2010, ജൂലൈ 20, ചൊവ്വാഴ്ച

പ്രോഗ്രാമെഴുത്ത് ഭാഗം 1 ആമുഖം

പ്രോഗ്രാമെഴുത്ത് എന്ന്‍ ഉദ്ദേശിച്ചത് എല്ലാവര്‍ക്കും സുപരിചിതമായ പ്രോഗ്രാമ്മിങ് തന്നെ.ഒന്ന് മലയാളീകരിച്ചു എന്ന് മാത്രം.അത്രതന്നെ.പ്രോഗ്രാം എന്ന വാക്കും കൂടി മലയാളീകരിക്കാന്‍ തോന്നിയതാ.അത് മലയാളത്തിലായാല്‍ വായിക്കുന്നവന് ചിരി വരും.പിന്നെ അതിന്‍റെ ഒരു ഇത് പോകും.എന്‍റെ ഒരു അറിവ് വച്ച് പറയുകയാണെങ്കില്‍ എല്ലാ വാക്കുകളും മലയാളീകരിക്കേണ്ട കാര്യമില്ല.ഒരു വാക്ക് മറ്റൊരു ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് വന്നു എന്ന് വിചാരിച്ചു മലയാളത്തിന് ഒന്നും നഷ്ടപ്പെടാനില്ല.ഉദാഹരണമായി കസേര പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും വന്നതാണത്രേ.അതുപോലെ നമ്മളെല്ലാവരും കഴിക്കുന്ന ഷവര്‍മ മലയാളം വാക്കല്ലല്ലോ അല്ലേ.ഇംഗ്ലീഷ് ഭാഷയെടുത്താല്‍ തന്നെ ഗുരു,യോഗ ഇമ്മാതിരി വാക്കുകളൊക്കെ ഇന്ത്യയില്‍ നിന്നും നമ്മള്‍ എക്സ്പോര്‍ട്ട് ചെയ്തതല്ലേ.പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍ മലയാളത്തിലാണ് എഴുതുന്നത് എങ്കിലും പല വാക്കുകളും ഇംഗ്ലീഷ് വാക്കുകളായിരിക്കും.

ഇനി ഇതുപോലൊരു സീരീസ് തുടങ്ങാനുണ്ടായ പ്രചോദനം.കുറെ നാളായി മൈക്രോസോഫ്റ്റിന്‍റെ പല ടെക്നോളജികളിലും പണിയെടുക്കുന്നു.‍പ്രോഗ്രാമെഴുത്തുമായി ബന്ധപ്പെട്ട് 3 ബ്ലോഗുകള്‍ തുടങ്ങി. പക്ഷേ മലയാളത്തില്‍ പ്രോഗ്രാമെഴുത്തിനെ പറ്റി ഇതുവരെ ഒന്നും എഴുതാന്‍ പറ്റിയില്ല.മുഖ്യപ്രശ്നം. ഭാഷ തന്നെ.വാക്കുകള്‍ മലയാളത്തിലാക്കണോ വേണ്ടയോ?പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു സൈറ്റ് പോലും കണ്ടതുമില്ല.പക്ഷേ ഇന്നലെ ഒന്ന് കണ്ടു.പൈത്തണ്‍ എന്ന ഭാഷയില്‍ പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു കിടിലന്‍ സാധനം.പിന്നെ ഒന്നും ചിന്തിച്ചില്ല.ചാടിവീണു.മറ്റൊരു കാരണം ഈ ചളിപ്പ് വിറ്റുകള്‍ വച്ച് എത്രകാലം ഓടിക്കും.എഴുതുന്നത് ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയില്‍ ഉപകരപ്രദമായാല്‍ ആകട്ടെ.

ഞാന്‍ പ്രോഗ്രാമെഴുത്തിന്‍റെ എ ബി സി ഡി അറിയാത്തവരെയാണ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്.അഞ്ചും ആറും കൊല്ലം പ്രോഗ്രാമെഴുത്തില്‍ എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റ്വയറന്‍മാരും,വെയറിമാരും ഒന്ന് വന്ന്‍ എന്തിരെടെ ഇത് എന്നൊന്നും ചോദിക്കരുത്.നിങ്ങള്‍ പുലികള്‍ ആയിരിക്കും.പക്ഷേ ഇവിടത്തെ ഭൂരിപക്ഷംപേര്‍ക്കും കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിന്‍റെ ചുക്കേത് ചുണ്ണാമ്പേത് എന്നറിയില്ല.

യെവന്‍ പഠിപ്പിക്കും പഠിപ്പിക്കും എന്ന് പറയുന്നതല്ലാതെ ഏത് കമ്പ്യൂട്ടര്‍ ഭാഷയില്‍ പഠിപ്പിക്കും എന്നുപറയുന്നില്ലല്ലോ. ഡോട് നെറ്റും,WPFഉം,സില്‍വര്‍ലൈറ്റും പഠിപ്പിക്കും എന്ന് കരുതി ഏതെങ്കിലും ഫ്രെഷെര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആദ്യം പറഞ്ഞതുപോലെ എന്‍റെ ഇരകള്‍ പ്രോഗ്രാമെഴുത്ത് എന്താണെന്ന് പോലും അറിയാത്തവരാണ്.അവര്‍ക്ക് ഏറ്റവും പറ്റിയത്. ഒരു ബാച്ച് ഫയല്‍ എങ്ങിനെയെഴുതാം എന്ന് അറിയലാണ്.അതായത് നമ്മുടെ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സാധാരണയായി അവിടെയും ഇവിടെയും കാണുന്ന .bat എക്സ്റ്റെന്‍ഷന്‍ ഉള്ള ഫയലുകള്‍.അങ്ങനെ ഒരെണ്ണം എങ്ങിനെയുണ്ടാക്കാം.അങ്ങനെ ഒരെണ്ണം ഉണ്ടാക്കിയാല്‍ അതുപയോഗിച്ച് എന്തൊക്കെ ചെയ്യാം.ഇമ്മാതിരി കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

പ്രോഗ്രാമെഴുത്ത് അറിയാവുന്ന പുലികള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അവരുടെ നെറ്റി ചുളിഞ്ഞിട്ടുണ്ടാകും.ഇവന്‍ എന്തുവാടേ കാണിക്കുന്നത്.എല്ലാവരും പുതിയ ടെക്നോളജികള്‍ പഠിപ്പിക്കുമ്പോള്‍ ഇതെന്താ ഒരു പഴയ പരിപാടി? ബാച്ച് ഫയല്‍ എഴുതുന്നത് പഠിപ്പിക്കുവാനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

  1. നമ്മുടെ കാമ്പസുകളില്‍ നിന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പിള്ളാരും ഡോട് നെറ്റോ ജാവയോ പഠിച്ചിട്ടാ കമ്പനികളില്‍ ചേരുന്നത്.പക്ഷേ വല്ല കാര്യവുമുണ്ടോ?ഡോട് നെറ്റിലെയോ ജാവയിലെയോ കുറച്ചു വാക്കുകള്‍ അറിയാം എന്നല്ലാതെ ക്ലാസ് എന്താണു എന്നോ ഒബ്ജക്റ്റ് എന്താണ് എന്നോ ഒന്നും അറിയില്ല.മറ്റു ബ്രാഞ്ചുകളില്‍ നിന്നും വരുന്നവര്‍ കോഴ്സിന് ചേര്‍ന്ന് ക്ലാസും ഒബ്ജെക്‍റ്റും പഠിച്ചു വരും.പക്ഷേ ഒരു റിക്കര്‍സീവ് ഫങ്ഷന്‍ എഴുതാന്‍ അറിയത്തില്ല.
  2. ബാച്ച് ഫയല്‍ ഓടിച്ചുനോക്കാന്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല. വേറെ ഏത് ഭാഷയായലും എന്തെങ്കിലും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്യണം.

പിന്നെ ഒരു കാര്യം കൂടി.ഈ ബാച്ച് ഫയല്‍ എഴുതുന്നത് എന്താണെന്ന് വച്ചാല്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ കംപ്യൂട്ടറിന് കൊടുക്കുന്നു.അത്ര മാത്രം.അല്ലാതെ ഇത് ഒരു പ്രോഗ്രാമ്മിങ് ഭാഷയൊന്നും അല്ല.

നീന്തല്‍ പഠിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നു.എല്ലാ കാര്യങ്ങളും പഠിപ്പിക്കാന്‍ പറ്റില്ല.എന്താണ് കാര്യം എന്ന് പറയും എങ്ങിനെ ചെയ്യാം എന്നും.പിന്നെ സ്വന്തമായി പഠിക്കുക,പരീക്ഷിക്കുക.പരീക്ഷണം ഇല്ലാതെ ഒന്നും പഠിക്കാന്‍ പറ്റില്ല.കമ്പ്യൂട്ടര്‍ കേടാകും എന്ന് വച്ച് പേടിച്ചിരുന്നാല്‍ ഒന്നും നടക്കില്ല.അത് വിചാരിച്ചു എന്തെങ്കിലും പറ്റിയാല്‍ എന്നെ വിളിച്ചേക്കരുത്.എന്തെങ്കിലും പറ്റിയാല്‍ നേരെ ഫോര്‍മാറ്റ് ചെയ്ത് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.ഒരു കാര്യം ഉറപ്പ് തരാം.പ്രോഗ്രാമെഴുത്ത് അറിയാത്തവന്‍ എഴുതിയ പ്രോഗ്രാം കൊണ്ട് എന്തായാലും കംപ്യൂട്ടറിന്‍റെ ഹാര്‍ഡ്വയര് ഒന്നും കേടുവരില്ല.‍

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.എല്ലാവരും പോയി കമ്പ്യൂട്ടറില്‍ ഏതെങ്കിലും .bat ഫയല്‍ തപ്പിയെടുത്ത് ഒന്ന് തുറന്നു നോക്ക്.വല്ലതും മനസിലായാലോ!!!റൈറ്റ് ക്ലിക്ക് അടിച്ചു ഓപ്പണ്‍ വിത്ത് കൊടുത്ത് നോട്ട്പാഡില്‍ തുറന്നാല്‍ മതി.എല്ലാം ഇംഗ്ലീഷ് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല: