഞ പ്രിയാമണിയുടെ ഡാഡ്. ഞാനങ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ ആയി കുറച്ചു എസ്റ്റേറ്റുകളും, അബ്ക്കാരി ബിസിനസുമായി അങ്ങ് പോകുന്നു. ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നം തീര്‍ത്തിട്ടു വരുന്ന വഴിയാ..എന്താ വന്ന കാര്യം?

ഞാന്‍ അല്ല അതുപിന്നെ പ്രിയാമണിയെ അല്ല ഓ..എങ്ങിനാ അത്..അതേയ് നിങ്ങടെ ..അല്ലേല്‍ അങ്ങിനെ വേണ്ട...

നിങ്ങടെ മോളെ പെണ്ണുചോദിക്കാന്‍ വന്നതാ...

ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.

ഗ്വാ.ഹ..ഹഖ്ഹ്വ.ഗ്വാ.ഹ..ഹഖ്ഹ്വ.ഹഹഹ.ഹ..

ഉറപ്പുള്ളവീടായതുകൊണ്ടു നന്നായി .അല്ലെങ്കില്‍ ഈ ചിരിയില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നെ...

അല്ല,ഞാനവിടെതന്നെയാ വര്‍ക്ക് ചെയ്യുന്നെ.അവിടെ വച്ച് കണ്ടിട്ടുണ്ട്...കടയാടിക്കു കുറച്ചു ബലം എവിടെനിന്നോ കിട്ടി..

ആട്ടെ അവള്‍ക്ക് നിന്നെ അറിയാവോ,അവളോടു നീ മിണ്ടിയിട്ടുണ്ടോ? കേട്ടോടാ മക്കളെ..റോണി,റൂബി,റോമി നിങ്ങടെ പെങ്ങളെ പെണ്ണ് ചോദിചോണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു.അളിയനെ നിങ്ങളൊന്നു നന്നായി സല്‍ക്കരിച്ചേര്...

സല്‍ക്കാരം കഴിഞ്ഞ കടയാടി പിന്നെ കേരള പഞ്ചായത്തില്‍ കാലുകുത്തിയിട്ടില്ല. അതുപോലെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയിലെ ബെഞ്ചിലും. പെണ്ണ് കാണലിനെ കുറിച്ച് ചോദിച്ചാല്‍ പറയും. ചുമരുണ്ടായാലല്ലേ അവിടെ ചിത്രം വരക്കാനുള്ള പെയിന്‍റ് വാങ്ങേണ്ടകാര്യമുള്ളൂ..

കടൂ,ഞാനെവിടെയാ താമസിക്കുന്നതെന്നറിയമെങ്കിലും,കടുംകൈ ഒന്നും ചെയ്തെക്കരുത്. സാങ്കല്‍പ്പികം എന്ന ലേബല്‍ ഞാന്‍ കൊടുത്തിട്ടുണ്ടെടാ.. നോക്കേടാ..

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kalakeee joy sir.....
Anoop

Mishal പറഞ്ഞു...

Super !!