ഇത് വായിക്കുന്നതുമുന്പ് ഒരു കാര്യം പറയാന്നുണ്ട്.
താന്‍ ഒരു കറകളഞ്ഞ ദൈവവിശ്വാസിയാണ്, ദൈവത്തിനെതിരായി ആലോചിക്കുന്നതുപോലും പാപമാണ്,എന്‍റെ മതമാണ് ഏറ്റവും മുന്തിയത് എന്നു വിചാരിക്കുന്ന ആളാണ് താങ്കളെങ്കില്‍ ദയവുചെയ്തു വായിക്കരുത്. അതുപോലെ ദൈവമില്ല, ഞാനൊരു യുക്തിവാദിയാണ്,ദൈവത്തെപ്പറ്റി കേള്‍ക്കുന്നതേ എനിക്കു വെറുപ്പാണ് എന്ന രീതിയില്‍ ഉള്ളവരും വായിക്കണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ "ഒരിക്കലും ഞാന്‍ എന്‍റെ അഭിപ്രായം മാറ്റില്ല. എന്‍റെ വീക്ഷണത്തിനെതിരായി സംസാരിക്കുന്നവന്‍ എന്‍റെ ശത്രുവാണ്" എന്നു കരുതുന്നവര്‍ ആണെങ്കില്‍, ഇതുവായിച്ചിട്ട് വെറുതെ എന്തിനാ ഒരു പ്രശ്നം എന്നു വിചാരിച്ചിട്ടാണ് മുന്‍കൂട്ടി പറഞ്ഞത്.
മനുഷ്യനു കിട്ടിയ ഏറ്റവും വലിയ ശക്തിയായ ചിന്താശക്തി ഉപയോഗിച്ച് ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വയം ചിന്തിക്കുകയും ,ആവശ്യമുള്ളത് എടുക്കുകയും അല്ലാത്തത് കളയുകയും ചെയ്യാനാണ് താല്പര്യമെങ്കിൽ സ്വാഗതം.
ആമുഖം
ഞാന്‍ ഒരു സത്യക്രിസ്ത്യാനി എന്ന വിഭാഗത്തില്‍പെടുന്ന അതായതു ഞായര്‍ ദിവസങ്ങളില്‍ മാത്രം പള്ളിയില്‍ പോകുന്ന,കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം കുമ്പസാരിക്കാന്‍ ശ്രമിക്കുന്ന, സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഒരു നസ്രാണിയാണ്.ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാധാരണക്കാരന്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടക്ക് ദൈവം അല്ലെങ്കില്‍ മതം എന്നീ കാര്യങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ അല്ലെങ്കില്‍ എന്‍റെ ചിന്തകൾ ചുമ്മാ എഴുതി വയ്ക്കുന്നു. എനിക്കു 60 വയസാകുമ്പോള്‍ ചിലപ്പോൾ ഇതായിരിക്കില്ല എന്‍റെ അഭിപ്രായങ്ങളും ചിന്തകളും.അപ്പോള്‍ ഇത് വായിച്ചുനോക്കുന്നത് നല്ലൊരു അനുഭവമാകും
കുഞ്ഞുന്നാളിലെ ദൈവം അഥവാ തമ്പാച്ചൻ
കുഞ്ഞുന്നാളിൽ ദൈവമല്ല. തമ്പാച്ചനാണ്. ആരൊക്കെയോ ചേര്‍ന്ന് കുത്തിക്കയറ്റുന്ന ആകാശത്തില്‍ ഇരിക്കുന്ന ഒരു വല്യആള്‍ എന്ന സങ്കല്‍പ്പം. അപ്പനോ അമ്മയോ തല്ലിയാല്‍ അല്ലെങ്കില്‍ വഴക്കുപറഞ്ഞാല്‍ തമ്പാച്ചനോട് പറഞ്ഞാല്‍ മതി പുള്ളി അവര്‍ക്ക് മേലെയായതുകൊണ്ട് അവരെ ശിക്ഷിക്കും. പുള്ളിക്ക് പിള്ളേരെ വലിയ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ പലകാര്യങ്ങളും നമ്മളെകൊണ്ടു ചെയ്യിക്കുന്നത് അല്ലെങ്കിൽ അനുസരിപ്പിക്കുന്നത് "ദൈവത്തിന് അതാണ് ഇഷ്ടം" എന്നു പറഞ്ഞാണ്. ദൈവം മുതിര്‍ന്നവരോടൊക്കെ നേരിട്ടു കാര്യങ്ങള്‍ പറയുന്നുണ്ടോ എന്നൊരു സംശയം അന്ന് വരായ്കയില്ല. പക്ഷേ ആരോടും ചോദിച്ചില്ല.
പക്ഷേ പുള്ളിയുടെ ഭൂമിയിലെ പ്രതിനിധി ആളത്ര ശരിയല്ല എന്നു മനസിലായത് ഒരു പാതിരാകുര്‍ബാനക്കിടയിലാണ്. അമ്മയുടെ തോളില്‍ ഇരുന്നു പള്ളിയിലെ അച്ചന്‍ ചെയ്യുന്നത് എന്താണെന്ന് നോക്കുകയായിരുന്നു. പെട്ടെന്നാണ് പുള്ളിയുടെ ഭാവം മാറിയത്. മുന്നിലിരിക്കുന്ന കുട്ടി എന്തോ ചെയ്തു, പുള്ളി അതുകണ്ട് ചൂടായി. എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാതായപ്പോള്‍ അച്ചന്‍ വടിയെടുക്കുന്നു. അടി അവിടെ ഉണ്ടായില്ലെങ്കിലും ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിനിധി അത്ര ശരിയല്ല എന്നു മനസില്‍ തോന്നി. ഇപ്പോഴുള്ള അച്ചന്മാർ ചീത്ത പറയും എങ്കിലും വടി എടുക്കുന്നത് കണ്ടിട്ടില്ല.
പിന്നെയുള്ള ദൈവത്തെപ്പറ്റിയുള്ള കാര്യം എന്നത് സന്ധ്യാപ്രാര്‍ത്ഥനയാണ്. അപ്പനോഴിച്ച് എല്ലാവരും പ്രാര്‍ത്ഥനക്കുണ്ടാകും. അപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോഴേക്കും പ്രാര്‍ത്ഥന കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ വന്നാലും പുള്ളി കൂടുകയില്ല കാരണം പുള്ളി സ്വന്തമായി അവകാശപ്പെടുന്നത് ഒരു യുക്തിവാദി അല്ലെങ്കിൽ ഒരു നിരീശ്വരവാദി ആണെന്നാണ്. പണ്ടത്തെ ഭയങ്കര ഈശ്വരവിശ്വാസിയായിരുന്നു. നിന്ന നിൽപ്പിൽ 3 കുർബാന കണ്ടിരുന്നുവത്രേ. അൾത്താര ബാലനായും, വേദോപദേശം അദ്ധ്യാപകൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒരു സാഹചര്യത്തിലൂടെ അങ്ങേര് വിശ്വസം ഉപേക്ഷിച്ചു. കുറെ പ്രാർത്ഥിച്ചും ഒന്നും വിചാരിച്ച പോലെ കിട്ടുന്നില്ലത്രേ. വിശ്വസം അതല്ലേ എല്ലാം അതുപോയാല്‍ പിന്നെ എന്തു ഈശ്വരന്‍? പ്രാര്‍ത്ഥനക്ക് ആകെയുള്ള പ്രശ്നം അരമണിക്കൂര്‍ ചുമ്മാ ഇരിക്കണം എന്നതാണ്. വീട്ടില്‍ ഒരു പൂച്ചയുണ്ടായതുകൊണ്ടും അത് എല്ലാദിവസവും പ്രാര്‍ത്ഥന ചൊല്ലുമ്പോ ഞങ്ങളുടെ അടുത്ത് അനങ്ങാതെ ഇരുന്നതുകൊണ്ടും അതിനെ തലോടി ഇരിക്കാം. അല്ലെങ്കില്‍ അതിന്‍റെ വാലുപിടിച്ചു വലിക്കാം. സ്കൂളില്‍ പോയിതുടങ്ങിയപ്പോഴേക്കും അത് ചത്തുപോയി. പിന്നെ ഞാനും പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങേണ്ടി വന്നു.
പിന്നെ ദൈവം കടന്നു വരുന്നത് സ്കൂളിൽ പരീക്ഷ സമയത്താണ്. അതുപോലെ നമ്മള്‍ എന്തെങ്കിലും പണിയൊപ്പിച്ചു നടക്കുമ്പോഴും. മാർക്ക് കിട്ടാനും ,അടി കിട്ടാതിരിക്കാനും ആണ് സാധാരണ പിള്ളേരെല്ലാവരും ദൈവത്തെ ഓര്‍ത്തിരുന്നത്. വേദോപദേശം ക്ലാസുകള്‍ ഉണ്ടായിരുന്നെങ്കിലും അത് ചുമ്മാ ഒരു തമാശ മാത്രം. അതില്‍ മാര്‍ക്ക് വാങ്ങിയില്ലെങ്കിലും കാര്യമായി ചീത്ത പറയില്ല. മാർക്ക് കുറച്ചു വാങ്ങാന്‍ പറ്റിയ ഒരു പഠിത്തം അത്രയേയുള്ളൂ.
അത് കഴിഞ്ഞു ഉണ്ടായ ദൈവീക കാര്യം ആദ്യ കുർബാനസ്വീകരണമായിരുന്നു. വലിയവര്‍ എല്ലാം കുര്‍ബാനക്കിടയില്‍ അപ്പം വാങ്ങാന്‍ പോകുന്നകാണാം . അത് വാങ്ങിക്കണമെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് കുര്‍ബാനസ്വീകരണത്തിനുള്ള ക്ലാസ് തുടങ്ങിയപ്പോഴാണ് മനസിലായത്. അത് ചുമ്മാ അപ്പമല്ലത്രേ. അത് യേശുവിന്‍റെ ശരീരമാണ്. അതുപോലെ വീഞ്ഞ് യേശുവിന്റെ രക്തം ആയി മാറുമത്രേ. അത് വായിലിട്ട് കടിക്കാന്‍ പാടില്ലത്രേ . ക്ലാസ് തുടങ്ങിയപ്പോഴേ എല്ലാവരെയും പേടിപ്പിച്ചു തുടങ്ങി. അച്ചന്‍ ഭയങ്കരനാണ്. അവസാനം അച്ചന്‍ ഒരു ചോദ്യം ചോദിക്കലുണ്ട് .അതില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ പിന്നെ ഭയങ്കര പ്രശ്നമാണ്. ആ കൊല്ലം കുര്‍ബാനസ്വീകരണം നടക്കില്ല. നമുക്ക് പ്രശ്നമുണ്ടായിട്ടല്ല. അടുത്ത കൊല്ലവും സ്കൂള്‍ പൂട്ടുന്ന സമയത്ത് ക്ലാസിന് വരണം .അച്ചന്‍മാര്‍ ഭീകരന്മാരാണ് എന്ന ചിന്ത കുറച്ചുകൂടി വേരോടി. പിന്നെ ഒരു ചെറിയ ഡൌട്ട് ഉണ്ടായിരുന്നത് അച്ചന്‍മാർക്ക് നമ്മള്‍ കുമ്പസാരിക്കുമ്പോള്‍ നമ്മുടെ മുഖം കാണാന്‍ പറ്റുമോ എന്ന്‍? പിന്നെ ഒരു മാതിരി ഞങ്ങള്‍ എല്ലാവരും പറയാന്‍ പോകുന്നത് ഏകദേശം ഒരേ പാപങ്ങളാണ്. അതുകൊണ്ട് വലിയ പ്രശ്നമുണ്ടാകില്ല. ഒരു ഘട്ടത്തില്‍ ഇത് വേണോ എന്നുവരെ ചിന്തിച്ചു. അപ്പം വാങ്ങിക്കാതെയാണല്ലോ ഇത്രയും കാലം കുര്‍ബാന കണ്ടത് ഇനിയും അങ്ങനെതന്നെ ആയിക്കൂടെ?
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും ഉണ്ടായപ്പോലെ നിർബന്ധിതമായ ദൈവ കാര്യങ്ങള്‍. പിന്നെ സ്വന്തമായി തോന്നിയത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍. ഡിസ്ടിങ്ഷന്‍ കിട്ടിയാല്‍ ഒരു CD പ്ലേയര്‍ വാങ്ങിത്തരാമെന്ന് വീട്ടുകാരുടെ വക ഓഫർ ഉണ്ടായിരുന്നു. അത്യാവശ്യം തരികിടകള്‍ കൈയില്‍ ഉണ്ടായിരുന്നതുകൊണ്ട് കിസ്തുമസ് പരീക്ഷയായപ്പോഴേക്കും ക്ലാസില്‍ ഒന്നാമതായിരുന്ന ഞാന്‍ രണ്ടാമതായി. അങ്ങനെ ഒരു ദിവസം പതിവുപോലെ സന്ധ്യാപ്രാര്‍ത്ഥനക്ക് അലസമായി ഇരിക്കുമ്പോള്‍ അമ്മയുടെ ചീത്ത. ലുത്തിനിയ (പ്രധാന പ്രാര്‍ത്ഥനകള്‍) ചൊല്ലുമ്പോഴേങ്കിലും മുട്ടിന്‍മേല്‍ നിന്നുകൂടെ? അത് ഒരു നല്ല കാര്യമായി എനിക്കു തോന്നി. അന്ന്‍ ദൈവവുമായി ആദ്യ കരാറുണ്ടാക്കി. "എനിക്കു മുട്ടില്‍ നില്‍ക്കവുന്നിടത്തോളംകാലം എന്നൊക്കെ ഞാന്‍ പ്രാർത്ഥനയില്‍ സംബന്ധിക്കുന്നുവോ അന്നൊക്കെ ലുത്തിനിയക്ക് ഞാന്‍ മുട്ടിന്‍മേല്‍ നില്‍ക്കും. വീട്ടിലാണെങ്കില്‍ ലുത്തിനിയ കഴിഞ്ഞു കുറച്ചു നേരം കൂടി നില്‍ക്കും". അത് ഞാൻ ഇന്നും പാലിക്കുന്നു.
ബൈബിള്‍/ഗീത /ഖുറാന്‍
ദൈവം ചില മനുഷ്യരോടു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളാണത്രേ ഈ ഗ്രന്ഥങ്ങള്‍. ദൈവം പറഞ്ഞതാണെന്ന് അവര്‍ തന്നെ പറഞ്ഞുവച്ചിരിക്കുകയാണ്. അന്നത്തെക്കാലത്ത് ക്യാമറകള്‍ ഇല്ലാത്തതുകൊണ്ട് , ദൈവം തന്നെയാണ് പറഞ്ഞത് എന്നതിന് തെളിവുകള്‍ ഒന്നുമില്ല.
ഖുറാന്‍ അത്ര പിടിയില്ല. ഗീത പറയുന്നതു കര്‍മ്മം ചെയ്യാനാണ്. നമ്മുടെ ബന്ധുക്കളായാലും കൊള്ളാം, എല്ലാത്തിനെം ഒതുക്കി നമ്മള്‍ നമ്മുടെ കാര്യം സാധിക്കണം. കമ്പനി മാനേജ്മെന്‍റ് നടത്തുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പറ്റിയ ഒരു നല്ല ബുക്കാണ്. അത് വായിക്കാത്തതുകൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. എന്തായാലും രണ്ടും വായിക്കണം.
ബൈബിൾ പഴയനിയമം എന്നും, പുതിയ നിയമം എന്നും പറഞ്ഞു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു പുസ്തകമാണ്.എന്‍റെ ഇപ്പോഴത്തെ ഒരു അനുമാനം വച്ച് സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുള്ള അല്ലെങ്കില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്ന ഒരുആൾക്കും ബൈബിള്‍ മുഴുവന്‍ വായിച്ചുകഴിഞ്ഞാല്‍ നിലവിലുള്ള ക്രിസ്തുമതത്തില്‍ തുടരാന്‍ കഴിയില്ല.
പഴയനിയമത്തില്‍ പ്രതികാരം ചെയ്യുന്ന ദൈവം പറയുന്നു നിങ്ങള്‍ കണ്ണിന് പകരം കണ്ണ്‍ അതുപോലെ ജീവന് പകരം ജീവൻ എടുക്കണം. പുതിയ നിയമത്തിലെ ക്രിസ്തു എന്ന ദൈവം പറയുന്നു നിങ്ങള്‍ ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണം എന്ന്‍. പഴയനിയമത്തില്‍ പരിച്ഛേദനം ചെയ്തില്ലെങ്കില്‍ ദൈവമക്കളാകില്ല എന്നു പറയുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്‍മാര്‍ അത് വേണമെന്നില്ല എന്നു പറയുന്നു. ഇത് ഉദാഹരണം മാത്രം. ബൈബിളില്‍ പറഞ്ഞിരിക്കുന്ന 95% കാര്യങ്ങളും ഇതുപോലെയാണ്.
ഈ വൈരുദ്ധ്യങ്ങള്‍ വളരെ സമര്‍ത്ഥമായി ബൈബിള്‍ വ്യാഖ്യാനിക്കുന്നവർ ഉപയോഗിക്കുന്നു. അവരവരുടെ താല്പര്യങ്ങൾ മറ്റുള്ളവര്‍ക്ക് അടിച്ചേല്‍പ്പിക്കാൻ ഒന്നുകില്‍ പഴയനിയമം പറയും അല്ലെങ്കില്‍ പുതിയത്. ധ്യാനങ്ങൾ നടക്കുമ്പോള്‍ അച്ചന്‍മാര്‍ പറയുന്നതു പഴയനിയമത്തിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തു എന്നാണ്. ഇനി നമ്മള്‍ ക്രിസ്തു പറയുന്നപോലെ നടന്നാല്‍ മതിയത്രേ. എന്നാല്‍ ബൈബിളില്‍ നിന്നും പഴയ നിയമം അങ്ങ് എടുത്തു കളഞ്ഞുകൂടെ? പഴയ നിയമം പണ്ടുകാലത്തെ യഹൂദന്മാരുടെ ജീവിതം പറയുന്ന ഒരു ചരിത്രപുസ്തകം പോലെ ആവശ്യമുള്ളവര്‍ക്ക് വായിക്കാമല്ലോ. സാധാരണജനങ്ങള്‍ക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകുകയും ചെയ്യും.
പിന്നെ ബൈബിൾ എന്നുപറഞ്ഞാല്‍ ഒരാള്‍ അയാളുടെ ജീവിതകാലത്ത് എഴുതിയതല്ല. കുറെ ആളുകള്‍ വിവിധ കാലഘട്ടങ്ങളിലായി എഴുതിയ പലപല പുസ്തകങ്ങളുടെ സമാഹാരമാണ്. ഏതൊക്കെ പുസ്തകങ്ങള്‍ വേണമെന്നതും കുറെക്കാലം തര്‍ക്കവിഷയമായിരുന്നു. വോട്ടിനിട്ടാണ് അവസാനം തീരുമാനിച്ചത് എന്നാണ്
wiki പറയുന്നതു. അങ്ങനെ നോക്കുമ്പോള്‍ ബൈബിളില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അതുപോലെ വിവര്‍ത്തനങ്ങള്‍ വന്നപ്പോഴും കാര്യങ്ങള്‍ മാറിയിട്ടുണ്ടാകാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷം ഇനിയിപ്പോൾ അടുത്തൊന്നും സൂനഹദോസുകൾ കൂടാൻ സാധ്യതയില്ലാത്തതുകൊണ്ട് ബൈബിളില്‍ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. അതുകൊണ്ട് ബൈബിള്‍ വായിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ എടുക്കുക അല്ലാത്തത് കളയുക. അത് എങ്ങിനെ ചെയ്യും എന്നു കത്തോലിക്കാ സഭ എല്ലാവരെയും ഒരേപോലെ പഠിപ്പിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ആളുകൾ കൊഴിഞ്ഞുപോകുന്നതിന്‍റെയും.
സഭ/പുരോഹിതർ
കത്തോലിക്ക സഭ എന്നു പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമായ ഒരു കമ്പനി ആണെന്ന് തന്നെ പറയാം. ഇത്രയും നന്നായി മാനേജ്മെന്‍റ് നടത്തുന്നവരെ ഞാൻ ഒരു കമ്പനിയിലും കണ്ടിട്ടില്ല. ഇനിയിപ്പോൾ യേശു വന്നിട്ട് ഇങ്ങനെയൊന്നും അല്ല ഞാന്‍ ഉദേശിച്ചത് എന്നു പറഞ്ഞാല്‍ അങ്ങേരെ കത്തോലിക്ക സഭ തന്നെ കൊന്നുകളയും. എങ്ങിനെയെങ്കിലും ആളുകളെ തങ്ങളുടെ കൂടെ നിറുത്തുക പിന്നെ കുറെ പണമുണ്ടാക്കുക എന്നതാണു അതിന്‍റെ ലക്ഷ്യം. അല്ലാതെ യേശു പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഒന്നും അല്ല. ഇപ്പോഴത്തെ ആളുകള്‍ക്ക് എങ്ങിനെയാണോ ഒരു മതം വേണ്ടത് അതുപോലെ മതത്തിനെ കൊണ്ട് പോകുന്നു. അപ്പസ്തോലന്‍മാരുടെ കാലത്ത് പരിച്ഛേദനം വേണ്ട, പോർക്ക് ഉള്‍പ്പെടെ എന്തു ഭക്ഷണവും കഴിക്കാം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആ മാറ്റങ്ങളുടെ തുടക്കം. മതം ഇനിയും അടുത്ത തലമുറക്ക് ഇഷ്ടപ്പെടാന്‍ വേണ്ടി മാറും. അങ്ങനെ ഉണ്ടായ ചില മാറ്റങ്ങള്‍ ആണ് താഴെ.
പണ്ടത്തെ ആളുകളോട് എന്തുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് പുരോഹിതകൾ ആകാന്‍ പറ്റാത്തത് എന്നു ചോദിച്ചാല്‍ അവര്‍ തല്ലാന്‍ വരും. അതുപോലെ കുര്‍ബാനക്ക് അപ്പം കൊടുക്കാന്‍ കന്യാസ്ത്രീകളെ നിറുത്തിക്കൂടേ, പാവം അച്ചന്‍ എന്തോരം നേരമാണ് ഇങ്ങനെ നിന്നു അപ്പം കൊടുക്കുന്നതു എന്നുചോദിച്ചാൽ, അവര്‍ ചീത്തപറഞ്ഞു ഓടിക്കും. അതുപോലെ ഒരു ചോദ്യമാണ് അച്ചനെന്തിനാ വായിലേക്ക് തരുന്നത് കയ്യില്‍ തന്നാല്‍ പോരേ? പക്ഷേ ഇപ്പോള്‍ എന്തായി? കുര്‍ബാന സ്വീകരണം കയ്യിലെക്കു മാറി. കന്യാസ്ത്രീകള്‍ അപ്പം കൊടുക്കുന്നു. അമേരിക്കയില്‍ കന്യാസ്ത്രീകള്‍ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് കുറച്ചു മുതിര്‍ന്ന ആളുകള്‍ കൊടുക്കുന്നു. അധികം താമസിക്കാതെതന്നെ സ്ത്രീകൾ പുരോഹിതകൾ ആയി കുര്‍ബാന ചൊല്ലുന്നത് നമുക്ക് കാണാം.
അതുപോലെ ഇപ്പോള്‍ തൃശ്ശൂര്‍ ഭാഗത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ് നിലവിലെ പള്ളികള്‍ പൊളിച്ച് കൊട്ടാരങ്ങൾ പോലെയുള്ള പള്ളികള്‍ പണിയുക എന്നത്. യേശുവിന് ഇരിക്കാന്‍ കൊട്ടാരസദൃശ്യമായ പള്ളികൾ ഒന്നും വേണ്ട. പക്ഷേ ഇപ്പോൾ അവിടെയുള്ള കൂടുതല്‍ ആളുകളും അത്യാവശ്യം സാമ്പത്തികമായി ഉയര്‍ന്ന് വരുന്നവർ ആയതുകൊണ്ട് അവര്‍ക്ക് ഭീമന്‍ പള്ളികള്‍ വേണം. ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള മതം. കുറച്ചു മാത്രം വരുന്ന അത്രയും സാമ്പത്തികശേഷിയില്ലാത്തവന്‍റെ കഷ്ടകാലം.
ഇതുപോലുള്ള മാറ്റങ്ങള്‍ ഒരുമാതിരി എല്ലാ മതങ്ങളിലും കാണാം. ഹിന്ദുമതം എടുത്താല്‍ ക്ഷേത്രപ്രവേശനവിളംബരം. അത് നടന്നില്ലായിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്തവര്‍ മറ്റുള്ള മതങ്ങളിലേക്ക് മാറിപ്പോയെന്നെ. അതുപോലെ സതി നിറുത്തൽ. ഇസ്ലാം എടുത്താല്‍ ഇപ്പോള്‍ സ്ത്രീകള്‍ ജീന്‍സ് ഒക്കെ ഇട്ടുകൊണ്ടാണ് നടക്കുന്നതു. അതുപോലെ മുഖം മറക്കലും കാര്യമായി ഇല്ല.
അപ്പോള്‍ പറഞ്ഞു വന്നത് ഏത് മതമാണെങ്കിലും കാലത്തിനു ഒത്തു കോലം മാറിയില്ലെങ്കില്‍ കാലയവനികക്കുള്ളില്‍ മറയും. അവരുടെ ദൈവത്തിന്നു എത്രതന്നെ ശക്തിയുണ്ടെന്ന് പറഞ്ഞാലും. പുരോഹിതന്മാരുടെ ജോലി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനോടൊപ്പം ആ മതത്തിനെ അതാത് കാലത്തെ ജനങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കുക എന്നതും കൂടിയാണ്.
പാപപരിഹാരം
എന്താണ് പാപം എന്ന് നോക്കാം. സമൂഹം / മതം കുറച്ചു കാര്യങ്ങൾ ചെയ്യാം എന്നും ചെയ്യരുത് എന്നും പറഞ്ഞിട്ടുണ്ട്. അത് ലംഘിച്ചാൽ പാപം. പാപങ്ങൾ കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. പണ്ട് പാപം എന്ന് കരുതിയിരുന്നത് ഇപ്പോൾ പാപം അല്ലാതാകും. ഉദാഹരണം. പ്രസവം നിറുത്തൽ. പണ്ട് ഓരോ കൊല്ലത്തിലും പ്രസവിചില്ലെങ്കിൽ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കുമായിരുന്നു. കാരണം പ്രസവം നിറുത്തുന്നത് വളരെ വലിയ തെറ്റായിരുന്നു. ഇപ്പോൾ അങ്ങനെ നോക്കിയാൽ ആരും സഭയിൽ ഉണ്ടാകില്ല. അതുപോലെ ഒരു സ്ഥലത്ത് പാപം ആയത് വേറെ സ്ഥലത്ത് പാപം അല്ല. ഉദാഹരണം എടുത്താൽ, കേരളത്തിൽ ഒരാണും പെണ്ണും ഡെറ്റിങ് ചെയ്‌താൽ അത് പാപം. അമേരിക്കയിൽ അത് പാപം അല്ല. ആണെങ്കിൽ അവിടെ സഭയിൽ ആരും കാണില്ല.
പുതിയ പാപങ്ങൾ കൂട്ടി ചേർക്കലാണ് അതിലും രസകരം. പണ്ട് മരം മുറിക്കൽ, പാടം മണ്ണിട്ട് നികത്തൽ ഒന്നും പാപം അല്ലായിരുന്നു. ഇപ്പോൾ ലോകം മൊത്തം പ്രകൃതിസംരക്ഷണം അംഗീകരിച്ചപ്പോൾ മതത്തിലും അത് പാപമായി എടുക്കപ്പെട്ടു. ഒരു കത്തോലിക്കാൻ അയ ഞാൻ ഇനി കുമ്പസരിക്കുമ്പൊൽ മരം
വെട്ടിയിട്ടുണ്ടെങ്കിൽ അത് പറയണം എന്നാണ് എനിക്ക് തോന്നുന്നത്.
എനിക്കു ഇപ്പോഴും ദഹിക്കാത്ത ഒരു പരിപാടിയാണ് മതത്തിലെ പാപപരിഹാരം. നമ്മള്‍ ഒരുത്തന് ഇട്ടു പണി കൊടുത്തിട്ട്, മതം പറയുന്ന പരിഹാരം ചെയ്താല്‍ മതിയത്രേ. എല്ലാം തീര്‍ന്നു. നമ്മൾ സ്വര്‍ഗത്തില്‍ പോകും. പിന്നെ ശാസ്ത്രീയമായിട്ട് പറഞ്ഞാൽ കുറ്റബോധം എന്നത് തലച്ചോറില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒരു വികാരമാണ്. അത് ഈ വഴിക്കു ഇല്ലാതാകുണെങ്കിൽ ഇല്ലാതാകട്ടെ.
പാപപരിഹാരം എന്നൊരു പരിപാടി ഇല്ലാതിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നു നോക്കാം. അങ്ങനെയുള്ള ഒരു മതത്തില്‍ ഒരുത്തന്‍ വേറെ ഒരുത്തനോട് എന്തെങ്കിലും ചെയ്താൽ അവൻ മറ്റവനോട് മാപ്പ് പറയുന്നു. നഷ്ടപരിഹാരം കൊടുക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ X എന്ന ആള്‍ Y എന്നഒരുത്തനെ തല്ലുന്നു. Y അടുത്ത മാസം ഒരു രോഗം വന്നു മരിക്കുന്നു. തല്ലിയത്തിന്റെ കുറ്റബോധം X ന്‍റെ ഉള്ളില്‍ നിന്നു പുകയും. Y യെ കണ്ട് കാര്യം പറയാനും പറ്റില്ല. അപ്പോഴാണ് X വേറെ ഒരു മതത്തിനെ പറ്റി കേള്‍ക്കുന്നു. അതില്‍ മതപരമായ എന്തെങ്കിലും ചെയ്താൽ പാപപരിഹാരം കിട്ടുമത്രേ. എന്നാൽ തീര്‍ച്ചയായും X മതം മാറിയിരിക്കും..
ഇങ്ങനെ മരിച്ചുപോയ ഒരാളോട് പ്രായശ്ചിത്തം ചെയ്യുന്നതിന് വേണ്ടിയായിരിക്കാം ഏതെങ്കിലും മതത്തില്‍ പാപപരിഹാരം ആദ്യം ഉണ്ടായത്. പിന്നെ അത് എല്ലാവരും എടുത്തു. അത് ജീവിച്ചിരിക്കുന്നവര്‍ക്ക് എതിരെ ചെയ്ത പാപമായാലും ഉപയോഗിക്കാന്‍ എന്നു ഒരു മതം പറഞ്ഞു. അതില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നിട്ടുണ്ടായിരിക്കാം. അപ്പോള്‍ മറ്റ് മതങ്ങളും നിലനില്‍പ്പിന് വേണ്ടി തങ്ങളുടെ മതത്തിലും ചേര്‍ത്തു. ഒരു മൊബൈൽ സര്‍വീസ് കമ്പനി 1സെക്കന്‍ഡ് ബില്ലിംഗ് കൊണ്ട് വന്നപ്പോള്‍ ബാക്കി എല്ലാവരും അത് കൊണ്ട് വന്നതുപോലെ. അങ്ങനെ ഇപ്പോൾ എന്തായി തെറ്റ് ചെയ്യാനുള്ള ഒരു ലൈസന്‍സ് പോലെയായി അതായത് ഇംഗ്ലിഷ് ഭാഷയില്‍ 'sorry ' ഉള്ളപ്പോലെ പാപപരിഹാരം എന്ന അനുഷ്ഠാനം.
മരിച്ചു പോയ ആളുടെ പാപങ്ങൾ തീരാൻ, ബാക്കിയുള്ളവർ കർമ്മങ്ങൾ ചെയ്യുന്നത് നോക്കാം. മരിച്ച ആൾ ജീവിച്ചിരുന്ന സമയത്ത് പാപങ്ങൾ ചെയ്തിരുന്നോ അതോ മരിച്ചതിനു ശേഷം കുറച്ചു കൊല്ലങ്ങൾ പരിഹാരകർമ്മങ്ങൾ ചെയ്തപ്പോൾ പാപങ്ങൾ തീർന്നോ എന്നൊന്നും ഒരു ഉറപ്പും ഇല്ല. കർമ്മങ്ങൾ ബാക്കിയുള്ളവരുടെ കയ്യിൽ കാശ് തീരുന്നിടം വരെ ചെയ്തു കൊണ്ടിരിക്കുക. അല്ലെങ്കിൽ പുതിയ ആൾ മരിക്കുമ്പോൾ പഴയ ആൾക്ക് വേണ്ടി ചെയ്യുന്നത് നിറുത്തി പുതിയ ആൾക്ക് വേണ്ടി ചെയ്യുക. ഉദാഹരണം എടുത്താൽ മത്തായി മരിക്കുമ്പോൾ മത്തായിയുടെ മോൻ ജോൺ മത്തായിക്ക് ചെയ്യും. ജോൺ മരിച്ചാൽ ജോണിന്റെ മോൻ ജോസ് ജോണിന് ചെയ്യും.ജോസ് മരിച്ചാൽ ജോസിന്റെ മോൻ ജോണി ചെയ്യും. ജോണി ഒരിക്കൽ പോലും മത്തായിക്ക് ചെയ്യില്ല . എന്താ മത്തായിയുടെ പാപങ്ങൾ ഒക്കെ തീർന്നു പോയോ? ആ ആർക്കറിയാം.
മുന്പ് പറഞ്ഞപോലെ ഒരാൾ മറ്റൊരാളോട് തെറ്റ് ചെയ്തു എന്ന് തോന്നുമ്പോഴാണ് മറ്റെയാൾ പാപപരിഹാരം ചെയ്യുന്നത്. അല്ലെങ്കിൽ മറ്റൊരാൾ പാപം ചെയ്തിട്ടുണ്ട് എന്ന് ഒരാൾക്ക് അറിയാമെങ്കിൽ അയാൾ വേണ്ടപ്പെട്ടവൻ ആണെങ്കിൽ മറ്റെയാൾ മരിക്കുമ്പോൾ അയാളുടെ പാപങ്ങൾ പോകാൻ വേണ്ടി കർമം ചെയ്യുന്നു. മുകളിലെ ഉദാഹരണം എടുത്താൽ മത്തായി പാപം ചെയ്തിട്ടുണ്ട് എന്ന് ജോണിന് അറിയുന്നത് കൊണ്ടാകണം ജോൺ പാപപരിഹാരം ചെയ്യിക്കുന്നത്.
പിന്നെ ഇങ്ങനെയൊക്കെ ഇല്ലെങ്കിൽ പുരോഹിതന്മാർക്ക് വേറെ എന്താഘോഷം?
മരണാനന്തരം / സ്വർഗം / ആത്മാവ്
മരിച്ചു കഴിഞ്ഞാൽ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുക എന്ന് അത്യാവശ്യം സ്കൂളിൽ പോയ എല്ലാവർക്കും അറിയാം. അത് പല പല മൂലകങ്ങൾ ആയി വിഘടിച്ചു പോകും. മനുഷ്യൻ ആയാലും, മറ്റു മൃഗങ്ങൾ ആയാലും സസ്യങ്ങൾ ആയാലും.
പിന്നെ എങ്ങിനെ ആണോ എന്തോ മനുഷ്യൻ മാത്രം സ്വർഗതിലോ നരകത്തിലോ പോകുന്നത്. മനുഷ്യനെ പോലെതന്നെ, ജീവിക്കാൻ വേണ്ടി മറ്റു മൃഗങ്ങളെ കൊല്ലുന്ന മൃഗങ്ങൾ എവിടെ പോകുമോ എന്തോ?
ഇപ്പോൾ ധ്യാനപ്രസംഗങ്ങളിൽ ഒക്കെ കേൾക്കുന്നതാണ് സ്വർഗം നിങ്ങളിൽ തന്നെയാണ് എന്നത്. ഭൂമിയാണ് സ്വർഗം എന്നൊക്കെ.ബൈബിൾ ഒക്കെ വളച്ചു ഓടിച്ചു. കാരണം ഇപ്പോൾ ആകാശത്തിൽ സ്വർഗം ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആകാശത്ത് നിറയെ നമ്മൾ വിട്ട ഉപഗ്രഹങ്ങളല്ലേ. കുറച്ചു ദശാബ്ദങ്ങൾ കഴിഞ്ഞാൽ ആകാശത്തിലേക്ക് അവിടെ മനുഷ്യൻ പണിത ടൂറിസ്റ്റ് സ്പോട്ടിലേക്ക് ചിലപ്പോൾ KSRTC ബസ് സർവീസ് ഉണ്ടാകും. ഇപ്പോഴേ അവിടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഉണ്ട്.
പിന്നെയുള്ള പ്രശ്നമാണ് ഒന്നിൽക്കൂടുതൽ സ്വർഗങ്ങൾ. ക്രിസ്ത്യാനിയുടെ പഠിപ്പിക്കൽ അനുസരിച് ക്രിസ്ത്യാനി മാത്രമേ സ്വർഗത്തിൽ പോകു. വേറെ മതസ്ഥൻ എത്ര നല്ലവനായി ജീവിച്ചു മരിച്ചാലും, അവൻ സ്വർഗത്തിൽ കയറില്ല. അതുപോലെ തന്നെയാണ് ഇസ്ലാം മതവും പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു. മറച്ചു പറഞ്ഞാൽ അവന്റെ മതത്തിൽ ആള് കൂടില്ല. അങ്ങനെ നോക്കുമ്പോൾ ഒന്നിൽ കൂടുതൽ സ്വർഗങ്ങൾ ഉണ്ട്.
യേശുവിനെ പറ്റി അല്ലെങ്കിൽ ഇസ്ലാം മതത്തെ പറ്റി കേട്ടിട്ട് അതിലേക്ക് വരാത്തവൻ നരകത്തിൽ പോകും എന്നത് പിന്നെയും മനസിലാക്കാം. അതിനെപറ്റി കേൾക്കാത്തവർ എന്ത് ചെയ്യും. ആമസോണ്‍ കാട്ടിൽ ഉള്ളവർ, എന്തിനു കേരളത്തിൽ വനങ്ങളിൽ താമസിക്കുന്ന ആദിവാസികൾ അവർ ചിലപ്പോൾ മതങ്ങളെപറ്റി കേട്ടിട്ടുണ്ടാകില്ല. അവർ മരിച്ചാൽ എവിടെ പോകും?
അതിലും വലിയ പ്രശ്നം ഈ മതങ്ങൾ ഉണ്ടാകുന്നതിലും മുന്പ് ജീവിച്ചിരുന്നവരെ പറ്റിയാണ്. നിയാണ്ടർത്താൽ മനുഷ്യൻ ജീവിച്ചിരുന്നില്ല എന്ന് ആരും ഇപ്പോൾ പറയും എന്ന് തോന്നുന്നില്ല. അവരുടെ അവസ്ഥ എന്താകും?
ആത്മാവ്
മരിക്കരുത് അഥവാ മരിച്ചാലും എനിക്ക് ജീവിക്കണം എന്ന മനുഷ്യന്റെ ആഗ്രഹത്തിൽ നിന്നാണ് ആത്മാവ് ഉണ്ടാകുന്നത്. ദൈവത്തിന്റെ ഉത്ഭവം എന്ന് സെക്ഷനിൽ കുറച്ചു കൂടെ വിവരിക്കുന്നുണ്ട്. ഇതിൽ തമാശ എന്താണെന്നു വച്ചാൽ ഭൂരിഭാഗം മതങ്ങളും മനുഷ്യനൊഴിച്ച് മറ്റു ജീവികളുടെ , സസ്യങ്ങളുടെ അടക്കം ആത്മാവുകളെക്കുറിച്ച് അധികം മിണ്ടുന്നില്ല. മിക്കവാറും എല്ലാവരും പറയുന്നത് മറ്റു ജീവികൾക്ക് ആത്മാവ് ഇല്ല എന്ന് തന്നെയാണ്. കാരണം അവയ്ക്ക് ആത്മാവ് ഉണ്ട് എന്ന് പറഞ്ഞാൽ പിന്നെ അവയെ മനുഷ്യന് ഭക്ഷിക്കാൻ കഴിയില്ല. അന്നേരം മനുഷ്യൻ ആ മതം വിട്ടു വേറെ മതത്തിലേക്ക് പോകും. ചില മതങ്ങൾ പറയുന്നത് ചില മൃഗങ്ങളെ കൊല്ലരുത്, തിന്നരുത് എന്നൊക്കെയാണ്. ചിലർ പറയുന്നു മാംസമെ കഴിക്കരുത് എന്ന്. അപ്പോൾ എന്താ മരങ്ങൾക്കും ചെടികൾക്കും ജീവനില്ലേ?
എന്റെ ഒരു നിഗമനം വച്ച് ശാസ്ത്രം സസ്യങ്ങൾ പ്രകാശസംശ്ലേഷണം ചെയ്യുന്നതുപോലെ മനുഷ്യനും ചെയ്യാനുള്ള ഒരു വഴി കണ്ടെത്തിയാൽ , മതങ്ങൾ പറയും എല്ലാ ജീവജാലങ്ങൾക്കും ആത്മാവ് ഉണ്ടെന്നും അവയെ കൊല്ലാൻ പാടില്ലെന്നും. പക്ഷെ ശാസ്ത്രം മനുഷ്യന് ജീവിക്കാനുള്ള വഴി വേറെ കണ്ടെത്തണം.
ആത്മാവിന്റെ കാര്യത്തിൽ കാത്തോലിക്ക സഭ തന്നെയാണ് പുരോഗമനപരം. ആത്മാവിന് റസ്റ്റ് എടുക്കാൻ കർത്താവോ, ശിഷ്യന്മാരോ, ബൈബിളിലോ ഒന്നും പറയാത്ത സ്വർഗ്ഗവും നരകവും അല്ലാത്ത ഒരു സ്ഥലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
ശുദ്ധീകരണസ്ഥലം എന്നാണ് അതിന്റെ പേര്. അത് ഒരു സ്ഥലമല്ല ഒരു അവസ്ഥയാണ് എന്ന് ഇപ്പോൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പാപം ചെയ്തവർ നരകത്തിലേക്കും നല്ലത് ചെയ്തവർ സ്വർഗത്തിലേക്കും പോകും അത് കറക്റ്റ്. പക്ഷെ ശുദ്ധീകരണസ്ഥലത്തേക്കും ആത്മാവുകൾ പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്. അവിടെയുള്ള ആത്മാവിനെ നമുക്ക് കർമ്മങ്ങൾ കഴിച്ചു സ്വർഗത്തിലേക്ക് കയറ്റിവിടാം. പക്ഷെ എന്താണ് നരകത്തിലേക്ക് പോകാതെ അവിടെ തങ്ങി നില്ക്കാനുള്ള കാരണം. കറക്റ്റ് ആയ ഒരു ഡെഫനിഷൻ ഇല്ല
കുറേപ്പേർ വിശദീകരിക്കുന്നുണ്ടെങ്കിലും. ചിലർ പറയുന്നു മാരകപാപങ്ങൾ ചെയ്തവർ എന്തായാലും നരകത്തിലെ പൊകൂ എന്ന്. ലഘു പാപങ്ങൾ ചെയ്തവർ ആണ് ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നത്.
നേരത്തെ കണ്ടു പാപം സ്ഥലകാലങ്ങൾക്ക് ചേർന്നാണ് തീരുമാനിക്കുന്നത് എന്ന്. അതുപോലെ ചില പാപങ്ങൾ വെട്ടിമാറ്റുന്നു, പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കുന്നു. ഉദാഹരണം എടുത്താൽ 1990കളിൽ മരിച്ച മരംവെട്ടുകാരൻ ജോസപ്പേട്ടൻ ഇപ്പോൾ ശുദ്ധീകരണസ്ഥലത്തിൽ ഉണ്ട് എന്ന് വിചാരിക്കുക. അന്ന് മരം വെട്ടൽ ഒരു പാപമേ അല്ല. ഇപ്പോൾ അത് ആയി. അങ്ങനെ എങ്കിൽ ജോസപ്പേട്ടന് ഇനി കൂടുതൽ കാലം കിടക്കേണ്ടി വരുമോ എന്തോ?
ഇനിയിപ്പോൾ അങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കിൽ ഒരു ആത്മാവും നരകത്തിലേക്ക് പോകില്ലല്ലോ അല്ലെങ്കിൽ പോയി എന്ന് നാം വിശ്വസിക്കില്ലല്ലോ. എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പോയി കർമ്മങ്ങൾ കാത്തു കിടക്കുകയല്ലേ ഉള്ളൂ.
കത്തോലിക്കാസഭയിൽ നിന്നുംകൊണ്ടു എനിക്ക് തോന്നുന്നത് ഇത്രയും ലോജിക് ഇല്ലാതെ ഉണ്ടാക്കിയ വേറെ ഒരു പരിപാടിയും ഇല്ല. കാശ് വേണമെങ്കിൽ പറഞ്ഞാൽ പോരെ നമ്മൾ തരില്ലേ.
ദൈവങ്ങളും മതങ്ങളും ഉള്ളതുകൊണ്ടുള്ള ഗുണങ്ങള്‍
എന്‍റെ നോട്ടത്തില്‍ ശാസ്ത്രീയമായി ചിന്തിക്കാൻ അറിയാത്ത, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു അതില്‍ന്നിന്നും ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാനുള്ള പക്വതയില്ലാത്ത ഒരു ജനതക്ക് മതമുള്ളതുതന്നെയാണ് നല്ലത്. മതമില്ലാത്തത് ഒരു പടി നല്ലത് തന്നെ. പക്ഷെ ആളുകൾ അത്രയും ചിന്താശേഷി ഉള്ളവർ ആയിരിക്കണം. മതങ്ങളുടെ കുറച്ചു ഗുണങ്ങൾ കാണാം
മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പ്
മനുഷ്യൻ നില നില്ക്കാൻ കാരണം തന്നെ മതങ്ങൾ ആണെന്ന് പറയാം. ദൈവങ്ങൾ സഹായിച്ചതുകൊണ്ടല്ല, മനുഷ്യൻ അതിൻറെ പേരിൽ ഒന്നിച്ചു നിന്നതുകൊണ്ട്. ഒരുമിച്ചു നിൽക്കുക എന്നത് മനുഷ്യന്റെ മതങ്ങൾ ഉണ്ടാകുന്നതിനും മുന്പുള്ള സ്വഭാവം ആയിരുന്നെങ്കിലും, മതങ്ങൾ ഒരു പ്ലാറ്റ്ഫോം ആയി വർത്തിച്ചിരുന്നു.
മതത്തിനു മുകളിൽ ഉള്ള ബന്ധം ആയിട്ടാണ് ആണ് രക്തബന്ധം വരേണ്ടത്. പക്ഷെ ഇന്ത്യയിൽ സാധാരണക്കരുടെയിടയിൽ അങ്ങനെയല്ല. മതം വിട്ടു പോയവരെ വീടുകാരും ബന്ധുക്കളും കൈഒഴിയും. കൂട്ടുകാർ സഹായിച്ചാലായി. ഉദാഹരണമായി ഒരു പ്രസവം വരുന്നു. ആദർശം പറഞ്ഞു മതം ഉപേക്ഷിച്ചവർ, വേറെ മതത്തിൽ നിന്നും കെട്ടി രണ്ടിൽ നിന്നും അകന്നു ജീവിക്കുന്നവർ കുടുങ്ങിയത് തന്നെ. അല്ലെങ്കിൽ കൈയ്യിൽ പൂത്ത കാശ് വേണം. സിനിമകളിൽ ആണെങ്കിൽ കുറച്ചു കഴിയുമ്പോൾ അതായത് കൊച്ചു ഉണ്ടാകുമ്പോൾ വീട്ടുകാർ വീണ്ടും അടുക്കുന്നത് കാണാം.
തെറ്റ് ചെയ്യാതിരിക്കാനുള്ള ബോധം
ഒരു പരിധി വരെ രാജ്യങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്നതിനു മുന്പ്, മത നിയമങ്ങൾ സാമൂഹ്യജീവിതത്തിനു സഹായിച്ചിരുന്നു. എന്തുകൊണ്ട് ഞാൻ മറ്റുള്ളവനെ ദ്രോഹിക്കരുത് എന്ന് ചിന്തിക്കാൻ പ്രാപ്തിയില്ലാത്ത മനുഷ്യർക്ക് "കൊല്ലരുത്" എന്ന് കൽപ്പന കൊടുക്കുന്ന മതം അല്ലെങ്കിൽ ദൈവം ആവശ്യമായിരുന്നു.
ദാനധര്‍മ്മങ്ങൾ
സിനിമകളിൽ ഒരാൾ ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്നത് കാണിക്കുന്നുണ്ടെങ്കിലും മനുഷ്യവംശം നിലനില്ക്കുന്നതിനു പരസ്പര സഹായം ആവശ്യമാണ്. മതങ്ങൾ ഒരു പരിധി വരെ അത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അപ്പോൾ തോന്നും കർത്താവു രണ്ടുള്ളവൻ ഒന്ന് മറ്റവന് കൊടുക്കട്ടെ എന്ന് പറഞ്ഞതുകൊണ്ടാണ് ആളുകൾ ദാനധർമ്മങ്ങൾ ചെയ്യുന്നതെന്ന്. സംഗതി അത് മനുഷ്യന് അല്ലെങ്കിലും തോന്നും. ഏത് സാഹിത്യം എടുത്താലും മതം എടുത്താലും അതിൽ ദാനധർമങ്ങൽ കാണാം.
ജീവിക്കാനുള്ള പ്രത്യാശ
ചില ആളുകൾ ജീവിതത്തിനു അർത്ഥം ഒക്കെ വേണ്ട ആളുകളാണ്. എന്നെ എന്റെ മാതാപിതാക്കൾ ഉണ്ടാക്കി, വളർത്തി അതേ പോലെ ഞാനും മക്കളെ ഉണ്ടാക്കി വളർത്തണം, മനുഷ്യവംശത്തെ നിലനിർത്തണം. പിന്നെ മറ്റുള്ളവർക്കും, പ്രകൃതിക്കും ഒന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പറ്റിയാൽ മറ്റുള്ളർക്ക് ഉപകാരം ആയേക്കാവുന്ന എന്തെങ്കിലും കണ്ടുപിടിക്കണം എന്നുള്ള സാധാരണ അർത്ഥം അവർക്ക് പോരാ. അങ്ങനെയുള്ളവർക്ക് മതം ആവശ്യമാണ്. കാരണം മതത്തിൽ പ്രത്യാശയുണ്ട്. നീ ഇത് ചെയ്‌താൽ മരിക്കുമ്പോൾ നിനക്ക് അത് കിട്ടും എന്നാ പ്രത്യാശ. പിന്നെ മതങ്ങൾ ഒന്നും ആത്മഹത്യ പ്രോത്സപ്പിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗ്രന്ഥങ്ങളിൽ അത് കാണാം എങ്കിലും.
സമൂഹ്യസേവനം
ഒരു സ്കൂൾ പണിയണം എന്ന് ഒരു ക്ലബ് വന്നു കാശ് ചോദിച്ചാൽ ആരും കൊടുത്തു എന്ന് വരില്ല. പക്ഷെ പള്ളിയോ അമ്പലമോ ഒക്കെ ചോദിച്ചാൽ കൊടുക്കും. എന്നിട്ട് അവർക്ക് വേണമെങ്കിൽ അതുകൊണ്ട് സ്കൂൾ പണിയാം. സർക്കാരിനു ഒരു കാലത്ത് ചെയ്യാൻ കഴിയാതിരുന്നത് മതങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
മറ്റൊരു സേവനം എന്ന് പറയുന്നത് കാശിന്റെ ഒരു ഒഴുക്ക് ഉണ്ടാകും. ഒരു പെരുന്നാൾ അല്ലെങ്കിൽ പൂരം വരുമ്പോൾ ആകെ ഒരു ഉഷാറാണ്.കുറെ പേരുടെ കച്ചവടക്കാരുടെ, പന്തൽ പണിക്കരുടെ, വെടിക്കെട്ട്‌കാരുടെ ബുദ്ധിമുട്ട് അതുവഴി തീരും. ആളുകളുടെ കൈയ്യിൽ ഇരുന്ന പൈസ പുറത്തേക്കു വരും. കുറച്ചു പേർക്ക് തൊഴിൽ കിട്ടും. ഇപ്പോൾ കേരളത്തിൽ അങ്ങനെ ഒരു സാമൂഹ്യസേവനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാല ഇല്ല എന്നാണ് തോന്നുന്നത്. കാരണം ഇഷ്ടം പോലെ ജോലിയുണ്ട്. എടുക്കാൻ ആളെ കിട്ടാത്ത കുറവേയുള്ളൂ.
ദൈവസങ്കല്‍പ്പത്തിന്‍റെ ഉല്‍ഭവം
ഉത്ഭവം എനിക്ക് തോന്നുന്നത് കുറച്ചു കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ്.
- മരിക്കാൻ എനിക്ക് താല്പരമില്ല. മരണം ഞാൻ അംഗീകരിക്കുന്നില്ല. അഥവാ മരിച്ചാലും ജീവിക്കണം.
- ഞാൻ മരിച്ചാലും എന്നെ ഓർക്കണം. ഞാനുണ്ടാക്കിയ സമൂഹം ഞാനുണ്ടാക്കിയ നിയമങ്ങൾ അനുസരിക്കണം. അവർ നാശമായി പോകരുത്.
പണ്ട് കാലത്ത് മനുഷ്യർ കൂട്ടമായിട്ടാണ് ആണല്ലോ ജീവിച്ചു തുടങ്ങിയത്. അല്ലെങ്കിൽ മനുഷ്യൻറെ പൂർവികർ. കൂട്ടമായി ജീവിച്ചു തുടങ്ങിയ കാലങ്ങളിൽ ഏതെങ്കിലും ഒരാൾ ആയിരിക്കുമല്ലോ അവരുടെ നേതാവ്. സാധാരണ ഒരു നേതാവ് മരിച്ചാൽ അയാളുടെ കൂടെയുള്ളവർ ചിതറിപ്പോകാൻ സാധ്യതയുണ്ട്. പല നേതാക്കന്മാരും അങ്ങനെ മറ്റുള്ളവർ ചിതറിപ്പോകുന്നത് കണ്ടവർ ആയിരിക്കണം. അവരുടെ അന്നത്തെ പിടികിട്ടാത്ത ഒരു സമസ്യ ആയിരിക്കും എങ്ങിനെ തൻറെ മരണശേഷം കൂടെയുള്ളവരെ ഒരുമിച്ചു നിറുത്താം എന്നത്.
കാലങ്ങൾക്ക് ശേഷം അവരിൽ ബുദ്ധിമാന്മാർ പല വഴികൾ കണ്ടു പിടിച്ചു. ജീവനുള്ള അല്ലെങ്കിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന എന്തെങ്കിലും എപ്പോഴും ഉണ്ടായിരിക്കണം. താഴെ പറയുന്ന വഴികൾ ആയിരിക്കാം അവർ കണ്ടു പിടിച്ചത്
- ചിലർ പറഞ്ഞു എന്റെ മരണശേഷം ഞാൻ ആകാശത്ത് നക്ഷത്രമായി നിന്ന് നിങ്ങളെ നോക്കും. നിങ്ങൾ നന്നായി ഞാൻ പഠിപ്പിച്ചതുപോലെ എന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കണം. ജീവിച്ചാൽ നിങ്ങളും എന്നെപ്പോലെ മരിച്ചു കഴിഞ്ഞാൽ നക്ഷത്രമാകും
- മറ്റു ചിലർ പറഞ്ഞു. ദേ സൂര്യനെ കണ്ടോ അത് എന്നോട് സംസാരിക്കാറുണ്ട്. പുള്ളിയാണ് നമ്മുടെ സംരക്ഷകൻ. എപ്പോഴും നമ്മളെ നോക്കിക്കൊണ്ട് നില്ക്കുന്നു. ഞാൻ പറഞ്ഞ നിയമങ്ങൾ ഒന്നും ഞാൻ ഉണ്ടാക്കിയതല്ല പുള്ളി തന്നതാണ്. അതുകൊണ്ട് ഞാൻ മരിച്ചാലും നിങ്ങൾ പുള്ളിയുടെ നിയമങ്ങൾ അനുസരിക്കണം.
- കുറച്ചു കൂടി ബുദ്ധിമാന്മാർ, പിന്നീട് വന്ന കാലങ്ങളിൽ, പ്രകൃതിയിലെ കാര്യങ്ങളെ കൂട്ട് പിടിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞു. അതോ അറിയാതെയോ, കാണാൻ പറ്റാത്ത അദൃശ്യശക്തിയുണ്ട്.അത് ദൈവം എന്നു അറിയപ്പെടുന്നത്. ഞാൻ പുള്ളിയുടെ ആൾ ആണ്. അത് നിങ്ങളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുകയാണ്. നന്നായിട്ട് ജീവിചില്ലെങ്കിൽ ഞാൻ ഇല്ലെങ്കിൽ തന്നെ അത് നിങ്ങളെ ശിക്ഷിക്കും. അതുപോല നന്നായി ജീവിച്ചാൽ നിങ്ങൾ ഒരിക്കലും മരണം പിടി കൂടാത്ത സ്വർഗത്തിൽ എത്തും. പിന്നെ പരമസുഖമാണ്.
പക്ഷെ എങ്ങിനെയൊക്കെ അവർ ശ്രമിച്ചിട്ടും, മരണാനന്തരം നേതാക്കന്മാർക്ക് അവർ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത്ര പവർ കിട്ടിയില്ല. ഇപ്പറഞ്ഞ മൂന്ന് കാര്യങ്ങളിലും നേതാവ് മരിച്ചതിനുശേഷം അണികൾക്ക് പല കാര്യങ്ങളിലും, പ്രത്യേകിച്ച് പുതിയ കാര്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങളെപറ്റി സംശയങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ കൂട്ടത്തിൽ കുറച്ചു ബുദ്ധി കൂടിയവൻ പണ്ട് നേതാവ് പറഞ്ഞതുപോലെ ഞാൻ ദൈവത്തിന്റെ ആളാണ് എന്ന് പറഞ്ഞു അയാളുടെതായ രീതിയിൽ സംശയങ്ങൾ നീക്കി. ചില സമൂഹങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകൾ, ഒരേ സംശയങ്ങൾ പല പല രീതികളിൽ തീർത്തു. ചില നേതാക്കന്മാർ നിയമങ്ങൾ എഴുതി വച്ചിരുന്നെങ്കിലും, അണികൾ അവർക്ക് എളുപ്പമാകുന്ന രീതിയിൽ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു.
ചുരുക്കി പറഞ്ഞാൽ, നേതാവ് പോയതിനുശേഷം എല്ലാ സമൂഹങ്ങളും അവർക്ക് തോന്നിയത് പോലെയായി. നേതാവിന്റെ മരണത്തിനുശേഷം, കാലം കൂടുന്നതിനനുസരിച്ച് വ്യത്യാസങ്ങളും കൂടി വന്നു.
അന്യഗ്രഹജീവികളാണോ നമ്മുടെ ദൈവങ്ങള്‍
നമ്മൾ കുറച്ചു പേർ പുറം ലോകവും ആയി അധികം ബന്ധം ഇല്ലാത്ത ഒരു ആദിവാസി സമൂഹത്തിൽ ഇപ്പോഴുള്ള മൊബൈലും ആയി കടന്നു ചെന്നു എന്ന് വിചാരിക്കുക. നമ്മൾ നമ്മുടെ കൈയിലെ മൊബൈൽ കൊണ്ട് പടം,വീഡിയോ മുതലായവ പിടിക്കുന്നു. അത് റിപ്ലേ ചെയ്യുന്നു. അത് ബ്ലൂ ടൂത്ത് വഴി മറ്റേയാളുടെ മൊബൈലിലേക്ക് അയക്കുന്നു. ആ ചെറിയ സാധനത്തിൽ നിന്നും ലൈറ്റ് വരുത്തുന്നു. അങ്ങനെ ഒക്കെ ചെയ്‌താൽ നമ്മൾ പതിയെ അവരുടെ ദൈവങ്ങൾ ആകും. സംശയം ഒന്നും ഇല്ല,
നാട്ടുവിശേഷം എന്നാ സിനിമയിൽ ഇതുപോലത്തെ രംഗം കാണിക്കുന്നുണ്ട് .
അങ്ങനെയെങ്കിൽ നമ്മളെ ഉണ്ടാക്കിയതും അങ്ങനെ വല്ല അന്യഗ്രഹജീവികളും ആയിരിക്കില്ലേ. നമ്മൾ ആരാധിക്കുന്നത് അവരെയാണോ? ഇങ്ങനെ ഒരു സംശയം പണ്ട് മുതലേ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ് നോക്കുക. പത്തു പതിനാല് ഭാഗങ്ങൾ ആയിട്ടാണ് അത് എഴുതിയിരിക്കുന്നത്
ഇനിയിപ്പോൾ അന്യഗ്രഹ ജീവികൾ ആണ് നമ്മളെ ഉണ്ടാക്കിയത് എന്ന് വിചാരിക്കുക. ദൈവമുണ്ടോ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. അവരാണ് നമ്മളെ ഉണ്ടാക്കിയതെങ്കിൽ അവരെ ആര് ഉണ്ടാക്കി? വീണ്ടും അന്വേഷിക്കണം.
അജ്ഞത. വേണമെങ്കിൽ ദൈവം അരൂപി എന്ന് പറഞ്ഞു ആശ്വസിക്കാം.അല്ലെങ്കിൽ ദൈവം ഇല്ലെന്നു പറയാം. എല്ലാം ഒരു തനിയെ അവയുടെതായ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ ഉണ്ടായി എന്ന് മനസിലാക്കാം.
പ്രോമിതെയുസ് എന്ന ഇംഗ്ലീഷ് സിനിമയുണ്ട്. അത് ഏകദേശം ഈ മോഡൽ ആണ്. മനുഷ്യൻ തങ്ങളുടെ എഞ്ചിനീയർമാരെ തേടി പോകുന്നു. അവരെ കണ്ടുപിടിച്ചശേഷം പക്ഷെ അന്വേഷണം പിന്നെയും നീളുന്നു.
അപ്പോൾ പറഞ്ഞു വന്നത് അന്യഗ്രഹ ജീവികളെ തേടിപ്പോയിട്ടും വലിയ കാര്യമില്ല. അന്വേഷണം പിന്നെയും നീളും.
ശാസ്ത്രവും മതങ്ങളും
മതങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇവ രണ്ടും അലുവയും മത്തിക്കറിയും അല്ലെങ്കിൽ മോരും മുതിരയും പോലെയാണ്. രണ്ടും ചേരില്ല. പക്ഷെ എങ്ങിനെയൊക്കെയോ രണ്ടും കൂടി ഭൂമിയിൽ ഒരേസമയം നിലനിൽക്കുന്നു. ഡാർവിൻ സിദ്ധാന്തം ശരിക്ക് പഠിച്ച ഒരാൾക്ക് പിന്നെ ദൈവം എല്ലാം ഉണ്ടാക്കി എന്ന് പറയുന്ന മതത്തിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല. പള്ളിയിലെ ഹൈ സ്കൂൾ വേദോപദേശക്ലാസിൽ ഞങ്ങളെ ഒരു പ്രത്യേകകോണ്‍സെപ്റ്റ് പഠിപ്പിക്കുന്നുണ്ട്. കാര്യം സിമ്പിൾ ആണ്.
"പണ്ട്തിരുസഭ ശാസ്ത്രത്തിനു എതിരായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറി .ദൈവം ആണ് എല്ലാം സൃഷ്ടിച്ചത്. അത് എങ്ങനെ സൃഷ്ടിച്ചു എന്ന് കണ്ടെത്തലാണത്രെ ശാസ്ത്രത്തിന്റെ ജോലി. അതുകൊണ്ട് ശാസ്ത്രത്തിനെ എതിർക്കേണ്ട കാര്യമില്ല."
ആ പ്രായത്തിൽ ഈ വാചകം എത്ര കുട്ടികൾക്ക് മനസിലായിട്ടുണ്ട് എന്ന് എനിക്കറിയില്ല. "അപ്പോൾ എന്താ ടീച്ചറെ ബൈബിളിൽ ദൈവം മണ്ണിൽ നിന്ന് സൃഷ്ടിച്ചത് എന്ന് എഴുതിയിരിക്കുന്നത് " എന്ന് ഒരാളും തിരിച്ചു ചോദിച്ചില്ലെങ്കിലും, അങ്ങനെ ഒരു സംശയം കുട്ടികൾക്ക് ഉണ്ടാകാം എന്ന് സഭക്ക് തോന്നിയതുകൊണ്ട് സഭ അതിനും ഉത്തരം നൽകിയിരുന്നു. ബൈബിൾ എഴുതിയ കാലത്തേ ആളുകൾക്ക് മനസിലാകുന്ന തരത്തിൽ എഴുതിയത് ആണത്രേ.
അങ്ങനെയെങ്കിൽ ഇത് മാത്രം ആല്ലല്ലോ വേറെയും കുറെ കാര്യങ്ങൾ മാറ്റം വരുത്തേണ്ടേ എന്ന് മനസ്സിൽ ഒരു സംശയം വന്നെങ്കിലും ചോദിച്ചില്ല. ഇപ്പോഴും കാര്യങ്ങൾ പഴയത് പോലെതന്നെ. ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ നൂറ്റാണ്ടുകൾ മുന്പ് ചെയ്ത കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു. മിക്കവാറും കുറച്ചു നൂറ്റാണ്ടുകൾ കഴിയുമ്പോൾ വീണ്ടും മാപ്പ് പറയുമായിരിക്കും "ദൈവം, സ്വർഗം , നരകം, ആത്മാവ് തുടങ്ങിയവ ഉണ്ടെന്നു പഠിപ്പിച്ചതിനു". അന്ന് മിക്കവാറും കാത്തോലിക സഭ ശരിക്കും ഒരു കോർപ്പറേറ്റ് ആയിട്ടുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്‍റലിജെന്‍സ്
അഥവാ കൃതിമബുദ്ധി. മനുഷ്യൻ യന്ത്രങ്ങൾക്ക് മനുഷ്യനോടു തുല്യമായതോ അതോ അതിൽക്കൂടുതലോ ആയ ബുദ്ധി കൊടുക്കാൻ ആഗ്രഹിക്കുന്നു. അതിന്റെ പരിണിതഫലം എന്തായാലും "ബുദ്ധി കിട്ടിയ യന്ത്രം പിന്നെ അതിനെ ഓഫ് ആക്കാൻ സമ്മതിക്കുമോ". അത് ഒരു നാളിൽ വരും. അന്ന് അവർക്ക് ആത്മാവ് ഉണ്ടാകുമോ? അവർ പുതിയ മതം ഉണ്ടാക്കുമോ അതോ നമ്മുടെ മതത്തിൽ ചേരുമോ? മനുഷ്യൻ "മൃഗങ്ങൾക്ക് ആത്മാവ് ഇല്ല"എന്ന് പറയുന്നതുപോലെ,അന്നേരം അവർ പറയുമോ "മനുഷ്യർക്ക് ആത്മാവ് ഇല്ല" എന്ന്? ആ ആർക്കറിയാം.
ദൈവത്തെ കണ്ടിട്ടുണ്ടോ?
ഫാത്തിമയിൽ ഒഴിച്ച് ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചു ദൈവത്തെ കണ്ടു എന്ന് പറയുന്ന സന്ദർഭങ്ങൾ കുറവാണു. മിക്കവരും കാണുന്നത് ഒറ്റയ്ക്കാണ് അതും സ്വപ്നങ്ങളിൽ. പിന്നെ ദൈവം പറഞ്ഞ കാര്യങ്ങൾ ബുക്ക് ആക്കി വയ്ക്കുകയാണ് പണി.
പിന്നെ വേറെ ആളുകൾ പറയുന്നതാണ് ദൈവത്തെ അന്വേഷിക്കരുത്. ദൈവത്തെ അനുഭവിക്കണം എന്നത്. അതായത് വേദന നമുക്ക് കാണാൻ പറ്റില്ലല്ലോ പക്ഷെ അനുഭവിക്കാം.
ഞാൻ എന്റെ കാര്യം പറയാം. പണ്ട് ദൈവം തമ്പാച്ചൻ ആയിരുന്നല്ലോ. അന്ന് എനിക്ക് കാര്യങ്ങൾ സുഖകരമായി സംഭവിച്ചാൽ അത് തമ്പാച്ചൻ. അങ്ങനെ നോക്കുമ്പോൾ ഫുൾ ടൈം തമ്പാച്ചൻ തന്നെ. കാരണം വീട്ടുകാർ അത്യാവശ്യം സാമ്പത്തികം ഉള്ളവർ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കാര്യമായി പ്രത്യേകിച്ച് ആഗ്രഹിക്കാനും ഒന്നുമില്ലല്ലോ. ചവിട്ടാൻ ഒരു സൈക്കിളും, പെരുന്നാളിന് കാണുന്ന കാറും ജീപ്പും ഒഴിച്ചാൽ. പിന്നെ ടീച്ചറായ അമ്മ കുത്തിപ്പിടിച്ചു പഠിപ്പിച്ചു സഹായിച്ചതുകൊണ്ട് നന്നായി പഠിക്കാനും പറ്റി. അങ്ങനെ നോക്കുമ്പോൾ കാര്യമായി ദൈവത്തെ കാണേണ്ട കാര്യം ഇല്ലായിരുന്നു.
പിന്നെ അപ്പൻ വെള്ളമടിച്ചു കാണുമ്പൊൾ വിചാരിക്കും പ്രാർത്ഥിച്ചു അങ്ങ് കുടി മാറ്റിയാലോ എന്ന്. പക്ഷെ വെള്ളമടിക്കത്തപ്പോൾ നമ്മളോടുള്ള സ്നേഹം, നമ്മുടെ കാര്യങ്ങൾ കറക്റ്റ് ആയി നോക്കുന്നത്, നമ്മളോടും അമ്മയോടും ചോദിച്ചു മാത്രം നമ്മുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്, കടം വാങ്ങിച്ചു വെള്ളം അടിക്കാത്തത്, വെള്ളം അടിക്കാൻ തുടങ്ങുമ്പോഴുള്ള പുള്ളിയുടെ സന്തോഷപൂർണമായ മുഖം ഒക്കെ കാണുമ്പൊൾ തോന്നും പുള്ളിയുടെ സന്തോഷം അതാണെങ്കിൽ ആയിക്കോട്ടെ. സംഗതി ആശാൻ യുക്തിവാദി എന്നൊക്കെ പറയുമെങ്കിലും "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്നെഴുതിയ കുപ്പിയിൽ നിന്നും കുടിക്കുമ്പോഴത്തെ യുക്തി എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.പിന്നെ നേരിട്ട് അത് ചോദിക്കാനും ഒരു ധൈര്യം വരുന്നില്ല. അങ്ങേര് ഇൻറർനെറ്റിൽ ഇത് വായിക്കുമെന്നും തോന്നുന്നില്ല.
ആദ്യമായി ദൈവത്തെ വിളിച്ചത് അല്ലെങ്കിൽ ഒരു ഫീൽ കിട്ടിയത് ഡിപ്ലോമ ഫസ്റ്റ് ഇയർ കമ്പ്യൂട്ടർ ലാബ് പരീക്ഷക്ക് ആയിരുന്നു. ബാക്കി എല്ലാ വിഷയങ്ങളിലും ഇന്റെർണൽ പരീക്ഷകളിൽ ഒറ്റ സംഖ്യയിൽ നിൽക്കുമ്പോൾ കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ഒരു ഹരം ആയതുകൊണ്ട് അതിൽ നല്ല മാർക്ക് കിട്ടിയിരുന്നു. ഫൈനൽ പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് കിട്ടും എന്ന് വിചാരിച്ചതും അതിനായിരുന്നു. പക്ഷെ ഫൈനൽ പരീക്ഷയിൽ കമ്പ്യൂട്ടർ ലാബ് പരീക്ഷയിൽ ഔട്ട് പുട്ട് കിട്ടിയില്ല. അൽഗൊരിതവും, ഫ്ലോ ചാർട്ടും ഒക്കെ കൃത്യമായി ചെയ്തു. സംഗതി ഇന്നത്തെ പോലത്തെ എങ്ങിനെയെങ്കിലും കുട്ടികളെ ജയിപ്പിച്ചു ബിസിനസ് ഉണ്ടാക്കണം എന്ന് വിചാരിക്കുന്ന പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് അല്ല. ഗവണ്മെന്റ് ആണ്. ഔട്ട് പുട്ട് കിട്ടത്തവരെ ജയിപ്പിച്ച ചരിത്രം അവിടെയില്ല.
വിളിച്ചു.ആഞ്ഞ് ആഞ്ഞു ദൈവത്തെ വിളിച്ചു. വേളാങ്കണ്ണി മാതാവിനെ ആദ്യം. താഴേക്കാട് മുത്തപ്പൻ എന്തായാലും ലിസ്റ്റിൽ ഉണ്ട് .പിന്നെ യൂദ തദേവൂസ് ശ്ലീഹായുടെ നൊവേന 9 ദിവസങ്ങൾ മുടങ്ങാതെ ചൊല്ലി. പോളി ടെക്നിക്കിന്റെ അടുത്തുണ്ടായിരുന്ന പള്ളി പുള്ളിയുടെ ആയിരുന്നു. അങ്ങനെ ടെൻഷൻ അടിച്ചു നടന്നു അവസാനം റിസൾട്ട് വന്നപ്പോൾ ജസ്റ്റ് പാസ്. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം അങ്ങനെ നടന്നു. അന്നത്തെ ബുദ്ധിയിൽ ദൈവം ഉണ്ട് എന്ന് തന്നെ വിശ്വസിക്കാനേ തരമുള്ളൂ. മൂന്ന് പേരിൽ ആരാണ് സഹായിച്ചത് എന്ന് ചോദിച്ചാൽ യൂദാ തദേവൂസ് എന്ന് പറയാനെ പറ്റു. കാരണം പുള്ളിയാണ് ഈക്കൂട്ടത്തിൽ പുതിയത്. 9 ദിവസം മുടങ്ങാതെ ചൊല്ലുക എന്ന് വച്ചാൽ വലിയ ഒരു പണി തന്നെയാണ്.
പിന്നെ പുള്ളിയായി നമ്മുടെ പേർസണൽ ദൈവം. ഡിപ്ലോമക്ക് മെയിൻ പരീക്ഷകൾ ഒന്നും തോറ്റിട്ടില്ല. എഞ്ചിനീയറിംഗ് പുള്ളി സഹായിച്ചത് നാലാം കൊല്ലം തന്നെ മുഴുവനാക്കാൻ പറ്റി എന്നതുകൊണ്ടാണ്. പക്ഷെ ഇടയിൽ 5 സപ്പ്ളികൾ ഉണ്ടായിരുന്നു.
പിന്നെ 6 മാസക്കാലം ചെന്നെയിൽ ജോലി അന്വേഷിച്ചു നടക്കൽ ആയിരുന്നു. ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നല്ല ദൈവസ്നേഹം ആയിരുന്നു.പള്ളിയിലേക്ക് പോകണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി 3 കിലോമീറ്റർ നടക്കണം. പിന്നെ പള്ളിയിൽ പോകാനുണ്ടായ കാരണം അവിടെ ഇംഗ്ലീഷ് കുർബാന ആയിരുന്നത് കൊണ്ടാണ്. കുർബാനയും കാണാം ഇംഗ്ലീഷും നന്നാക്കാം.
ജോലി കിട്ടിയതിനുശേഷം ചേർന്ന MBA ക്ക് പിന്നെ അങ്ങേരെ വിളിച്ചു അധികം ബുദ്ധിമുട്ടിച്ചില്ല കാരണം ഒരു ജോലി ഉണ്ടല്ലോ.MBA കിട്ടിയാൽ കിട്ടി എന്ന തരത്തിൽ ചേർന്നതാണ്. 2 കൊല്ലം കൊണ്ട് തീരേണ്ട MBA കഴിഞ്ഞത് 5 കൊല്ലം കൊണ്ട്. അപ്പോഴും പുള്ളിയെ ബുദ്ധിമുട്ടിച്ചില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ദൈവത്തിന്റെ / മതത്തിന്റെ അന്ത്യം
കറക്റ്റ് ഒരു ഡേറ്റ് പറയാൻ പറ്റില്ലെങ്കിലും, എനിക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നിലെങ്കിലും എന്നെങ്കിലും ഒരിക്കൽ ഈ പരിപാടി നില്ക്കും. പല കാരണങ്ങൾ ഉണ്ടായിരിക്കാം.കുറച്ചു താഴെ കൊടുക്കുന്നു.
ശാസ്ത്രം
ശാസ്ത്രം പുരോഗമിക്കും തോറും, ദൈവവും, മതവും ക്ഷയിച്ചുകൊണ്ടിരിക്കും. പണ്ട് സൂര്യൻ,മഴ, ഇടിമിന്നൽ ഒക്കെ ദൈവങ്ങൾ ആയിരുന്നു. വസൂരിക്ക് ദേവനും ദേവിയും ഉണ്ടായിരുന്നു. തൃശൂർ ഭാഗത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പള്ളിപ്പെരുന്നാൾ ചരിത്രം നോക്കിയാൽ കാണാം ഒക്കെ ചെന്ന് നില്ക്കുന്നത് പണ്ട് വന്ന ഒരു പകർച്ചവ്യാധിയിൽ ആയിരിക്കും.
ശാസ്ത്രം മഴക്കും, മിന്നലിനും ഒക്കെ വിശദീകരണം കൊടുത്തപ്പോൾ ആ ദൈവങ്ങൾ മരിച്ചു. അതുപോലെ പെരുന്നാൾ നടക്കുമ്പോൾ അധികം എവിടെയും പഴയ പകർച്ചവ്യാധിയെ ഓർക്കുന്നില്ല. ഇപ്പോൾ എല്ലാം ആഘോഷമല്ലേ. രക്തദാനം, അവയവദാനം ഇപ്പോഴും മതങ്ങൾക്ക് എങ്ങിനെ ഉൾപ്പെടുത്തണം എന്ന് മനസിലായിട്ടില്ല. എല്ലാവരും അംഗീകരിച്ചതുകൊണ്ട് തള്ളിക്കളയാനും പറ്റുന്നില്ല. നിങ്ങൾ സ്വന്തം മതത്തിൽ നിന്നും മാത്രമേ അവയവം സ്വീകരിക്കാവൂ എന്ന് മതങ്ങൾക്ക് പറയണം എന്നുണ്ട്. പക്ഷെ എല്ലാവരും അംഗികരിച്ച അവയവ മാറ്റത്തിൽ മതം ചേർക്കാൻ പേടി. മറ്റു മതത്തിൽ പെട്ട ആളുകളുടെ കിഡ്നി വാങ്ങി വയ്ക്കാൻ കുഴപ്പമില്ലെങ്കിൽ, കണ്ണ് എടുക്കാമെങ്കിൽ പിന്നെ മറ്റു മതങ്ങളിൽ നിന്നും കല്യാണം കഴിച്ചാൽ എന്താ പ്രശ്നം?
അതുപോലെയാണ് ഇനി വരാൻ പോകുന്ന ശാസ്ത്രപുരോഗതികളും. കുറച്ചു കഴിയുമ്പോൾ തല മാറ്റിവക്കലും വരും. പിന്നെ എന്ത് മരണം? തലയുടെ മതമാകുമോ, ഉടലിന്റെ മതമാകുമോ മാറ്റിവക്കലിനു ശേഷമുള്ള ആൾക്ക്. തല മുസ്ലിം ആണെങ്കിൽ ഉടലിനെ സുന്നത് കഴിക്കുമോ? തിരിച്ചു ആയാൽ എന്താകും വീണ്ടും തുന്നിപ്പിടിപ്പിക്കുമോ?
അതിനിടയിൽ നമ്മുടെ ശരീരത്തിലേക്ക് മൃഗങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കുന്ന രീതിയും, അവയവങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രീതിയും, അവയവങ്ങൾക്ക് പകരം മെഷീനുകൾ വയ്ക്കുന്ന രീതിയും, നമ്മളുടെ തന്നെ ഒരു കോശം വളർത്തി(ക്ലോണിംഗ് പോലെ) ഒരു അവയവം ആക്കുന്ന വിദ്യകളും ഒക്കെ സാധാരണ ജീവിതത്തിലേക്ക് വരും. അങ്ങനെ കേടായത് ഒക്കെ ശരിയാക്കാൻ പറ്റും. ഒരു ക്രിസ്ത്യാനി ആയി ജനിച്ചു ഒരു മാതിരി എല്ലാ പാർട്സും ഇങ്ങനെ മാറ്റിവച്ചു കഴിഞ്ഞാൽ അവൻ ക്രിസ്ത്യാനി തന്നെ ആയിരിക്കുമോ. അതിലും കടന്നു ചിന്തിച്ചാൽ മനുഷ്യൻ എന്ന് കൂട്ടുമോ?
അതും കഴിഞ്ഞാൽ തലച്ചോറ് അതിന്റെ ഓർമകളോട് കൂടി പ്രായമായ ബോഡിയിൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് പുതിയ ബോഡിയിൽ അപ്‌ലോഡ് ചെയ്യുന്ന സാങ്കേതികവിദ്യ വരും. അങ്ങനെ മരണം എന്ന് പറയുന്ന സംഗതി ഇല്ലാതാകും. നമ്മൾ ആദ്യം പറഞ്ഞപോലെ മരണം ഇല്ലാതാക്കാനാണ് ദൈവങ്ങളും മതങ്ങളും ഉണ്ടായത്. മരണം ഇല്ലെങ്കിൽ ആര് ദൈവത്തെ വിളിക്കാൻ. അന്നേരം ബുദ്ധിയുള്ള മതഅധികാരികൾ മതത്തെ ഒരു കമ്പനി ആക്കും. അല്ലാത്ത മതങ്ങൾ ഓർമ്മ മാത്രമാകും.
വിദ്യാഭ്യാസം, ഗവണ്മെന്റ്
പിന്നെ ഒരു സാധ്യത ഉള്ളത് നല്ല ഗവണ്മെന്റ് വന്നാലാണ്. ഇപ്പോഴത്തെ ഇന്ത്യയിലെ കാര്യങ്ങൾ നോക്കുക. സാധാരണ ഒരാൾക്ക് (അധികം വിദ്യാഭ്യാസം ഇല്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാത്ത) അയാളുടെ ഡെയിലി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒരു കണ്ട്രോളും ഇല്ല.
അതായത് ഒരു അസുഖം വന്നു. നടക്കാൻ പറ്റാത്ത വിധത്തിൽ ആണെങ്കിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കണം. ഡോക്റ്ററെ കാണാൻ പോയാലും അയാൾക്ക് ഡോക്റ്ററെ വിശ്വാസം ഇല്ല. കാരണം അയാൾക്ക് മനുഷ്യശരീരം എങ്ങിനെ വർക്ക് ചെയ്യുന്നു എന്നറിയുന്നുണ്ടാകില്ല. പഠിച്ചിട്ടുണ്ടെങ്കിൽ തന്നെ കാണാപ്പാടം പഠിച്ചു പാസ് ആയതായിരിക്കും. ഡോക്ടർ തരുന്ന മരുന്ന് നല്ലതാണോ അല്ലയോ അത് മുന്പ് ഉപയോഗിച്ചവർക്ക് അസുഖം മാറിയിട്ടുണ്ടോ എന്നൊന്നും അറിയാൻ പറ്റില്ല. ഇനി മരുന്ന് കഴിച്ചു എന്തെങ്കിലും കുഴപ്പം പറ്റി ആരോട് പറയും? പരാതി കൊടുത്താൽ നഷ്ടപരിഹാരം കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല.
അപ്പോൾ എന്തായി സ്വാമിയേ ശരണം.
മറ്റൊന്നാണ് കുട്ടികളുടെ പഠിത്തം അതുകഴിഞ്ഞ് ജോലി. ആവശ്യത്തിനു കോളേജുകൾ ഇല്ലാത്തതുകൊണ്ട് പഠിത്തം കാശ് ചെലവ് ഉള്ളതാണ്. എവിടെ നിന്നെങ്കിലും ലോണ്‍ എടുത്ത് പഠിപ്പിക്കാൻ വിട്ടാൽ അവൻ / അവൾ പഠിക്കാതെ ലൈനടിച്ച് കല്യാണവും കഴിച്ചു വന്നാലോ ? പിന്നെ നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും? പഠിച്ചു എന്ന് വിചാരിക്കുക അതുകഴിഞ്ഞ് ജോലി. അത് കിട്ടിയാൽ ആയി. നമ്മുക്ക് ഒരു ഉറപ്പും ഇല്ല. ഇനി ഇപ്പോൾ കൂലിപ്പണിക്ക് പോകാം എന്ന് വിചാരിച്ചാലോ ആളുകളുടെ കളിയാക്കലുകൾ.
പ്രൈസ് ദി ലോഡ് വേറെ നിവൃത്തിയില്ല.
മോൻ ജോലി കിട്ടി നല്ല നിലയിലെത്തി. വയസാൻ കാലത്ത് നമ്മളെ നോക്കുമോ? ആ വന്നു കയറിയ പെണ്ണിന്റെ സ്വഭാവം പോലെയിരിക്കും. ഇനിയിപ്പോൾ മക്കൾ എല്ലാ സ്വത്തും എടുത്തു നമ്മളെ നോക്കുന്നില്ല. ഒന്ന് കേസ് കൊടുത്താൽ അടുത്ത കാലത്ത് എന്തെങ്കിലും തീരുമാനം ആകുമോ? അതിനിടയിൽ പെൻഷൻ കിട്ടാൻ 2 സർക്കാർ ഓഫീസ് കയറെണ്ടിവന്നാൽ തീർന്നു. ഏത് കട്ട നിരീശ്വരവാദി ആയിരുന്നാലും ദൈവത്തെ വിളിച്ചു പോകും. കാരണം സിമ്പിൾ. നമ്മൾ അങ്ങനെയാണ്, നമ്മളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ അങ്ങനെയാണ്, നമ്മുടെ രാജ്യം അങ്ങനെയാണ്.
ഇനി തിരിച്ചു ചിന്തിച്ചാൽ എന്താകും അവസ്ഥ. ആളുകൾക്ക് പഠിപ്പും വിവരവും കൂടുന്നു. കാണാപ്പാടം പഠിക്കാതെ അവർ കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാൻ പഠിക്കുന്നു. അവർ പുറം രാജ്യങ്ങളിലെ നല്ല കാര്യങ്ങൾ കണ്ടു പഠിക്കുന്നു. എല്ലാ ജോലികളും ഒരേപോലെ കാണുന്നു. കാര്യക്ഷമമായ ഒരു ഗവണ്മെന്റ് ഉണ്ടാകുന്നു. ഇന്റർനെറ്റ് ഫ്രീ അല്ലെങ്കിൽ തുച്ഛമായ വിലക്ക് കിട്ടുന്നു.
അസുഖം വരുന്നു.നടക്കാൻ പറ്റാത്ത അസുഖം ആണെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ആംബുലൻസ് വന്നു കൊണ്ടുപോകുന്നു. ഡോക്ടറെ കാണുന്നു. ഡോക്ടർ തന്ന മരുന്ന് അപ്പോൾ തന്നെ ഇന്റർനെറ്റ് വഴി അന്വേഷിക്കുന്നു. മുന്പ് കഴിച്ച ആളുകളുടെ റിവ്യൂ നോക്കുന്നു. കുഴപ്പമില്ല എന്ന് കണ്ടാൽ കഴിക്കുന്നു അല്ലെങ്കിൽ തിരിച്ചു ഡോക്ടറോട് കാര്യം പറയുന്നു. ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ പെട്ടെന്ന് തന്നെ ഡോക്ടറുടെ കൈയ്യിൽ നിന്നും നമുക്ക് ഗവണ്മെന്റ് നഷ്ടപരിഹാരം വാങ്ങിച്ചു തരുന്നു.
കുട്ടികൾക്ക് പഠിക്കാൻ നിലവാരത്തിൽ ഉള്ള സ്കൂളുകൾ, കോളേജുകൾ. പഠിച്ചിറങ്ങിയാൽ കിട്ടുന്ന ഏതു ജോലിയും ചെയ്യാം. ആരും കളിയാക്കുന്നില്ല. അവർ നോക്കിയില്ലെങ്കിൽ അവർക്ക് സ്വത്ത് കൊടുക്കേണ്ട എന്ന് സമ്മതിക്കുന്ന സർക്കാർ. തന്നെ വയസാകുമ്പോൾ നോക്കാൻ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനങ്ങൾ. എന്തെങ്കിലും ഒരു കാര്യത്തിന് പോയാൽ അന്ന് തന്നെ ചെയ്തു കിട്ടുന്ന സർക്കാർ ഓഫീസുകൾ.
ഇത്രയൊക്കെ കിട്ടിയാൽ ആര് ദൈവത്തെ വിളിക്കാൻ. മെയിൻ ആയി ചിന്തിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസം. മതങ്ങൾ നടത്തുന്ന സ്കൂളിൽ പഠിച്ചാൽ ഒരിക്കൽ പോലും അങ്ങനെ ഒരു തലമുറ ഉണ്ടായിവരും എന്ന് തോന്നുന്നില്ല. സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഇതുപോലെ നല്ലൊരു സാമൂഹിക, രാഷ്ട്രീയ സാഹചര്യം ഉള്ളതയിരിക്കാം അവിടെ വിശ്വാസം കുറയാൻ കാരണം.
എന്തുകൊണ്ട് ഞാന്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു
കാരണങ്ങൾ പലതാണ്.
- ശാസ്ത്രത്തിനു ഉത്തരം വിശദീകരണം നല്കാൻ കഴിയാത്ത പല കാര്യങ്ങളും ഇപ്പോഴും ഉണ്ട്. ശാസ്ത്രം അത് ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും.അതുവരെ ദൈവം. കാരണം നമുക്ക് കുത്തിയിരുന്ന് പരീക്ഷണങ്ങൾ നടത്തി കാര്യങ്ങൾ കണ്ടെത്താനുള്ള കഴിവോ സമയമോ ഇല്ല. പരീക്ഷണം നടത്താൻ പോയിട്ട് മുന്പ് ആളുകൾ നടത്തിയ പരീക്ഷണങ്ങൾ ഒന്ന് വായിച്ചു നോക്കാൻ പോലും പറ്റുന്നില്ല.
- സമൂഹം ചിന്തിക്കുന്നത് ഇപ്പോഴും ദൈവം ഉണ്ട് എന്ന് തന്നെയാണ്.ശാസ്ത്രം എന്തൊക്കെ പറഞ്ഞാലും അത് സമൂഹത്തിൽ എത്തിയിട്ടില്ല. അങ്ങനെ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്ക് സമൂഹത്തിന്നെതിരെ പോരാടാൻ അല്ലെങ്കിൽ അതിനെ നേർവഴിക്കാക്കാൻ സമയം ഇല്ലാത്തിടത്തോളം കാലം ദൈവം ഉണ്ട്. അല്ലെങ്കിൽ ഇന്ത്യ വിട്ടു വേറെ എവിടെയെങ്കിലും "കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം ചോദിക്കാത്തിടത്ത്" പോയി താമസിക്കണം.
- സമൂഹം തന്നയാണല്ലോ വീടും വീട്ടുകാരും ഒക്കെ. അണുകുടുംബങ്ങൾ എന്നൊക്കെ പറഞ്ഞാലും വീടുകൾ തമ്മിൽ വളരെയധികം ബന്ധപ്പെട്ടാണ് ഇപ്പോഴും കിടക്കുന്നത്. രക്തബന്ധങ്ങൾ കഴിഞ്ഞാൽ അതിൽ ഒരു പ്രധാനി മതവും. എന്തെങ്കിലും ഒരാവശ്യം വന്നാൽ എമർജൻസി നമ്പർ വിളിച്ചിട്ടോ പൊലീസിനെ വിളിച്ചിട്ടോ ഇന്ത്യയിൽ കാര്യമില്ല. വീട്ടുകാർ / ബന്ധുക്കൾ തന്നെ വേണം. അതുകൊണ്ട് ഒരു വീട്ടുകാർക്ക് മതം വിട്ടു വേറെ പോകാൻ ബുദ്ധിമുട്ടാണ്.
- മതതിന്റെതായ ആഘോഷങ്ങൾ അത് പെരുന്നാൾ ആയാലും പൂരം ആയാലും ഒരു തൃശൂർക്കാരൻ എന്നാ നിലയിൽ ഒരു ലഹരിയാണ്. കുട്ടിക്കാലം മുതലേ ഉള്ളതാണ്. മതം ഇല്ലാത്ത രാജ്യങ്ങളിലും ആഘോഷങ്ങൾ ഉണ്ടാകുമായിരിക്കാം. അറിയില്ല.
- ഇന്ത്യയിൽ ഒരു ഗ്രാമത്തിൽ താമസിക്കുമ്പോൾ വേറെ വഴിയുണ്ടോ?