2011, ജൂലൈ 30, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay

പഴയ പോസ്റ്റുകള്‍ 
അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം

ന്യൂ യോര്‍ക്കില്‍ ഇറങ്ങുമ്പോള്‍ എന്തായാലും ധൃതി വേണ്ട.വണ്ടി വളരെ നേരത്തെയാണ് എത്തിയത്.വൈകീട്ട് മൂന്ന് മണിക്കാണ് ഹോട്ടല്‍ ബുക്കിംഗ് പ്രകാരം അവിടെ കയറാന്‍ പറ്റുകയുള്ളു.ഇപ്പോള്‍ കാലത്ത് 5 മണി. എങ്ങിനെ നോക്കിയാലും ആറരക്കുള്ളില്‍ പുറത്തു കടക്കാം.ഡ്രൈവര്‍ വന്നിട്ടുണ്ടാകുമോ എന്തോ? അങ്ങേരെ വിളിക്കാനാനെങ്കില്‍ ഒരു കാര്‍ഡ്‌ ആണ് തന്നിരിക്കുന്നത്.ഫോണ്‍ ബൂത്തില്‍ നിന്നും വിളിക്കാം എന്നാണ് അവരുടെ സൈറ്റില്‍ എഴുതിയിരിക്കുന്നത്.ഇനിയിപ്പോള്‍ ഹോട്ടലില്‍ ചെന്നാല്‍ ഇപ്പോള്‍ തന്നെ മുറി കിട്ടുമോ എന്തോ ?പുറപ്പെട്ടിട്ട് ഏകദേശം 24 മണിക്കൂര്‍ ആയി. വയറിനുള്ളില്‍ നിന്നും ഡൌണ്‍ലോഡ് അലേര്‍ട്ട് കാര്യമായി വരുന്നുണ്ട്.കൊണ്ട് വന്നിട്ടുള്ള കപ്പ്‌ ആണെങ്കില്‍ ചെക്ക്‌ ഇന്‍ ചെയ്ത ബാഗിലും.

ഓ കൊച്ചുവാണിയെവിടെ ? ഒന്ന് മുട്ടിയിട്ടു തന്നെ കാര്യം.ചുറ്റും നോക്കി പക്ഷെ കാണുന്നില്ല.എവിടെ പോയോ എന്തോ..എന്തായാലും പാസ്പോര്‍ട്ട്‌ എടുത്തു പിടിക്കാം.എടുക്കാന്‍ വേണ്ടി ബാഗു തുറന്നതും മൊബൈല്‍ താഴെ വീണു.വീണു പരിചയം ഉള്ള മൊബൈല്‍ ആയതുകൊണ്ട് ഒന്നുംപറ്റിയില്ല.ഓഹോ ഇവിടെയുണ്ടായിരുന്നോ കൊച്ചു വാണി? തൊട്ടടുത്തുകൂടെ നടന്നു പോയികൊണ്ടിരുന്ന ആളെ ആണോ ഞാന്‍ ചുറ്റിലും തിരഞ്ഞത് ? ഇപ്പോള്‍ തന്നെ ചവിട്ടിക്കൂട്ടിയേനെ.ഉയരം ഇല്ലത്തതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളെ.കൊച്ചിയില്‍ നിന്നും വന്നതല്ലേ? എന്നുവേണോ അതോ ലജ്ജെഗ് എവിടെ വരും ?എന്ന് ചോദിച്ചു മുട്ടിയാലോ.മലയാളത്തില്‍ ആവാം അല്ലെ ? ഛെ...വേണ്ട ഇംഗ്ലീഷ് മതി.മലയാളത്തില്‍ ആയിരുന്നെങ്കില്‍ ഒരു ഫ്ലോ കിട്ടിയേനെ .പക്ഷെ ഇംഗ്ലീഷ് ആകുമ്പോള്‍ തിരിച്ചു വല്ല കടിച്ചാപൊട്ടാത്ത ഉത്തരം പറഞ്ഞാല്‍ പണിയാകും.അതിലും നല്ലത് ഡ്രൈവറെ വിളിക്കാനുള ഈ കാര്‍ഡ്‌ എങ്ങിനെ ഉപയോഗിക്കാം എന്ന് ചോദിച്ചു മുട്ടുന്നതാ."ഇതു പുറത്തു പോയിട്ടേ ബൂത്തില്‍ നിന്നേ വിളിക്കാന്‍ ഒക്കത്തുള്ളൂ.എന്‍റെ ഫോണില്‍ നിന്നും വിളിക്കാവെന്നെ" എന്ന് പറഞ്ഞാല്‍ സൂത്രത്തില്‍ ഒരു ഫോണ്‍ നമ്പരും ഒക്കും. ഓ എന്‍റെ ഒരു ബുദ്ധി.ഒന്നുകൂടി പ്രാക്ടീസ് ചെയ്തേക്കാം.Excuse me..Actually this is my first time here.Would you please tell me how to use this phone card? മലയാളത്തില്‍ ആണേല്‍ "അതേയ് ഞാന്‍ എവിടെ ആദ്യായ്ട്ടാ.ഇതെങ്ങിന്യാപ്പൊ ഈ കാര്‍ഡിട്ടു വിളിക്കണേ? ആദ്യമായിട്ട് എന്ന് ചുമ്മാ ഒരു സിമ്പതി കിട്ടാന്‍ വേണ്ടി മാത്രം.പിന്നെ ഒരു ഹെല്‍പ്പ് ആയതുകൊണ്ട് തിരിച്ചു ഫ്ഫാ..എന്നൊന്നും പറയില്ലല്ലോ.പിന്നെ അതില്‍ പിടിച്ചു കയറേണ്ടത് മിടുക്ക്

ആലോചിച്ചു പത്തു മിനിട്ട് എങ്ങിനെ പോയി എന്ന് മനസിലായില്ല.ദാണ്ടേ മുന്നിലൊരു വരി.ഓഹോ സെക്യൂരിറ്റി ചെക്കിന് ഉള്ള വരിയാണല്ലോ.ഇതാണ് തക്കം.വരിയില്‍ വച്ച് ചോദിക്കാം.പക്ഷെ US സിറ്റിസെന്‍ ആണെങ്കില്‍ വേറെ വരിയാ.അതുപോലെ ഗ്രീന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്കും.എന്തായാലും വരുന്നത് വരട്ടെ നമുക്ക് നമ്മുടെ വരി.ഓഹോ ഇത് രണ്ടും അല്ലല്ലേ.ദാണ്ടേ വരുന്നു സെയിം വരിയിലേക്ക്.ടിക്ക് ടിക്ക്...ടിക്ക് ടിക്ക്.തെറ്റിദ്ധരിക്കരുത് ഒരു ക്ലോക്ക് അവിടെ അടിച്ചതാ.ഇഞ്ചോടിഞ്ച് പോരാട്ടം തൊട്ടു പുറകില്‍ നില്‍ക്കുമോ ഇല്ലയോ."ഓ ആഗെ ചലോ എക്ക്സ്ക്യുസ്  മി ".ഓ ഒരു ഹിന്ദി ഫാമിലി കയറി അതിനു പുറകില്‍ കൊച്ചു വാണി.ഛെ..ഇതാണ് പണ്ടുള്ളവര്‍ പറയുന്നത് തിരുവാതിര ഞാറ്റുവേലയ്ക്കു തന്നെ കുരുമുളക് കൊടിയിടണം എന്ന്.ഇനിയിപ്പോള്‍ ലഗ്ഗെജു എടുക്കാന്‍ വരട്ടെ അപ്പോള്‍ കാണാം.

അത്യാവശ്യം ആളുകള്‍ ഉള്ള വരിയായിരുന്നു. ഇവിടെ വച്ചാണ് നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.എന്തിനാണ് ഇവിടെ വന്നത്?ഇവടെ എന്ത് ചെയ്യും?എവിടെ താമസിക്കും എന്നൊക്കെ.നിറയെ പോലീസുകാര്‍ നടപ്പുണ്ട്.ഒരുത്തി ഫോണ്‍ എടുക്കുന്നത് കണ്ടപ്പോഴേ അവന്മാര് പിടിച്ചു.ഇനി അവര്‍ക്ക്, ആര്‍ക്കാണ് വിളിക്കാന്‍ പോകുന്നത് എന്നറിയണം.ഉത്തരത്തില്‍ പന്തികേട്‌ തോന്നിയപ്പോഴേ അവന്മാര് ഒരു മുറിയിലേക്ക് കൊണ്ട് പോയി.ഇനി അവളുടെ കാര്യം കട്ടപ്പുക.എപ്പോള്‍ പുറത്തു കടക്കുമോ എന്തോ?കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൂടെ വന്ന പുള്ളിയുടെ പാസ്പോര്‍ട്ടില്‍ എന്തോ ഒരു സ്പെല്ലിംഗ് തെറ്റിയത് കണ്ടിട്ട് മൂന്നു മണിക്കൂര്‍ ആണ് തടഞ്ഞു വച്ചത്.അങ്ങനെ അര മണിക്കൂര്‍ വരിനിന്നു  കഴിഞ്ഞപ്പോള്‍ എന്‍റെ ഊഴം വന്നു.ഒരു അമ്മച്ചിയാണ്.ചെന്ന പാടെ ഒരു കിടിലന്‍ ചിരി വിത്ത്‌ ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ "How are you doing today?" അമ്മച്ചി പാസ്‌ പോര്‍ട്ടും വിസയും നോക്കിയതിനു ശേഷം പതിവ് ചോദ്യം.എന്താണ് ഇവിടെ ചെയ്യാന്‍ പോകുന്നത്?നമ്മള്‍ അതുപോലെ റെഡി മെയ്ഡ് ഉത്തരവും.ഞാന്‍ ഇവിടെ വര്‍ക്കേ ചെയ്യത്തില്ല..ചുമ്മാ കുറച്ചു നാട്ടുവര്‍ത്താനം പറയാന്‍ വന്നതാ.പിന്നെയും അമ്മച്ചി എന്തോ ചോദിച്ചു.അത് ശരിക്കും മനസിലാകാത്തതുകൊണ്ട് ഞാന്‍ നമ്മുടെ സാധാരണ ഓണ്‍ സൈറ്റുമായുള്ള കോളില്‍ പറയുന്ന പോലെ കോള്ലോക്കിയലായി "Sorry can you please come again?" എന്ന് പറഞ്ഞു.അവര് ഞെട്ടി.അവരുടെ ഇംഗ്ലീഷ് ശരിയാണോ എന്ന് അവര്‍ക്ക് സംശയം തോന്നിയ ആദ്യത്തെ നിമിഷം.അവര്‍ക്ക് ഒരു ഇന്ത്യക്കാരനോട് ഇംഗ്ലീഷ് പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തില്‍ പറഞ്ഞു.ഒകെ Approved.Please place your hand in the device.ആ സ്കാന്‍ ചെയ്യുന്ന മെഷീനില്‍ കൈ വച്ചോ .ഞാന്‍ നിങ്ങളെ കടത്തി വിട്ടിരിക്കുന്നു.ട്ടപ്പ ട്ടപ്പെന്നു സീലും വച്ച് എന്നെ പറഞ്ഞു വിട്ടു.

വിമാനത്തില്‍ വച്ച് നമ്മള്‍ ഇറങ്ങുന്ന സമയം ആകുമ്പോള്‍ അവര്‍ നമുക്ക് രണ്ടു കടലാസുകള്‍ തരും.അതില്‍ നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ എല്ലാം എഴുതണം.ഒന്ന് സെക്യൂരിറ്റി ചെക്കും അതായത് മുകളില്‍ പറഞ്ഞ സീല്‍ അടിക്കുന്നത് ഇങ്ങനെ നമ്മള്‍ പൂരിപ്പിച്ച ഒരു കടലാസിലാണ്.പിന്നെയുള്ളത് കസ്റ്റംസ് ചെക്കിങ്ങിനും.അങ്ങനെ വീണ്ടും കിട്ടി ആറു മാസം ഇവിടെ അമേരിക്കയില്‍ നില്‍ക്കാനുള്ള അനുമതി.


ഇനിയുള്ളത് ചെക്ക് ഇന്‍ ചെയ്ത് ബാഗുകള്‍ കണ്ടു പിടിക്കുക എന്ന പണിയാണ്.വിമാനത്തില്‍ വന്ന എല്ലാവരുടെയും ബാഗുകള്‍ ഒരു കാന്വേയറില്‍ കിടന്നു കറങ്ങുന്നുണ്ടാകും.അതില്‍ നിന്നും നമ്മുടെ ബാഗെടുത്ത് കസ്റ്റംസില്‍ കാണിച്ചു പുറത്തു കടക്കാം.എന്തായാലും നമുക്ക് സമയമുണ്ടല്ലോ കൊച്ചു വാണി വരട്ടെ.അങ്ങനെ നിന്ന് നിന്ന് 15 മിനിറ്റ് ആയി.കാണുന്നില്ല അവന്മാര് പോക്കിയോ.ചില്ലായതുകൊണ്ട് അപ്പുറത്ത് ഉള്ള ക്യു കാണാം അവിടെയെങ്ങും ഇല്ല .എന്നാലിനി ബാഗെടുതെക്കാം.ഒരു കറക്കം കഴിഞ്ഞു രണ്ടു കറക്കം കഴിഞ്ഞു പക്ഷെ കണ്വേയറില്‍ എന്‍റെ ബാഗ്ഗുകള്‍കാണുന്നില്ല .ദൈവമേ എല്ലാം അതിനകത്താണല്ലോ.പണ്ട് ഇങ്ങനെ കുറെ പേര്‍ക്ക് സംഭവിച്ചത് എന്‍റെ തലയില്‍ കൂടി ഓടി തുടങ്ങി.ഇതിന്റെ പുറകില്‍ കൂടി നടക്കുകയെന്നാല്‍ തലവേദന പിടിച്ച പണിയാണ്.പിന്നെ അതിനു വേണ്ടി ഒന്നര മണിക്കൂര്‍ അകലെയുള്ള ഹോട്ടലില്‍ നിന്നും ടാസ്കി പിടിച്ചു വരിക എന്ന് പറഞ്ഞാല്‍ ,അതിലും ഭേദം ഇ ബാഗുകള്‍ പൊക്കോട്ടെ എന്ന് വയ്ക്കുന്നതാണ്.ദാണ്ടേ വലിയ ബാഗ് വരുന്നുണ്ട്.ആശ്വാസം തുണിയെല്ലാം അതിലാ.ഇനിയുള്ളത് ഭക്ഷണവും ,കപ്പും വച്ചിട്ടുള്ള ചെറിയ ബാഗ്.ദൈവമേ ഈ ബാഗിന്‍റെ ലോക്ക് ആരോ തുറന്നിരിക്കുന്നു.ഇനി വല്ല മയക്കു മരുന്നും വച്ചിട്ടുണ്ടോ?പണ്ട് മിനിമോള്‍ വത്തിക്കാന്‍ എന്ന സിനിമയില്‍ കാണിച്ച പോലെ ഗുണ്ടകള്‍ തേടി വരുമോ എന്തോ? അതിലും പ്രശ്നം ഇവിടെ കസ്റ്റംസ് പിടിക്കുമോ എന്നതാണ്.എന്തായലും മറ്റേ ബാഗു കൂടെ വരട്ടെ.എന്നിട്ട് ഒന്ന് തുറന്നു നോക്കാം.

ദേ ആരാ പോകുന്നത് ? ശരിക്കും കണ്ടില്ല.വാണി ആണോ?കാന്വേയറിന്റെ മറ്റേ തലക്കലെക്കാണല്ലോ പോണത്. അങ്ങോട്ട്‌  പോയി നോക്കാം.ഛെ ആളുമാറിപോയി.എന്തായാലും വന്നത് വെറുതെ ആയില്ല മറ്റേ ബാഗു ആരോ ഈ ഭാഗത്ത്‌ മാറ്റി വച്ചിരിക്കുന്നു.ബ്ലെടി ഫൂള്‍സ്.ഇനിയിപ്പോള്‍ ബാഗിന്‍റെ ലോക്ക് പൊളിച്ച നിലക്ക് തുറന്നു നോക്കാതെ മുന്നോട്ടു കസ്റ്റംസില്‍ പോകാന്‍ പറ്റില്ല.വെറുതെ എന്തിനാ എനിക്ക് തീറ്റ തന്നു അമേരിക്കക്കാരുടെ കാശു കളയുന്നത്?

സാധാരണയായി ഇന്ത്യയില്‍ നിന്നും ഒരു മാസത്തിനു  ബിസിനസ്‌ വിസയില്‍ വരുന്നവന്‍ കൊണ്ട് വരുന്നത് മാത്രമേ ഞാനും കൊണ്ട് വന്നിട്ടുള്ളു.ഒരു ബാഗില്‍ എങ്ങാനും തണുത്താല്‍ ഇടാനുള്ള ഒരു സ്വെറ്റര്‍, പത്തു ഷര്‍ട്ടുകള്‍,നാലു പാന്റ്സ് ,രണ്ടു ജീന്‍സ്,4 ടി ഷര്‍ട്ടുകള്‍,പിന്നെ ഇവയോടുകൂടി ഉപയോഗിക്കേണ്ട അനുബന്ധ വസ്ത്രങ്ങള്‍.അടുത്ത ബാഗില്‍ മെയിന്‍ ഉപയോഗ വസ്തുവായ കപ്പും,നിത്യോപയോഗ വസ്തുക്കളായ ഷേവിംഗ് സെറ്റും പല്ല് തേക്കാനുള്ള ബ്രഷും,പിന്നെ കഴിക്കാനുള്ള സാധനങ്ങളും.താമസിക്കുന്ന ഹോട്ടലില്‍ അടുക്കള സൗകര്യം ഉള്ളതുകൊണ്ട് ഇന്‍സ്റ്റന്റ് ആയി റെഡി ആക്കാന്‍ കിട്ടുന്ന പൊറോട്ട,ചപ്പാത്തി,മാഗ്ഗി ,ഇടിയപ്പം തുടങ്ങി വെറുതെ ഇരിക്കുമ്പോള്‍ കൊറിക്കാനുള്ള ചിപ്സും ,കപ്പലണ്ടിയും വരെ.പിന്നെ ഇടയ്ക്കിടെ ശരീരം നന്നാക്കാനുള്ള സൂപ്പ് പാക്കറ്റ്. അച്ചാറിന്റെയും,ജാമിന്റെയും, ചമ്മന്തിപ്പോടിയുടെയും കാര്യം പിന്നെ പറയേണ്ടല്ലോ.അതില്ലാതെ പറ്റില്ല.കുറച്ചു അറിയും കൂടി എടുക്കാമായിരുന്നു.അടുത്ത പ്രാവശ്യം ആകട്ടെ.അതുപോലെ പാല്‍ പൊടിയും കൂടിഎടുക്കാമായിരുന്നു .ലാപ്ടോപ് പിന്നെ കയ്യില്‍ പിടിച്ച ബാഗിലും.പിന്നെ എടുക്കാന്‍ മറന്നുപോയ  ഒരു സാധനം ഒരു ഗ്ലോബല്‍ adaptor ആയിരുന്നു.അതായത് അമേരിക്കയിലെ പ്ലഗ്ഗുകള്‍ വ്യത്യാസമുണ്ട്.നമ്മുടെ കൈയില്‍ഉള്ള പ്ലഗ്ഗുകള്‍ ഇവിടത്തെ സോക്കറ്റില്‍ കയറില്ല.മൊബൈല്‍ ചാര്‍ജ് ചെയ്യാനോ ക്യാമറ ചാര്‍ജ് ചെയ്യാനോ ഗ്ലോബല്‍ adaptor ഇല്ലെങ്കില്‍ നമുക്ക് പറ്റില്ല.

അങ്ങനെ എയര്‍പോര്‍ട്ടില്‍ വച്ച് ബാഗ് തുറന്നപ്പോള്‍ ഞാന്‍ അവിടെ ഒരു സംഭവം ആയി.എല്ലാവരും കസ്റ്റംസുകാര്‍ ചോദിച്ചാല്‍ മാത്രമേ തുറക്കൂ.പക്ഷെ ഞാന്‍ അതിലും മുമ്പേ തുറന്നല്ലോ എന്നായിരിക്കാം കാണുന്നവര് വിചാരിച്ചത്.ചിലരുടെയൊക്കെ നോട്ടം കണ്ടാല്‍ ആദ്യമായിട്ടാണ് ഒരു ഷേവിംഗ് സെറ്റ് കാണുന്നത് എന്ന് വരെ തോന്നി പോകും.എന്തായാലും ആരും ഒന്നും വച്ചിട്ടില്ല.ഇനി എയര്‍ ഇന്ത്യയെ രണ്ടു തെറി പറയാം.പക്ഷെ അവിടെയെങ്ങും ഒരു എയര്‍ പോയിട്ട് ഇന്ത്യക്കാരന്‍ പോലുമില്ല.ഭാഗ്യം.ഞാന്‍ തുറക്കുന്നത് കസ്റ്റംസുകാരന്‍ കണ്ടത് കൊണ്ടാണോ എന്നറിയില്ല,എന്നെ കണ്ടതെ കസ്റ്റംസ് പുള്ളി എന്‍റെ പേപ്പറ് വാങ്ങി വച്ചിട്ട് പൊക്കോളാന്‍ പറഞ്ഞു.അങ്ങനെ ഉദ്ദേശിച്ചതിലും നേരത്തെ പുറത്തെത്തി.

കാണ്ഡം - സ്വയം തൊഴില്‍

സിനിമയില്‍ കാണുന്നപോലെ വല്ല ബോര്‍ഡും ഉണ്ടോ എന്തോ? "ജോയ് ജോര്‍ജ്,ടെക്നിക്കല്‍ ലീഡ്,കൊച്ചി" എന്നൊക്കെ എഴുതിയ ബോര്‍ഡു കണ്ടിരുന്നെങ്കില്‍ ഒരു ഫോട്ടോ എടുത്തു വക്കാമായിരുന്നു.പക്ഷെ ഒന്നുമില്ല.ഇനി ഈ ഫോണ്‍ കാര്‍ഡ്‌ തന്നെ ശരണം.എങ്ങിനെ വിളിക്കും.ഒരു ചൈനക്കരനോട് ചോദിച്ചു.അവനു ചൈനീസ് പോലും മര്യാദക്ക് പറയാന്‍ കിട്ടില്ല.ഇവനൊക്കെ ആരാണാവോ വിസ കൊടുക്കുന്നത്?ഇനിയുള്ളത് അവിടെയും ഇവിടെയും ഉള്ള ഇന്ത്യക്കാരാണ്.അങ്ങനെ ഒരു പുള്ളിയോട് ചോദിച്ചു.അങ്ങേര്‍ക്ക് അപ്പോള്‍ തന്നെ എനിക്ക് ഹിന്ദി അറിയുമോ എന്നറിയണം.അല്ലെങ്കില്‍ മറാട്ടി ആയാലും മതിയത്രേ.ഞാന്‍ ഹിന്ദി പറയാന്‍ തുടങ്ങിയപ്പോഴേ പുള്ളി പറഞ്ഞു.അങ്ങേ മൂലക്ക് ബൂത്തുകള്‍ ഉണ്ട്.അവിടെ പോയി കാര്‍ഡിലെ പിന്‍ നമ്പര്‍ അടിച്ചു വിളിക്കാം.

ഇവിടത്തെ ബൂത്തുകള്‍ കൊള്ളാം നമ്മുടെ നാട്ടിലെ കൂട് പോലെ നിന്ന് വിളിക്കുന്ന ബൂത്ത്‌ പോലെയല്ല .ഇരുന്നു വിളിക്കാം.അങ്ങനെ അഭ്യാസം തുടങ്ങി.ആദ്യം തന്നെ ഒരു ഡോളര്‍ ഇടണം പോലും.പിന്നെയെന്തിനാ ഈ കാര്‍ഡ്‌?അങ്ങനെ വീണ്ടും മറ്റേ പുള്ളിയെ തപ്പിയെടുത്തു.ഇപ്പ്രാവശ്യം അങ്ങോരും കൂടി ബൂത്തിലേക്ക് വന്നു.പക്ഷെ പുള്ളി വന്ന പാടെ അടുത്ത ബൂത്തിലിരിക്കുന്ന കറുമ്പനോട് എന്തോ പറയുന്ന കേട്ടു. എന്നിട്ട് എന്നോട് പറഞ്ഞു.ആ കറുമ്പന്റെ കയ്യിലുള്ള മൊബൈല്‍ വഴി വിളിച്ചോ..ഓ ചേട്ടാ ഞാന്‍ നമിച്ചു പോയി.ഇങ്ങനെയും അപരിചിതരെ സ്നേഹിക്കുന്ന നാടോ?അങ്ങനെ ഞാന്‍ കറുമ്പന്റെ അടുത്ത് ചെന്നപ്പോള്‍ കറുമ്പന്‍ പറഞ്ഞു.3 മിനിട്സ് 1 ഡോളര്‍.ഓഹോ പുള്ളി ഇവിടെ ഒരു പാരല്ലെല്‍ ബൂത്ത്‌ നടത്താന് അല്ലെ ? പുലി.തിരിഞ്ഞു ഇന്ത്യക്കാരനെ നോക്കിയപ്പോള്‍ പറഞ്ഞു.ഇവിടത്തെ ബൂത്തില്‍ ആയാലും 1 ഡോളര്‍ കൊടുക്കണം.എന്‍റെ കാര്‍ഡ്‌ ഉപയോഗിക്കാന്‍ പറ്റിയ തരത്തിലുള്ള ബൂത്തുകള്‍ ഇവിടെ ഇല്ലത്രെ.ഡൌണ്‍ലോഡ് സ്റ്റാര്‍ട്ട്‌ ചെയ്യാനുള്ള സിഗ്നലുകള്‍ വീണ്ടും വയറില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു.പക്ഷെ ഈ കറുമ്പനെ കാണുമ്പൊള്‍ ഒരു പേടി ഇല്ലാതില്ല.ആറര അടിക്കുമെലെ പൊക്കം അതിനൊത്ത അല്ലെങ്കില്‍ കുറച്ചു കൂടുതല്‍ ഉള്ള തടി. കാശ് കൊടുക്കാന്‍ നേരം പഴ്സ് പിടിച്ചു വാങ്ങി ഓടിയാല്‍ ഒന്നും ചെയ്യാനില്ല.നോക്കി നില്‍ക്കേണ്ടി വരും.തപ്പിയപ്പോള്‍ ഒരു ഡോളറിനു നോട്ടു കിട്ടിയതുകൊണ്ട് പുള്ളിയോട് നമ്പര്‍ പറഞ്ഞു കൊടുത്തു.

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.ഇന്ത്യക്കാരന്‍ മുങ്ങി.കറുമ്പന്‍ ഞാന്‍ അപ്പോള്‍ നില്‍ക്കുന്ന സ്ഥലവും, അവിടേക്ക് എങ്ങിനെ വരണമെന്നും പറഞ്ഞു തന്നു.ഞാന്‍ അങ്ങിനെ തന്നെ ഡ്രൈവരോടും പറഞ്ഞു.ഡ്രൈവര്‍ അടുത്ത് എവിടെയോ ഉണ്ടത്രേ?ട്രാഫിക്കില്‍ പെട്ട് കിടക്കുകയാണ്.ഒരു മിനിട്ടിനുള്ളില്‍ ഫോണ്‍ വിളി കഴിഞ്ഞു കറുമ്പനു ഒരു ഡോളര്‍ കൊടുത്തു.അങ്ങനെ മിഷന്‍ തീര്‍ത്തു.പിന്നെ കുറച്ചു നേരം കൂടെ അവിടെ നിന്നപ്പോള്‍ മനസിലായി കറുമ്പന്‍ ആള് കുഴപ്പമില്ല.ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്‌.പണിയെടുക്കാന്‍ ആരോഗ്യം ഇല്ലാഞ്ഞിട്ടല്ല.പുള്ളി ആരെയും ഫോണ്‍ വിളിക്കാന്‍  നിര്‍ബന്ധിക്കുന്നില്ല.നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ബൂത്തിലുള്ള ഫോണുകള്‍ ഇങ്ങനെ ഇരിക്കുന്നവന്മാര്‍ കേടാക്കിവച്ചേനെ..

ഒന്ന് ശരിക്കും ഈ ബിസിനസ്‌ പഠിക്കണം എന്നുണ്ടായിരുന്നു.അതുപോലെ പുള്ളിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്നും.പക്ഷെ ഡ്രൈവര്‍ പെട്ടെന്ന് വന്നത് കൊണ്ട് നടന്നില്ല.പുള്ളി ഒരു ബോര്‍ഡും പിടിച്ചാണ് വന്നത്.പക്ഷെ അതില്‍ ജോയ് ജോര്‍ജ് എന്ന് മാത്രമേ ഉള്ളു.പുള്ളിയുടെ കൂടെ കാറിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ വീണ്ടും രണ്ടു കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടി.പക്ഷെ ഇത്തവണ കൊച്ചുവാണിയുടെ കൂടെ എന്നെക്കാളും ഉയരവും മസിലുമുള്ള വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. അല്ലേലും ഈ ഉയരം ഇല്ലാത്തവരെ മുട്ടിയിട്ടും ഒരു കാര്യവുമില്ല..അയ്യയ്യയ്യെ..

ഡ്രൈവര്‍ നല്ല കമ്പനി ആയിരുന്നു.ഇവിടെ പതിനഞ്ചു കൊല്ലമായത്രേ വന്നിട്ട്.ഹോട്ടലില്‍ ഒരു കുഴപ്പവും ഉണ്ടായില്ല.മൂന്ന് മണിക്കാണ് ടൈം എങ്കിലും അവിടത്തെ ചേച്ചി വേറെ ഒരു മുറി ശരിയാക്കി തന്നു.ശരിക്കും ക്ഷീണിച്ചിരുന്നു .പിന്നെ ഓഫിസിലെ വിളിക്കേണ്ടവരെ വിളിച്ചു ബാക്കി ഇമെയിലുകള്‍ അയച്ചു ,പ്രധാനമായി ഫേസ് ബുക്കും ,ജി മെയിലും ബസ്സും അപ്ഡേറ്റ് ചെയ്തു.നമ്മള്‍ വന്ന വിവരം നാല് പേര്‍ ഫേസ് ബുക്കില്‍ അറിയട്ടെന്നു..അല്ലാതെന്തു..അത് കഴിഞ്ഞു ഗാഡനിദ്ര.നാളെ മുതല്‍ ഓഫീസില്‍ പോകനുള്ളതല്ലേ..

ഇനിയും ഇവിടെ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. നടക്കുമോ എന്തോ?

2011, ജൂലൈ 22, വെള്ളിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം

അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...

അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്

ഫ്ലൈറ്റില്‍ കയറിയപാടെ സെന്‍സസ് എടുത്തു.മരുഭൂമിയില്‍ വെള്ളം പോലെ ആണ് അവിടെയും ഇവിടേയും കുറച്ചു കളറുകള്‍ ഉള്ളത്.പിന്നെയുള്ളത് സാരിയുടുത്ത മൂന്ന് ചേച്ചിമാരും.വാതിലിന്‍റെ അടുത്ത് നിന്നും  വെല്‍ക്കം ചെയ്യുന്ന ചേച്ചിയെ കണ്ടാലെ അറിയാം അവരാണ് ടീം ലീഡ്.പെന്‍ഷന്‍ പറ്റാന്‍ ഇനി കൂടിയാല്‍ മൂനോ നാലോ കൊല്ലം മാത്രം.മലയാളി ആയിരുന്നെങ്കില്‍ പേര് വല്ല സാവിത്രി എന്നോ വത്സല എന്നോ ആയിരുന്നേനെ.പിന്നെയുള്ളത് മെലിഞ്ഞ അത്യാവശ്യം ഉയരമുള്ള ഒരു അച്ചായത്തി.കണ്ടാലെ അറിയാം സ്വദേശം കോട്ടയം അല്ലെങ്കില്‍ ഇടുക്കി ആയിരിക്കും.പേര് സീന അല്ലെങ്കില്‍ ബീന കൂടിപ്പോയാല്‍ ലീന എന്നായിരിക്കും.ലാസ്റ്റ് ബട്ട്‌ നോട്ട്ലീസ്റ്റ് മൂനാമത്തെ കൊച്ചു കൊള്ളാം.പേര് ടീന അല്ലെങ്കില്‍ നാന്‍സി അതുവിട്ടു പോകില്ല. കിടിലന്‍ ഹെയര്‍ സ്റ്റൈല്‍.കണ്ടാലെ അറിയാം.എയര്‍ ഇന്ത്യയില്‍ വര്‍ക്ക്‌ ചെയ്യേണ്ടവളെ അല്ല .എന്തോ കാരണം പറഞ്ഞു വിജയ്‌ മല്യയുമായി തെറ്റിപ്പിരിഞ്ഞു വന്നതാ.മിക്കവാറും അടുത്ത് തന്നെ വേറെ നല്ല എയര്‍ ലൈനിലേക്ക് പൊക്കോളും.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ആകൊച്ചു നല്ല പാട്ടുകാരിയാണ്.എങ്ങിനെ ഞാന്‍ അറിഞ്ഞു എന്ന് ചോദിക്കരുത്.പ്ലീസ്

കാണ്ഡം - കഥകളി  

എയര്‍ ഇന്ത്യ ശരിക്കും പറഞ്ഞാല്‍ എയര്‍ കേരള എന്ന് മാറ്റേണ്ട കാലം കഴിഞ്ഞെന്നു തോന്നുന്നു.കാരണം കേരളത്തിന്‍റെ കലാരൂപമായ കഥകളി എന്ത് ഭംഗിയായിട്ടാണ് അവര്‍ അവതരിപ്പിക്കുന്നത്.എല്ലാ പ്ലെയിനിലും പ്ലെയിന്‍  പൊന്തുന്നതിനു മുന്പ്  പ്ലെയിനിലെ കാര്യങ്ങള്‍ എങ്ങിനോക്കെ ചെയ്യണം എന്ന് പറയുന്ന ഒരു ചടങ്ങുണ്ട്.സാധാരണ പ്ലെയിനുകളില്‍ ഒക്കെ ആ TV അങ്ങ് ഓണ്‍ ചെയ്തു അതില്‍ ഒരു വീഡിയോ കാണിക്കലാണ്‌ പതിവ്.അത് സാധാരണ ആരും ശ്രദ്ധിക്കുമില്ല.പക്ഷെ എയര്‍ ഇന്ത്യ അവിടെ ഒരു ഇന്നോവേട്ടീവ് ആയ ഒരു  പരിപാടി കാണിച്ചു.എല്ലാവരും നോക്കും.എങ്ങിനെയാന്നോ ,കഥകളിയുടെ മുദ്രകള്‍ കടമെടുത്ത് ഒരു ഓഡിയോ കാസറ്റ് വച്ച് ,എയര്‍ ഹോസ്റ്റസുമാര്‍ എങ്ങിനെയാണ്‌ ഓരോ കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് കാണിക്കും.അതായതു ബെല്‍റ്റ്‌ എങ്ങിനെ ഇടണം ,ഒക്സിജെന്‍ മാസ്ക് എങ്ങിനെ വക്കണം തുടങ്ങിയവ. ഹോ അപ്പോള്‍ ടീനയുടെയും ,ബീനയുടെയും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ ഓ ലജ്ജയാണോ ,ഹാസ്യമാണോ എന്നൊന്നും പറയാന്‍ പറ്റുകേല.ഓരോ ഭാവവും ഞാന്‍ ക്യാമറയില്‍ ഒപ്പിയെടുതാലോ എന്ന് വിചാരിച്ചതാ.പിന്നെ എന്‍റെ ശരീരത്തെ ഓര്‍ത്ത് മനസ്സില്‍ ഒപ്പിയെടുത്തു.

കാണ്ഡം ഭക്ഷ്യമേള

തൃശൂര്‍ പാലക്കാട്‌ റൂട്ടിലും വളരെ ഭയങ്കരമായിരുന്നു കൊച്ചിന്‍ ഡല്‍ഹി റൂട്ട്.ഓ ഗട്ടറുകളുടെ കളിയായിരുന്നു കുലുങ്ങികുലുങ്ങി കഴിച്ച ഫുഡ്‌ എല്ലാം സെറ്റ് ആയി.പിന്നെ പണ്ടേ വിശപ്പിന്‍റെ അസുഖം ഉള്ളതുകൊണ്ട് എങ്ങിനെയെങ്കിലും എന്തെങ്കിലും കിട്ടിയാല്‍ മതിയെന്നായി.അപ്പോഴേക്കും ദാണ്ടേ വരുന്നു ടീം ലീഡ് ഭക്ഷണവണ്ടിയുമായി.ഓ ചിക്കന്‍ പറയാം അല്ലെ ?അല്ലേല്‍ വേണ്ട ബീഫ് മതി.ചിക്കന്‍ അവിടെ ചെന്നിട്ടു ആയാലും കഴിക്കാമല്ലോ.അങ്ങനെ കിട്ടിയ പൊതിയില്‍ നോക്കിയപ്പോള്‍ ഒരു പച്ച വട്ടം ചതുരത്തിനുള്ളില്‍ കിടക്കുന്നു.ദൈവമേ പണി പാളി ചേച്ചിക്ക് എന്നെ മനസിലായില്ല എന്ന് തോന്നുന്നു."ഡോണ്ട് യു ഹാവ് എനിതിംഗ് നോണ്‍ വെജ്?" ഞാന്‍ ദഹിച്ചില്ല എന്നേയുള്ളു.അതുപോലെയുള്ള ഒരു നോട്ടമായിരുന്നു മറുപടി.

നോണ്‍ വെജിനെക്കളും ഭയങ്കരം കിട്ടിയ വെജ് കഴിക്കലായിരുന്നു.വെജ് ഫുഡ്‌ എന്നുവച്ചാല്‍ പൊറോട്ട വിത്തൌട്ട് ചാറ്.ചോറിന്റെ കൂടെ എന്തോ ഒരു കറി.പിന്നെ കുറച് ഫ്രൂട്സ്‌.അവസാനം പായസം.പിന്നെ വലിയ ഒരു  കപ്പില്‍ തൈരും.ഞാന്‍ ആകെ അങ്കൂഷിയായി നോക്കുമ്പോഴുണ്ട്‌ അടുത്തിരിക്കുന്ന ഒരു ഹിന്ദിക്കാരന്‍ എന്നെ നോക്കുന്നു.പുള്ളിയും അങ്കൂഷി എന്ന അവസ്ഥയിലാണ്.ഒരു മലയാളി ആയ ഞാന്‍ പൊറോട്ട തിന്നു മാതൃക കാണിച്ചില്ലെങ്കില്‍ പിന്നെ എന്തിനു ഞാന്‍ മലയാളി എന്ന് പറഞ്ഞു ഈ ബ്ലോഗ്‌ എഴുതണം.അപ്പോള്‍ തന്നെ പൊറോട്ട തിന്നു കാണിച്ചു കൊടുത്തു, പായസത്തില്‍ മുക്കി.പുള്ളിയും അതുപോലെ തന്നെ പായസത്തില്‍ മുക്കി പൊറോട്ട കഴിച്ചു.ഇനി ചോറാണ്.അത് പിന്നെ കഴിക്കാന്‍ ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല.അതുകഴിഞ്ഞ് നോക്കുമ്പോള്‍ ഒരു കപ്പ്‌ നിറയെ തൈര്ഇരിക്കുന്നു.അതിനും ഞാന്‍ മാതൃക കാണിച്ചു.കിട്ടിയ പഞ്ചസാര അതിലിട്ടിളക്കി ലെസ്സി എന്ന ഐറ്റം ആക്കി കഴിച്ചു.പക്ഷെ ഹിന്ദിക്കാരന്‍ വളരെ കൂള്‍ ആയി കുറച്ചു എടുത്തു പച്ചക്ക് കഴിച്ചിട്ട് തിരിച്ചു വച്ചു.എന്നിട്ടൊരു നോട്ടവും ഇതൊക്കെ എന്‍റെ നാട്ടിലും ഉണ്ടെടാ.

കാണ്ഡം ഒളിമ്പിക്സ്

പെട്ടെന്ന് ഒരറിയിപ്പ് വന്നു.യാത്രക്കാരുടെ ശ്രദ്ധക്ക് "എവിടെയോ മഴ പെയ്യുന്നതിനാല്‍ വിചാരിച്ചതിലും വളരെ വൈകി മാത്രമേ വണ്ടി ഡല്‍ഹിയില്‍ എത്തുകയുള്ളൂ." ഓ വഴിയില്‍  എവിടെയോ മരം വീണിട്ടുണ്ടാകും  അല്ലേല്‍ മഴയത്ത് സ്ലിപ് ആകാന്‍ ചാന്‍സ് ഉള്ളതുകൊണ്ട് പതുക്കെയേ പോകാന്‍ പറ്റുന്നുണ്ടാവുകയുള്ളൂ. ഛെ ..ഇത് പ്ലെയിന്‍ അല്ലെ ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല എന്ന് പറയുന്നതുപോലെ കുറച്ചു കുലുക്കം ഉണ്ടെങ്കിലും ഇത് റോഡില്‍ അല്ലല്ലോ പോകുന്നത്.ദൈവമേ എന്‍റെ ന്യൂ യോര്‍ക്ക്‌ ഫ്ലൈറ്റ് .വല്ല ഫ്രാങ്ക്ഫുര്‍ട്ടോ,ഹീത്രുവോ ആയിരുന്നെങ്കില്‍ കുഴപ്പമില്ല ഒരു ദിവസം അവിടെ തങ്ങാം.ഇത് ഡല്‍ഹി.പണ്ട് ഗോപിചേട്ടന്‍ പറഞ്ഞപോലെ ആര്‍ക്കോ വേണ്ടി കോടികള്‍ പ്രസവിക്കുന്ന ഡല്‍ഹി.അയ്യേ.ബസ്സോ ട്രെയിനോ ആയിരുന്നെങ്കില്‍ സ്ലോ ആകുമ്പോഴേ ചാടിയിറങ്ങി അടുത്തത് പിടിക്കാമായിരുന്നു.ഇത് അവിടെ ചെന്ന്, എമിഗ്രേഷന്‍ കഴിയണം.ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും.

10 :45 നു എത്തേണ്ട വണ്ടി അങ്ങനെ പതിനോന്നരക്ക് ലാന്‍ഡ്‌ ചെയ്തു.ഇനി വാതില്‍ തുറക്കാന്‍ 10 മിനിറ്റ്.ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ എവിടെയാണോ എന്തോ?കറക്റ്റ് പതിനൊന്നേ മുക്കാലിന് പുറത്തെത്തി.പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.ഓട്ടത്തിനിടക്ക് ചെറിയ ബ്രേക്ക്‌ ഇതാരാണ് കൊച്ചുവാണിയോ.ഇവളും ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫെര്‍ ഭാഗത്തേക്ക്‌ ആണല്ലോ.അമേരിക്കയിലേക്ക് ആണേല്‍ ഇവക്ക് വണ്ടികിട്ടില്ല.ഒച്ചിഴയുന്നത് പോലെയാണ് നടപ്പ്.ഓ 5 അടി തികച്ചു ഉയരമില്ലല്ലേ.ഇപ്പൊ തന്നെ ചവുട്ടിക്കൂട്ടിയേനെ?

ഒന്നൊന്നര കിലോമീറ്റര്‍ ഉണ്ടെന്നു തോന്നുന്നു.ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക്.പക്ഷെ ഫ്ലാറ്റ് ആയിട്ടുള്ള എസ്കലേറ്റര്‍ ഉണ്ട്. ചുമ്മാ അതില്‍ കയറി നിന്നാല്‍ മതി.ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു.പക്ഷെ സമയം കയ്യില്‍ പിടിച്ചു ഓടുന്ന എനിക്കെവിടെ അതില്‍ നില്ക്കാന്‍ നേരം.അതില്‍ കയറിയും ഓടുകയായിരുന്നു.ചെന്ന് ചേര്‍ന്ന ആദ്യത്തെ സ്ഥലത്തുനിന്നും  പൂരിപ്പിക്കാനുള്ള ഫോം കിട്ടി.അക്കാര്യത്തില്‍ എയര്‍ ഇന്ത്യയെ സമ്മതിക്കണം .ന്യൂ യോര്‍ക്ക്‌ പോകേണ്ടവര്‍ക്ക് പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ശരിയാക്കുന്നുണ്ട്‌.പിന്നെ അങ്ങോട്ട്‌ കുറച്ചു ഓട്ടോമാറ്റിക് വാതിലുകള്‍ നമ്മള്‍ അടുത്ത് ചെല്ലുമ്പോഴേ അത് തുറക്കൂ.അതുകൊണ്ട് ഓടാന്‍ പറ്റില്ല.അവസാന വാതിലില്‍ എത്തിയപ്പോഴാണ് കണ്ടത് .തൊട്ടടുത് 2 അസ്പരസ്സുകള്‍ ഇരുന്നു പരസ്പരം കിന്നാരം പറഞ്ഞുകൊണ്ട് എന്നെ തന്നെ നോക്കുന്നു.

ചെറുതായി ചൈനീസ് ഫേസ് കട്ട് ഉണ്ട് പക്ഷെ എയര്‍ ഹോസ്റ്റെസ് അല്ല.ആദ്യമായിട്ടാണ് ഇവര്‍ ഒരുത്തന്‍ ഓടുന്നത് കാണുന്നതെന്ന്  തോന്നുന്നു.അതോ കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ ആളുകള്‍ ഓടിയതിലും വേഗത്തിലാണോ ഞാന്‍ ഓടുന്നത്?എന്തായാലും എന്‍റെ ഒരു തിരിച്ചുള്ള നോട്ടം കൊണ്ട് തന്നെ അവര് ഡീസന്റ് ആയി.ഇനി അവര്‍ ഈ ജന്മത്ത് ഒരുത്തനെയും നോക്കില്ല.അവരുടെ അച്ഛനമ്മമാര്‍ക്ക് വേണ്ടി എനിക്കിത്രയോക്കെയെ ചെയ്യാന്‍ പറ്റു.എന്‍റെ ഇന്‍ഫോപാര്‍ക്കിലെ തേജോമയയമ്മേ..ദേവീ.. ഈ വാതില്‍ തുറക്കരുതേ.

എന്താ ശക്തി..ആ വാതില്‍ തുറന്നില്ല.ഇത് തന്നെ തക്കം എക്സ്ക്യു....."സര്‍ യു നീഡ്‌ ടു ഗോ ഇന്‍ ദി അദര്‍ സൈഡ്."ഓഹോ ഭയങ്കരികള്‍.ഒന്ന് ചോദിക്കാന്‍ പോലും സമ്മതിച്ചില്ല.കാലാവസ്ഥ പ്രവചനകേന്ദ്രത്തില്‍ കൊണ്ടുചെന്നിരുത്താന്‍ പറ്റിയ കക്ഷികളാ.കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ഒരു കഴിവേ?

വീണ്ടും ഓട്ടം. ചെന്ന് നിന്നത് സെക്യൂരിറ്റി പോസ്റ്റില്‍.അവിടെയിവിടെയായി സായിപ്പന്മാരും മദാമമാരും നിലത്തു കിടന്നുറങ്ങുന്നു.ഫോട്ടോ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ കിട്ടില്ല.പക്ഷെ വേണ്ട.ഇവിടെ ഞാന്‍ ലോക്കല്‍ ആണെങ്കിലും അവരുടെ നാട്ടില്‍ അവരാണ് ലോക്കല്‍സ്..സെക്യൂരിറ്റി ചേട്ടന്മാര്‍ വര്‍ക്കിനോട് നല്ല ആത്മാര്‍ത്ഥ ഉള്ളവരാ.ചേട്ടാ എന്‍റെ പ്ലെയിന്‍ ഇപ്പള്‍ പോകും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.ലാപ്ടോപ് ബാഗില്‍ നിന്നും എല്ലാം പുറത്തെടുത് പരിശോദിച്ചിട്ടെ വിട്ടുള്ലോ..അത് കഴിഞ്ഞു മുകളില്‍ ചെന്നപ്പോള്‍ ഡല്‍ഹി പൂരത്തിന് എക്സിബിഷന്‍ നടക്കുന്നു.നിറയെ സ്റ്റാളുകള്‍.ഡ്യൂട്ടി ഫ്രീയുടെ കളി.ഒന്ന് നടന്നു കാണണം എന്നുണ്ടായിരുന്നു.പക്ഷെ വേണ്ട ഇത് പിന്നെയും കാണാം പക്ഷെ ന്യൂ യോര്‍ക്ക്‌ ബുദ്ധിമുട്ടാ.പിന്നെയും ഓട്ടം.ഇത്തവണ രണ്ടു മൂന്ന് ചാട്ടങ്ങള്‍ വേണ്ടിവന്നു.ചിലബാഗുകള്‍ക്ക് മുകളിലൂടെ .

എനിക്ക് പോകേണ്ടത് ഇരുപത്തിനാലാം ഗേറ്റിലേക്ക്ആണ്.മര്‍ഫി ചേട്ടന്‍ സഹായിച്ചതുകൊണ്ടും ,സമയം തീരെ ഇല്ലാത്തതുകൊണ്ടും  ഏറ്റവും അകലെയുള്ള ഗേറ്റ് ആണ് 24. വീണ്ടും മറ്റൊരു സെക്യൂരിറ്റി പോസ്റ്റില്‍.പക്ഷെ ഇവിടെ ന്യൂ യോര്‍ക്ക് ഫ്ലൈറ്റ് എന്ന് പറഞ്ഞാല്‍ ഭയങ്കര കാര്യമായിരുന്നു.നേരം വൈകിയതുകൊണ്ട് പെട്ടെന്ന് തന്നെ കയറ്റിവിട്ടു.

അങ്ങനെ ഒരു കാര്യം മനസിലായി വെറുതെ അല്ല ഏഷ്യന്‍ ഗെയിംസും ,കോമ്മണ്‍വെല്‍ത്ത് ഗെയിംസും ഡല്‍ഹിയില്‍ തന്നെ നടത്തുന്നത് ഇവിടെ വന്നാല്‍ ആരും ഓടിപ്പോകും.വേണ്ടി വന്നാല്‍ ചാടും.

ചാടിക്കയറണോ എന്ന് വിചാരിച്ചു ചെന്ന് ,പ്ലെയിനിന്റെ അകത്തു ചെന്നപ്പോള്‍ ഓ സമയമായിട്ടില്ലല്ലോ എന്ന ഒരു പ്രതീതി.കൂടെ ഒരു അറിയിപ്പും ഹൈദ്രാബാദ് നിന്നും വരേണ്ട ഏതൊ ഒരു ഫ്ലൈറ്റ് ലേറ്റ് ആയതുകൊണ്ട് നമ്മളും ലേറ്റ് ആകും.ഓഹോ അപ്പോള്‍ കൊച്ചിക്കാര്‍ നേരത്തെ ആണല്ലേ..ഇനി സ്ഥലം തപ്പണം.ടിക്കറ്റില്‍ സീറ്റ്‌ നമ്പര്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു. രണ്ടു പേര്‍ ഇരിക്കുന്ന സീറ്റ്‌ .അപ്പുറത്ത് ആകെ പേടിച്ച പോലെ ഒരു ഏഴിലോ എട്ടിലോ പഠിക്കുന്ന  കൊച്ചിരിക്കുന്നു.ഇനി ഇവിടെ ചടഞ്ഞുകൂടാം എന്ന് വിചാരിച്ചു ബാഗ്‌ വച്ചപ്പോഴാണ് ഒരു ടീച്ചറുടെ വരവ്.ഞാന്‍ സ്ഥലം മാറി അവരുടെ സ്ഥലത്തിരിക്കണം.ഈ കുട്ടി അല്ലെങ്കില്‍ ഒറ്റക്കിരുന്നു പേടിക്കും.അമ്മയുടെ പോലെയോരു, മറ്റൊരു ടീച്ചര്‍ വന്നു ചോദിച്ചതല്ലേ.മാറികൊടുതെക്കാം.ഇനി അപ്പുറത്തെ സീറ്റില്‍ കളക്ഷന്‍ കൂടിയാലോ.

അപ്പുറത്തെ സെക്ഷന്‍ കണ്ടതെ മനസ്സില്‍ ലഡ്ഡു പൊട്ടി.ഫുള്‍ ഓഫ് കളെഴ്സ്.പിന്നെ കുറച്ചു +2 വിനു പഠിക്കുന്ന പിള്ളേര് ഇരിപ്പുണ്ട്.പഠിക്കുന്നത് പ്ലസ്‌ 2 ആണെങ്കിലും കൈയില്‍ഇരിപ്പ് MA കാരുടെയാ.അതായത് ടാബ്ലെറ്റ് പി സി,ഐ ഫോണ്‍.തുടങ്ങി എന്‍റെ കയ്യില്‍ ഇല്ലാത്തതെല്ലാം അവരുടെ കയ്യില്‍ ഉണ്ട്.സ്കൂളിലെ എല്ലാ സ്റ്റാന്‍ഡേര്‍ഡ്സിലും പഠിക്കുന്ന പിള്ളേരും ഉണ്ടെന്നു തോന്നുന്നു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു ഇരിക്കുന്നു.ഇനി ന്യു യോര്‍ക്കിലേക്ക് ആണോ ഇവരുടെ ഈ വര്‍ഷത്തെ സ്കൂള്‍ ടൂര്‍.നമ്മളൊക്കെ പഠിച്ചപ്പോള്‍ മാക്സിമം മലമ്പുഴ ,കൂടിപ്പോയാല്‍ പത്താം ക്ലാസില്‍ തിരുവനന്തപുരം ,കന്യാകുമാരി.അതും വീട്ടില്‍ നിന്നും വിട്ടാല്‍.പെണ്‍കുട്ടികളെ കാണാം എന്നല്ലാതെ മിണ്ടാന്‍ ഒക്കുകേല.ഇവിടെ പെണ്‍കുട്ടികള്‍ കയറി ആണ്‍കുട്ടികളെ പഞ്ചാരയടിക്കുന്നു. ഇവന്മാരുടെയൊക്കെ ഒരു യോഗമേ?

ഒരു ചെറിയ ഫ്ലാഷ് ബാക്കിനു ശേഷം ടീച്ചര്‍ കാണിച്ചു തന്ന എന്‍റെ സീറ്റിലേക്ക് നോക്കിയപ്പോള്‍ പ്ലെയിനില്‍ നിന്നും ഇറങ്ങിപ്പോയാലോ എന്ന് തോന്നി.നാട്ടില്‍ പോയി തലയില്‍ മുണ്ടിട്ടുനടന്നാലും ഇതിലും ഭേതമാ.ഒരു കിളവനും കിളവിയും അവരുടെ അടുത്ത് ഞാനും.കെളവന്‍ ആണെങ്കില്‍ കാര്യമായി എന്തോ തമാശ പറയുന്നുണ്ട്.അതിനനുസരിച് കിളവിയുടെ ചിരിയും.ഇപ്പോഴാണ്‌ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് എന്ന് തോന്നുന്നു.ഹോ റിയലി അണ്‍സഹിക്കബിള്‍...

ഇനി ഒറ്റ വഴിയെ ഉള്ളു.എങ്ങിനെയെങ്കിലും മുന്‍പില്‍ ഇരിക്കുന്ന tv കേടാക്കുക എന്നിട്ട് ആ പേര് പറഞ്ഞു സീറ്റ്‌ മാറുക.കേടാക്കിയത്തിനു ശേഷം സീറ്റ്‌ ചോദിക്കുമ്പോള്‍ എല്ലാം ഫുള്‍ ആണ് .വേറെ സീറ്റ്‌ ഇല്ലെന്നു പറയുമോ? ട്രെയിനിലെ TTR ആയിരുന്നെങ്കില്‍ വല്ല പത്തോ അമ്പതോ കൊടുത്താല്‍ മതി.ഇവിടെയും പത്തോ അമ്പതോ മതിയായിരിക്കും.പക്ഷെ ഡോള്ലെഴ്സില്‍ കൊടുക്കേണ്ടി വരും.അതോ ഇവര് വാങ്ങിക്കില്ലേ?.കക്ഷത്തിലും ഉത്തരത്തിലും ഉള്ളത് പോകുമോ?എന്തായാലും പൊന്തിയിട്ടെ tv ഓണ്‍ ആക്കാന്‍ പറ്റുകയുള്ളു.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി - ന്യൂ യോര്‍ക്ക് ഫ്ലൈറ്റിനെ സമ്മതിക്കണം.നിറുത്താതെവഴി കുറചെങ്ങാനുമാണോ പോണത്.ഫസ്റ്റ് ക്ലാസ്സ്‌ ,ബിസിനസ്‌ ക്ലാസ്സ്‌,എക്കോണമി എന്നിങ്ങനെ 3 തരം.എല്ലാ സീറ്റിലും ടി വി.അതായത് നമ്മള്‍ ഒരു സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ അതിന്‍റെ മുന്നിലെ സീറ്റിന്‍റെ ബാക്കില്‍ നമുക്കുള്ള ടി വി.പിന്നെ നടക്കുന്ന വഴിയില്‍ മുകളില്‍ ഇടയ്ക്കിടെ ടി വി.ഒരു നിരയില്‍ 9 സീറ്റുകള്‍.3 സീറ്റുകള്‍ കഴിയുമ്പോള്‍ നടക്കാനും ഭക്ഷണത്തിന്റെ വണ്ടി ഓടിക്കാനും വഴി പിന്നെ മൂന്നു സീറ്റുകള്‍ പിന്നെ ഒരു വഴി . എയര്‍ ഇന്ത്യ ചേച്ചിമാര്‍ ആണെങ്കില്‍ വന്‍ ഗ്ലാമര്‍.ശരിക്കും മലയാളം പടവും ഹിന്ദി പടവും തമ്മിലുള്ള വ്യത്യാസം നമുക്ക് ഫീല്‍ ചെയ്യും.ആകെ ഒരു ബോറിംഗ് ഉള്ളത് കുറച്ചു പേര്‍ ചുരിദാര്‍ ആണ് എന്നുള്ളതാണ്.പിന്നെ എന്‍റെ ഭാഗ്യത്തിന് ഞങ്ങളുടെ ഭാഗത്ത് സെര്‍വ് ചെയ്ത ചേച്ചി ഓ സോറി വല്യമ്മയാണ് ടീം ലീഡ്.പുള്ളിക്കാരി എയര്‍ ഹോസ്റ്റെസ് പണി തുടങ്ങിയ സമയത്ത് എന്നെപ്പറ്റി വീട്ടുകാര്‍ ആലോചിച്ചുതുടങ്ങിയിട്ടുപോലുമുണ്ടാകില്ല.

ഓ ഇതാരാ വരുന്നത് കൊച്ചുവാണിയോ?ന്യൂ യോര്‍ക്കിലെക്കോ?  നടപ്പ് കണ്ടപ്പോള്‍ വിചാരിച്ചു ഇവള്‍ക്ക് വണ്ടി കിട്ടില്ലെന്ന്.ആദ്യം ഞാനിരുന്ന വഴിയിലൂടെ പുറകിലേക്ക് .പിന്നെ അപ്പുറത്തെ വഴിയിലൂടെ മുന്‍പിലേക്ക് വീണ്ടും അപ്പുറത്തെ വഴിയിലൂടെ പുറകിലേക്ക് .ഓ സ്ഥലം ഉണ്ടോ എന്ന് നോക്കാന്‍ വന്നതായിരിക്കും.മോളെ സ്ഥലം ഇല്ലാന്ന് തോന്നുന്നു.അടുത്ത വണ്ടിക്കു പോരെ ചിലപ്പോള്‍ കാലിയായിരിക്കും.പിന്നെ പുറകില്‍ എവിടെയോ നങ്കൂരമിട്ടു എന്ന് തോന്നുന്നു.ഇനിയിപ്പോള്‍ വെറുതെ എഴുന്നേറ്റു നിന്നും പുറകിലേക്ക് നോക്കി കാഴ്ചകള്‍ കാണാം.റഡാര്‍ വെറുതെ ഓണ്‍ ആക്കിയത് മിച്ചം.5 അടി തികച്ചില്ലാത്ത കൊച്ചുവാണിയെ എങ്ങിനെ കാണാന്‍.ഇനിയിപ്പോള്‍ ന്യൂ യോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ വച്ചു മുട്ടാം. ഒരു കാര്യം മനസിലായി കണക്ഷന്‍ വണ്ടിയാണെങ്കില്‍ വെറുതെ ഓടേണ്ട കാര്യമുണ്ടായിരുന്നില്ല.

പണ്ട്രണ്ടേ ഇരുപതിന് പോരേണ്ട വണ്ടി അങ്ങനെ ഒരു മണി ആയപ്പോള്‍ അനങ്ങി തുടങ്ങി.ഇനി എപ്പോള്‍ എത്തുമോ എന്തോ?ന്യൂ യോര്‍ക്കില്‍ ലോക്കല്‍ സമയം 6 മണിക്ക് എത്തുമെന്നാണ് ടിക്കറ്റില്‍. ഡല്‍ഹി -ന്യൂ യോര്‍ക്ക്‌ ഫ്ലൈറ്റില്‍ കഥകളി ഉണ്ടാകില്ല എന്നുവിചാരിച്ച എനിക്ക് പാടെ തെറ്റിപ്പോയി.ഇതിലും കഥകളി.പക്ഷെ ഭാവാഭിനയം അങ്ങ് പോര.കേരളകലാമണ്ഡലത്തില്‍ ഒരു രണ്ടാഴ്ചത്തെ ക്രാഷ് കോഴ്സിനു പോയാല്‍ മതിയായിരിക്കും.

ഇതില്‍ ഫുഡ്‌ കിടിലന്‍ ആയിരുന്നു.നോണ്‍ വെജ് കളി.ഇടയ്ക്കിടെ ജോണിവാക്കറും.വല്യമ്മ എന്താണാവോ എന്നോട് ഐസിട്ടു വേണോ എന്ന് പോയിട്ട് ,ഒരു പെപ്സി എടുക്കട്ടെ എന്ന് പോലും ചോദിച്ചില്ല.അല്ലേല്ലും നമ്മള്‍ പണ്ടേ മദ്യം കൈകൊണ്ടു തൊടാത്തത്‌കൊണ്ട് കുഴപ്പമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ടി വി വച്ചു തുടങ്ങി.യെസ്..യെസ്..എന്‍റെ മുന്നിലുള്ള ടി വി വര്‍ക്ക്‌ ചെയ്യുന്നില്ല.ഇനി സീറ്റ്‌ മാറാം.പക്ഷെ ആദ്യം പറഞ്ഞപ്പോള്‍ അവളുമാര് ഫുഡ്‌ കൊടുതുകൊണ്ടിരിക്കുകയായിരുന്നു.പിന്നെ പറഞ്ഞപ്പോള്‍ റിസെറ്റ്‌ ചെയ്യാം എന്ന്.ഓ ഇനി അവളുമാര്‍ വേണ്ട ഒരു ചേട്ടന്‍ ഉണ്ട് എയര്‍ ഹോസ്റ്റ് ആയി.പുള്ളിക്കാരന്‍ പറഞ്ഞപ്പോഴേ സമ്മതിച്ചു.കഴിഞ്ഞ പ്രാവശ്യം ഖത്തര്‍ എയറിലുംകണ്ടിരുന്നു ഒരുത്തനെ.ലോങ്ങ്‌ ട്രിപ്പുകളില്‍ കാണുമായിരിക്കും .ചേട്ടന്‍ തിരക്കിലാണ് അതുകൊണ്ട് തന്നെ ആദ്യം കാണിച്ചു തന്ന സീറ്റിലെ ടി വി വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് ചുമ്മാ അങ്ങ് പറഞ്ഞു.ഓണ്‍ ചെയ്തുനോക്കതെയാണ് പറഞ്ഞത്.അല്ലെങ്കിലും ആണുങ്ങള്‍ ഇരിക്കുന്ന സീറ്റിന്റെ അടുത്തുള്ള സീറ്റിലെ ടി വി വര്‍ക്ക്‌ ചെയ്യില്ല.ഇനി ദേ നീ എവിടെയെങ്കിലും പോയി ഇരുന്നോ.കാലിയായ സീറ്റുകളുടെ നമ്പര്‍ ചേട്ടന്‍ പറഞ്ഞു തന്നു.രണ്ടു മൂന്ന് സീറ്റുകള്‍ നോക്കിയതിനുശേഷം ഒരു സീറ്റില്‍ ഞാന്‍ ഉറപ്പിച്ചു.അതില്‍ മുഖം മുഴുവന്‍ കമ്പിളി കൊണ്ട് മൂടി ഒരു രൂപം ഇരുന്നു ഉറങ്ങുന്നുണ്ട്.താഴെ ഒരു ലാടീസ് ചെരിപ്പും. അപ്പോള്‍ ഗുണപാഠം :ടി വി കാണാം എന്നുവിചാരിച്ച് ആരും എയര്‍ ഇന്ത്യയില്‍ കയറേണ്ട.

അങ്ങനെ പാക്കിസ്ഥാനും,അഫ്ഗാനിസ്ഥാനും കടന്നു റഷ്യ വഴി എടിന്‍ബറോയുടെ മുകളിലൂടെ അത് ലാന്റിക്കില്‍ കടന്നു കാനഡയെ മുട്ടിയുരുമ്മി ന്യൂ യോര്‍ക്കില്‍ ലോക്കല്‍ സമയം 5 മണിക്ക് ലാന്‍ഡ്‌ ചെയ്തു.

ന്യൂ യോര്‍ക്ക്‌ സമയം കാലത്ത് 6 മണിക്ക് ലാന്‍ഡ്‌ ചെയ്യേണ്ട വണ്ടി മുക്കാല്‍ മണിക്കൂര്‍ വൈകി പുറപ്പെട്ടിട്ടും 5 മണിക്ക് ലാന്‍ഡ്‌ ചെയ്തു.എന്തായിരുന്നു  കാരണം?ഇനിയും  കൊച്ചുവാണിയെ കണ്ടുമുട്ടുമോ,മിണ്ടുമോ,അതോ ചവുട്ടിക്കൂട്ടുമോ ?ഇന്വിറ്റെഷന്‍ ലെറ്റര്‍ ഇല്ലാത്തതുകൊണ്ട് അമേരിക്കന്‍ പോലീസ് പിടിച്ചു ഇന്റര്‍ പോളിന് കൈ മാറുമോ?അതോ FBI പിടിക്കുമോ?കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ആയിക്കോട്ടെ എന്നുകരുതിയാണ് FBI എന്ന് വച്ചത്.കമ്പിളി പുതപ്പു പുതച്ചു ഉറങ്ങുന്നത് ആരാണ്?ഇതെല്ലം അറിയാന്‍ കാത്തിരിക്കുക അടുത്ത ലക്കം ബാലരമയില്‍ അല്ല മനോരമയില്‍.ഛെ..സോറി അടുത്തയാഴ്ച ഇതേ ദിവസം..ഇതേ ബ്ലോഗില്‍ ....  

2011, ജൂലൈ 15, വെള്ളിയാഴ്‌ച

ഗ്രേറ്റ്‌ സര്‍ക്കിള്‍ റൂട്ട് അഥവാ പ്ലെയിനുകള്‍ പോകുന്ന റൂട്ടുകള്‍

സാധാരണയായി ഒന്ന് പഠിച്ചിട്ടുണ്ട് ,അല്ലെങ്കില്‍ എനിക്ക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം എന്ന് കരുതുന്ന ആരും ,സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയാലും,നേഴ്സ് ആയാലും ആദ്യമായി അമേരിക്കയിലേക്കോ ,കാനഡയിലേക്കോ വിമാനത്തില്‍ കയറുമ്പോള്‍ ഏതു വഴിക്കാണ് ഇത് പോകുന്നത് എന്നറിയാന്‍ ഒന്ന് മാപ്പ് നോക്കും.ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ഗൂഗിള്‍ മാപ്സ് നോക്കും.അല്ലെങ്കില്‍ ചുമരിലെ മാപ്പ് നോക്കും.അപ്പോള്‍ നേര്‍ രേഖയില്‍ ഉള്ള ഒരു വഴി കിട്ടും.ഉദാഹരണമായി നമ്മള്‍ ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ്‌ വിമാനത്തില്‍ ന്യൂ യോര്‍ക്കിലേക്ക് പറക്കാന്‍ പോവുകയാണെന്ന് വിചാരിക്കുക.അപ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന പ്ലെയിന്‍ മാപ്പ് ഏകദേശം താഴെ കൊടുത്ത പോലെ ആയിരിക്കും.

ഡല്‍ഹി-ന്യൂ യോര്‍ക്ക്‌ എന്ന് സാധാരണ നമ്മള്‍ വിചാരിക്കുന്ന റൂട്ട്.

അതായതു ഡല്‍ഹി,ഈജിപ്തിലെ കൈറോ,ലിബിയയിലെ ട്രിപ്പോലി,മൊറോക്കോയിലെ കാസബ്ലാങ്ക,പോര്‍ച്ചുഗലിലെ സാന്താ മരിയ വഴി ന്യൂ യോര്‍ക്ക്‌.പക്ഷെ വിമാനത്തില്‍ കയറി അതിലെ ടി വിയില്‍ നോക്കുമ്പോള്‍ മനസിലാകും ഇത് വേറെ വഴിയാണ് പോകുന്നതെന്ന്.ലോങ്ങ്‌ ട്രിപ്പ്‌ പോകുന്ന എല്ലാ വിമാനങ്ങളിലും  എല്ലാ സീറ്റിലും ടി വി കാണും.ശരിക്കും ടി വി അല്ല.കമ്പ്യൂട്ടര്‍ ആണ്.പോകുന്ന വഴിയെപറ്റി പറഞ്ഞാല്‍, വടക്കോട്ട്‌ കുറെ പോയി പിന്നെ തെക്കോട്ട്‌ വരുന്നത് പോലെ ഇരിക്കും.അതായതു ഡല്‍ഹിയില്‍ നിന്നും പ്ലെയിന്‍ പോകുന്ന റൂട്ട് ഏകദേശം ഇങ്ങനെയായിരിക്കും.


അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ,റഷ്യയിലെ മോസ്കോ,ഫിന്‍ലാണ്ടിലെ ഹെല്‍സിങ്കി,ഐസ് ലാണ്ടു വഴി ന്യൂ യോര്‍ക്ക്.

മലയാളികള്‍ആയാല്‍ ആദ്യത്തെ സംശയം തന്നെ ഓ നേരെയുള്ള റൂട്ടില്‍ വല്ല ടാറിങ്ങും നടക്കുന്നുണ്ടായിരിക്കും, അതുകൊണ്ടായിരിക്കും വളഞ്ഞു പോകുന്നത്.ഞാന്‍ ആദ്യം പോയപ്പോള്‍ എനിക്കും ഉണ്ടായിരുന്നു അമ്മാതിരി സംശയങ്ങള്‍.മുകളിലോട്ടു പോയി പിന്നെ താഴത്തോട്ടു വരുമ്പോള്‍ ഇറക്കമാണല്ലോ.അതുകൊണ്ട് വേണേല്‍ ഓഫ് ചെയ്തിട്ട് പോരാം.ഈ ഗ്ലൈഡര്‍ ഒക്കെ അങ്ങനെയാണല്ലോ.കാറ്റിനനുസരിച്ച് തെന്നി പോകാം.അപ്പോള്‍ മുകളിലോട്ടു പോകാനുള്ള ഇന്ധനം മാത്രമേ ചിലവാകൂ.

പക്ഷെ സംഗതി ഇതൊന്നും അല്ല.നമ്മള്‍ ഒക്കെ ഭൂമി ഉരുണ്ടതാണ് എന്ന സത്യം മറന്നു.ഉരുണ്ട ഒരു സാധനത്തിനെ പ്രൊജക്റ്റ്‌ ചെയ്തു കടലാസ്സില്‍ ആക്കിയ മാപ്പ് നോക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ എല്ലാം.പണ്ടേ സോഷ്യല്‍ സയന്‍സില്‍ പഠിച്ചതാണ് മാപ്പ് ഒരിക്കലും ശരിയല്ല എന്ന കാര്യം.അതായത് തെക്കേ അമേരിക്കയെക്കാളും വളരെ ചെറുതായ ഗ്രീന്‍ലാന്‍ഡ്‌ മാപ്പില്‍ വളരെ വലുതാണ്.അപ്പോഴേ നമ്മള്‍ മാപ്പിനെ ഉപേക്ഷിക്കണമായിരുന്നു.ഇനി നമുക്ക് ഗ്ലോബിലേക്ക് വരാം.അതില്‍ ഒരു ചരട് പിടിച്ചു നോക്കിയാല്‍ അറിയാം നമ്മള്‍ ആദ്യം വിചാരിച്ചത് എന്ത് മണ്ടത്തരം ആയിരുന്നു എന്ന്.
ഇനിയും വിശ്വാസമായില്ലെങ്കില്‍ താഴെ കൊടുത്ത പടം നോക്കുക.ഇതില്‍  ഏതാണ് ലാഭം?കാലങ്ങള്‍ ആയി പ്ലെയിന്‍ ഓടിക്കുന്നവര്‍ മണ്ടന്മാര്‍ അല്ലല്ലോ.അതുപോലെ പ്ലെയിന്‍ കമ്പനിക്കാരും.
 ഡല്‍ഹിയില്‍ നിന്നും ന്യൂ യോര്‍ക്ക്‌ പോകുന്ന ശരിക്കുള്ള റൂട്ട് ഇതാണോ എന്നെനിക്കറിയില്ല.ഏറെക്കുറെ ഇത് തന്നെ.അമേരിക്കയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നോക്കാം.


ഇനി ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍.ഒരു ഗോളാകൃതിയിലുള്ള വസ്തു എടുത്താല്‍ അതിനു ഒരു ഗ്രേറ്റ്‌ സര്‍ക്കിള്‍ ഉണ്ട്.ഗ്രേറ്റ്‌ സര്‍ക്കിള്‍ എന്നതിന്റെ ശരിയായ മലയാളം വാക്ക് എനിക്കറിയില്ല.അതായതു അതിന്‍റെ ഉപരിതലത്തിലൂടെ വരക്കാവുന്ന ഏറ്റവും വ്യാസം കൂടിയ വൃത്തം ആണ് ഗ്രേറ്റ്‌ സര്‍ക്കിള്‍.ആ വൃത്തത്തിലൂടെ ഗോളത്തെ മുറിക്കുകയാണെങ്കില്‍ ഗോളത്തിന്റെ രണ്ടു ഭാഗങ്ങളും തുല്യമായിരിക്കും.
ഇനി ഇത് എങ്ങിനെ ഉപയോഗപ്പെടുന്നു എന്ന് നോക്കാം.നമുക്കെ ഗ്ലോബിലെ രണ്ടു സ്ഥലങ്ങള്‍ തരികയാണെങ്കില്‍ ആ രണ്ടു സ്ഥലങ്ങള്‍ ചേര്‍ന്ന് വരും വിധം എപ്പോഴും ഒരു ഗ്രേറ്റ്‌ സര്‍ക്കിള്‍ വരക്കാം.അങ്ങനെ വരക്കുമ്പോള്‍ ആ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ഗ്രേറ്റ്‌ സര്‍ക്കിള്‍ വഴിയുള്ള ദൂരമാണ് അവക്കിടയിലുള്ള ഏറ്റവും കുറഞ്ഞ ദൂരം.അതായതു ഗ്രേറ്റ്‌ സര്‍ക്കിളിലെ ഒരു ആര്‍ക്ക്.ഇനിയും മനസിലായില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പടം നോക്കുക.



മുകളില്‍ കൊടുത്ത പടങ്ങളില്‍ ആദ്യത്തേത് ഗ്രേറ്റ്‌ സര്‍ക്കിള്‍ ആണ്.താഴെ കൊടുത്തിരിക്കുന്നത് ആ ഗ്രേറ്റ്‌ സര്‍ക്കിള്‍ റൂട്ട് എങ്ങിനെ മാപ്പില്‍ പ്രൊജക്റ്റ്‌ ചെയ്തിരിക്കുന്നു എന്നതും.ഇപ്പോള്‍ മനസിലായില്ലേ എന്തുകൊണ്ടാണ് പ്ലെയിനുകള്‍ വടക്കോട്ട്‌ പോയി തെക്കോട്ട്‌ വരുന്നതെന്ന്.

ഇനി കുറച്ചു ഇന്റെറെസ്റ്റ് ഉള്ള റൂട്ടുകള്‍.അതായതു ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലേക്ക്‌ 

ഒറ്റ വര അല്ലെ.ശരിക്കും തെക്ക് വടക്ക് കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.ഇനി നമുക്ക് ഭൂമദ്ധ്യരേഖയില്‍ കിടക്കുന്ന രണ്ടു സ്ഥലങ്ങള്‍ എടുക്കാം.അതായതു കിഴക്ക് പടിഞ്ഞാറ് കിടക്കുന്നവ.ഇക്വഡോറിലെ ക്വിട്ടോയില്‍ നിന്നും സോമാലിയയിലെ ബാര്‍ടെരയിലേക്ക് .

വീണ്ടും നേര്‍രേഖ അല്ലെ?ഇനി ഇത് കാണുമ്പോള്‍ ഹരം കയറുന്ന പുലികള്‍ക്ക് വേണമെങ്കില്‍ താഴെകൊടുത്ത ലിങ്കില്‍ പോയി നോക്കി എങ്ങിനെയാണ്‌ ഇത് കണ്ടു പിടിക്കുന്നതെന്ന് മനസിലാക്കാം.

http://en.wikipedia.org/wiki/Great_circle

ഇനി ലോകത്തുള്ള ലോങ്ങ്‌ ട്രിപ്പ്‌ പ്ലെയിനുകള്‍ എവിടെ നിന്നും എവിടെ വരെയാണ് പോകുന്നത് ?എത്ര സമയം വരെ നിറുത്താതെ പോകുന്നത് ?എത്ര പേരാണ് പോകുന്നത് ?ഏതൊക്കെയാണ് ഏറ്റവും തിരക്കുള്ള റൂട്ടുകള്‍ എന്നൊക്കെ അറിയണമെങ്കില്‍ ദേ ഈ ലിങ്കുകള്‍ നോക്കുക.
http://en.wikipedia.org/wiki/Non-stop_flight
http://en.wikipedia.org/wiki/World%27s_busiest_passenger_air_routes

കടപ്പാട്

http://www.aircalculator.com/flightplan.php
http://people.hofstra.edu/geotrans/eng/ch1en/conc1en/greatcircle.html
http://www.gcmap.com
http://ashivasubramanian.blogspot.com/2010/10/great-circle-routes.html

2011, ജൂലൈ 8, വെള്ളിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്

ഈ ഇന്വിറ്റേന്‍ ലെറ്റര്‍ ഒക്കെ എന്നാ ഉണ്ടായത്.ടിക്കറ്റ്‌ ആണല്ലോ ആദ്യം വേണ്ടത്.അത് ഉണ്ട്.പിന്നെ വിസ അത് 10 വര്‍ഷത്തേക്ക് ഉണ്ട്.പിന്നെ താമസം അത് കിട്ടി.ഇനിയിപ്പോ രണ്ടും കല്പിച്ചു പോവുക തന്നെ.അല്ലെങ്കിലും എന്‍റെ ജീവിതത്തില്‍ പ്ലാന്‍ ചെയ്തത് ഒന്നും സംഭവിച്ചിട്ടില്ല.അങ്ങനെ പോയി മുടി വെട്ടി.മുടി വെട്ടലും അമേരിക്കയില്‍ പോക്കും തമ്മില്‍ എന്താ ബന്ധം എന്നല്ലേ?ബന്ധമുണ്ട് അവിടെ പോയാല്‍ മുടി വെട്ടാന്‍ ഡോള്ലെഴ്സ് കൊടുക്കേണ്ടി വരും.ഇവിടെ ആകുമ്പോള്‍ ഉണ്ണിചേട്ടന്‍ പത്തോ മുപ്പതോ രൂപക്ക് ചെയ്തു തരും .ഒരു മാസത്തിനു പോകുന്നതല്ലേ.മുടി ഒരു പ്രശ്നമാക്കേണ്ട.

ഇത് എഴുതിത്തുടങ്ങുമ്പോള്‍ തന്നെ മെയിന്‍ കാര്യങ്ങള്‍ കാണ്ഡം കാണ്ഡം ആയി തിരിച്ചിട്ടിരുന്നു.ആദ്യ കാണ്ഡം സ്കോര്‍പിയോയില്‍ നിന്നും തുടങ്ങാം.

കാണ്ഡം സ്കോര്‍പിയോ

എടാ നമുക്ക് ഇവിടെ ഓടുന്ന വലിയ വിക്രം ഓട്ടോറിക്ഷ വിളിച്ചുപോയാല്‍ പോരെ.നിന്‍റെ രണ്ടു ബാഗിന് വേണ്ടി കാറ്‌ വിളിക്കണോ?അപ്പന്‍ അത് ചോദിച്ചപ്പോള്‍ ആദ്യം തോന്നി അത് ഒരു പോയിന്റ്‌ ആണ്.പക്ഷെ ജാടക്ക് കുറച്ചിലാ.അതുപോട്ടെ എന്ന് വക്കാം.ഒരുപക്ഷെ ഇന്‍ഫോപാര്‍ക്കിലെ നമ്മുടെ സ്ഥിരം വായില്‍ നോക്കി ഇരകളായ പാമ്പോ,വാണിയോ,കിളിച്ചുണ്ടനോ എയര്‍ പോര്‍ട്ടില്‍ വന്നാല്‍. ഏയ് കാറ്‌ മതി.അപ്പോള്‍ തന്നെ രണ്ടു കസിന്‍സിനെ വിളിച്ചു ഡേയ് വാ ചുമ്മാ എയര്‍ പോര്‍ട്ട്‌ വരെ പോയിട്ട് വരാം.പക്ഷെ ശനിയാഴ്ച കാലത്ത് വിളിച്ചു അന്ന് ഉച്ചക്ക് വരാന്‍ ടാസ്കി വല്ലതും ഉണ്ടായിട്ടു വേണ്ടേ.അങ്ങനെ അവസാനം ഒന്ന് പോകാന്‍ സ്കോര്‍പിയോ വരേണ്ടി വന്നു.

ചുവന്ന സ്കോര്‍പിയോ ഇടക്കിടെ ഒന്ന് വെട്ടുന്നുണ്ടെങ്കിലും 100 -120 ഇല്  നെടുമ്പാശ്ശേരി എത്തിച്ചു.എത്തിയപാടെ ഡ്രൈവര്‍ ചേട്ടന്‍ ചോദിച്ചു .മോനെ അമേരിക്കയ്ക്ക് അല്ലെ?ദേ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ എത്തി.ആ ചോദ്യം കേള്‍ക്കുമ്പോഴുണ്ടാകുന്ന ആ ഒരു ഇത് ,ഓ പേടിയാകുന്നു എങ്ങാനും അവന്മാര് കടത്തി വിട്ടില്ലെങ്കില്‍ രണ്ട് ആഴ്ച ഹോട്ടലില്‍ മുറിയെടുത്തു കഴിയേണ്ടി വരും.ഇറങ്ങിയ ഉടനെ പതിവുപോലെ പെട്ടിയില്‍ പേര് എഴുതിയ കടലാസ് ഇളകി വരുന്നു.അത് ശരിയാക്കാന്‍ ഒരു 10 മിനിറ്റ് എയര്‍ പോര്‍ട്ടിനു പുറത്ത് .മുറ്റ് ജാഡ .ചുമ്മാ നാലു പേര് കാണട്ടെ നമ്മളും അമേരിക്കക്ക് പോവുകാണെന്ന്.ഇനി ഇപ്പോള്‍ മുമ്പ് പറഞ്ഞപോലെ വല്ല ഇന്ഫോപര്‍ക്ക് കിളികളും പരിസരത്ത്എങ്ങാനും ഉണ്ടെങ്കിലോ അല്ലെ?

എന്തിനു പറയാന്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ക്യു വളരെ ചെറുത്.അല്ലെങ്കില്‍ അവിടെയും കുറച്ചു ജാടക്ക് സ്കോപ് ഉണ്ടായിരുന്നു.പെട്ടെന്ന് തന്നെ സെക്യൂരിറ്റിക്ക് മുമ്പിലെത്തി.ഹിന്ദിക്കാരനാണ്.ये दिल्ली अमेरिका में हे क्या? അതായത് ഡല്‍ഹി അമേരികയിലാണോ?എന്നാണ് ചോദ്യം .നിന്നും സ്ഥലം മെനക്കെടുത്താതെ പോയി മറ്റേ ടെര്‍മിനലില്‍ നിന്നും കയറെടെ എന്നൊരു ധ്വനി അയാളുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.സോറി അണ്ണാസോറി.ഞാനറിഞ്ഞില്ല ആരുമൊട്ടു പറഞ്ഞതുമില്ല.

അകത്തോട്ടു പോയ അതെ സ്പീഡില്‍ പുറത്തേക്കു വന്നപ്പോള്‍ ,എന്തേടാ വണ്ടി നീങ്ങി തുടങ്ങിയോ എന്നാല്‍ ചാടിക്കേറിക്കോ.എന്ന് വീട്ടുകാര്‍ പറഞ്ഞില്ലെങ്കിലും മുഖത്ത് അത് പ്രകടമായിരുന്നു.പണി പാളി ചലോ ഡോമെസ്ട്ടിക് ടെര്‍മിനല്‍.തുടക്കം തന്നെ പണി കിട്ടി.ഓ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നോ എന്തോ?ഡല്‍ഹിയില്‍ വച്ച് ഈ പെട്ടികളൊക്കെ ഇറക്കി കയറ്റുന്ന അവസ്ഥ .ആലോചിക്കാനേ വയ്യ.

ഡോമെസ്ട്ടിക് ടെര്‍മിനല്‍ ആളൊഴിഞ്ഞ പൂരപറമ്പ് പോലെ കിടക്കുന്നു.കിംഗ്‌ ഫിഷറിന്റെ ബൂത്തിനടുത് മാത്രം കുറച്ചു ആളുണ്ട്.അല്ലേല്ലും  ചക്കയിലല്ലേ ഈച്ച പോതിയൂ.എയര്‍ ഇന്ത്യ ബൂത്തിനടുത് ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന അവസ്ഥ.8 മണിക്ക് പോകേണ്ട വണ്ടിക്കു ആളെ കയറ്റാന്‍ ഒരുത്തനും അവിടെയില്ല.സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ചേട്ടന്മാരോട് ചോദിച്ചു.എയര്‍ ഇന്ത്യക്കാര് വരോ ?
ഉം അവര് പ്ലെയിന്‍ വിടണേക്കാളും മുമ്പ് വരും.

വരും വരാതിരിക്കില്ല എന്നൊക്കെ പറഞ്ഞു ബാലചന്ദ്രമേനോന്‍ സിനിമ എടുക്കുന്നപോലെ അവസാനം അവര് വന്നു.അവര് എന്ന് പറയുമ്പോള്‍ ഒരു 35 -40 വയസുള്ള ചേച്ചി അല്ല ഏതോ ഒരു ഒരുത്തന്‍ .നമുക്ക് പണ്ടേ ഒരേ ഒരു ചോദ്യമേ ഉള്ളു."May I check in the luggage till JFK?" ഓ അത് കുഴപ്പമില്ല ചേട്ടാ എമിഗ്രേഷന്‍ മാത്രമേ ഡല്‍ഹിയില്‍ ചെയ്യേണ്ടതുള്ളൂ.ലഗ്ഗേജ് ചെക്ക്‌ ഇന്‍ ചെയ്യാം.ലേറ്റായാല്‍ എന്താ അവന്മാര് എന്നെ മനസിലാക്കി കളഞ്ഞു.പച്ച മലയാളത്തില്‍ അല്ലെ മറുപടി അടിച്ചത്.മസില് പിടിച്ചു ഇംഗ്ലീഷില്‍ ചോദിച്ച ഞാന്‍ അപ്പോള്‍ ആരായി.ഇതിനൊക്കെ അവനോടു ദൈവം ചോദിക്കും.വീണ്ടും ഒരു സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു വെയിറ്റിംഗ് റൂമിലേക്ക്.ഒരു ഒന്നര മണിക്കൂര്‍ എങ്ങിനെ തള്ളി നീക്കുമൊഎന്തോ?

കാണാന്‍ കൊള്ളാവുന്ന പെങ്കൊച്ചുങ്ങള്‍ എല്ലാം ഞാന്‍ പോകുന്ന വിവരം എങ്ങിനെയോ അറിഞ്ഞെന്നു തോന്നുന്നു.ഒരെറ്റഎണ്ണത്തിനെ ആ പരിസരത്തൊന്നും കാണാനില്ല.എല്ലാം കൂടെ പാര്‍ട്ടി നടത്തി ആഘോഷിക്കുകയായിരിക്കും ഇനിയിപ്പോള്‍ എന്തായാലും ചുമ്മാ ഇരുന്നു ബോറടിക്കാം.അങ്ങനെ ഒരരമണിക്കൂര്‍  ബോറടിച്ചപ്പോള്‍ തോന്നി എന്തായാലും വെറുതെ ഇരിക്കുകയല്ലേ ബുക്ക്‌ സ്റ്റാളില്‍ഒന്ന് കയറിക്കളയാം.ചുമ്മാ ഒന്നും വാങ്ങാനല്ല നമ്മളും മോഡേണ്‍ ആണെന്ന് നാലുപേര് അറിഞ്ഞിരിക്കട്ടെ എന്ന് കരുതിയാണ്.അങ്ങനെ അവിടെയും നിന്ന് ബോറടിച്ചു തിരിച്ചു വന്നിരുന്നപ്പോഴാണ് ആരോ എന്നെ നിരീക്ഷിക്കുന്നില്ലേ എന്ന് തോന്നിയത്.

വീണ്ടും റഡാര്‍ ഓണ്‍ ചെയ്തു നോക്കിയപ്പോള്‍ ഞെട്ടി ഇന്ഫോപര്‍ക്കില്‍ ഡെയ്ലി വായില്‍ നോക്കുന്ന വാണി അതാ മുന്നിലത്തെ നിരയില്‍ .ഞാനിരിക്കുന്ന ഡയരക്ഷനില്‍ തന്നെയാണ് അവളിരിക്കുന്നത്.അതുകൊണ്ട് മുഖം കാണാന്‍ മേല.ഏയ് അവളെങ്ങോട്ടു പോകാന്‍ കാക്കനാട്-കാലടി ,കാലടി-കാക്കനാട് അല്ലാതെന്തു ?ഇനി തന്തപ്പിടി വല്ല അമേരിക്കയിലുമാണോ ?അങ്ങട്ട് കാണാന്‍ പോവുകണോ?എന്താണെന്നറിയില്ല ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വല്ലാത്ത ദാഹം വരും.അതായത് വെള്ളം കുടിക്കാനുള്ള ദാഹം.അങ്ങനെ വെള്ളം കുടിച്ചു വരുമ്പോള്‍  പിന്നെ എവിടെ വേണേലും ഇരിക്കാമല്ലോ.ഇന്ന സീറ്റില്‍ മാത്രം വെയിറ്റ് ചെയ്യാന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ.അങ്ങനെ വീണ്ടും വന്നിരുന്നത് കറക്റ്റ് സ്ഥലത്ത്.ഓ ആള് മാറിപോയി.പക്ഷെ രണ്ടു പേര്‍ക്കും ഒരേ തടി ഒരേ മുടി.അതേ ഉണ്ടക്കണ്ണുകള്‍.ഒരു പപ്പടം വറക്കാനുള്ള എണ്ണ രണ്ടിന്റെയും മുഖത്ത്.അതേ സ്റ്റൈല്‍ അതേ ജാഡ.പക്ഷെ ഇവിടെ ഇരിക്കുന്നതിനു ഉയരം കുറവ്.അതുകൊണ്ട് തല്ക്കാലം കൊച്ചുവാണിഎന്ന് വിളിക്കാം.അമേരിക്കക്ക് വന്നില്ലെങ്കിലും ഡല്‍ഹി വരെ എങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.എന്തായാലും പ്ലെയിനില്‍ കയറുന്നതിനു മുന്പ് ഒന്ന് ടോയിലെറ്റില്‍ പോയേക്കാം.നമ്മള്‍ പണ്ടേ റിച്ച് ഫാമിലി ആയതുകൊണ്ട് പേപ്പര്‍ ഒന്നും നമുക്ക് പറ്റില്ല വെള്ളം തന്നെ വേണമല്ലോ.

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ജെറ്റ് എയര്‍ ചെന്നെക്ക് ആളെ വിളിച്ചു കയറ്റി തുടങ്ങി.അത് കഴിഞ്ഞപ്പോള്‍ എയര്‍ ഇന്ത്യ ക്യു നിറുത്തിതുടങ്ങി.അവരുടെ മുഖം കണ്ടാല്‍ നമുക്ക് തോന്നും "ഒരു പ്ലെയിന്‍ കാലിയടിച്ചു ഡല്‍ഹിക്ക് പോകുന്നുണ്ട് .വേണേല്‍ കയറിക്കോ".ബോര്‍ഡിംഗ് പാസ്‌ കാണിക്കാന്‍ നേരം ദാണ്ടേ നില്‍ക്കുന്നു കൊച്ചുവാണി മുന്‍പില്‍.ഇതിനെയാണോ "വാണി എഫ്ഫക്റ്റ്‌ ഓഫ് ദി ഇന്‍ഫോപാര്‍ക്ക് വായില്‍നോട്ടം" എന്ന് പറയുന്നത്.എന്തായാലും 8:05 ഓടുകൂടി പ്ലെയിനില്‍ ആളെ കയറ്റി .15 മിനിറ്റ് ലേറ്റ് ആയി  8:15 നു വണ്ടി വിട്ടു. ശ്ശ്ശൂ...ശൂ...ശൂ...
തെറ്റിദ്ധരിക്കരുത് പ്ലെയിന്‍  പൊങ്ങുമ്പോ പ്ലെയിനില്‍ നിന്നും ഉണ്ടാകുന്ന ഒരു പ്രത്യേക തരം  സൌണ്ടാ...സിനിമയില്‍ കണ്ടിട്ടില്ലേ ...