2010, ജൂലൈ 20, ചൊവ്വാഴ്ച

പ്രോഗ്രാമെഴുത്ത് ഭാഗം 1 ആമുഖം

പ്രോഗ്രാമെഴുത്ത് എന്ന്‍ ഉദ്ദേശിച്ചത് എല്ലാവര്‍ക്കും സുപരിചിതമായ പ്രോഗ്രാമ്മിങ് തന്നെ.ഒന്ന് മലയാളീകരിച്ചു എന്ന് മാത്രം.അത്രതന്നെ.പ്രോഗ്രാം എന്ന വാക്കും കൂടി മലയാളീകരിക്കാന്‍ തോന്നിയതാ.അത് മലയാളത്തിലായാല്‍ വായിക്കുന്നവന് ചിരി വരും.പിന്നെ അതിന്‍റെ ഒരു ഇത് പോകും.എന്‍റെ ഒരു അറിവ് വച്ച് പറയുകയാണെങ്കില്‍ എല്ലാ വാക്കുകളും മലയാളീകരിക്കേണ്ട കാര്യമില്ല.ഒരു വാക്ക് മറ്റൊരു ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് വന്നു എന്ന് വിചാരിച്ചു മലയാളത്തിന് ഒന്നും നഷ്ടപ്പെടാനില്ല.ഉദാഹരണമായി കസേര പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും വന്നതാണത്രേ.അതുപോലെ നമ്മളെല്ലാവരും കഴിക്കുന്ന ഷവര്‍മ മലയാളം വാക്കല്ലല്ലോ അല്ലേ.ഇംഗ്ലീഷ് ഭാഷയെടുത്താല്‍ തന്നെ ഗുരു,യോഗ ഇമ്മാതിരി വാക്കുകളൊക്കെ ഇന്ത്യയില്‍ നിന്നും നമ്മള്‍ എക്സ്പോര്‍ട്ട് ചെയ്തതല്ലേ.പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍ മലയാളത്തിലാണ് എഴുതുന്നത് എങ്കിലും പല വാക്കുകളും ഇംഗ്ലീഷ് വാക്കുകളായിരിക്കും.

ഇനി ഇതുപോലൊരു സീരീസ് തുടങ്ങാനുണ്ടായ പ്രചോദനം.കുറെ നാളായി മൈക്രോസോഫ്റ്റിന്‍റെ പല ടെക്നോളജികളിലും പണിയെടുക്കുന്നു.‍പ്രോഗ്രാമെഴുത്തുമായി ബന്ധപ്പെട്ട് 3 ബ്ലോഗുകള്‍ തുടങ്ങി. പക്ഷേ മലയാളത്തില്‍ പ്രോഗ്രാമെഴുത്തിനെ പറ്റി ഇതുവരെ ഒന്നും എഴുതാന്‍ പറ്റിയില്ല.മുഖ്യപ്രശ്നം. ഭാഷ തന്നെ.വാക്കുകള്‍ മലയാളത്തിലാക്കണോ വേണ്ടയോ?പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു സൈറ്റ് പോലും കണ്ടതുമില്ല.പക്ഷേ ഇന്നലെ ഒന്ന് കണ്ടു.പൈത്തണ്‍ എന്ന ഭാഷയില്‍ പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു കിടിലന്‍ സാധനം.പിന്നെ ഒന്നും ചിന്തിച്ചില്ല.ചാടിവീണു.മറ്റൊരു കാരണം ഈ ചളിപ്പ് വിറ്റുകള്‍ വച്ച് എത്രകാലം ഓടിക്കും.എഴുതുന്നത് ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയില്‍ ഉപകരപ്രദമായാല്‍ ആകട്ടെ.

ഞാന്‍ പ്രോഗ്രാമെഴുത്തിന്‍റെ എ ബി സി ഡി അറിയാത്തവരെയാണ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്.അഞ്ചും ആറും കൊല്ലം പ്രോഗ്രാമെഴുത്തില്‍ എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റ്വയറന്‍മാരും,വെയറിമാരും ഒന്ന് വന്ന്‍ എന്തിരെടെ ഇത് എന്നൊന്നും ചോദിക്കരുത്.നിങ്ങള്‍ പുലികള്‍ ആയിരിക്കും.പക്ഷേ ഇവിടത്തെ ഭൂരിപക്ഷംപേര്‍ക്കും കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിന്‍റെ ചുക്കേത് ചുണ്ണാമ്പേത് എന്നറിയില്ല.

യെവന്‍ പഠിപ്പിക്കും പഠിപ്പിക്കും എന്ന് പറയുന്നതല്ലാതെ ഏത് കമ്പ്യൂട്ടര്‍ ഭാഷയില്‍ പഠിപ്പിക്കും എന്നുപറയുന്നില്ലല്ലോ. ഡോട് നെറ്റും,WPFഉം,സില്‍വര്‍ലൈറ്റും പഠിപ്പിക്കും എന്ന് കരുതി ഏതെങ്കിലും ഫ്രെഷെര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആദ്യം പറഞ്ഞതുപോലെ എന്‍റെ ഇരകള്‍ പ്രോഗ്രാമെഴുത്ത് എന്താണെന്ന് പോലും അറിയാത്തവരാണ്.അവര്‍ക്ക് ഏറ്റവും പറ്റിയത്. ഒരു ബാച്ച് ഫയല്‍ എങ്ങിനെയെഴുതാം എന്ന് അറിയലാണ്.അതായത് നമ്മുടെ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സാധാരണയായി അവിടെയും ഇവിടെയും കാണുന്ന .bat എക്സ്റ്റെന്‍ഷന്‍ ഉള്ള ഫയലുകള്‍.അങ്ങനെ ഒരെണ്ണം എങ്ങിനെയുണ്ടാക്കാം.അങ്ങനെ ഒരെണ്ണം ഉണ്ടാക്കിയാല്‍ അതുപയോഗിച്ച് എന്തൊക്കെ ചെയ്യാം.ഇമ്മാതിരി കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

പ്രോഗ്രാമെഴുത്ത് അറിയാവുന്ന പുലികള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അവരുടെ നെറ്റി ചുളിഞ്ഞിട്ടുണ്ടാകും.ഇവന്‍ എന്തുവാടേ കാണിക്കുന്നത്.എല്ലാവരും പുതിയ ടെക്നോളജികള്‍ പഠിപ്പിക്കുമ്പോള്‍ ഇതെന്താ ഒരു പഴയ പരിപാടി? ബാച്ച് ഫയല്‍ എഴുതുന്നത് പഠിപ്പിക്കുവാനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

  1. നമ്മുടെ കാമ്പസുകളില്‍ നിന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പിള്ളാരും ഡോട് നെറ്റോ ജാവയോ പഠിച്ചിട്ടാ കമ്പനികളില്‍ ചേരുന്നത്.പക്ഷേ വല്ല കാര്യവുമുണ്ടോ?ഡോട് നെറ്റിലെയോ ജാവയിലെയോ കുറച്ചു വാക്കുകള്‍ അറിയാം എന്നല്ലാതെ ക്ലാസ് എന്താണു എന്നോ ഒബ്ജക്റ്റ് എന്താണ് എന്നോ ഒന്നും അറിയില്ല.മറ്റു ബ്രാഞ്ചുകളില്‍ നിന്നും വരുന്നവര്‍ കോഴ്സിന് ചേര്‍ന്ന് ക്ലാസും ഒബ്ജെക്‍റ്റും പഠിച്ചു വരും.പക്ഷേ ഒരു റിക്കര്‍സീവ് ഫങ്ഷന്‍ എഴുതാന്‍ അറിയത്തില്ല.
  2. ബാച്ച് ഫയല്‍ ഓടിച്ചുനോക്കാന്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല. വേറെ ഏത് ഭാഷയായലും എന്തെങ്കിലും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്യണം.

പിന്നെ ഒരു കാര്യം കൂടി.ഈ ബാച്ച് ഫയല്‍ എഴുതുന്നത് എന്താണെന്ന് വച്ചാല്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ കംപ്യൂട്ടറിന് കൊടുക്കുന്നു.അത്ര മാത്രം.അല്ലാതെ ഇത് ഒരു പ്രോഗ്രാമ്മിങ് ഭാഷയൊന്നും അല്ല.

നീന്തല്‍ പഠിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നു.എല്ലാ കാര്യങ്ങളും പഠിപ്പിക്കാന്‍ പറ്റില്ല.എന്താണ് കാര്യം എന്ന് പറയും എങ്ങിനെ ചെയ്യാം എന്നും.പിന്നെ സ്വന്തമായി പഠിക്കുക,പരീക്ഷിക്കുക.പരീക്ഷണം ഇല്ലാതെ ഒന്നും പഠിക്കാന്‍ പറ്റില്ല.കമ്പ്യൂട്ടര്‍ കേടാകും എന്ന് വച്ച് പേടിച്ചിരുന്നാല്‍ ഒന്നും നടക്കില്ല.അത് വിചാരിച്ചു എന്തെങ്കിലും പറ്റിയാല്‍ എന്നെ വിളിച്ചേക്കരുത്.എന്തെങ്കിലും പറ്റിയാല്‍ നേരെ ഫോര്‍മാറ്റ് ചെയ്ത് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.ഒരു കാര്യം ഉറപ്പ് തരാം.പ്രോഗ്രാമെഴുത്ത് അറിയാത്തവന്‍ എഴുതിയ പ്രോഗ്രാം കൊണ്ട് എന്തായാലും കംപ്യൂട്ടറിന്‍റെ ഹാര്‍ഡ്വയര് ഒന്നും കേടുവരില്ല.‍

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.എല്ലാവരും പോയി കമ്പ്യൂട്ടറില്‍ ഏതെങ്കിലും .bat ഫയല്‍ തപ്പിയെടുത്ത് ഒന്ന് തുറന്നു നോക്ക്.വല്ലതും മനസിലായാലോ!!!റൈറ്റ് ക്ലിക്ക് അടിച്ചു ഓപ്പണ്‍ വിത്ത് കൊടുത്ത് നോട്ട്പാഡില്‍ തുറന്നാല്‍ മതി.എല്ലാം ഇംഗ്ലീഷ് തന്നെ.

2010, ജൂലൈ 15, വ്യാഴാഴ്‌ച

വര്‍ക്ക് ചെയ്താല്‍ ചെയ്തു അത്ര തന്നെ

റോഷിനെപ്പറ്റി പറയനാണെങ്കില്‍ വളരെയധികം ഉണ്ട്.പ്രായത്തില്‍ കവിഞ്ഞ പക്വതയാണോ അതോ പക്വതയില്‍ കവിഞ്ഞ പ്രായമാണോ എന്നറിയില്ല മേല്‍പറഞ്ഞ രണ്ട് സാധനങ്ങളും ഇഷ്ടന് വേണ്ടുവോളം ഉണ്ട്.അതിന്‍റെ കൂടെയാണ് ഒരു ഇംഗ്ലിഷ് അനുകരണം.സ്പൂണ്‍ കൊണ്ട് ചോറും സമ്പാറും കഴിക്കല്‍,ഇംഗ്ലിഷ് പറയുമ്പോള്‍ ഴ എന്ന അക്ഷരം ധാരാളമായി ഉപയോഗിക്കല്‍ തുടങ്ങിയ നമ്പരുകള്‍ വെച്ചാണ് ടിയാന്‍ ഇംഗ്ലീഷുകാരെ അനുകരിക്കുന്നത്.അങ്ങനെയുള്ള റോഷിന്‍റെ ഓണ്‍സൈറ്റിലെ ലീഡ് ഒരു റഷ്യക്കാരനായിരുന്നു.റഷ്യന്‍ ഇംഗ്ലിഷ് പറയുന്ന ഒരു ദിമിത്രി.അങ്ങനെ പോകുന്ന സമയത്തെ ഒരു സായാഹ്ന സ്റ്റാറ്റസ് കോള്‍.

ദിമിത്രി:വില്‍ ദിസ് വര്‍ക്ക്?

റോഷ്:ഇഫ് ദാറ്റ് വര്‍ക്സ് ദെന്‍ ദിസ് വര്‍ക്സ്.

ദിമിത്രി:ആര്‍ യു ഷുവര്‍ ?

റോഷ്:ഇഫ് വര്‍ക്സ് ദെന്‍ വര്‍ക്സ്.ദാറ്റ്സ് ഇറ്റ്.

----------------------------------------

അതായത് വര്‍ക്ക് ചെയ്താല്‍ ചെയ്തു.അത്രതന്നെ.പുള്ളിയുടെ ഭാഗം വര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റാരോ വേറെ ഒരു ഭാഗം കൂടെ വര്‍ക്ക് ചെയ്യണം.അതാണ് ആദ്യം പറഞ്ഞത്.ഇത് കേട്ട ദിമിത്രി തന്‍റെ ഇംഗ്ലിഷ് മോശമാണെന്ന് കരുതി ജോലി രാജി വച്ച് സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന് ചേര്‍ന്നു എന്നാണ് ഓണ്‍ സൈറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു പേര് വീഴുന്നതെങ്ങിനെ

കഴിഞ്ഞ ഒരു പോസ്റ്റ് ഇട്ടത് പ്രമാണിച്ചു കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഒരു കാര്യം മനസിലായി.ഓഫീസില്‍ ബ്ലോഗ് ഹിറ്റ് ആകുന്നുണ്ട്.കൊടകരപുരാണത്തില്‍ എഴുതുന്നത് പോലെ ആണെങ്കില്‍ കുഴപ്പമില്ല.എല്ലാം പഴയ കാര്യങ്ങളല്ലെ.ആരും വന്നു ചോദിക്കില്ല.ഇതിപ്പോള്‍ അങ്ങനെയാണോ? എല്ലാം നല്ല ചൂടന്‍ കാര്യങ്ങള്‍ .ഓഫീസില്‍ നടക്കുന്നു.ഞാന്‍ ബ്ലോഗുന്നു.അതുകൊണ്ട് ഇപ്പ്രാവശ്യം പേര് വക്കുന്നില്ല.

സോമന്‍

പ്രോജക്റ്റ് റിലീസ് ഉള്ള ഒരു കാളരാത്രി.പതിവുപോലെ മിസ്റ്റര്‍ എക്സിന്‍റെ ഭാഗം വര്‍ക്ക് ചെയ്യുന്നില്ല.കയ്യില്‍ ഗ്രീസ് ആയിരിക്കുമ്പോള്‍ മൂക്ക് ചൊറിയാന്‍ തോന്നും എന്നുപറഞ്ഞതുപോലെ വര്‍ക്ക് ചെയ്യാതെ ആകുമ്പോള്‍ അത് ചെയ്തവനെയും കാണില്ലല്ലോ.അതുകൊണ്ട് അത് ശരിയാക്കാന്‍ അതുമായി ഒരു അവിഹിതബന്ധം പോലുമില്ലാത്ത മിസ്റ്റര്‍ വൈ യെ ഏല്‍പ്പിച്ചു.മിസ്റ്റര്‍ വൈ അപ്പോള്‍ തന്നെ എക്സിനെ വിളിച്ചു.

ആദ്യത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എടുക്കാതിരുന്നപ്പോള്‍ വൈ തീരുമാനിച്ചു.യേവന്നിട്ട് ഒരു പണി കൊടുക്കണം.അങ്ങനെ രണ്ടാമത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എക്സ് എടുത്തു.

വൈ: ഐ ആം സ.സ.സൊ...സോമന്‍ കോളിങ് ഫ്രം xyz കമ്പനി.ആരെ യു ലുക്കിംഗ് ഫോര്‍ അ ജോബ് ചേഞ്ച്?

എക്സ്:ഓ ഇല്ലെഡെക്കെ..ഞാന്‍ കുറച്ചു കഴിഞ്ഞേ ചാടുന്നുള്ളൂ...

പിറ്റേ ദിവസം എക്സ് വൈ യെ കണ്ടതും പറഞ്ഞു."ഗുഡ് മോര്‍ണിംഗ് സോമാ"

മറിയാമ്മ

ആ വാര്‍ത്ത കാട്ടുതീ പോലെയാണ് കമ്പനിയില്‍ പരന്നത്.ഒരു കെട്ടു ലാപ്ടോപ്പുകള്‍ വന്നിരിക്കുന്നു.നമുക്ക് കിട്ടുമോ എന്തോ.കമ്പനി പക്ഷേ പ്രതീക്ഷ തെറ്റിച്ചില്ല.അടിച്ചു വാരുന്ന ചേച്ചിക്കും ,സെക്യൂരിറ്റി ചേട്ടനും ഒഴികെ ഞങ്ങളുടെ ഫ്ലോറിലെ എല്ലാവര്‍ക്കും ലാപ്ടോപ്.

അങ്ങനെ എന്തോ ചെയ്യാത്തവന്‍  അത് ചെയ്യുമ്പോള്‍ അതുകൊണ്ട് ആറാട്ട് എന്ന് പറയുമ്പോലെ എങ്ങും ലാപ്ടോപ് മയം.ഏത് ആരുടെയാണ് എന്ന്‍ ഒരു നിശ്ചയവുമില്ല.നമ്മുടെ നായകന്‍റെ രംഗപ്രവേശം ഇവിടെയാണ്.മിസ്റ്റര്‍ എക്സ്.ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിലെ സുന്ദരനും,സുമുഖനും,സര്‍വോപാരി പെണ്ണുങ്ങളുടെ വായില്‍ നോക്കാത്തവനുമായ ഏക കക്ഷി.നായകന്‍റെ അവതരോദ്ദേശ്യം എല്ലാ ലാപ്ടോപ്പിലും ഉപയോഗിക്കുന്നവരുടെ പേര് പ്രിന്‍റ് ചെയ്തു ഒട്ടിക്കുക.ഒരു സെഡില്‍ നിന്നും ഒട്ടിച്ചു തുടങ്ങിയ എക്സിനെ അധികം വൈകാതെ തന്നെ രണ്ട് കണ്ണുകള്‍ പിന്‍തുടര്‍ന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു.

എടെ നീ ആള് ഭയങ്കരനാണല്ലോ.എന്തു പെട്ടെന്നാ ഒട്ടിക്കുന്നേ.ആദ്യത്തെ കമെന്‍റ് പൊട്ടി.താങ്ക്യൂ താങ്ക്യൂ...മൂന്നാമത്തെ താങ്ക്യൂ പറയുന്നതിനുമുന്‍പേ അടുത്തത് പൊട്ടി.പണ്ട് സിനിമ പോസ്റ്റര്‍ ഒട്ടിക്കലായിരുന്നോ പണി. ഓ അതല്ലടെ പണ്ട് കോളേജില്‍ വച്ച് എലക്ഷന്‍ പോസ്റ്റര്‍ ഒട്ടിച്ച പരിചയമാ.രംഗം പന്തിയല്ലെന്ന് കണ്ട എക്സ് അവിടെനിന്നും മുങ്ങി പിന്നെ പൊന്തിയത് മിസ്റ്റര്‍ വൈയുടെ ലാപ്ടോപ്പിന് സ്റ്റിക്കര്‍ ഒട്ടിക്കാന്‍.അതേ കുറച്ചു മുന്‍പേ പിന്‍തുടര്‍ന്ന അതേ രണ്ട് കണ്ണുകളുടെ ഉടമസ്ഥന്‍.

"എടെ നിന്‍റെ ഈ ഒട്ടിക്കുന്നതിന് മുന്‍പത്തെ തുടക്കലും,ഒട്ടിക്കലും,ഒട്ടിച്ചുകഴിഞ്ഞുള്ള ഈ തലോടലും കാണുമ്പോള്‍ എനിക്ക് മറ്റൊരു കാര്യമാണ് ഓര്‍മ വരുന്നത്."വൈ തനിക്ക് ഒരു പണി തരാന്‍ ചാന്‍സില്ല എന്ന് വിചാരിച്ച എക്സ് പറഞ്ഞു.എന്തുവാടേ ഓര്‍മ വരുന്നത്.എടാ ഞാന്‍ കുറച്ചു നാള്‍ മുന്പ് ഹോസ്പിറ്റലില്‍ കിടന്നില്ലേ? അതേ കിടന്നിട്ട്.. പിന്നെ എന്തുവാ...എക്സ് അങ്ങ് എക്സ്സൈറ്റഡ് ആയി."അവിടെ നഴ്സുമാര്‍ ഇഞ്ചെക്ഷന്‍ ചെയ്യുന്നത് ഇങ്ങനെയാണ്."ആദ്യം സ്പിരിറ്റ് കൊണ്ട് തുടക്കും.പിന്നെ കുത്തും.അതുകഴിഞ്ഞു ഒന്ന് തിരുമ്മും.മറിയാമ്മ എന്നോ മറ്റോ ആയിരുന്നു ആ നഴ്സിന്‍റെ പേര്.

ആളിയാ മറിയാമ്മേ...അന്നത്തെ ദിവസം ഈ വിളി അടങ്ങിയിട്ടില്ല.ചുമ്മാതല്ല.സ്റ്റിക്കര്‍ ഒട്ടിക്കാന്‍ എല്ലാവരും വിളിക്കുന്നതാ.

ചാള മേരി

മലയാളത്തിനിടക്ക് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ മാത്രമാണ് ഈ ലോകത്തില്‍ ഡീസന്‍റ് എന്ന് വിശ്വസിക്കുകയും അതുപോലെ തന്നെ പറ്റാവുന്ന എല്ലാ കാര്യങ്ങളും (അതായത് ചിരിക്കുക,ഭക്ഷണം കഴിക്കുക,പല്ല് തേക്കുക,ഓഫീസില്‍ വരിക, പോകുക ) ഇംഗ്ലിഷില്‍ തന്നെ ചെയ്യുകയും ചെയ്യുന്ന ആളാണ് നമ്മുടെ നായിക എക്സ്.സോറി എക്സി.

ഇത്തരത്തില്‍പ്പെട്ട മറ്റൊരാളായ വൈയുമായി, ഒരു ദിവസം നോക്കുമ്പോളുണ്ട്  വന്‍ കച്ചറ.എക്സി ഇംഗ്ലീഷില്‍ അങ്ങ് കടിച്ചാല്‍ പൊട്ടാത്ത പല വാക്കുകളും പ്രയോഗിക്കുന്നു.ഒരു മെയില്‍ അയക്കുന്നതിന്‍റെ തിരക്കിലായിരുന്ന മിസ്റ്റര്‍ സെഡ് മെയില്‍ അയച്ചു കഴിഞ്ഞു ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്,ഈ വാക്കുകളെല്ലാം പുതിയ ഇംഗ്ലീഷ് സിനിമകളില്‍ കേള്‍‍ക്കുന്ന സ്ഥിരം  വാക്കുകളാണ്.പിന്നെ വെറുതെ ഒന്ന് മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു നോക്കി.

യൂറേക്ക....മീന്‍ മാര്‍ക്കറ്റില്‍ പറയുന്ന അതേ ലാംഗ്വേജ് ഒരു മാതിരി അതേ വാക്കുകള്‍.കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ അതേ ടോണ്‍...തന്നെ ചാള മേരി തന്നെ.

പാണ്ടി ലോറിയുടെ മുകളില്‍ ചാണകം കയറിയാല്‍

കണ്ടാമൃഗത്തിന്‍റെ തോലും അതിനകത്ത് കുറച്ചധികം ഫാറ്റും.അങ്ങിനെയാണ് മിസ്റ്റര്‍ എക്സ് തന്നെതന്നെ വിശേഷിപ്പിക്കുന്നത്.പെട്ടെന്ന് ഓടാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ വഴിയില്‍കൂടി പോകുന്ന കണ്ട അണ്ടന്‍സും അടകോടന്‍സും എല്ലാം ഒന്ന് കളിയാക്കിയിട്ടേ പോകൂ.എപ്പോഴും ഇഗ്നോര്‍ ചെയ്യുന്ന എക്സ് അന്നൊരു ദിവസം പൊട്ടിത്തെറിച്ചു.

"എടാ ഞാഞ്ഞൂളേ... പാണ്ടി ലോറിയുടെ മേല്‍ ചാണകം കയറിയാലുള്ള അവസ്ഥ നിനക്കറിയാവോ.ഞാന്‍ ചുമ്മാ നിന്റെ മേത്തോടെ അങ്ങ് മറിഞ്ഞങ്ങു വീഴും."

ഓഹോ അപ്പോള്‍ എന്നെ പേടിയുണ്ടല്ലേ .അല്‍പ്പ നേരത്തെ നിശബ്ദതയെ എക്സ് തെറ്റിധരിച്ചു.എക്സിനോടുള്ള അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.

എടാ നിന്നെ "പാണ്ടിലോറി" എന്ന് വിളിക്കണോ അതോ "ചാണകം" എന്ന് വിളിക്കണോ.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

നിരപരാധി

എല്ലാവരെയും പോലെ നമ്മുടെ നായകനും +2 കഴിഞ്ഞപ്പോള്‍ തമിഴ് നാട്ടിലേക്ക് വണ്ടി കയറി.ലക്ഷ്യം ഒരു ഐടി ബിരുദം എടുക്കുക.ആകെയുള്ള ഒരു വ്യത്യാസം മാത്രം നായകന്‍ വന്നത് നേരെ ഗള്‍ഫില്‍ നിന്നാണ് .അതുകൊണ്ട് തന്നെ മലയാളത്തിലെ പല വാക്കുകളും പുള്ളിക്ക് വലിയ പരിചയമില്ല.പഠിച്ചു വരികയാണ് .ഏതൊരുത്തന്‍റെയും പോലെ ആദ്യം പടിക്കുന്നത് തെറി വാക്കുകളാണ്.

സാധാരണയായി കേരളത്തിലെ അലമ്പന്‍‍സ് ആന്‍ഡ് ഒഴപ്പന്‍സ് ആണല്ലോ തമിഴ് നാട്ടില്‍ വന്നടിയുന്നത്.അതായത് മാര്‍ക്കില്ലാതെ കേരളത്തില്‍ സീറ്റ് കിട്ടാതെ വരുമ്പോള്‍.അതുകൊണ്ട് തന്നെ റാഗിങ്ങിനും അടിപിടിക്കും ഒരു പഞ്ഞവും ഉണ്ടാകില്ല.നായകന്‍ പഠിക്കുന്ന കോളേജും ഈ നാട്ടുനടപ്പിന് ഒരു കളങ്കവും വരുത്താറില്ല.

അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് പറയുമ്പോലെ കുറെ സഹിച്ച് കഴിയുമ്പോള്‍ ജൂനിയര്‍ പിള്ളേരും ഏതെങ്കിലും ഒരു സീനിയറിനിട്ട് ഒന്ന് പൊട്ടിക്കും.അങ്ങനെ ഒരു സീനിയറിനിട്ട് പൊട്ടിച്ചതിന്റെ ഫലമായി ഒരു കൂട്ടം സീനിയേഴ്സ് നായകന്‍റെ റൂമിലേക്ക് കയറി വന്നു.ആസ് യൂഷ്വല്‍ കൂട്ടത്തില്‍ നന്നായി ചേട്ടാ എന്ന് വിളിക്കാന്‍ അറിയാവുന്നവന്‍ സീനിയേഴ്സിനോട് മാപ്പ് പറഞ്ഞു തുടങ്ങി.

"അയ്യോ ചേട്ടാ ഞങ്ങളല്ല ഞങ്ങളുടെ ഇടി ഇങ്ങനെയല്ല".

എടെ ഈ നില്‍ക്കുന്നവന്‍ ഇടിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.ഇടി കൊണ്ടവനു നായകന്‍റെ മേല്‍ ഒരു ചെറിയ ഡൌട്ട്?

ഇല്ല ചേട്ടാ ഇവന്‍ വെറും നിരപരാധിയാ...

ഹും..ഓകെ എന്നാല്‍ ശരി ..ഞങ്ങള്‍ ഇപ്പോള്‍ പോകുന്നു.

ഹാവൂ രക്ഷപ്പെട്ടു എന്ന് പറഞ്ഞു തിരിഞ്ഞ കൂട്ടുകാരനു കിട്ടിയതു നമ്മുടെ നായകന്‍റെ വക പച്ച തെറി ആയിരുന്നു.

"നിരപരാധി നിന്റെ തന്ത"

----------------------------------------------

പാവം ആ കൂട്ടുകാരന്‍ .തെറികള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് നിരപരാധി എന്ന വാക്കിന്‍റെ അര്‍ഥം പഠിപ്പിക്കേണ്ടതായിരുന്നു.

2010, ജൂലൈ 5, തിങ്കളാഴ്‌ച

ഫാം വില്ലെയും ജാതിക്ക നടലും

എന്തായാലും മഴ പെയ്തു നമ്മുടെ സ്വിമ്മിംഗ് പൂള്‍ ആകെ മൂടി കിടക്കുന്നത് കൊണ്ട് ഇപ്പ്രാവശ്യം കഴിച്ച ചിക്കനും ബീഫും ഒന്നും സ്വിം ചെയ്തു കളയാന്‍ പറ്റില്ല എന്ന നഗ്നസത്യമാണ് എന്നെ എന്തുകൊണ്ട് പറമ്പില്‍ കിളച്ചുകൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.എന്നേത്തേയും പോലെ അത് ചെന്നവസാനിച്ചത് ഒരു കടുത്ത തീരുമാനത്തിലായിരുന്നു.

വെറുതെ കിളച്ച് വേസ്റ്റ് ആക്കേണ്ട.ഒരു നാല് കുഴി കുത്തി ഒരു പത്ത് ജാതി തൈ വച്ചേക്കാം.സോറി പത്ത് കുഴി കുത്തി പത്ത് ജാതി വച്ചേക്കാം.എങ്ങാനും ചൈനക്കാരു ഇംഗ്ലിഷ് പഠിച്ചു ഐ.ടി രംഗം കീഴടക്കിയാലും നമുക്ക് ജീവിക്കേണ്ടെ?

അങ്ങനെ ആ ലോങ് വീകെന്‍റിന്‍റെ ആദ്യദിവസം ശനിയാഴ്ച.ഈ ലോങ് വീകെന്‍റ് എന്ന പ്രയോഗം ഓണ്‍ സൈറ്റില്‍ ചെന്നപ്പോള്‍ കിട്ടിയതാണ്.അവിടെ ഒരു വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ അവധി കിട്ടിയാല്‍ അത് ലോങ് വീകെന്‍ഡ് ആണ്.ഒരു പന്ത്രണ്ട് മണിയോട് കൂടി എഴുന്നേറ്റപ്പോഴാണു ചുമ്മാ മെയില്‍ ഒന്ന് നോക്കിയേക്കാം എന്നൊരു ഉള്‍വിളി ഉണ്ടായത്.പിന്നെ അമാന്തിച്ചില്ല.ചപ്പ് ചവറുപോലെ വരുന്ന കമ്യൂണിറ്റി സൈറ്റ് മെയിലുകള്‍ അതായത് അവന്‍ മുള്ളി ,അവള്‍ക്ക് കൊച്ചുണ്ടായി,അവര്‍ അങ്ങോട്ട് പോയി തുടങ്ങിയ മെയിലുകള്‍ എല്ലാം സെലക്ട് ചെയ്തു  ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് ഒരെണ്ണം ക്ലിക്ക് ആയത്.ഒരുത്തിയുടെ ഫേസ് ബുക്കിലെ ഫാം വില്ലേ കളിക്കാനുള്ള ഇന്‍വിറ്റേഷന്‍.അതായത് ഞാന്‍ അവളുടെ അയല്‍ക്കാരന്‍ ആകണം പോലും.

ചെറുതായി തലയില്‍ ഒരു ബള്‍ബ് കത്തിയോ എന്നൊരു സംശയം.ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിനും ഇതിനും ഒരു ബന്ധമില്ലേ എന്നൊരു തോന്നല്‍.മുന്‍പേ കിട്ടിയ റിക്വസ്റ്റുകള്‍ എല്ലാം നിഷ്കരുണം തള്ളികളഞ്ഞതാണ്.ഫാം വില്ലേ ഒരു ഭയങ്കര കളിയാണെന്നും കയറിയവരൊക്കെ അതിന് ആഡിക്ട് ആയെന്നും മുമ്പ് കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ ഇതൊന്ന് കളിക്കാന്‍ പറ്റിയിട്ടില്ല.അയ്യേ ഇതൊരു കൃഷി ചെയ്യുന്ന കളിയല്ലേ?ഇതിലും വലിയ വെടിവെപ്പ് കളികള്‍ കളിച്ചിട്ടു വരെ നമ്മള്‍ ആഡിക്ട് ആയിട്ടില്ല.പിന്നല്ലേ ഈ കൃഷി.പക്ഷേ ഇതു പഴയ വെടിവെപ്പോ ,റോഡ് റാഷോ പോലെയല്ല.ഫേസ് ബുക്കിലുള്ള നമ്മുടെ ഗഡികളൊക്കെ ഇതറിയും.സ്കോറും ലെവലും മറ്റു കൂന്തവും കുടച്ചക്‍രവും എല്ലാം.പണിയാകുമോ?വേണമോ വേണ്ടയോ?

എന്തായാലും ആവള് അയല്‍ക്കാരനാകാന്‍ വിളിച്ചതല്ലേ.ചേര്‍ന്നേക്കാം.കുറച്ചു കാലമെങ്കില്‍ കുറച്ചു കാലം പഞ്ചാരയടിച്ചു നടന്നതല്ലേ.ഒരു വിഷമം വേണ്ട.അങ്ങനെ ഒരു ഉച്ച ഉച്ചര നേരത്ത് ഞാനും ഒരു ഓണ്‍ലൈന്‍ കൃഷിക്കാരനായി. ആദ്യമൊക്കെ ചുമ്മാ ഒരു കൌതുകം ജാതി തൈ നടാന്‍ പറ്റുമോ ഇല്ലയോ എന്നറിയണം.അതറിയനായി കണ്ട ഓപ്ഷന്‍സെല്ലാം നോക്കികഴിഞ്ഞപ്പോള്‍ ഒരു സംശയം .ഞാന്‍ ഇതിന് അഡിക്ട് ആയോ എന്ന്‍.

പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല പൂഴിക്കടകന്‍ പ്രയോഗിക്കുക തന്നെ. കുറുക്കുവഴികള്‍ എന്ന ഹാക്കുകള്‍ ഇറക്കി പെട്ടെന്ന് ജയിച്ച് കളി നിറുത്താം.ഒരിക്കല്‍ ജയിച്ചാല്‍ പിന്നെ കളിക്കാന്‍ ഒരു ഇന്‍റെരേസ്റ്റും ഉണ്ടാകില്ല.അങ്ങനെ ഗൂഗിളില്‍ ചോദിച്ചപ്പോഴാണ് അറിയുന്നത്.ഓണ്‍ലൈന്‍ ഗെയിം ആയതുകൊണ്ട് ചീറ്റുകള്‍ ഒന്ന് തന്നെയില്ല.കളിച്ചു തന്നെ ജയിക്കണം.അല്ലെങ്കില്‍ ശരിക്കുള്ള കാശേറിഞ്ഞു കളിക്കണം. അതായത് നടപടിയൊന്നുമില്ല.

അതു കഴിഞ്ഞു മലയാളത്തില്‍ തപ്പിയപ്പോഴാണ് കൂതറ അവലോകനം എന്ന ബ്ലോഗില്‍ ഫാം വില്ലേയെപ്പറ്റിയുള്ള ഫാം വില്ലെ : കുറുക്കു വഴികള്‍ എന്ന പോസ്റ്റ് കണ്ടത്.അതിന്‍റെ പിറകെ മറ്റൊന്ന് കൂടി 226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍.. .പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ പോയി രണ്ട് കുഴിയെടുത്തു. ജാതി വെക്കാനേ.

പിന്നെ ഒരു ഗാഢമായ ഒരു ആലോചനയായിരുന്നു.എന്തുകൊണ്ടാണ് ആളുകള്‍ മണ്ണില്‍ കൃഷിയിറക്കാതെ ഇന്‍റെര്‍നെറ്റില്‍ കൃഷിയിറക്കുന്നത്?ഭൂമിയില്ലാത്തതുകൊണ്ടാണോ? ഒരു പരിധി വരെ ഇല്ലാത്തതുകൊണ്ടാണ്.അതോ ജോലി ചെയ്യുന്നത് നാട്ടില്‍ നിന്നും അകലെ ആയതുകൊണ്ടാണോ?ആയിരിക്കാം.പക്ഷേ എന്‍റെ കണക്കില്‍ ഞാന്‍ കളി ഇഷ്ടപ്പെടാന്‍ കാരണം താഴെപ്പറയുന്നവയാണ്.

  • ശരീരാദ്ധ്വാനം വേണ്ട ചുമ്മാ ക്ലിക്കിയാല്‍ മതി.
  • ശരിക്കുള്ള കൃഷി ചെയ്യാന്‍ പോയാല്‍ വല്ല പാമ്പും കടിക്കും.
  • മണ്ണില്‍ നടന്ന്‍ വിയര്‍ക്കേണ്ട.കാലില്‍ വളം കടിക്കില്ല.ചുമ്മാ എ.സിയില്‍ ഇരുന്നു ക്ലിക്കാം.
  • കാലാവസ്ഥയെ പേടിക്കേണ്ട.പറഞ്ഞ സമയത്ത് തന്നെ വിളവെടുത്ത് വില്‍ക്കാം.
  • കൂലിക്കാരെ അന്വേഷിച്ച് നടക്കേണ്ട.ഫാം വില്ലേയില്‍ എല്ലാം നമ്മള്‍ തന്നെ ചെയ്യണം.
  • വിലയില്‍ മാറ്റമില്ല.വില്‍ക്കുമ്പോള്‍, വാങ്ങുമ്പോള്‍ കണ്ട വില കിട്ടും.
  • കാക്കയെയും പട്ടിയെയും എല്ലാം നാട്ടുകാര്‍ ഓടിച്ചോളും.
  • പിന്നെ കുറച്ചു കേട്ട് പരിചയം മാത്രമുള്ള പല ചെടികളും കൃഷി ചെയ്യാം.

ഇതു കളിച്ചാല്‍ ഉണ്ടാകുന്ന ചില നല്ല കാര്യങ്ങള്‍

  • കുറച്ചു പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിക്കാം.(എന്നെപ്പോലെയുള്ള മലയാളം മീഡിയംകാര്‍ക്ക്)
  • കയ്യിലുള്ള പൈസ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് പഠിക്കാം.(ക്രെഡിറ്റ് കാര്‍ഡ് വച്ച് കളിക്കുന്ന കാര്യമല്ല.കളിയില്‍ മാര്‍ക്കറ്റില്‍ നിന്നും എന്തു വാങ്ങണം എപ്പോള്‍ വാങ്ങണം എന്ന കാര്യം.)
  • കാശിന്‍റെ വില മനസിലാകും.ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവന് ഫാം വില്ലേയില്‍ വല്ലതും വാങ്ങണമെങ്കില്‍ അപ്പുറത്തുള്ളവന്‍റെ പണിയെല്ലാം എടുത്തു കൊടുക്കേണ്ടെ?

2010, ജൂലൈ 3, ശനിയാഴ്‌ച

എടാ നിന്‍റെ വീടെവിടെയാ?

അന്നും പതിവുപോലെ തൃപ്പൂണിത്തുറ കുട്ടിശങ്കരന്‍ ഞങ്ങളുടെ ഏരിയയില്‍ കത്തി വച്ച് തകര്‍ക്കുകയാണ്.വാസുവാണെങ്കില്‍ കിട്ടിയ പണി എന്താണെന്നറിയാതെ വിഷമിച്ചുകൊണ്ടിരിക്കുന്നു.അതിന്‍റെ കൂടെയാണ് ഈ കത്തി.അപ്പുറത്തിരിക്കുന്ന ബാബുമോനാണെങ്കില്‍ ഇപ്പോഴുള്ള പണി തീര്‍ന്നിട്ട് വേണം ഒന്ന് വീഡിയോ ഗെയിം കളിക്കാന്‍ പോകാന്‍.അങ്ങനെ എന്തും എപ്പോഴും സംഭവിക്കാം എന്നുള്ള സമയത്താണ് കുട്ടി ശങ്കരന്‍റെ അടുത്ത ടോപ്പിക് വന്നത്.

"എടാ നീ അറിഞ്ഞോ ഇന്‍ഫോപാര്‍ക്കില്‍ നിന്നും സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലേക്ക് കടക്കാന്‍ ഒരു പുതിയ വഴി വന്നു.ഇനി കാക്കനാട് പോകാതെ തൃപ്പൂണിത്തുറക്ക് പോകാം.ഉല്‍ഘാടനം കഴിഞ്ഞിട്ടില്ല.പക്ഷേ  ഞാന്‍ ഇന്നലെ അതിലെ പോയി."

ശരിയാടാ നിങ്ങള്‍ക്കൊക്കെ പെട്ടെന്ന് വീട്ടിലെത്താം.ഞാന്‍ താമസിക്കുന്നത് കാക്കനാട് സിഗ്നലിന്റെ അടുത്തായതുകൊണ്ട് എനിക്ക് കാര്യമില്ല.ഞാനും കൊടുത്തു എന്‍റെ ഒരു കമെന്‍റ്.കുട്ടി ശങ്കരന് ആരും ശ്രദ്ധിക്കുന്നില്ല എന്നൊരു ഫീലിങ്സ് വരരുതലോ.അതുകൊണ്ട് മാത്രം.

കമെന്‍റ് കിട്ടിയതുകൊണ്ടാണോ എന്നറിയില്ല.ശങ്കരന്‍ തൊട്ടടുത്തിരിക്കുന്ന ബാബുമോനെ ഒന്ന് ചൊറിഞ്ഞു."എടാ നിന്‍റെ വീടെവിടെയാ". ചോറ്റാനിക്കര.ബാബുമോന്‍ പെട്ടെന്ന് തന്നെ നിറുത്തി.ബാബുമോന്‍ നിറുത്തിയെങ്കിലും ആ ചോദ്യം മറ്റൊരാളുടെ കണ്‍ട്രോള്‍ കളഞ്ഞിരുന്നു.മറ്റാരുമല്ല.നമ്മുടെ വാസു.

"എടാ ശങ്കരാ നിനക്കു ദേ അങ്ങേ അറ്റത്തിരിക്കുന്ന പെങ്കോച്ചിന്‍റെ വീടെവിടെയാണെന്നറിയാമോ?" വാസുവിന്‍റെ നിര്‍ദോഷമായ ഒരു ചോദ്യം.ഇത് തന്നെ തക്കം ശങ്കരന്‍ തന്‍റെ ഡാറ്റബേസിന്‍റെ പവര്‍ കാണിച്ചു."സേലം.സേലത്തുനിന്നും 34,17എ എന്ന നമ്പര്‍ ബസുകളൊക്കെ അവളുടെ വീട്ടിലേക്ക് പോകും."

"അതേടാ അതേ...നിനക്കു കണ്ണില്‍ കണ്ട പെങ്കുട്ടികളുടെ വീടുകള്‍ മാത്രമേ അറിയൂ.തൊട്ടടുത്തിരിക്കുന്നവന്മാരുടെ സ്ഥലം പോലുമറിയില്ല.ബാബുമോനെ നീ നാളെ ഒരു സാരിയുടുത്തു വാ.

ബ്ലെഡി ഫൂള്‍സ്...."

ജബ...ജബ.. ജബ....(കുട്ടിശങ്കരന്‍റെ വായില്‍ നിന്നും ഇതു മാത്രമാണ് പിന്നെ വന്ന വാക്കുകള്‍ എന്നാണ് സാക്ഷിമൊഴി)

------------------------------------------------------------------------------

വാസുവിനെയും കുട്ടിശങ്കരനെയും ബാബുമോനെയും പറ്റിയുള്ള കൂടുതല്‍ കഥകള്‍ താഴത്തെ ലിങ്കുകളില്‍ നിന്നും വായിക്കാം.

ഇത്രയും വെളുപ്പിച്ചത് പോരേ ഇനിയും വേണോ?
അപ്പിക്കഥകള്‍ കാണ്ഡം ഒന്ന്
വിശാന്തിന്‍റെ ലീവ് ആപ്ലികേഷന്‍
ചൂടാകാത്ത AC
വര്‍ക്ക് ഉണ്ട് ചേട്ടാ പോട്ടേ……..
വിശാന്തിന്‍റെ തറവാട്
ഫസ്റ്റ് ഗിയറിലെ ചിരിയും, വല്യപ്പൂപ്പന്‍റെ സ്വര്‍ഗാരോഹണവും
പാസ്‌വേഡ് റിക്കവറി
Better come out of office and talk