2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു പേര് വീഴുന്നതെങ്ങിനെ

കഴിഞ്ഞ ഒരു പോസ്റ്റ് ഇട്ടത് പ്രമാണിച്ചു കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഒരു കാര്യം മനസിലായി.ഓഫീസില്‍ ബ്ലോഗ് ഹിറ്റ് ആകുന്നുണ്ട്.കൊടകരപുരാണത്തില്‍ എഴുതുന്നത് പോലെ ആണെങ്കില്‍ കുഴപ്പമില്ല.എല്ലാം പഴയ കാര്യങ്ങളല്ലെ.ആരും വന്നു ചോദിക്കില്ല.ഇതിപ്പോള്‍ അങ്ങനെയാണോ? എല്ലാം നല്ല ചൂടന്‍ കാര്യങ്ങള്‍ .ഓഫീസില്‍ നടക്കുന്നു.ഞാന്‍ ബ്ലോഗുന്നു.അതുകൊണ്ട് ഇപ്പ്രാവശ്യം പേര് വക്കുന്നില്ല.

സോമന്‍

പ്രോജക്റ്റ് റിലീസ് ഉള്ള ഒരു കാളരാത്രി.പതിവുപോലെ മിസ്റ്റര്‍ എക്സിന്‍റെ ഭാഗം വര്‍ക്ക് ചെയ്യുന്നില്ല.കയ്യില്‍ ഗ്രീസ് ആയിരിക്കുമ്പോള്‍ മൂക്ക് ചൊറിയാന്‍ തോന്നും എന്നുപറഞ്ഞതുപോലെ വര്‍ക്ക് ചെയ്യാതെ ആകുമ്പോള്‍ അത് ചെയ്തവനെയും കാണില്ലല്ലോ.അതുകൊണ്ട് അത് ശരിയാക്കാന്‍ അതുമായി ഒരു അവിഹിതബന്ധം പോലുമില്ലാത്ത മിസ്റ്റര്‍ വൈ യെ ഏല്‍പ്പിച്ചു.മിസ്റ്റര്‍ വൈ അപ്പോള്‍ തന്നെ എക്സിനെ വിളിച്ചു.

ആദ്യത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എടുക്കാതിരുന്നപ്പോള്‍ വൈ തീരുമാനിച്ചു.യേവന്നിട്ട് ഒരു പണി കൊടുക്കണം.അങ്ങനെ രണ്ടാമത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എക്സ് എടുത്തു.

വൈ: ഐ ആം സ.സ.സൊ...സോമന്‍ കോളിങ് ഫ്രം xyz കമ്പനി.ആരെ യു ലുക്കിംഗ് ഫോര്‍ അ ജോബ് ചേഞ്ച്?

എക്സ്:ഓ ഇല്ലെഡെക്കെ..ഞാന്‍ കുറച്ചു കഴിഞ്ഞേ ചാടുന്നുള്ളൂ...

പിറ്റേ ദിവസം എക്സ് വൈ യെ കണ്ടതും പറഞ്ഞു."ഗുഡ് മോര്‍ണിംഗ് സോമാ"

മറിയാമ്മ

ആ വാര്‍ത്ത കാട്ടുതീ പോലെയാണ് കമ്പനിയില്‍ പരന്നത്.ഒരു കെട്ടു ലാപ്ടോപ്പുകള്‍ വന്നിരിക്കുന്നു.നമുക്ക് കിട്ടുമോ എന്തോ.കമ്പനി പക്ഷേ പ്രതീക്ഷ തെറ്റിച്ചില്ല.അടിച്ചു വാരുന്ന ചേച്ചിക്കും ,സെക്യൂരിറ്റി ചേട്ടനും ഒഴികെ ഞങ്ങളുടെ ഫ്ലോറിലെ എല്ലാവര്‍ക്കും ലാപ്ടോപ്.

അങ്ങനെ എന്തോ ചെയ്യാത്തവന്‍  അത് ചെയ്യുമ്പോള്‍ അതുകൊണ്ട് ആറാട്ട് എന്ന് പറയുമ്പോലെ എങ്ങും ലാപ്ടോപ് മയം.ഏത് ആരുടെയാണ് എന്ന്‍ ഒരു നിശ്ചയവുമില്ല.നമ്മുടെ നായകന്‍റെ രംഗപ്രവേശം ഇവിടെയാണ്.മിസ്റ്റര്‍ എക്സ്.ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിലെ സുന്ദരനും,സുമുഖനും,സര്‍വോപാരി പെണ്ണുങ്ങളുടെ വായില്‍ നോക്കാത്തവനുമായ ഏക കക്ഷി.നായകന്‍റെ അവതരോദ്ദേശ്യം എല്ലാ ലാപ്ടോപ്പിലും ഉപയോഗിക്കുന്നവരുടെ പേര് പ്രിന്‍റ് ചെയ്തു ഒട്ടിക്കുക.ഒരു സെഡില്‍ നിന്നും ഒട്ടിച്ചു തുടങ്ങിയ എക്സിനെ അധികം വൈകാതെ തന്നെ രണ്ട് കണ്ണുകള്‍ പിന്‍തുടര്‍ന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു.

എടെ നീ ആള് ഭയങ്കരനാണല്ലോ.എന്തു പെട്ടെന്നാ ഒട്ടിക്കുന്നേ.ആദ്യത്തെ കമെന്‍റ് പൊട്ടി.താങ്ക്യൂ താങ്ക്യൂ...മൂന്നാമത്തെ താങ്ക്യൂ പറയുന്നതിനുമുന്‍പേ അടുത്തത് പൊട്ടി.പണ്ട് സിനിമ പോസ്റ്റര്‍ ഒട്ടിക്കലായിരുന്നോ പണി. ഓ അതല്ലടെ പണ്ട് കോളേജില്‍ വച്ച് എലക്ഷന്‍ പോസ്റ്റര്‍ ഒട്ടിച്ച പരിചയമാ.രംഗം പന്തിയല്ലെന്ന് കണ്ട എക്സ് അവിടെനിന്നും മുങ്ങി പിന്നെ പൊന്തിയത് മിസ്റ്റര്‍ വൈയുടെ ലാപ്ടോപ്പിന് സ്റ്റിക്കര്‍ ഒട്ടിക്കാന്‍.അതേ കുറച്ചു മുന്‍പേ പിന്‍തുടര്‍ന്ന അതേ രണ്ട് കണ്ണുകളുടെ ഉടമസ്ഥന്‍.

"എടെ നിന്‍റെ ഈ ഒട്ടിക്കുന്നതിന് മുന്‍പത്തെ തുടക്കലും,ഒട്ടിക്കലും,ഒട്ടിച്ചുകഴിഞ്ഞുള്ള ഈ തലോടലും കാണുമ്പോള്‍ എനിക്ക് മറ്റൊരു കാര്യമാണ് ഓര്‍മ വരുന്നത്."വൈ തനിക്ക് ഒരു പണി തരാന്‍ ചാന്‍സില്ല എന്ന് വിചാരിച്ച എക്സ് പറഞ്ഞു.എന്തുവാടേ ഓര്‍മ വരുന്നത്.എടാ ഞാന്‍ കുറച്ചു നാള്‍ മുന്പ് ഹോസ്പിറ്റലില്‍ കിടന്നില്ലേ? അതേ കിടന്നിട്ട്.. പിന്നെ എന്തുവാ...എക്സ് അങ്ങ് എക്സ്സൈറ്റഡ് ആയി."അവിടെ നഴ്സുമാര്‍ ഇഞ്ചെക്ഷന്‍ ചെയ്യുന്നത് ഇങ്ങനെയാണ്."ആദ്യം സ്പിരിറ്റ് കൊണ്ട് തുടക്കും.പിന്നെ കുത്തും.അതുകഴിഞ്ഞു ഒന്ന് തിരുമ്മും.മറിയാമ്മ എന്നോ മറ്റോ ആയിരുന്നു ആ നഴ്സിന്‍റെ പേര്.

ആളിയാ മറിയാമ്മേ...അന്നത്തെ ദിവസം ഈ വിളി അടങ്ങിയിട്ടില്ല.ചുമ്മാതല്ല.സ്റ്റിക്കര്‍ ഒട്ടിക്കാന്‍ എല്ലാവരും വിളിക്കുന്നതാ.

ചാള മേരി

മലയാളത്തിനിടക്ക് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ മാത്രമാണ് ഈ ലോകത്തില്‍ ഡീസന്‍റ് എന്ന് വിശ്വസിക്കുകയും അതുപോലെ തന്നെ പറ്റാവുന്ന എല്ലാ കാര്യങ്ങളും (അതായത് ചിരിക്കുക,ഭക്ഷണം കഴിക്കുക,പല്ല് തേക്കുക,ഓഫീസില്‍ വരിക, പോകുക ) ഇംഗ്ലിഷില്‍ തന്നെ ചെയ്യുകയും ചെയ്യുന്ന ആളാണ് നമ്മുടെ നായിക എക്സ്.സോറി എക്സി.

ഇത്തരത്തില്‍പ്പെട്ട മറ്റൊരാളായ വൈയുമായി, ഒരു ദിവസം നോക്കുമ്പോളുണ്ട്  വന്‍ കച്ചറ.എക്സി ഇംഗ്ലീഷില്‍ അങ്ങ് കടിച്ചാല്‍ പൊട്ടാത്ത പല വാക്കുകളും പ്രയോഗിക്കുന്നു.ഒരു മെയില്‍ അയക്കുന്നതിന്‍റെ തിരക്കിലായിരുന്ന മിസ്റ്റര്‍ സെഡ് മെയില്‍ അയച്ചു കഴിഞ്ഞു ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്,ഈ വാക്കുകളെല്ലാം പുതിയ ഇംഗ്ലീഷ് സിനിമകളില്‍ കേള്‍‍ക്കുന്ന സ്ഥിരം  വാക്കുകളാണ്.പിന്നെ വെറുതെ ഒന്ന് മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു നോക്കി.

യൂറേക്ക....മീന്‍ മാര്‍ക്കറ്റില്‍ പറയുന്ന അതേ ലാംഗ്വേജ് ഒരു മാതിരി അതേ വാക്കുകള്‍.കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ അതേ ടോണ്‍...തന്നെ ചാള മേരി തന്നെ.

പാണ്ടി ലോറിയുടെ മുകളില്‍ ചാണകം കയറിയാല്‍

കണ്ടാമൃഗത്തിന്‍റെ തോലും അതിനകത്ത് കുറച്ചധികം ഫാറ്റും.അങ്ങിനെയാണ് മിസ്റ്റര്‍ എക്സ് തന്നെതന്നെ വിശേഷിപ്പിക്കുന്നത്.പെട്ടെന്ന് ഓടാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ വഴിയില്‍കൂടി പോകുന്ന കണ്ട അണ്ടന്‍സും അടകോടന്‍സും എല്ലാം ഒന്ന് കളിയാക്കിയിട്ടേ പോകൂ.എപ്പോഴും ഇഗ്നോര്‍ ചെയ്യുന്ന എക്സ് അന്നൊരു ദിവസം പൊട്ടിത്തെറിച്ചു.

"എടാ ഞാഞ്ഞൂളേ... പാണ്ടി ലോറിയുടെ മേല്‍ ചാണകം കയറിയാലുള്ള അവസ്ഥ നിനക്കറിയാവോ.ഞാന്‍ ചുമ്മാ നിന്റെ മേത്തോടെ അങ്ങ് മറിഞ്ഞങ്ങു വീഴും."

ഓഹോ അപ്പോള്‍ എന്നെ പേടിയുണ്ടല്ലേ .അല്‍പ്പ നേരത്തെ നിശബ്ദതയെ എക്സ് തെറ്റിധരിച്ചു.എക്സിനോടുള്ള അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.

എടാ നിന്നെ "പാണ്ടിലോറി" എന്ന് വിളിക്കണോ അതോ "ചാണകം" എന്ന് വിളിക്കണോ.

2 അഭിപ്രായങ്ങൾ:

abhi പറഞ്ഞു...

ചുമ്മാ ഒരു പേര് കൂടി കിടക്കട്ടെ :)
ഇത് പോലെ അബദ്ധത്തില്‍ ഓരോന്ന് വിളിച്ചു പറഞ്ഞു അവസാനം അത് അവന്റെ പേര് ആയി മാറിയ ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ട് :)

NinethSense പറഞ്ഞു...

കൊല്ല് കൊല്ല്!