എന്തായാലും മഴ പെയ്തു നമ്മുടെ സ്വിമ്മിംഗ് പൂള്‍ ആകെ മൂടി കിടക്കുന്നത് കൊണ്ട് ഇപ്പ്രാവശ്യം കഴിച്ച ചിക്കനും ബീഫും ഒന്നും സ്വിം ചെയ്തു കളയാന്‍ പറ്റില്ല എന്ന നഗ്നസത്യമാണ് എന്നെ എന്തുകൊണ്ട് പറമ്പില്‍ കിളച്ചുകൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.എന്നേത്തേയും പോലെ അത് ചെന്നവസാനിച്ചത് ഒരു കടുത്ത തീരുമാനത്തിലായിരുന്നു.
വെറുതെ കിളച്ച് വേസ്റ്റ് ആക്കേണ്ട.ഒരു നാല് കുഴി കുത്തി ഒരു പത്ത് ജാതി തൈ വച്ചേക്കാം.സോറി പത്ത് കുഴി കുത്തി പത്ത് ജാതി വച്ചേക്കാം.എങ്ങാനും ചൈനക്കാരു ഇംഗ്ലിഷ് പഠിച്ചു ഐ.ടി രംഗം കീഴടക്കിയാലും നമുക്ക് ജീവിക്കേണ്ടെ?
അങ്ങനെ ആ ലോങ് വീകെന്‍റിന്‍റെ ആദ്യദിവസം ശനിയാഴ്ച.ഈ ലോങ് വീകെന്‍റ് എന്ന പ്രയോഗം ഓണ്‍ സൈറ്റില്‍ ചെന്നപ്പോള്‍ കിട്ടിയതാണ്.അവിടെ ഒരു വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ അവധി കിട്ടിയാല്‍ അത് ലോങ് വീകെന്‍ഡ് ആണ്.ഒരു പന്ത്രണ്ട് മണിയോട് കൂടി എഴുന്നേറ്റപ്പോഴാണു ചുമ്മാ മെയില്‍ ഒന്ന് നോക്കിയേക്കാം എന്നൊരു ഉള്‍വിളി ഉണ്ടായത്.പിന്നെ അമാന്തിച്ചില്ല.ചപ്പ് ചവറുപോലെ വരുന്ന കമ്യൂണിറ്റി സൈറ്റ് മെയിലുകള്‍ അതായത് അവന്‍ മുള്ളി ,അവള്‍ക്ക് കൊച്ചുണ്ടായി,അവര്‍ അങ്ങോട്ട് പോയി തുടങ്ങിയ മെയിലുകള്‍ എല്ലാം സെലക്ട് ചെയ്തു ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് ഒരെണ്ണം ക്ലിക്ക് ആയത്.ഒരുത്തിയുടെ ഫേസ് ബുക്കിലെ ഫാം വില്ലേ കളിക്കാനുള്ള ഇന്‍വിറ്റേഷന്‍.അതായത് ഞാന്‍ അവളുടെ അയല്‍ക്കാരന്‍ ആകണം പോലും.
ചെറുതായി തലയില്‍ ഒരു ബള്‍ബ് കത്തിയോ എന്നൊരു സംശയം.ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിനും ഇതിനും ഒരു ബന്ധമില്ലേ എന്നൊരു തോന്നല്‍.മുന്‍പേ കിട്ടിയ റിക്വസ്റ്റുകള്‍ എല്ലാം നിഷ്കരുണം തള്ളികളഞ്ഞതാണ്.ഫാം വില്ലേ ഒരു ഭയങ്കര കളിയാണെന്നും കയറിയവരൊക്കെ അതിന് ആഡിക്ട് ആയെന്നും മുമ്പ് കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ ഇതൊന്ന് കളിക്കാന്‍ പറ്റിയിട്ടില്ല.അയ്യേ ഇതൊരു കൃഷി ചെയ്യുന്ന കളിയല്ലേ?ഇതിലും വലിയ വെടിവെപ്പ് കളികള്‍ കളിച്ചിട്ടു വരെ നമ്മള്‍ ആഡിക്ട് ആയിട്ടില്ല.പിന്നല്ലേ ഈ കൃഷി.പക്ഷേ ഇതു പഴയ വെടിവെപ്പോ ,റോഡ് റാഷോ പോലെയല്ല.ഫേസ് ബുക്കിലുള്ള നമ്മുടെ ഗഡികളൊക്കെ ഇതറിയും.സ്കോറും ലെവലും മറ്റു കൂന്തവും കുടച്ചക്‍രവും എല്ലാം.പണിയാകുമോ?വേണമോ വേണ്ടയോ?
എന്തായാലും ആവള് അയല്‍ക്കാരനാകാന്‍ വിളിച്ചതല്ലേ.ചേര്‍ന്നേക്കാം.കുറച്ചു കാലമെങ്കില്‍ കുറച്ചു കാലം പഞ്ചാരയടിച്ചു നടന്നതല്ലേ.ഒരു വിഷമം വേണ്ട.അങ്ങനെ ഒരു ഉച്ച ഉച്ചര നേരത്ത് ഞാനും ഒരു ഓണ്‍ലൈന്‍ കൃഷിക്കാരനായി. ആദ്യമൊക്കെ ചുമ്മാ ഒരു കൌതുകം ജാതി തൈ നടാന്‍ പറ്റുമോ ഇല്ലയോ എന്നറിയണം.അതറിയനായി കണ്ട ഓപ്ഷന്‍സെല്ലാം നോക്കികഴിഞ്ഞപ്പോള്‍ ഒരു സംശയം .ഞാന്‍ ഇതിന് അഡിക്ട് ആയോ എന്ന്‍.
പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല പൂഴിക്കടകന്‍ പ്രയോഗിക്കുക തന്നെ. കുറുക്കുവഴികള്‍ എന്ന ഹാക്കുകള്‍ ഇറക്കി പെട്ടെന്ന് ജയിച്ച് കളി നിറുത്താം.ഒരിക്കല്‍ ജയിച്ചാല്‍ പിന്നെ കളിക്കാന്‍ ഒരു ഇന്‍റെരേസ്റ്റും ഉണ്ടാകില്ല.അങ്ങനെ ഗൂഗിളില്‍ ചോദിച്ചപ്പോഴാണ് അറിയുന്നത്.ഓണ്‍ലൈന്‍ ഗെയിം ആയതുകൊണ്ട് ചീറ്റുകള്‍ ഒന്ന് തന്നെയില്ല.കളിച്ചു തന്നെ ജയിക്കണം.അല്ലെങ്കില്‍ ശരിക്കുള്ള കാശേറിഞ്ഞു കളിക്കണം. അതായത് നടപടിയൊന്നുമില്ല.
അതു കഴിഞ്ഞു മലയാളത്തില്‍ തപ്പിയപ്പോഴാണ് കൂതറ അവലോകനം എന്ന ബ്ലോഗില്‍ ഫാം വില്ലേയെപ്പറ്റിയുള്ള ഫാം വില്ലെ : കുറുക്കു വഴികള്‍ എന്ന പോസ്റ്റ് കണ്ടത്.അതിന്‍റെ പിറകെ മറ്റൊന്ന് കൂടി 226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍.. .പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ പോയി രണ്ട് കുഴിയെടുത്തു. ജാതി വെക്കാനേ.
പിന്നെ ഒരു ഗാഢമായ ഒരു ആലോചനയായിരുന്നു.എന്തുകൊണ്ടാണ് ആളുകള്‍ മണ്ണില്‍ കൃഷിയിറക്കാതെ ഇന്‍റെര്‍നെറ്റില്‍ കൃഷിയിറക്കുന്നത്?ഭൂമിയില്ലാത്തതുകൊണ്ടാണോ? ഒരു പരിധി വരെ ഇല്ലാത്തതുകൊണ്ടാണ്.അതോ ജോലി ചെയ്യുന്നത് നാട്ടില്‍ നിന്നും അകലെ ആയതുകൊണ്ടാണോ?ആയിരിക്കാം.പക്ഷേ എന്‍റെ കണക്കില്‍ ഞാന്‍ കളി ഇഷ്ടപ്പെടാന്‍ കാരണം താഴെപ്പറയുന്നവയാണ്.
- ശരീരാദ്ധ്വാനം വേണ്ട ചുമ്മാ ക്ലിക്കിയാല്‍ മതി.
- ശരിക്കുള്ള കൃഷി ചെയ്യാന്‍ പോയാല്‍ വല്ല പാമ്പും കടിക്കും.
- മണ്ണില്‍ നടന്ന്‍ വിയര്‍ക്കേണ്ട.കാലില്‍ വളം കടിക്കില്ല.ചുമ്മാ എ.സിയില്‍ ഇരുന്നു ക്ലിക്കാം.
- കാലാവസ്ഥയെ പേടിക്കേണ്ട.പറഞ്ഞ സമയത്ത് തന്നെ വിളവെടുത്ത് വില്‍ക്കാം.
- കൂലിക്കാരെ അന്വേഷിച്ച് നടക്കേണ്ട.ഫാം വില്ലേയില്‍ എല്ലാം നമ്മള്‍ തന്നെ ചെയ്യണം.
- വിലയില്‍ മാറ്റമില്ല.വില്‍ക്കുമ്പോള്‍, വാങ്ങുമ്പോള്‍ കണ്ട വില കിട്ടും.
- കാക്കയെയും പട്ടിയെയും എല്ലാം നാട്ടുകാര്‍ ഓടിച്ചോളും.
- പിന്നെ കുറച്ചു കേട്ട് പരിചയം മാത്രമുള്ള പല ചെടികളും കൃഷി ചെയ്യാം.
ഇതു കളിച്ചാല്‍ ഉണ്ടാകുന്ന ചില നല്ല കാര്യങ്ങള്‍
- കുറച്ചു പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിക്കാം.(എന്നെപ്പോലെയുള്ള മലയാളം മീഡിയംകാര്‍ക്ക്)
- കയ്യിലുള്ള പൈസ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് പഠിക്കാം.(ക്രെഡിറ്റ് കാര്‍ഡ് വച്ച് കളിക്കുന്ന കാര്യമല്ല.കളിയില്‍ മാര്‍ക്കറ്റില്‍ നിന്നും എന്തു വാങ്ങണം എപ്പോള്‍ വാങ്ങണം എന്ന കാര്യം.)
- കാശിന്‍റെ വില മനസിലാകും.ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവന് ഫാം വില്ലേയില്‍ വല്ലതും വാങ്ങണമെങ്കില്‍ അപ്പുറത്തുള്ളവന്‍റെ പണിയെല്ലാം എടുത്തു കൊടുക്കേണ്ടെ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ