2014, നവംബർ 1, ശനിയാഴ്‌ച

പ്രണയത്തിന്റെ ചുംബനം


അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ബിയര്‍മൌണ്ടന്‍ എന്ന സ്ഥലത്തു ഒക്ടോബര്‍ ഫെസ്റ്റ് എന്ന പരിപാടി നടക്കുന്നുണ്ട്. അവിടെ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാ. വളരെ കഷ്ടപ്പെട്ട് പബ്ലിക് ആയി കിസ്സ് ഓഫ് ലവ് എന്നൊക്കെ പറഞ്ഞു ഒരു പരിപാടി നടത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു. ഇവിടെ പ്രായവ്യത്യാസമില്ലാതെ  എല്ലാവരും വെള്ളമടിച്ചും, പാട്ടുപാടിയും, ഡാന്‍സ് കളിച്ചും ആഘോഷിക്കുന്നു. പിന്നെ നമ്മള്‍ ഷേക്ഹാന്‍ഡ് കൊടുക്കുന്നതുപോലെ അവര്‍  പബ്ലിക് ആയി കിസ്സ് അടിക്കുന്നു. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. 2 ഫാമിലികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ എല്ലാവരും തമ്മില്‍ തമ്മില്‍ ചെയ്യുന്നു. അല്ലാതെ ഇവിടെ കിസ്സും മറ്റേ പരിപാടിയും തമ്മില്‍ ഒരു ബന്ധം വരുന്നേയില്ല.

സംഗതി ഓരോരുത്തരുടെയും ഇഷ്ടമാണ് പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത്. അത് പക്ഷേ അതാത് നാട്ടിലെ രീതി പോലെ ചെയ്യുന്നതല്ലേ നല്ലത്? അതുപോലെ നമ്മള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അസൌകര്യം ആണെങ്കില്‍ അത് അവരുടെ മുന്‍പില്‍ വച്ച് ചെയ്യാതിരിക്കലല്ലേ ശരി? 

പഠിക്കുന്നസമയത്തും അതുപോലെ ലൈന്‍ ഒന്നും കിട്ടാതെ നടന്ന ശേഷിക്കുന്ന ബാച്ചിലര്‍ ലൈഫിലും ഞാന്‍ ഒരു സദാചാരവാദിയായിരുന്നോ എന്നെനിക്കോരു സംശയം ഉണ്ട്. കുറെപേരെ കളിയാക്കിയും ,വെറുപ്പിച്ചും  (ദേഹോപദ്രവം ചെയ്തിട്ടില്ല) പരസ്പരം സംസാരിക്കുന്നത് നിറുത്തിച്ചിട്ടുണ്ട്. സത്യമായും ഡീസന്‍റ് ആയി ഇടപെട്ടിരുന്ന ഒരാളെയും കളിയാക്കിയിട്ടില്ല. ചില അവന്മാരുടെയും അവളുമാരുടെയും വിക്രിയകള്‍ അതിരുവിടുമ്പോള്‍ മാത്രം. പ്രത്യേകിച്ചു കൊഞ്ചിക്കുഴയലിന്‍റെ ഇടയില്‍ നമ്മളെ നോക്കി "കൊതിച്ചോടാ" എന്നു പറയുന്നമാതിരിയുള്ള നോട്ടം ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടാറുണ്ട്. ആദ്യം ."മോനേ നീ നിന്‍റെ കാര്യം നോക്ക് ഇങ്ങോട്ട് വേണ്ടാ "എന്ന രീതിയില്‍ അങ്ങോട്ട് നോക്കും. എന്നിട്ടും നമുക്കിട്ട് വീണ്ടും കൊതിപ്പിച്ചാല്‍ മാത്രം. വെറും അസൂയ.എനിക്കോ കിട്ടുന്നില്ല. കിട്ടുന്ന നിനക്കു നിന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോരേ എന്നെ കൊതിപ്പിക്കേണ്ട കാര്യമുണ്ടോ എന്നുള്ള ഒരു പ്രത്യേകതരം അവസ്ഥ.

ഒരു ഉദാഹരണം എടുത്താല്‍ ഒരുത്തന്‍ പരീക്ഷക്ക് കോപ്പിയടിച്ച് ധാരാളം മാര്‍ക്ക് വാങ്ങിക്കുന്നു എന്നു വിചാരിക്കുക. അവന്‍ അത് രഹസ്യമായിട്ട് ചെയ്താല്‍ നമുക്ക് എന്ത് ? നമ്മളും ഒത്താല്‍ കോപ്പിയടിക്കും. മൊത്തത്തില്‍ മനുഷ്യന്‍മാര്‍ക്കുള്ള ഒരു വാസനയാണല്ലോ വളഞ്ഞ വഴിയില്‍ കാര്യം നടത്തുക എന്നത്. പക്ഷേ അവന്‍ നിനക്കൊന്നും കോപ്പിയടിക്കാനുള്ള കഴിവില്ലെടാ എന്നുള്ളരീതിയില്‍ പെരുമാറിയാലോ? ഒന്നു രണ്ട് വട്ടം ക്ഷമിക്കും പിന്നെ പണികൊടുക്കും. ഏകദേശം സമാനമനസ്ഥിതിയാണ് മേല്‍പ്പറഞ്ഞ കാര്യത്തിലും. കാരണം നമ്മള്‍ വളര്‍ന്ന സാഹചര്യത്തില്‍ ഒരാണും പെണ്ണും തമ്മില്‍ പൊതുസ്ഥലത്ത് വച്ച് ഒരു ലിമിറ്റില്‍ കൂടുത്തല്‍ ഇടപെടുന്നത് അത്ര ശരിയായ സംഗതിയല്ല. നമ്മുടെ മനസില്‍ അത് ഒരു തെറ്റാണു.

അതുകൊണ്ട് തന്നെ കല്യാണത്തിന് ശേഷവും ഇന്ത്യയില്‍ പബ്ലിക് സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഒരു പരിധിയിലേ നില്‍ക്കാറുള്ളൂ. അമേരിക്കയില്‍ പക്ഷേ മാറുമായിരിക്കാം.

അമേരിക്കയില്‍ ഇഷ്ടം പോലെ പബ്ലിക് ആയി മൂത്രം ഒഴിക്കാന്‍ സ്ഥലമുണ്ടായിട്ടും ആരും അത് ചെയ്യുന്നില്ല. ഇനിയിപ്പോള്‍ അത് ആരെങ്കിലും പരസ്യമായിട്ട് ചെയ്താല്‍ വേറെ ആരെങ്കിലും വന്ന്‍ അങ്ങനെ ചെയ്യരുതെന്ന് പറയും. തല്ലുകയൊന്നും ചെയ്തില്ലെങ്കിലും പോലീസ് എപ്പോ പൊക്കി എന്നു ചോദിച്ചാല്‍ മതി. അതും പറഞ്ഞു എല്ലാവരും കൂടി ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ പോയി മൂത്രം ഒഴിക്കല്‍ എന്‍റെ ഇഷ്ടമാണ് എന്നു പ്രഖ്യാപിച്ച് വട്ടത്തില്‍ നിന്നു  മൂത്രം ഒഴിക്കുന്നത് ശരിയായ രീതിയാണു എന്ന് എനിക്കു തോന്നുന്നില്ല.

ഒരു മാതിരി ഇംഗ്ലിഷ് സിനിമയിലെല്ലാം കാണാം സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടികള്‍ ബോയ്ഫ്രെന്‍ഡ് ഗേള്‍ഫ്രെന്‍ഡ് എന്നും പറഞ്ഞു കറങ്ങി നടക്കുന്നത്. സംഗതി സത്യവുമാണ്. അടീപിടിച്ചാല്‍ അബോര്‍ഷന്‍ ചെയ്തുകളയും അല്ലെങ്കില്‍ ഒരു അച്ഛനില്ലാ കുട്ടികൂടെ ജനിക്കും. അമേരിക്കയില്‍ അച്ഛന്‍റെ പേര്‍ വേണമെങ്കില്‍ "ഡോണ്ട് നോ" എന്നു  പൂരിപ്പിക്കാം. പക്ഷേ .ഈ പറയുന്ന പിള്ളേരുടെ അപ്പനോടും അമ്മയോടും അതേപ്പറ്റി സംസാരിച്ചാല്‍ അറിയാം അവരുടെ ഉള്ളിന്‍റെ ഉള്ളില്‍ അവര്‍ക്ക് അത് വലിയ താല്‍പര്യമില്ല. പക്ഷേ അവരും വളര്‍ന്നത് അങ്ങനെയായതുകൊണ്ട് അവര്‍ക്ക് അവരുടെ കുട്ടികളോട് വേണ്ട എന്നു പറയാന്‍ പറ്റുന്നില്ല.

ഒരു പുള്ളി അങ്ങേരുടെ മകന്‍ ആദ്യമായി താടി വടിച്ച കാര്യം പറഞ്ഞപ്പോള്‍  മുഖത്ത് വളരെ വിഷമമായിരുന്നു. "അവന്‍ വളരുകയാണ്. ഇനിയിപ്പോള്‍  അവന്ഗേള്‍ ഫ്രെന്‍ഡ് ഉണ്ടാകും. പിന്നെ അവന്‍ ഞങ്ങളെ വിട്ടുപോകും. ഇന്‍ഡ്യയില്‍ ആണെങ്കില്‍ അങ്ങനെയൊന്നും അല്ലല്ലോ അല്ലേ..". ആദ്യമായി  ഒരു സായിപ്പിന് മുന്‍പില്‍ ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയത് ആപ്പോഴായിരുന്നു. ചിലപ്പോള്‍ ഞാന്‍ പരിചയപ്പെട്ട വളരെക്കുറച്ച് അമേരിക്കക്കാരുടെ മാത്രം അഭിപ്രായമായിരിക്കാം.

ഇനിയിപ്പോള്‍ പാശ്ചാത്യനാടുകളെ അനുകരിക്കണമെങ്കില്‍ കിസ്സടിച്ചു തന്നെ വേണമെന്നില്ലല്ലോ. താഴെപറയുന്ന കാര്യങ്ങളും ചെയ്യാം.
  • സായിപ്പ് തന്‍റെ വീടിന്‍റെ മുന്‍പില്‍ ഉള്ള മഞ്ഞു മാറ്റി റോഡ് വൃത്തിയാക്കുമ്പോള്‍, നമ്മുടെ നാട്ടില്‍ മഞ്ഞില്ലാത്തതുകൊണ്ട് നമ്മുടെ വീടിന് മുന്നിലുള്ള റോഡ് അടിച്ചുവാരി വൃത്തിയാക്കാം.
  • പോലീസിനുവേണ്ടിയല്ലാതെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാം. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുക, കാര്‍ സീറ്റ് ബെല്‍റ്റ് ഇടുക തുടങ്ങിയ പരിപാടികള്‍
  • വണ്ടി ഓടിക്കുമ്പോള്‍ റോഡ് മറ്റുള്ളവര്‍ക്കും അവകാശപ്പെട്ടതാണ് എന്നു കരുതി വണ്ടിയോടിക്കുക. ഹോണ്‍ പരമാവധി കുറയ്ക്കാം. 
  • ആരെങ്കിലും റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ക്രോസ്സ് ചെയ്യാന്‍ അനുവദിക്കുക. ഹോണ്‍ അടിച്ചു അവരെ പേടിപ്പിച്ച് പോകരുതു.
  • കുട്ടികളെ കൊണ്ടുപോകുമ്പോള്‍ അവരെ ബേബീസീറ്റില്‍ ഇരുത്തി ബെല്‍റ്റ് ഇട്ടു കൊണ്ടുപോകുക.
  • എവിടെയെങ്കിലും ക്യൂ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത വെപ്രാളം  കാട്ടി ഇടയില്‍ കയറാതെ ശകലം ഡീസന്‍റ് ആയി നില്‍ക്കുക.
  • KSRTC ബസില്‍ കയറി ടികെറ്റും ചില്ലറയും തന്നില്ലെങ്കിലും ഇറങ്ങുമ്പോള്‍ കണ്ടക്ടര്‍ ,പറ്റിയാല്‍ ഡ്രൈവര്‍ മുതലായവരോട് ഒരു താങ്ക്സ് പറയുക.
  • ഇനി ഒന്നും പറ്റിയില്ലെങ്കില്‍ റോഡിലൂടെ ഒരു പട്ടിയെ കൊണ്ടുപോയി അതിന്‍റെ കാഷ്ടം ഒരു സഞ്ചിയില്‍ വരിയെടുക്കുക. അപ്പോള്‍ നിങ്ങളെ എല്ലാവരും ഒരു സായിപ്പ് ആയി കാണും.
അപ്പോള്‍ പറഞ്ഞു വന്നത് ഇന്ത്യന്‍ സംസ്ക്കാരം ആണെങ്കിലും പാശ്ചാത്യസംസ്കാരം ആണെങ്കിലും അതില്‍ നല്ലതും ചീത്തയും ഉണ്ട്. അന്ധമായി സായിപ്പിനെ അനുകരിക്കാതെ ഒന്നു ചിന്തിച്ചതിനുശേഷം നല്ലത് എന്താണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അത് പ്രവര്‍ത്തിക്കുക. .നിങ്ങള്‍ക്ക് സ്വന്തമായി ചിന്താശേഷി ഇല്ല എന്നു നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളെ ജനിപ്പിച്ച അച്ഛനമ്മമാരോട് ചോദിക്കുക. അതല്ല നിങ്ങള്‍ ഒരു ദിവസം വേറെ ആരോടും അധികം അഭിപ്രായം ചോദിക്കാതെ സ്വന്തമായി ചിന്തിച്ചിട്ടും പബ്ലിക് ആയി കിസ്സ് അടിക്കാന്‍ തന്നെയാണ് തോന്നുന്നതെങ്കില്‍ പിന്നെ വേറൊന്നും നോക്കരുത്. വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നുള്ള ലൈനില്‍ മറൈന്‍ ഡ്രൈവില്‍ ചെന്നു ആര്‍മാദിക്കുക.

പിന്നെ കല്യാണം കഴിയാത്ത പെങ്കുട്ടികളോട് ഒരു കാര്യം. സ്വാതന്ത്രം,  ന്യൂജനറേഷന്‍ എന്നൊക്കെപറഞ്ഞു ഇപ്പോള്‍ കൊറേ പേരൊക്കെ ധൈര്യം തരാന്‍ ഉണ്ടാകും. ഇക്കൂട്ടത്തില്‍പെട്ട ഒരുത്തന്‍ പോലും നിങ്ങളെ കെട്ടാന്‍ ഉണ്ടാകില്ല. കാരണം ഇവന്മാരൊക്കെ ജനിച്ചതും വളര്‍ന്നതും .ഇന്‍ഡ്യയില്‍ ആണ്, ഇവന്മാരുടെയൊക്കെ ഉള്ളിന്‍റെ ഉള്ളില്‍ പഴയ സദാചാരവാദി കാണും. അടുത്ത തലമുറയില്‍ അത് മാറുമായിരിക്കും.

എനിക്കു നേരിട്ടറിയാവുന്ന കേസുകളൊക്കെ ഇങ്ങനെയാണ്. ന്യൂജനറേഷന്‍ എന്ന ജാടക്ക് ഒരു കുറവും വരാതിരിക്കാന്‍ രാത്രി 10മണിക്ക് ഫ്രെന്‍ഡ്സ് എന്നും പറഞ്ഞു ഓരോരുത്തന്‍മാരുടെയൊക്കെ കൂടെ ഓരോ റെസ്റ്റോറന്‍റില്‍  പോകും. ന്യൂഇയറിന് ഇവന്‍മാരുടെയൊക്കെ കൂടെയിരുന്ന് വെള്ളമടിക്കും. പിന്നെ അവന്മാര്‍ തന്നെ അത് നാട്ടില്‍ പാട്ടാക്കും. അതില്‍ നിന്നും ഏതെങ്കിലും ഒരുത്തനെ വളച്ചെടുത്തില്ലെങ്കില്‍ പിന്നെ ഈ ജന്മത്ത് നേരെചൊവ്വേ വേറെ കല്യാണം ഒത്തുവരില്ല.

എന്നാലും 2012 സെപ്റ്റംബര്‍ 16 മുന്‍പ് ആരും ഇങ്ങനെ ഒരു പരിപാടി  കൊച്ചിയില്‍ സംഘടിപ്പിച്ചില്ലല്ലോ എന്ന വേദനയോടെ...

ദയവുചെയ്തു ഈ പോസ്റ്റിന്‍റെ പേരില്‍ മെക്കിട്ട് കയറാന്‍ വരരുത്. സദാചാരവാദികളെ നിങ്ങള്‍ കണ്ടല്ലോ ഞാന്‍ നിങ്ങളുടെ കൂടെയാണ്. പുരോഗമനവാദികളെ, നിങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരല്ലേ.എനിക്കു എന്‍റെ വ്യക്തിപരമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലേ?

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരു ദിവസം

How to get Affidavit from New York Indian consulate for kid's visa who is in India

I went there on 22Oct2014. If anybody wants this in English, please comment

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയി, എങ്ങിനെ നാട്ടിലുള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ട സത്യവാങ്മൂലം, അറ്റെസ്റ്റ്/സാക്ഷ്യപ്പെടുത്തല്‍ ചെയ്തെടുക്കാം

വമ്പന്‍ തലക്കെട്ട് ആയിക്കോട്ടെ എന്നു വിചാരിച്ചു. മലയാളത്തില്‍ ഏതൊരുത്തന്‍ ഗൂഗിളില്‍ തപ്പിയാലും ഇങ്ങോട്ട് തന്നെ വരണം.ഞാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അവിടെ പോയിരുന്നു. വലിയ കുഴപ്പമില്ലാതെ കിട്ടി.

ആര്‍ക്കൊക്കെ ഉപയോഗപ്പെടും

സാധാരണ ഇന്‍ഡ്യയില്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ടു എടുക്കണമെങ്കില്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കാണിക്കണം.മാതാപിതാക്കള്‍ക്ക്  പാസ്പോര്‍ട്ട് ഇല്ലെങ്കിലും കുഴപ്പമില്ല കൊച്ചിനു പാസ്പോര്‍ട്ടു കിട്ടും . രണ്ട് പേര്‍ക്കും തങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ വിരോധമില്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് അത്.

നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ നിങ്ങളുടെ ഭാര്യ / ഭര്‍ത്താവ് ഇന്‍ഡ്യയില്‍ ഉള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഒരു സത്യവാങ്മൂലം വേണം. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല എന്നാണ് പറയുന്നത്. ചുമ്മാ ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുത്താല്‍ പോരാ. അത്നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുള്ള ഒരു ഇന്ത്യന്‍ ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ പോയി അവിടത്തെ ഓഫീസറെകൊണ്ടു സാക്ഷ്യപ്പെടുത്തുകയും വേണം. സാധാരണ വേറെ രാജ്യത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനം കോണ്‍സുലേറ്റ് അല്ലെങ്കില്‍ എംബസി ആണല്ലോ. അപ്പോള്‍ അവിടെ പോയി സാക്ഷ്യപ്പെടുത്താം.

സംഗതി എല്ലാം ഇന്‍ഡ്യയുടെ എംബസികള്‍ അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ ആണെങ്കിലും ഓരോന്നും പിന്‍തുടരുന്നത് ഓരോ രീതികള്‍ ആണ്. ചിലയിടത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തു ചെല്ലണം. ചിലയിടത്ത് വേണ്ട. ഞാന്‍ പോയത് ന്യൂയോര്‍ക്കില്‍ ആയിരുന്നു. അപ്പോള്‍ അവിടെക്കു ഇനി പോകുന്നവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

മുന്‍കൂട്ടിയുള്ള ബുക്കിങ്

അതിന്‍റെയൊന്നും ആവശ്യമില്ല. അങ്ങോട്ട് ചെല്ലേണ്ടതാമസമേയുള്ളൂ.

കോണ്‍സുലേറ്റ് നില്‍ക്കുന്ന സ്ഥലം / യാത്ര

ന്യൂയോര്‍ക്കിലെ അത്യാവശ്യം അറിയപ്പെടുന്ന സെന്‍ട്രല്‍ പാര്‍ക്കിന് അടുത്തുതന്നെയാണ് കോണ്‍സുലേറ്റ്. വിലാസം അവരുടെ സൈറ്റില്‍ ഉണ്ട് (3 East 64th Street (Between 5th and Madison Avenues) New York, NY 10065). തീവണ്ടിയില്‍ ആണെങ്കില്‍ പെന്‍സ്റ്റേഷനിലും, ബസില്‍ ആണെങ്കില്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലും ഇറങ്ങുക. രണ്ടും 8ആമത്തെ അവന്യൂല്‍ ആണ്. ന്യൂ യോര്‍ക്കില്‍ റോഡുകള്‍ പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ വാങ്ങിയ ഗ്രാഫ് ബുക്കിലെ പേജ്  പോലെയാണ്. വലവിരിച്ച പോലിരിക്കും. ആക്കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതുന്നുണ്ട്. 

നടത്തം ആരോഗ്യത്തിന് നല്ലാതായതിനാല്‍ ഞാന്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ ഇറങ്ങി നേരെ സെന്‍ട്രല്‍ പാര്‍ക്കിന് വച്ച് പിടിച്ചു. അവിടെ നിന്നു 5 ആം അവെന്യുവിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ അവിടെനിന്നും 64ആം സ്ട്രീറ്റിലെക്കും. മൊത്തം 1.7 മൈല്‍. മാപ്പില്‍ വഴിതെറ്റിയതും ഒക്കെ കൂട്ടിയാല്‍ 3 കിലോമീറ്റര്‍ നടന്നു. ഇത് കേട്ടിട്ട് നിങ്ങള്‍ക്ക് അവിടെ പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഗൂഗ്ള്‍ മാപ്പ് നോക്കിതന്നെ പോയാല്‍ മതി.

നിങ്ങള്‍ പെന്‍സ്റ്റേഷനില്‍ ആണ് ഇറങ്ങുന്നത് എങ്കില്‍ നടക്കാന്‍ കുറച്ചധികം സമയം വേണ്ടിവരും. അങ്ങനെയുള്ളവര്‍ക്ക് മെട്രോ ട്രെയിന്‍ പിടിച്ചു പോകാം.

ആവശ്യമുള്ള രേഖകള്‍

വെബ് സൈറ്റ് പ്രകാരം ആവശ്യമുള്ള രേഖകള്‍ ഇവയാണ്

  1. കോണ്‍സുലേറ്റില്‍ നിന്നും എന്തു സേവനം വേണമെങ്കിലും ഒരു അപേക്ഷ പൂരിപ്പിക്കണം. അതില്‍ ഒരു ഫോട്ടോയും ഒട്ടിക്കണം.
  2. സത്യവാങ്മൂലത്തിന്‍റെ 2 കോപ്പികള്‍. ഒന്ന് എഴുതി ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പറ്റില്ല. രണ്ടും എഴുതുക തന്നെ വേണം. ഒന്ന് സാക്ഷ്യപ്പെടുത്തി നമുക്ക് തിരിച്ചു തരും.മറ്റേത് അവിടെ സൂക്ഷിയ്ക്കും
  3. പാസ്പോര്‍ട്ട് കോപ്പി..എല്ലാ പേജും വേണമെന്നില്ല.
  4. അസല്‍ പാസ്പോര്‍ട്. ഇത് അവിടെ കാണിക്കണം.
  5. അമേരിക്കയില്‍ താമസിക്കുന്നതിന്‍റെ ഒരു തെളിവ്. വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കോപ്പിയെടുത്താല്‍ മതി. 
  6. ലൈസന്‍സ് കോപ്പി ഉണ്ടെങ്കില്‍ അതിന്‍റെ ഒറിജിനല്‍

 വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള രേഖകള്‍ എടുക്കാം. അതായത് വിസ അംഗീകരിച്ച നോട്ടീസ്(I797B), അമേരിക്കന്‍  തൊഴില്‍ വകുപ്പിന്‍റെ LCA,കരം അടച്ച രസീത് ഉണ്ടെങ്കില്‍ അത് അങ്ങനെ പലതും. .എന്തും സംഭവിക്കാം. നമ്മള്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടിയേ പോകാവൂ.

നടപടി ക്രമങ്ങള്‍

ആദ്യം തന്നെ കോണ്‍സുലേറ്റ് അപേക്ഷാഫോം, സത്യവാങ്മൂലത്തിന്‍റെ കോപ്പികള്‍ പൂരിപ്പിക്കണം. അതില്‍ അപ്പന്‍റെയും അമ്മയുടേയും ഒപ്പ് വേണം.. നിങ്ങളില്‍ ഒരാള്‍ മാത്രമാണ് അമേരിക്കയില്‍ ഉള്ളത്. അതുകൊണ്ട് ഒരാളുടെ മാത്രം ഒപ്പ് മതി. മറ്റെയാള്‍ നാട്ടില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഈ രേഖ കാണിക്കുന്നതിന് മുന്‍പായി ഒപ്പിട്ടാല്‍ മതി

മുന്‍പ് പറഞ്ഞപോലെ നേരെ കോണ്‍സുലേറ്റില്‍ ചെല്ലുന്നു. 9:15AM ഓടുകൂടിയാണ് ഓഫീസ് തുറക്കുന്നത്. ഉച്ച വരെയേ അപേക്ഷകള്‍ സ്വീകരിക്കൂ. അത്യാവശ്യം വലിയ വരി അവിടെ കാണാം.ഞാന്‍ പോയത് ദീപാവലിയുടെ തലേ ദിവസം ആയതുകൊണ്ട് കാര്യമായി തിരക്ക് ഉണ്ടായില്ല. സംഗതി ഇന്‍ഡ്യന്‍ ഓഫീസ് ആണെങ്കിലും മൊട കാണിക്കാതെ വരിയില്‍ നില്‍ക്കുക.

വരിയില്‍ നില്‍ക്കുമ്പോള്‍. ഇഷ്ടം പോലെ കേള്‍ക്കാം, ഇന്ത്യക്കാര്‍ തന്നെ ഇന്ത്യന്‍ സംവിധാനങ്ങളെ കുറ്റം പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയല്ല എന്നു പറയുന്നതും. ഈ പറയുന്നവര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നവര്‍ ആണോ എന്ന് ആര്‍ക്കറിയാം. വെറുതെ പറഞ്ഞതല്ല ഉള്ളില്‍ കയറുമ്പോള്‍ കാണാം ഇവന്മാരുടെ അനുസരണം.

കടക്കുമ്പോള്‍ തന്നെ സെക്യൂരിറ്റി ഉണ്ട് എന്നു കാണിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന ഒരു എലെക്ട്രിക് വാതില്‍ ഉണ്ടാകും. ശക്തിമാന്‍ സീരിയലില്‍ കാണുന്നതുപോലെ അതില്‍ കുറെ എല്‍‌ഇ‌ഡി ബല്‍ബുകള്‍ മിന്നുന്നുണ്ടാകും . അധികം കാര്യമാക്കേണ്ട. പിന്നെ അതിനപ്പുറത്ത് സെക്യൂരിറ്റി ചേട്ടന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. പുള്ളി ഇടക്കിടെ ഉണ്ണാന്‍ പോകുന്നതുകൊണ്ട് മിക്കവാറും കാണില്ല. ഞാന്‍ പോയപ്പോള്‍ ഒരു കറുമ്പന്‍ ആയിരുന്നു. പുള്ളി നമ്മളെ കണ്ടാല്‍, നമ്മളോട് എന്താ കാര്യം എന്നു ചോദിക്കും. കാര്യത്തിന് അനുസരിച്ചു നമ്മളെ ഓരോ ടോകണ്‍ തന്നു കൌണ്ടര്‍ നംബര്‍ പറഞ്ഞുതരും. എന്നോടു പറഞ്ഞത് ആറാമത്തെ കൌണ്ടര്‍ ആണ്. ഇനിയിപ്പോള്‍ പുള്ളി ഇല്ലെങ്കിലും പേടിക്കേണ്ട. അവിടെ എവിടെയെങ്കിലും ടോകണ്‍ ബുക്ക് കാണും .അതില്‍ നിന്നും ഒരു ടോകണ്‍ കീറിയെടുക്കുക. പിന്നെ പുള്ളിയെ കണ്ടാല്‍ ടോകണ്‍ എടുത്തിട്ടുണ്ട് എന്ന്‍ ഒന്ന് പറഞ്ഞേക്ക്..

ഇനി എന്തെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വിട്ടുപോവുകയോ നമ്മള്‍ പൂരിപ്പിച്ചത് തെറ്റിപ്പോകുകയോ ചെയ്താല്‍ അവിടെ കോണ്‍സുലേറ്റിന് ഉള്ളില്‍തന്നെ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉണ്ട്. പക്ഷേ ഒടുക്കത്തെ കാശാണ്. ഒരു കോപ്പി 1ഡോളര്‍. ഇപ്പോഴത്തെ റേറ്റ് വച്ച് നോക്കിയാല്‍ 60 രൂപ.ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ചിലയാളുകള്‍ അവിടെ വന്നു ഫോട്ടോസ്റ്റാറ്റ് എടുത്തു പോകുന്നത് കണ്ടു. ചിലപ്പോള്‍ തോന്നും ഫോട്ടോസ്റ്റാറ്റ് കട കോണ്‍സുലേറ്റ് ആക്കിയതാണോ എന്നു.ഫോട്ടോസ്റ്റാറ്റിന്‍റെ കാശ് വാങ്ങിക്കുന്നത് ആ സെക്യൂരിറ്റി ചേട്ടനാണ്. ചേട്ടനോട് ബില്‍ ഒന്നും ചോദിക്കരുത്. പാവമല്ലേ. 

ചുമ്മാ പാവം എന്നു പറഞ്ഞതല്ല കാര്യം ഉണ്ട്. കോണ്‍സുലേറ്റിന് ഉള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫ് ചെയ്തു വയ്ക്കണം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ കയറുന്ന ഓരോ ആളുകളോടും ആ പാവം ചേട്ടന്‍ പറയുന്നുമുണ്ട്. പക്ഷേ മിനുട്ടില്‍ ഒന്ന് വച്ച് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേള്‍ക്കാം. കോണ്‍സുലേറ്റിന് അകത്തു  ഇന്‍ഡ്യയല്ലേ, എന്തു നിയമം? പുറത്തിറങ്ങിയാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന പുല്ല് പോലും നിയനം അനുസരിച്ചു വെട്ടുന്നവനാ,അതുപോലെ പുറത്തു നിന്നു ഇന്‍ഡ്യന്‍ ഓഫീസ് വ്യവസ്ഥയേയും ഒക്കെ കുറ്റം പറഞ്ഞവനാ, ഇങ്ങോട്ട് കയറിയാല്‍ പിന്നെ സ്വഭാവം വേറെ. ആ പാവം സെക്യൂരിറ്റി ചേട്ടന്‍ ഓരോരുത്തരേയും വിളിച്ച് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. ഒരുത്തന്‍ അതിനിടയില്‍ ചോദിക്കുന്നു. ഫോണ്‍ ഓണ്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന്? അമേരിക്കന്‍ ഓഫീസില്‍ പച്ച അണ്ടര്‍വെയര്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന്‍ പറഞ്ഞാല്‍ RGB(0,255,0) എന്ന കളറില്‍ സാധനം വാങ്ങിയിടുന്നവനാ ഇന്ത്യന്‍ ഓഫീസില്‍ എതിര് പറയുന്നത്. ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാം ഫോണില്‍ വര്‍ത്താനം പറഞ്ഞാല്‍ കൌണ്ടറില്‍ നിന്ന്‍ പറയുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും എന്നുള്ള ബുദ്ധിപോലും ഇല്ല.
.
ഇതില്‍നിന്നും ഒരു കാര്യം മനസിലായി. ഇന്ത്യന്‍ ആളുകള്‍ നിയമം അനുസരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. എങ്ങിനെ എളുപ്പം കാര്യം നടത്താം എന്നേ അവര്‍ ചിന്തിക്കൂ.  അവരില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ജോലിക്കാരും, രാഷ്ട്രീയക്കാരും നല്ലവരാകണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? ആരോ പണ്ട് പറഞ്ഞത് ഓര്‍മ വരുന്നു. 

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേയെ ലഭിക്കൂ.

നാട്ടുകാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു. ഇനിയാണ് വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യം. നിങ്ങള്‍ എവിടെ ഇരുന്നാലും അവിടെ ടോകണ്‍ കാണിക്കുന്ന എല്‍‌സി‌ഡി സ്ക്രീനില്‍ എപ്പോഴും ഒരു കണ്ണു വേണം. കാരണം ആരും നമ്പര്‍ വിളിക്കില്ല, വലിയ സ്പീകര്‍ ഒക്കെ ഉണ്ടെങ്കിലും. ശബ്ദമലിനീകരണം അതവര്‍ക്ക് പണ്ടേ ഇഷ്ടമല്ലത്രേ. ഇനി അടുത്ത ബുദ്ധിപരമായ കാര്യം.നിങ്ങള്‍ക്ക് കിട്ടുന്ന കൌണ്ടര്‍ 6 ആണെങ്കില്‍ ടോകണ്‍ നമ്പര്‍ അറുന്നൂറിനും എഴുന്നൂറിനും ഇടക്കുള്ള സംഖ്യ ആയിരിക്കും. ആകെ ഒരു എല്‍‌സി‌ഡി യെ ഉള്ളൂ എല്ലാ കൌണ്ടറുകള്‍ക്കും കൂടി. അപ്പോള്‍ 618 എന്നു കണ്ടാല്‍ അത് 6 ആമത്തെ കൌണ്ടറില്‍ 18ആമത്തെ നമ്പര്‍ ആണെന്ന്‍ മനസിലാക്കണം.

അങ്ങനെ 9:30,9:45 ഓടുകൂടി ആദ്യത്തെ ടോകണ്‍ നമ്പര്‍ വിളിച്ചു എന്ന് കരുതുക. പിന്നെ അവിടെ കൌണ്ടറിന്‍റെ അടുത്ത് പതുക്കെ ഒരു തിരക്ക് വരും. പിന്നെ ഒരു വരിയാകും. എന്‍റെ ചേട്ടാ എന്തിനാ വരി. ടോകണ്‍ നമ്പര്‍വിളിക്കുമ്പോള്‍ എഴുന്നേറ്റ് പോയാല്‍ പോരേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാനൊന്ന്‍ എന്‍റെ രേഖകള്‍ നോക്കുന്നതിനിടക്ക് അത്യാവശ്യം നല്ല വരി അവിടെ ഉണ്ടായി. പിന്നെ നമ്മളും ഇതൊക്കെ കഴിഞ്ഞു വന്നതുകൊണ്ട് 2-3 പേരോട് നമ്പര്‍ കാണിക്കാന്‍ പറഞ്ഞു. അവരുടെ നമ്പര്‍ എന്‍റെ നമ്പര്‍ കഴിഞ്ഞു ഉള്ളതായതുകൊണ്ട് അവരുടെ മുന്പില്‍ കയറി നിന്നു.

കൌണ്ടറില്‍ ഇരിക്കുന്ന കഷണ്ടിയുള്ള പുള്ളിയെ കണ്ടാലെ അറിയാം മലയാളി ആണെന്ന്‍.

പുള്ളി, കൈ നീട്ടുന്നു.

സണ്‍... ഇന്ത്യ ...പാസ്പോര്‍ട്ട്... എന്ന് പറഞ്ഞപ്പോഴേ പുള്ളി ഓകെ പറഞ്ഞു.

അങ്ങനെ ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തു.

പുള്ളി പിന്നേയും കൈ നീട്ടി.

ഞാന്‍ സത്യവാങ്മൂലത്തിന്‍റെ ഒരു കോപ്പി കൊടുത്തു.

പുള്ളി പിന്നേയും.

ഞാന്‍ ഇനിയെന്താ?

ഇതിന്‍റെ കോപ്പി.

അയ്യോ അത് പൂരിപ്പിച്ചിട്ടില്ലല്ലോ. ഇത് ശരിയാണോ എന്ന് നോക്കിയിട്ട് അത് പൂരിപ്പിക്കാം എന്ന് വിചാരിച്ചു.

അന്നാ അത് പൂരിപ്പിക്ക്.

ഞാന്‍ കൌണ്‍ഡറില്‍ ഒന്ന്‍ സൈഡ് ആയി നിന്നിട്ട് പൂരിപ്പിച്ചു. അപ്പോഴേക്കും വേറെ ഒരുത്തന്‍ കഷ്ടപ്പെട്ട് ഒരു ആപ്ലികേഷന്‍ കൊടുത്തു.എന്‍റെ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍റെ ഏകദേശം പകുതിയായി. ഞാന്‍ പിന്നെയങ്ങ് ക്ഷമിച്ചു.

അതുകഴിഞ്ഞപ്പോള്‍ പുള്ളി വീണ്ടും കൈ കാട്ടി.

ഞാന്‍ രണ്ടാമത്തെ കോപ്പി കൊടുത്തു.

പുള്ളി വീണ്ടും

ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തു.

തരാനുള്ളത് എല്ലാം ഒരുമിച്ച് അങ്ങ് തന്നൂടെ?

ഞാന്‍പിന്നെ മടിച്ചില്ല. ഡ്രൈവിങ് ലൈസന്‍സ് കോപ്പി കൂടി കൊടുത്തു. ഒറിജിനല്‍ ബുദ്ധിപൂര്‍വം ഞാന്‍ തന്നെ പിടിച്ചു.

പുള്ളി എന്തൊക്കെയോ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ കുത്തി. ദാണ്ടെ സൈഡില്‍ നിന്നു ഒരു ബില്ല്.

ഞാന്‍ 20$ നോട്ട് എടുത്തു പിടിച്ചു

ആ.. പതിമൂന്ന് ഡോളര്‍.

ഞാന്‍ അത് കൊടുത്തു.

എനിക്കു വേണ്ടത് പതിമൂന്ന് ഡോളര്‍ ആണ്.

അല്ല.. ഞാന്‍ തന്നത് 20$ അല്ലേ.

എനിക്കു പതിമൂന്ന് ഡോളര്‍ മതിയെന്ന്‍ പറഞ്ഞു പുള്ളി എനിക്കു 20$ മടക്കിത്തന്നു.

പണി പാളി.ബില്ല് അടിച്ചു. പാസ്പോര്‍ട്ട് പുള്ളിയുടെ കൈയ്യില്‍.കേരളത്തിലെ ബസ് കണ്ടക്ടര്‍ ചേട്ടന്‍മാരേ നിങ്ങള്‍ ഒക്കെ എന്തു ഡീസന്‍റ് ആണ്...

വരിയില്‍ നില്‍ക്കുന്ന എല്ലാവന്മാരും, അവളുമാരും ഇന്‍ഡ്യക്കാരാണ്. അതും പോരാഞ്ഞു ഞാന്‍ അവന്മാരെ ടോകണ്‍ നംബര്‍ കാണിച്ചു പുറകിലാക്കിയതാണ്. എട്ടിന്‍റെ പണി.

പിന്നെ മലയാളിയോടാ കളി. ഒരു വളിച്ച ചിരി ഫിറ്റ് ചെയ്തു ഓരോരുത്തരോടായി എരന്നു. അവന്മാരും ഒരു ചിരി ചിരിച്ചു ഇല്ല എന്ന് പറഞ്ഞു. അപ്പോഴുണ്ട് ഒരുത്തി കുറച്ചു പുറകിലാണ്കൈയ്യില്‍ ഒരു പത്തും 3 ഒറ്റ ഡോളര്‍ നോട്ടുകളും പിടിച്ചു നില്‍ക്കുന്നു. ഹായ് ച്ചേച്ചി... ചേച്ചിയുടെ കൈയില്‍ ഉള്ളത് എനിക്കു തരികയാണെങ്കില്‍ , നമുക്കൊരുമിച്ച്...പൈസ കൊടുക്കാം. പ്ലീസ്സ് ചേച്ചി...എനിക്കു വേറെ വഴിയില്ല....കാപ്പാത്തുങ്കോ...

പൈസ കൊടുക്കാന്‍ അല്ലേ.ഓകെ ശരി. അങ്ങനെ ഞാന്‍ കൌണ്ടറില്‍ ചേച്ചിയുടെ നമ്പര്‍ വരുന്നതും നോക്കി താടിക്ക് കയ്യും കൊടുത്തിരിപ്പായി.അപ്പോഴാണ് ആ കാഴ്ച കണ്ടത്.

ഇപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്നവനോടും 13 ഡോളര്‍ ചോദിച്ചു. ഓഹോ നീ കൊടുക്കുന്നതു ഒന്ന്‍ കാണട്ടെ. അവന്‍ വളരെ ഡീസന്‍റ് ആയി പോക്കറ്റില്‍ നിന്നും 13 ഡോളര്‍ എടുത്തു.

ചേട്ടാ .ഞാനിവിടെ നില്‍ക്കുമ്പോള്‍ അങ്ങനെയങ് കൊടുത്താലോ. നമുക്ക് ഒരുമിച്ച് കൊടുക്കാം ചേട്ടാ.പ്ലീസ് ചേട്ടാ.

ആ ശരി. ഓഫീസര്‍ സമ്മതിച്ചാല്‍ ഒക്കെ.

പിന്നെ നമ്മുടെ കാശ് നമ്മള്‍ കൊടുക്കുന്നതിന് ഓഫീസറുടെ സമ്മതം.

ആയിക്കോട്ടെ ചേട്ടാ. ചോദിച്ചിട്ട് കൊടുത്താല്‍ മതി.

അല്ല സാറേ ഞങ്ങള്‍ ഒരുമിച്ച് പൈസ തരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ.? ഇല്ല്യോ?

ആ കാശ് താ..

ഞാനപ്പോഴേ പറഞ്ഞില്ലേ സാര്‍ നല്ല മനുഷ്യനാണെന്ന്. ചേട്ടന്‍ ആ 13$ ഇങ്ങ് തന്നെ. എന്‍റെ കൈയ്യില്‍ 3 ഡോളര്‍ ഇരിപ്പുണ്ട്. എന്‍റെ കൈയിയിലെ 20 ഡോളറും, ചേട്ടന്‍റെ കയ്യില്ലെ 3 ഡോളറും പിന്നെ എന്‍റെ കൈയ്യിലെ 3 ഡോളറും ചേര്‍ന്നാല്‍ എത്ര? അത് അങ്ങ് കൊടുത്താല്‍ മതി.

പുള്ളിക്ക് അത് അങ്ങ് മനസിലായില്ലെങ്കിലും പുള്ളി അത് കൊടുത്തപ്പോള്‍ ഓഫീസര്‍ ഒന്നും പറയാഞ്ഞതുകൊണ്ട് കാര്യങ്ങള്‍ നടന്നു.

സാടെ ബാരഹ് ബജെ മിലേഗാ.നമ്മുടെ കൈയ്യിലെ കാശ് വാങ്ങിക്കഴിഞ്ഞു കൌണ്ടറില്‍ നിന്നോരു ശബ്ദം.

അല്ല അപ്പോള്‍ ഇന്ന്‍ ഇത് കിട്ടില്ലേ?

ട്വെല്‍വ് തെര്‍ട്ടീ.

ഓ ശരി.

ഞങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ഉള്ളവരാ സാറേ. അതില്‍ പറഞ്ഞിരിക്കുന്നത് 4.:30 നു ആണ് തിരിച്ചു കിട്ടൂ എന്നാണല്ലോ. സാറിന്‍റെയൊരു തമാശ എനിക്കു വയ്യ.

ഇപ്പോള്‍ സമയം 10 .ഇനി രണ്ട് ,രണ്ടര മണിക്കൂര്‍.കാലത്ത് ജല ഭക്ഷണം കഴിഞ്ഞു ഇറങ്ങിയതാ.പുറത്താണെങ്കില്‍ ഒടുക്കത്തെ തണുപ്പ്. ഓ ഇനിയിപ്പോള്‍ ഡയറ്റ് ചെയ്യാം.
.
കാര്യങ്ങള്‍ ഒക്കെ മംഗള്‍യാന്‍ ആയി എന്ന് വിചാരിച്ചു അവിടത്തെ കസേരയില്‍ ഇരുന്ന്‍ പേന പോക്കറ്റില്‍ വയ്ക്കുമ്പോഴാണു മനസിലായത് പോക്കറ്റില്‍ ഇപ്പോള്‍ ഉണ്ടാകേണ്ടാത്ത ഒരു സാധനം പോക്കറ്റില്‍ ഇരിക്കുന്നു. വേറെയൊന്നുമല്ല ഫോട്ടോ. ആപ്ലികേഷന്‍ കൊടുക്കുമ്പോള്‍ അതിനു മുകളില്‍ ഉള്ള പെട്ടിയില്‍ ഒട്ടിക്കേണ്ടതാണ് ആ ഫോട്ടോ. ഇനിയിപ്പോള്‍ ടെന്‍ഷന്‍ അടിക്കാന്‍ വേറെ ഒന്നും വേണ്ടല്ലോ. അവിടെ പോയി പറയണോ വേണ്ടയോ, പറയണോ വേണ്ടയോ എന്ന്‍ ഒരു ശങ്ക. പുള്ളിയുടെ മുഖത്ത് നോക്കിയാല്‍, ഓ എന്തിനാ വെറുതെ പറയുന്നത് എന്ന് തോന്നിപ്പോകും. ഇനിയിപ്പോള്‍ വരുന്നിടത്ത് വച്ച് കാണുകതന്നെ.

പക്ഷേ ദൈവാദീനമെന്ന് പറയട്ടെ, ദൈവത്തിന്‍റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം, സര്‍വ്വശക്തനായ ദൈവം കടാക്ഷിച്ചത് ഒന്നുകൊണ്ട് മാത്രം , പ്രൈസ് ദി ലോര്‍ഡ് പ്രൈസ് ദി ലോര്‍ഡ്, ഹല്ലെല്ലുയ്യ ഹല്ലെല്ലുയ്യ ഒരു പന്ത്രണ്ടേമുക്കാല്‍ ,ഒന്ന്‍, ഒന്നേ പത്തു, ഒന്നേകാലോടുകൂടി സാധനം കൈയ്യില്‍ കിട്ടി. 

ഹമ്മേ ആദ്യമായി ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒരു കാര്യം ആദ്യത്തെ പ്രാവശ്യം തന്നെ നടന്നു.

ആവശ്യത്തിന് ചളി വായിച്ചല്ലോ. ഇനി സീരിയസ് ആയി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ സന്ദേശം അയക്കേണ്ട വിലാസം ജോയ്മോന്‍@ജീമെയില്‍.കോം. വിളിക്കേണ്ട നംബര്‍ NO1-NOJOY-16

കോണ്‍സുലേറ്റ് കാഴ്ചകള്‍

കോണ്‍സുലേറ്റ് ഒരു പഴയ പ്രൌഢഗംഭീരമായ, പഴമയുടെ ഭംഗിയുള്ള കെട്ടിടമാണ്. ഇന്ത്യന്‍ പതാകയും അമേരിക്കന്‍ പതാകയും ഒരു കോണ്‍സുലേറ്റില്‍ വേണം എന്നാണല്ലോ ഒരു നാട്ടുനടപ്പ്. അമേരിക്കന്‍ പതാക കാണാനെയില്ല. ഇന്ത്യന്‍ പതാക തലേ ദിവസത്തെ കാറ്റില്‍ ഒന്ന് ചുരുണ്ടിട്ടുണ്ട്. നനഞ്ഞതുകൊണ്ട് പറക്കാന്‍ പറ്റുന്നില്ല. ഫോട്ടോ എടുക്കാന്‍ തോന്നിയെങ്കിലും എടുത്തില്ല. വെറുതെ എന്തിനാ നമ്മളായിട്ട്.അല്ലേ..

കോണ്‍സുലേറ്റില്‍ രണ്ട് രണ്ടര മണിക്കൂര്‍ പോയത് അറിഞ്ഞില്ല. അതിനു മാത്രം ആളുകളല്ലെ വന്നും പോയും ഇരിക്കുന്നത്.

കോണ്‍സുലേറ്റിന് പുറത്തു വരിയില്‍ നിന്നപ്പോള്‍ പരിചയപ്പെട്ട ഒരു പഞ്ചാബി ഉണ്ടായിരുന്നു. വല്യപുള്ളിയാ. പുള്ളിക്ക് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒക്കെയുള്ളതാ. പുള്ളിക്ക് ഇപ്പോള്‍ ഒരു ഇന്ത്യന്‍ വിസ കിട്ടണം. ഇപ്പോള്‍ ഇന്ത്യന്‍ വിസ വേറെ ഒരു കമ്പനിക്കു ഔട്ട്സോര്‍സ് ചെയ്തിരിക്കുവാണല്ലോ. പുള്ളി ആ ഇന്ത്യന്‍ വിസ കൈകാര്യം ചെയ്യുന്ന അവന്മാരെ വിളിച്ചത്രേ.അവര്‍ ബുദ്ധിപരമായി ഫോണ്‍ എടുത്തില്ല. അതും പറഞ്ഞു ഒഹൈയൊ എന്ന സംസ്ഥാനത്ത് നിന്നു കോണ്‍സുലേറ്റുകാരെ തെറി പറയാന്‍ കുറ്റിയും പറിച്ചു വന്നേക്കുവാണ്.

അന്വേഷണകൌണ്ടറില്‍ ഇരിക്കുന്ന ചേച്ചിയോട് "എനിക്കൊരു വിസ വേണം.പെട്ടെന്നായിക്കോട്ടെ.ഞാന്‍ 500 മൈല്‍ കാറോടിച്ചിട്ട് വരുവാ.പോയിട്ട് ധൃതിയുള്ളതാ".ഞാന്‍ അവന്മാരെ വിളിച്ചിട്ട് അവര്‍ ഫോണെടുത്തില്ല.

നിങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് ചെയ്യേണ്ടത് അല്ലാതെ അവരെ വിളിക്കേണ്ട കാര്യമില്ല എന്ന്‍ അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി.

അതെന്താ അങ്ങനെ.അതൊന്നും എനിക്കു അറിയേണ്ട കാര്യമില്ല.ഞാന്‍ 500മൈല്‍ വണ്ടിയോടിച്ച് വന്നേക്കുവാ. എന്ന് പഞ്ചാബി. 

(പാവം അമേരിക്കക്കാരനാ.എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടാ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒപ്പിച്ചെടുത്തത്. ഔട്ട്സോര്‍സ് എന്ന് വച്ചാല്‍ അമേരിക്ക മാത്രം ചെയ്യുന്ന കാര്യമാണെന്നായിരുന്നു പാവത്തിന്റെ വിചാരം. നല്ല വിഷമമുണ്ട്)

അല്ല നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ശരിക്കും. അപ്ലൈ ചെയ്തോ?

(ഇങ്ങനെ ഡീസന്‍റ് ആയി നിന്നു കാര്യങ്ങള്‍ പറയുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല.)

ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ വിളിച്ചാല്‍ വരെ അവര്‍ ഫോണ്‍ എടുക്കും. നിങ്ങള്‍ മാത്രമേ ഇങ്ങനെയുള്ളൂ. ഞാനെ 500 മൈല്‍ വണ്ടിയോടിച്ചിട്ടു വരുവാ..

(എന്നാ പിന്നെ ഇയ്യാള്‍ക്ക് ബംഗ്ലാദേശില്‍പ്പോയാല്‍ പോരേ)

നിങ്ങളുടെ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ അവര്‍ പ്രോസസ്സ് ചെയ്തോ ? എന്തെങ്കിലും നംബര്‍ ഉണ്ടോ.

നിങ്ങള്‍ എനിക്കു വിസ തരാന്‍ പറ്റോ ഇല്ലയോ? ഔട്ട്സോര്‍സ് ചെയ്തു കിട്ടിയവന്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. 500മൈല്‍ വണ്ടിയോടിച്ചിട്ട് വരുന്നതാ ഞാന്‍ ഈ ഒരു കാര്യത്തിന് വേണ്ടി. എനിക്കു അടുത്ത ആഴ്ച ഇന്‍ഡ്യയിലേക്ക് പോകേണ്ടതാ.ടിക്കേറ്റ് വരെ ബുക്ക് ചെയ്തു.

തന്നോടു ഞാന്‍ പറഞ്ഞോടോ 500 മൈല്‍ വണ്ടിയോടിച്ചിട്ട് വരാന്‍. തനിക്ക് വിസ വേണമെങ്കില്‍ ഓണ്‍ലൈന്‍ അപ്ലൈ ചെയ്യ്. എന്നിട്ട് ഒന്നോ രണ്ടോ .മാസം കഴിഞ്ഞിട്ടും നടപടിയായില്ലെങ്കില്‍ ആ നമ്പരും കൊണ്ട് വാ.അപ്പോള്‍ നോക്കാം. വിസ കിട്ടുന്നതിനുമുന്‍പാണോടോ ടികെറ്റ് ബുക്ക് ചെയ്യുന്നത്?

അതിനിടയില്‍ എനിക്കു മനസിലാവാത്ത കുറച്ചു ഹിന്ദി ഉണ്ടായിരുന്നു. തന്‍റെ അപ്പനും അമ്മക്കും കൂടി വേണോടോ വിസ എന്നായിരിക്കും ചോദിച്ചത് എന്ന് എനിക്കു അവരുടെ മുഖഭാവത്തില്‍ നിന്നും മനസിലായി..

ഓകെ മാഡം. താങ്ക്സ്.

എന്തായാലും ആ ചേച്ചി അല്ല മാഡം ഒരു പഞ്ചാബി തന്നെ. പഞ്ചാബിയില്‍ എന്തു സിംമ്പിള്‍ ആയിട്ടാണ് കാര്യം പറഞ്ഞു മനസിലാക്കിയത്.

പിന്നെ വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഉണ്ടായത് ഞാനും ഇന്ത്യന്‍ സ്വഭാവം കാണിച്ചപ്പോഴാണ്. വിജയശ്രീലാളിതനായി, ഫോട്ടോ ഒട്ടിക്കാത്തതുകൊണ്ട് സംഗതി കിട്ടുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന നേരം.

ചേട്ടാ ചില്ലറയുണ്ടോ ഒരു 3 ഡോളര്‍ എടുക്കാന്‍.. ഒരുത്തന്‍ വളിച്ച ചിരി ഫിറ്റ് ചെയ്തു എന്നോടു ചില്ലറ ചോദിക്കുന്നു.

ചില്ലറയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല.

പിന്നെ അവന്‍ .അപ്പുറത്തെ ഭാഗത്ത് ഇരിക്കുന്നവരോട് ചില്ലറ ചോദിച്ചപ്പോള്‍ മനസിലായി അവനും എന്‍റെ ഗതി ആയിരുന്നെന്ന്. അവന്‍ അവിടെ നിന്നു ചില്ലറ കിട്ടാതെ ഇങ്ങോട്ട് വന്നാല്‍ അവനെ വിളിച്ചു കൊടുക്കണം ചില്ലറ.

പക്ഷേ അവന് .വേറെ ആരുടെയോ അടുത്തുനിന്ന് കിട്ടി.

പിന്നെ കാര്യമായി ഒരു സംഭവവും ഉണ്ടായില്ല. ഓരോരുത്തന്‍മാരുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നതൊഴിച്ചാല്‍. റിങ്ങ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ വന്നു ഫോണ്‍ ഓഫ് ചെയ്യാന്‍ പറയും. നമ്മുടെ ആളുകളല്ലെ ഫോണ്‍ ഒന്ന്‍ മാറ്റിപ്പിടിക്കും അല്ലെങ്കില്‍ പോക്കറ്റില്‍ ഇടും. .വീണ്ടും റിങ്ങ് ചെയ്യും.

ഫോണ്‍ അല്ലേ ഓഫ് ആക്കേണ്ടത് ഐപാഡ് കുഴപ്പമില്ലല്ലോ. ഞാന്‍ നമ്മുടെ സംഗതിയെടുത്ത് മാന്തിതുടങ്ങി. ഐപാഡേ...സെക്യൂരിറ്റി അവന്മാരോടൊക്കെ ഓഫ് ചെയ്യാന്‍ പറയുന്നു. എന്നോടു പറയുന്നില്ല. നമ്മളെ നോക്കി . മറ്റുള്ളവര്‍ അസൂയപ്പെടുന്നത് ഒരു സുഖമുള്ള കാര്യമാണല്ലോ എന്ന് കരുതി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഐപാഡില്‍ ബൈബിള്‍ വായിച്ചുതുടങ്ങി. സങ്കീര്‍ത്തനങ്ങള്‍. 

ബല്ലേ ബല്ലേ...അരേ ബല്ലേ ബല്ലേ...

ഐപാഡില്‍ നിന്നും തലേ പോക്കിയപ്പോഴാണ് മനസിലായത് ഞാന്‍ ഇരിക്കുന്നത് ഒരു കൂട്ടം പഞ്ചാബികളുടെ ഇടയില്‍ ആണ്. കൂട്ടത്തില്‍ വലിയ താടിയുള്ള ഒരു പുള്ളി വന്നപ്പോള്‍ ഇവന്മാര്‍ നമസ്കാരം പറഞ്ഞതാണ്. ആകെ മൊത്തം കലപില. സെക്യൂരിറ്റി നില്‍ക്കുന്ന കറുമ്പന്‍ വേറെ ഏതോ ഒരു കറുമ്പനോട് വര്‍ത്താനം പറഞ്ഞിരിക്കുന്നു. തിരിച്ചു കൊടുക്കുന്ന സമയം ആയത്തോടുകൂടി നിറയേ ആളുകളായി. അവന്മാര്‍ വിളിച്ചു തുടങ്ങിയത് അവസാനം കൊടുത്ത ആളിന്‍റെ പേര്‍ മുതലാണ്. പിന്നെ ഭാഗ്യത്തിന് എന്‍റെ പേര്‍ നാലാമതായി വിളിച്ചു.

അങ്ങനെ ഇതും സീരിയസ് ആയി എഴുതിതുടങ്ങി ചളിയില്‍ അവസാനിച്ചു.. പ്രധാനപ്പെട്ട ലിങ്കുകള്‍ ഒക്കെ താഴെ കൊടുക്കുന്നു

http://www.indiacgny.org/pages.php?id=3 - ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസസ് ലിങ്ക്. ആപ്ലികേഷന്‍ ഫോമുകള്‍ ഒക്കെ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം
http://www.immihelp.com/forum/archive/index.php/t-41980.html - കൊള്ളാവുന്ന ഒരു ഫോറം ലിങ്ക് ആണ്

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

രണ്ടാം വിവാഹവാര്‍ഷികം

അങ്ങനെ രണ്ടാമത്തെ കൊല്ലവും കഴിഞ്ഞു. കഴിഞ്ഞ തവണ എന്തൊക്കെ ജാഡയായിരുന്നു. കേക്ക് മുറിക്കുന്നു. അത് അങ്ങോടും ഇങ്ങോടും കൊടുക്കുന്നു.  ഇപ്പ്രാവശ്യം സ്കൈപ്പ് വഴി "Happy Wedding Anniversary" എന്നു അങ്ങോടും "Same to you" എന്ന്‍ ഇങ്ങോടും മാത്രം. അപ്പോഴത്തേക്കും ജോഹന്‍ കരഞ്ഞു.

ബൈ തേ ബൈ ഇത്തവണ ഒരാള്‍ക്കൂടി ഞങ്ങളോടുകൂടിയുണ്ട്. ഞങ്ങളുടെ ആദ്യത്തെ സന്താനം ജോഹന്‍. ഇപ്പോള്‍ 4 മാസം പ്രായം. ആശാന്‍ വളരെ ഉഷാറാണ്. ധന്യക്കിട്ട് എട്ടിന്‍റെ പണി കൊടുക്കുന്നുണ്ട്. ഞാന്‍ അവിടെയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.

അത് പറഞ്ഞപ്പോഴാണ് എന്‍റെ കാര്യം എനിക്കു ഓര്‍മ്മ വന്നത്. ഞാന്‍ ഇപ്പോള്‍ അമേരിക്കയിലും ധന്യയും മോനും നാട്ടിലും ആണ്. വിസ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉണ്ടായിരുന്നെങ്കിലും കമ്മറ്റിയുടെ തീരുമാനം അന്തിമമാണ് എന്നു പറയുമ്പോലെ കമ്പനിയുടെ അന്തിമമായ തീരുമാനം വന്നപ്പോള്‍ വൈകി. അങ്ങനെ വൈകി വൈകി ധന്യയുടെ പ്രസവത്തിന്റെ ഡേറ്റിനോട് അടുത്താണ് എനിക്കു പോകേണ്ട ടികെറ്റ് വന്നത്. 2013 ഒക്ടോബറില്‍ തന്നെ വരാന്‍ പറ്റിയിരുന്നെങ്കില്‍ ജോഹന്‍ അമേരിക്കക്കാരന്‍ ആയേനെ. അങ്ങനെ എന്‍റെ മോനേ ഇന്‍ഡ്യക്കാരന്‍ ആയി ജനിക്കാന്‍ സഹായിച്ച കമ്പനിയോടുള്ള നന്ദി ഇവിടെ എടുത്തുപറയേണ്ടതാണ്.

പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിക്കാത്തതുകൊണ്ട് പ്രസവസമയത്ത് ഓടിനടക്കാന്‍ വീട്ടുകാരും ബന്ധുക്കാരും ഉണ്ടായി. പ്രസവം എന്നു പറഞ്ഞാല്‍ വല്ലാത്തൊരു സംഭവം തന്നെ. എസ്‌എസ്‌എല്‍‌സി റിസല്‍റ്റ് പോലും ഇന്ന സമയത്ത് വരും എന്നൊരു ഉറപ്പുണ്ട്. പക്ഷേ ഇത് സമയം ഒരു പിടിയും ഇല്ല.  അതുപോലെ ജോഹന്‍ രാത്രി കിടന്ന്‍ കരയുമ്പോഴും ഉറക്കം കളയാനും വീട്ടുകാരുണ്ട്.പാവം ധന്യ. മിക്കവാറും രാത്രിയില്‍ ഉറക്കമില്ല.

പക്ഷേ സ്കൈപ്പ് ഉള്ളതുകൊണ്ടു പ്രവാസത്തില്‍ ആണെന്ന ഒരു ഫീലിങ് ഇല്ല. നാട്ടില്‍ BSNL അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് നല്ല കിടിലന്‍ സ്പീഡ് ആണ്. നേര്‍ക്ക് നേര്‍ സംസാരിക്കുന്ന ഒരു പ്രതീതി കിട്ടും. ആദ്യം ദിവസവും 2 നേരം വിളിച്ചിരുന്നതാണ്. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ പറ്റുന്നില്ല. കാരണം കമ്പനി  എനിക്കു അമേരിക്കയിലേക്ക് വന്നപ്പോള്‍ തന്ന അണ്‍ലിമിറ്റഡ് 3G ഉള്ള ഫോണ്‍ അവര്‍ തിരിച്ചു ചോദിച്ചു. സ്വന്തമായി അണ്‍ലിമിറ്റഡ് 3G കണക്ഷന്‍ അമേരിക്കയില്‍ എടുക്കണമെങ്കില്‍ അപ്പന്‍ നാട്ടില്‍ നിന്നും കാഷ് അയച്ചുതരേണ്ടിവരും എന്നുള്ളതുകൊണ്ട് അത് വേണ്ടെന്ന്‍ വച്ചു. പിന്നെ ധന്യയും ബിസി ആയി.. അങ്ങനെ ഫ്ലാറ്റില്‍ ഉള്ള ബ്രോഡ് ബാന്‍ഡ്കൊണ്ട് അമേരിക്കയില്‍ നിന്നു ദിവസവും  രാത്രി മാത്രം വിളി.

ജോഹനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒന്ന്‍ എടുത്തിട്ടില്ലെങ്കിലും ഒന്നും മിസ്സ് ആകുന്നതായി ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. കാരണം അവന്‍റെ ഓരോ കാര്യങ്ങളും ഞാന്‍ ദിവസേന കാണുന്നുണ്ട്. ആദ്യമായി ചിരിച്ചതും,ശബ്ദം ഉണ്ടാക്കിയതും, കഴുത്ത് ഉറച്ചതും, അവന്‍റെ കൈ അവന്‍ തന്നെ അനക്കി അല്ലെങ്കില്‍ കറക്കി അത് നോക്കി അവന് കൈ അനക്കാം എന്നു അവന് തന്നെ മനസിലാക്കുന്നതും ഒക്കെ കണ്ടു. ഇനി കമിഴ്ന്നു തുടങ്ങും, നിലത്തു നീന്തും അങ്ങനെ പലതും കാണാന്‍ പറ്റും. മാര്‍ച്ചില്‍ നാട്ടില്‍ പോകുമ്പോള്‍ എന്നെ മാമോദീസ മുക്കി ക്രിസ്ത്യാനി ആക്കിയതുപോലെ, മാമ്മോദീസ മുക്കി അവനെയും ക്രിസ്ത്യാനി ആക്കണം. വലുതാകുമ്പോള്‍ അവന് എന്നാ വേണമെങ്കിലും കാണിച്ചോട്ടെ......നമ്മളെക്കൊണ്ട് പറ്റിയത് അവന്‍റെ സ്വപ്നങ്ങള്‍ നേടാന്‍ അവനെ സഹായിക്കുക മാത്രം...

ധന്യയെ നേരിട്ടു കാണാത്തതുകൊണ്ട് അങ്ങനെ കാര്യമായി പിണക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത് കേള്‍ക്കുമ്പോള്‍ മുന്പ് ദിവസവും പിണക്കമായിരുന്നു എന്നു വിചാരിക്കരുത്. ഒരു ഓളത്തിന് അങ്ങനെ എഴുതി എന്നു മാത്രം. വിവാഹവാര്‍ഷികം ആയിട്ട് സമ്മാനമൊന്നും കൊടുത്തില്ല.  അത് ആവശ്യമില്ലാത്ത ഓരോ ഫോര്‍മാലിറ്റി അല്ലേ? വിവാഹവാര്‍ഷികത്തിന് മാത്രമാണോ ഭാര്യ ഭര്‍ത്താവിനെയും ,ഭര്‍ത്താവ് ഭാര്യയെയും ഓര്‍ക്കേണ്ടത്? അങ്ങനെ നോക്കുമ്പോള്‍ ശരിക്ക് അങ്ങനെ കൊടുക്കേണ്ട കാര്യമുണ്ടോ? ആ..

2014, ജൂലൈ 19, ശനിയാഴ്‌ച

അമേരിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്

തന്നെ അതുതന്നെ കിട്ടി ലൈസന്‍സ്. അങ്ങനെ തട്ടി മുട്ടി കഷ്ടപ്പെട്ട് എനിക്കും ന്യൂജേഴ്സിയില്‍ ഒരു ലൈസന്‍സ് കിട്ടി. ഇനിയിപ്പോള്‍ എനിക്കും എന്‍റെ പുറകെ അമേരിക്കയിലേക്ക് വരുന്നവരെ ഉപദേശിക്കാം.ഫ്രീ ആയി കിട്ടുന്ന ഉപദേശം .താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ വായന നിറുത്താം.

ഉപദേശം തുടങ്ങി.

ആദ്യത്തെ കാര്യം. "ഞാന്‍ നടന്നേ അല്ലെങ്കില്‍ സൈക്കിളിലെ പോകൂ, ഞാന്‍ പരിസ്ഥിതിവാദിയാണ് അല്ലെങ്കില്‍ പ്രകൃതിവാദിയാണ്, കാറുകള്‍ ആഡംബരമാണ്,ധൂര്‍ത്താണ്" എന്നൊക്കെ പറയാം ഒരു ലൈസന്‍സ് എടുത്തു കഴിഞ്ഞിട്ട്. അമേരിക്കയില്‍ ആയാലും ഇന്‍ഡ്യയില്‍ ആയാലും ഒരു കാര്‍ ഉണ്ടെങ്കില്‍ അത്യാവശ്യം വലുതായി സാധനങ്ങള്‍ കൊണ്ടുപോകാനോ ഒക്കെ അത് ഉപയോഗിക്കാം. ഇപ്പോള്‍ത്തന്നെ ഞാന്‍ അമേരിക്കയിലേക്ക് പോരുവാനായി കൊച്ചിയില്‍ നിന്നും സാധങ്ങള്‍ നാട്ടില്‍ എത്തിച്ചത് മാരുതി ആള്‍ട്ടോയിലാണ്. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് എന്തിനാണ് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തിലും,തമിഴ് നാട്ടിലും (ആ രണ്ട് സ്റ്റേറ്റുകള്‍ ആണ് എനിക്കു അടുത്ത് അറിയുന്നതു) കാറില്ലാത്തതുകൊണ്ട് പിന്നേയും കുഴപ്പമില്ല. അധികം വീട്ടുകാരും കൂട്ടുകാരുംഒക്കെ ഉണ്ടെങ്കില്‍ ആരെയെങ്കിലും ഒക്കെ വിളിച്ച് സാധനങ്ങള്‍ കൊണ്ടുപോകാം. അത്യാവശ്യം എവിടെയെങ്കിലും പോകണമെങ്കില്‍  രാത്രിയില്‍ ഒഴിച്ച് ബസ് സര്‍വീസ് ഉണ്ട്. 

പക്ഷേ അമേരിക്കയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ കുഴയും. അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലുള്ള നഗരത്തിലേക്കാണ് വരുന്നതെങ്കില്‍ ബസ് സര്‍വീസ് ഒക്കെയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ആണെങ്കില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നൊരു സംഭവം ഇല്ലെയില്ല. ഡെയ്ലി ജോലിസ്ഥലത്തേക്ക് കാറില്‍ തന്നെ പോകണം.

നഗരങ്ങളില്‍ ആണെങ്കിലും എന്തെങ്കിലും വലിയ തോതില്‍ സാധനങ്ങള്‍ ഒക്കെ കൊണ്ട് പോകണമെങ്കില്‍ കാര്‍ വേണ്ടി വരും. വാങ്ങിയില്ലെങ്കിലും നമ്മള്‍ക്ക് ഓടിക്കാന്‍ അറിഞ്ഞാല്‍ കാര്‍ വാടകയ്ക്ക് എടുക്കാം. നമ്മള്‍ തന്നെ സാധനങ്ങള്‍ എടുത്തു വച്ചാല്‍ അത്രക്ക് നന്ന്‍. അല്ലാതെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ഒക്കെ ആളെ വിളിച്ചാല്‍ കട്ടപ്പുകയാകും.

ചുരുക്കി പറഞ്ഞാല്‍ ലൈസന്‍സ് അല്ലെങ്കില്‍ കാറില്ലാതെ അമേരിക്കയില്‍ ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ്. കൊല്ലങ്ങള്‍ ആയി കാറില്ലാതെ ജീവിക്കുന്ന ആളുകളും ഇവിടെ കാണുമായിരിക്കും. ഞാന്‍ ഉദേശിച്ചത് സാധാരണ ആളുകളുടെ കാര്യമാണ്. അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓരോ സ്റ്റെപ്പുകള്‍ ആയി താഴെ കൊടുത്തിരിക്കുന്നു. 

സ്റ്റെപ്പ് 1 - ഒരു ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കുക

ചെയ്യേണ്ട ആദ്യ പടി നാട്ടില്‍ ആയിരിക്കുമ്പോള്‍ ഒരു ലൈസന്‍സ് ഒപ്പിക്കുക.  നാട്ടില്‍ ലൈസന്‍സ് വലിയ കുഴപ്പം ഉള്ള സംഗതിയല്ല. ഒന്നു കാശെറിഞ്ഞാല്‍  ടെസ്ട് പോലും ഇല്ലാതെ കിട്ടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ പാസ്സ്പോര്‍ട്ടില്‍ ഉള്ള പേരും ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേരും ഒന്നായിരിക്കണം. ഉദാഹരണമായി ലൈസന്‍സില്‍ ശ്രീരാജ് R എന്നും പാസ്സ് പോര്‍ട്ടില്‍ ശ്രീരാജ് രാമകൃഷ്ണപ്പിള്ള എന്നും ആണെങ്കില്‍ അമേരിക്കയില്‍ ലേണേഴ്സ് കഴിഞ്ഞു നേരെ ലൈസന്‍സ് കിട്ടില്ല. റോഡ് ടെസ്റ്റ് കൊടുക്കേണ്ടി വരും.അതുപോലെ ബുക്ക് ലൈസന്‍സ് ഉള്ളവര്‍ അത് കാര്‍ഡ് ആക്കുക.  

സ്റ്റെപ്പ് 2 - വിസ കിട്ടിയാല്‍ IDP എടുക്കുക


നിങ്ങള്‍ക്ക് വിസ കിട്ടുമ്പോള്‍ പെട്ടെന്ന് തന്നെ ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എടുക്കുക. ജില്ല ആസ്ഥാനങ്ങളില്‍ ഉള്ള മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ പോയി നിങ്ങളുടെ വിസ കാണിച്ചാല്‍ അവര്‍ IDP(ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്) തരും. ഇത് ഉണ്ടെങ്കില്‍ അമേരിക്കയില്‍ വന്നയുടനെ തന്നെ ഡ്രൈവിങ് ചെയ്യാം. പക്ഷേ കുറച്ചു മാസങ്ങള്‍ മാത്രം.

സ്റ്റെപ്പ് 3 - അമേരിക്കന്‍ ലേണേഴ്സ് ലൈസന്‍സ് എടുക്കുക

എന്നിട്ട് അമേരിക്കയില്‍ വന്നിട്ട് ലേണേഴ്സ് ടെസ്റ്റ് എഴുതുക. ഇവിടെ അതിന് വിജ്ഞാന ടെസ്റ്റ് (Knowledge test) എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നന്നായി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് വായിച്ചു മനസിലാക്കി പഠിച്ചു എഴുതുക. ലേണേഴ്സ് ടെസ്റ്റിന് മുന്പ് അവര്‍ കണ്ണ്‍ പരിശോധിക്കും. നാട്ടിലെ പോലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തേണ്ട. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ തന്നെ കണ്ണ്‍ പരിശോദിക്കണ മെഷിന്‍ ഉണ്ട്. മിക്കവാറും ലേണേഴ്സുപാസ്സാകുമ്പോള്‍  ഇന്‍ഡ്യന്‍ ലൈസന്‍സ് കാണിച്ചാല്‍ അമേരിക്കന്‍ റോഡ് ടെസ്റ്റ് എടുക്കാതെ  അമേരിക്കന്‍ ലൈസന്‍സ് കിട്ടും.

സാധാരണയായി ധാരാളം ഇന്‍ഡ്യന്‍സുതാമസിക്കുന്ന .ന്യൂ ജേഴ്സി, ന്യൂ യോര്‍ക്ക്സ്ഥലങ്ങളില്‍ ആണ് ഇങ്ങനെ റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്കിട്ടുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ചിലപ്പോള്‍ റോഡ് ടെസ്റ്റ് വേണ്ടി വരും.

ഡീസന്‍റ് ആയി ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ മണിമണിപോലെ ചെയ്യുന്നവര്‍ക്ക് ഇവിടെ വച്ച് വായന നിറുത്താം. ഇവാന്‍ ആരെടാ എന്നെ പഠിപ്പിക്കാന്‍ എന്നു തോന്നുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും വായിക്കാം. ആവശ്യം വരും.


ഈ പറഞ്ഞത് എല്ലാം വിചാരിച്ചപ്പോലെ നന്നായി നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആണ്. എല്ലാം വളരെ സുഖമായി നീങ്ങിയാല്‍ എന്താണ് ഒരു ത്രില്ല് ഉള്ളത്. കുറച്ചൊക്കെ ബുദ്ധിമുട്ട് വേണ്ടേ ജീവിതത്തില്‍. എന്‍റെ അനിയത്തി 10 ക്ലാസില്‍ പഠിക്കുമ്പോള്‍ അവളോടു പറഞ്ഞു നന്നായി പഠിക്കേടി പഠിക്കേടി എന്നു. ഞാന്‍ അവളുടെ മുന്‍പെ SSLC പാസ് ആയതുകൊണ്ട് എനിക്കു എന്തു വേണമെങ്കിലും പറയാമല്ലോ. അവള്‍ അവളുടെ ഒരു രീതിക്ക് പഠിച്ചു കൊള്ളാവുന്ന മാര്‍ക്ക് വാങ്ങി. +2 വിന് പഠിക്കുമ്പോഴും പറഞ്ഞു നന്നായി പഠിക്കേടി എന്നു. അവിടേയും അവള്‍ അവളുടെ രീതി വച്ച്  പഠിച്ചു. എന്നിട്ട്+2 പാസ്സായി കഴിഞ്ഞപ്പോള്‍ പറഞ്ഞു.അമ്മേ ഇതുപോലെ ഞാന്‍ പത്താം ക്ലാസ് പരീക്ഷക്ക്  പഠിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനെ. അപ്പോള്‍ തോന്നും പ്ലസ്2 വിന് റാങ്ക് കിട്ടിയോ എന്നു? അതുപോലെ BSc എക്സാം കഴിഞ്ഞപ്പോഴും അവള്‍ പറഞ്ഞു ഇതുപോലെ +2 വിന് പഠിച്ചെങ്കില്‍ റാങ്ക് കിട്ടിയേനെ എന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഉപദേശത്തില്‍ ഒന്നും വലിയ കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ചിലര്‍ അനുഭവിച്ചേ പടിക്കു.ഞാനും പല പല സൈറ്റുകള്‍ കയറിയിറങ്ങി ഇതൊക്കെ മനസിലാക്കി വച്ചതാണ്. എന്നിട്ടും എനിക്കു റോഡ് ടെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ എന്നെപ്പോലെ അല്ലറ ചില്ലറ തരികിട ടീമുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനി എഴുതിയിരിക്കുന്നത്. അതായത് മുകളില്‍ പറഞ്ഞപോലെ ചെയ്യാതെ വരുമ്പോള്‍ അവിടെ നിന്നും കരകയറാനുള്ള വഴികള്‍. സോഫ്റ്റ്വെയര്‍ മേഘലയില്‍ ഇതുപോലെയാണ് . നമ്മള്‍ അഭിമുഖീകരിച്ച കാര്യങ്ങളും പ്രശ്നങ്ങളും, എങ്ങിനെ അത് മറികടന്നു എന്നും വച്ച് ജൂനിയര്‍ പിള്ളേരോട് ഇങ്ങനെ ചെയ്യേട എന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. പ്രൊഡക്ഷന്‍ പൊട്ടിയാല്‍ മാത്രമേ അവര്‍ പഠിക്കൂ. അങ്ങനെ ഇപ്പോള്‍ ഒരു വഴി പറയുമ്പോള്‍ അതിലെ പോകാതെ വേറെ വഴിക്കു പോയി പണികിട്ടി അവിടെനിന്നു എങ്ങിനെ കരകയറാം എന്നു കൂടി പറയുന്ന ഒരു ശീലം വന്നു.

പ്രോബ്ലം 1 - ഡ്രൈവിങ് അറിയാത്തത്

വിധി എന്നെ പറയാന്‍ പറ്റൂ. അമേരിക്കയില്‍ വന്നിട്ട് അപ്പോള്‍ ഡ്രൈവിങ് പഠിക്കണം. എന്നിട്ട് ലൈസന്‍സ് എടുക്കണം ഒരുമാതിരി 500 ഡോളര്‍ ചിലവാക്കാനുള്ള ഒരു ചാന്‍സ് കിട്ടി. ഒരു മെച്ചം എന്നു പറയുന്നതു ഇന്‍ഡ്യയില്‍ റോഡിന്‍റെ ഇടതുഭാഗം ചേര്‍ന്ന് ഓടിച്ചവര്‍ക്ക് പെട്ടെന്ന് വലതുവശം ചേര്‍ന്ന് ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല.

പ്രോബ്ലം 2 - ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കാത്തത്

ഡ്രൈവിങ് അറിഞ്ഞിട്ടു ഇന്‍ഡ്യയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ വരുന്നവനെ തിരണ്ടിവാലിന് അടിക്കണം. അമേരിക്കയില്‍ വരുമ്പോള്‍ ഡ്രൈവിങ് പഠിക്കാന്‍ വേറെ കാശുമുടക്കില്ല എന്നു മാത്രമേ ഒരു മെച്ചം ഉള്ളൂ.

പ്രോബ്ലം 3 - പാസ്സ്പോര്‍ട്ടിലെ പേരിലും ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള പേരും തമ്മിലുള്ള വ്യത്യാസം 

പറ്റിയാല്‍ നാട്ടില്‍ വച്ച് തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേര്‍ തിരുത്തിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ റോഡ് ടെസ്റ്റ് എടുക്കേണ്ടിവരും. കാരണം ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള ആളും പാസ്സ്പോര്‍ട്ടില്‍ പറഞ്ഞ ആളും ഒന്നാണോ എന്നു അവര്‍ക്ക് തിരിച്ചറിയാണ്‍ പറ്റില്ല.

പ്രോബ്ലം 4 - ഇന്‍ഡ്യന്‍ ബുക്ക് ലൈസന്‍സ് കൊണ്ട് വരുന്നത്

ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള ലൈസന്‍സ് ബുക്ക് മോഡല്‍ അല്ല. ഒരു കാര്‍ഡ് പോലെയാണ്. ആ ലൈസന്‍സ് ആണ് ഇവിടെ അമേരിക്കയില്‍ അംഗീകരിക്കുന്നത്. എന്നെപ്പോലെ 2003 നു മുന്‍പെ ബുക്ക് ലൈസന്‍സ് എടുത്തവര്‍ അത് കാര്‍ഡ് ലൈസന്‍സ് ആക്കി ഇവിടെ വന്നാല്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് കൊടുക്കേണ്ടെ.

ഇത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ നിന്നും എന്‍റെ ബുക്ക് ലൈസന്‍സ് കാര്‍ഡ് ആക്കിയിട്ടാണ് വന്നതെന്ന്‍? ഞാന്‍ അങ്ങിനെ ചെയ്യോ?

പ്രോബ്ലം 5 - IDP ഇല്ലാത്തത്

IDP ഇല്ലെങ്കില്‍ അമേരിക്കയില്‍ വന്നപ്പാടെ വണ്ടിയോടിക്കാന്‍ പറ്റില്ല എന്നേയുള്ളൂ. പിന്നെ ലൈസന്‍സ് എടുത്താല്‍ മതി.ഇനിയിപ്പോള്‍ ഐ‌ഡി‌പി ഉണ്ടെങ്കിലും അതുപയോഗിച്ച് കുറച്ചു കാലത്തേക്കേ ഓടിക്കാന്‍ പറ്റൂ..

പ്രോബ്ലം 6 - പഠിക്കാതെ ലേണേഴ്സ് /Knowledge ടെസ്റ്റ് എഴുതുന്നതു 

ഇന്‍ഡ്യന്‍ ലേണേഴ്സ് ടെസ്റ്റ് ഒരു പ്രഹസനം ആണ്. അത്യാവശ്യം ബുദ്ധി ഉള്ളവന് എങ്ങിനെ പോയാലും പാസ്സ് ആകാം. ചെറിയ ഒരു ബുക്ക് ആണ്. അതില്‍ ഉള്ള ചോദ്യങ്ങളെ വരൂ. പക്ഷേ ഇവിടെ പണി കിട്ടും. മനസിലാക്കി തന്നെ പഠിക്കണം. ചോദ്യങ്ങള്‍ തല തിരിച്ചും മറിച്ചും വരും. 

നമ്മുടെ പേര്‍ പാസ്സ്പോര്‍ട്ടിലും ഇന്‍ഡ്യ ലൈസന്‍സിലും വേറെയാണെങ്കിലും, ബുക്ക് ലൈസന്‍സ് ആണെങ്കിലും ഉള്ള ഒരു മെയിന്‍ പ്രശ്നം , റോഡ് ടെസ്റ്റ് എടുക്കേണ്ടി വരും എന്നതാണ്. എന്താണ് റോഡ് ടെസ്റ്റ് എന്നു നോക്കാം.

അമേരിക്കന്‍ / ന്യൂജേഴ്സി റോഡ് ടെസ്റ്റ്

ഞാന്‍ ന്യൂജേഴ്സിയില്‍ എടുത്തതുകൊണ്ടാണ് അങ്ങനെ ഹെഡിങ് വച്ചത്. വേറെ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വേറെ മാതിരി ആയിരിക്കാം. നാട്ടില്‍ ഇന്‍ഡ്യന്‍ കാര്‍ ലൈസന്‍സ് എടുക്കണമെങ്കില്‍ അവര്‍ നോക്കുന്നത് നേരെ ഓടിക്കാന്‍ അറിയുമോ എന്നും, H പോലെ വണ്ടിയെടുക്കാന്‍ അറിയുമോ എന്നുമാണ്. ഇവിടെ അമേരിക്കയില്‍ നോക്കുന്നത്, നേരെ വണ്ടിയോടിക്കാന്‍ അറിയുമോ എന്നും, K ടേണ്‍, U ടേണ്‍ എന്നിവ എടുക്കാന്‍ പറ്റുമോ എന്നും, പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ പറ്റുമോ എന്നും ഒക്കെ ആണ്. ഇതൊക്കെ എന്താണ് എന്നു ചുമ്മാ ഗൂഗിള്‍ ചെയ്താല്‍ കിട്ടും. നമ്മുടെ പ്രശ്നം എന്നു പറയുന്നതു വേറെ ചിലതാണ്.

ഒന്നാമതായി അമേരിക്കയില്‍ ഒരു വണ്ടി കിട്ടണം. നാട്ടിലെപ്പോലെതന്നെ ഏത് വണ്ടിയിലും ടെസ്റ്റ് കൊടുക്കാം. ഡ്രൈവിങ് സ്കൂള്‍ വണ്ടി വേണമെന്നില്ല.. ഡ്രൈവിങ് സ്കൂള്‍ വണ്ടി ആണെങ്കില്‍ മെച്ചം അതില്‍ പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ എളുപ്പമാണ് എന്നതാണ്. അവിടെയും ഇവിടെയും ഒക്കെ സ്റ്റിക്കര്‍ ഉണ്ടാകും. വച്ചിരിക്കുന്ന വടി ആ സ്റ്റിക്കര്‍നു അമേരിക്കയില്‍ ഗിയര്‍ മാറ്റല്‍ എന്നൊരു പരിപാടി ഇല്ലാത്തതുകൊണ്ട് വണ്ടി ഓഫ് ആകില്ല. അങ്ങനെ നമ്മള്‍ ഡ്രൈവിങ് സ്കൂള്‍ വണ്ടി അന്വേഷിച്ചാല്‍ പല പല റേറ്റില്‍ ഉണ്ട്. ചിലര്‍ ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിന് 45$ ചോദിക്കും. ടെസ്റ്റ് കൊടുക്കണമെങ്കില്‍ വേറെ 100$. പിന്നെ ടെസ്റ്റ് കഴിഞ്ഞു ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ കത്ത് നില്‍ക്കണമെങ്കില്‍ വേറെ 45$ അങ്ങനെ. 

ഞാന്‍ എടുത്തത് "1 മണിക്കൂര്‍ പരിശീലനം, അത് കഴിഞ്ഞു ടെസ്റ്റിന് വണ്ടി വേണം, എന്നെ ഓഫീസില്‍ നിന്നും കൊണ്ടുപോണം തിരിച്ചു വിടണം" എന്നുള്ള ഒരു കണ്ടിഷന്‍ ആയിരുന്നു. മൊത്തം 135$. പിന്നെ ടെസ്റ്റ് പാസായപ്പോള്‍ ആക്രാന്തം മൂത്ത് ചേട്ടാ എത്ര ചിലവായാലും കുഴപ്പമില്ല ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യൂ എന്നുപറഞ്ഞപ്പോള്‍ പുള്ളി ഒന്നും പറയാതെ ഒരു 45$ കൂടെ വാങ്ങി. അങ്ങനെ മൊത്തം 180$ പൊട്ടി. നാട്ടില്‍ നിന്നും ബുക്ക് ലൈസന്‍സ് കാര്‍ഡ് ലൈസന്‍സ് ആക്കി കൊണ്ട് വന്നിരുന്നെങ്കില്‍ ഈ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു..

രണ്ടാമത്തെ പ്രശ്നം റോഡ് ടെസ്റ്റ് എവിടെയാണ് എന്നുള്ളതാണ്. അമേരിക്കയില്‍ / ന്യൂജേഴ്സിയില്‍ ചിലയിടങ്ങളില്‍ DMV (Department of Motor Vechile) ഓഫീസിനോട് ചേര്‍ന്ന് ടെസ്റ്റ് നടത്താനുള്ള പ്രത്യേക റോഡ് ഉണ്ട്. അതാകുമ്പോള്‍ ടെസ്റ്റ് നടക്കുമ്പോള്‍ വേറെ വണ്ടികള്‍ വരില്ല. അവിടെ തന്നെ പാരല്ലേല്‍ പാര്‍ക്കിങ്, K ടേണ്‍,U ടേണ്‍ ഒക്കെ എടുക്കാന്‍ സ്ഥലമുണ്ട്. എനിക്കു ടെസ്റ്റ് കിട്ടിയതു വേറെ ഒരു സ്ഥലമാണ്. അത് വേണമെങ്കില്‍ നമുക്ക് അവരുടെ വെബ് സൈറ്റില്‍ കയറി മാറ്റാം . പക്ഷേ ഞാന്‍ പിന്നെ പിന്നെ എന്നു വിചാരിച്ച് ചെയ്തില്ല. അപ്പോള്‍ പറഞ്ഞു വന്നത് ,റോഡ് ടെസ്റ്റ് അടിച്ചു കിട്ടിയാല്‍ പെട്ടെന്നു തന്നെ സ്ഥലം നോക്കി അവിടെ ടെസ്റ്റ് റോഡ് ഇല്ലെങ്കില്‍ സ്ഥലം മാറ്റുക. ഓരോ സമയത്തും ഒരു നിശ്ചിത ആളുകള്‍ക്ക് മാത്രമേ റോഡ് ടെസ്റ്റ് നടത്താന്‍ പറ്റൂ. നേരം വൈകിക്കഴിഞ്ഞാല്‍ അവിടെ സ്ലോട്ട് കിട്ടില്ല.

പിന്നെ തോറ്റാലത്തെ കാര്യം. ഒരു പേടിയും വേണ്ട. ലേണേഴ്സ് ആണെങ്കില്‍  വീണ്ടും എഴുതാന്‍ വേറെ പൈസ ഇല്ല. റോഡ് ടെസ്റ്റ് ആണെങ്കില്‍ ഡ്രൈവിങ് സ്കൂള്‍ ടീമുകള്‍ക്ക് വീണ്ടും പൈസ കൊടുക്കേണ്ടി വരും.

2014, ജൂലൈ 5, ശനിയാഴ്‌ച

ക്രിസ്ത്യാനികള്‍ (അമേരിക്ക v/s കേരളം)

"എന്നെ ജനിപ്പിക്കൂ എന്നു ഞാന്‍ എന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞിട്ടില്ല. എന്നിട്ടും അവരെന്നെ ജനിപ്പിച്ചു. ഞാന്‍ അവരുടെ തീരുമാനം മാനിച്ചു ഇപ്പൊഴും ജീവിക്കുന്നു. അതുപോലെ എന്നെ ക്രിസ്ത്യാനിയാക്കൂ എന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. എന്നിട്ടും അവരെന്നെ ക്രിസ്ത്യാനിയാക്കി. അവരുടെ ആദ്യത്തെ തീരുമാനം മാനിച്ചതുപോലെ രണ്ടാമത്തേതും മാനിച്ചു ഇപ്പൊഴും ക്രിസ്ത്യാനിയായിതന്നെ ജീവിക്കുന്നു"

അങ്ങനെ ക്രിസ്ത്യാനിയായിട്ട് കേരളത്തില്‍ നമ്മടെ തൃശ്ശൂര് ജീവിച്ച് വന്നപ്പോഴാണ് ഒരു അമേരിക്കന്‍ വിളി വന്നത്. അങ്ങനെ കുറ്റിയും പറിച്ചു ഇങ്ങോട്ട് വന്നു. ഇവിടെ വന്നപ്പോഴാണ് ഇവിടത്തെ ക്രിസ്ത്യന്‍ ജീവിതശൈലി കാണാന്‍ ഇടവന്നത്. .അങ്ങനെ ഇവിടത്തെ പള്ളിയില്‍ പോയി ഇംഗ്ലിഷ് കുര്‍ബാന കാര്യമായി ഒന്നും മനസിലാകാതെ അന്തംവിട്ട് നിന്ന ഒരു ഞായറാഴ്ചയാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാം എന്നു തീരുമാനിച്ചത്.

അപ്പോള്‍ ചോദിക്കും. പഠിക്കുന്ന കാലത്ത് തമിഴ്നാട്ടില്‍ ആയിരുന്നല്ലോ.പിന്നെ കുറച്ചു  കാലം ജോലിയും തമിഴ്നാട്ടില്‍ തന്നെയായിരുന്നല്ലോ എന്ന്‍. സത്യം പറഞ്ഞാല്‍ പഠിക്കുന്ന കാലത്ത് എനിക്കിങ്ങനെ എഴുതാനുള്ള ഒരു ത്വര ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഞാന്‍ സപ്പ്ളികള്‍ വാങ്ങോ? പിന്നെ ചെന്നെയില്‍ ജോലിചെയ്യുമ്പോള്‍ മലയാളം ബ്ലോഗ് തുടങ്ങിയിരുന്നു. പക്ഷേ മലയാളം എഴുതിതുടങ്ങുമ്പോള്‍ അല്ല ടൈപ്പ് ചെയ്തുതുടങ്ങുമ്പോള്‍ കൈ വിറക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു.

അപ്പോള്‍ പറഞ്ഞുവന്നത് ഈ പോസ്റ്റില്‍ എഴുതാന്‍ പോകുന്ന അമേരിക്കയിലെയും ശരിക്ക് പറഞ്ഞാല്‍ ന്യൂജേഴ്സിയിലെ ക്രിസ്ത്യാനികളുടെ ജീവിത ശൈലിയും കേരളത്തിലെ ക്രിസ്ത്യന്‍ ശൈലിയും തമ്മിലുള താരതമ്യത്തേക്കുറിച്ചാണ്.ആരും ഇത് അമേരിക്ക മുഴുവനും ഉള്ളതാണെന്നും ,അതുപോലെ കേരളം മുഴുവനും ഉള്ളതാണെന്നും വിചാരിക്കരുത്. ഇതിലെ റെഫറന്‍സ് പോയിന്‍റ്സ് ന്യൂജേഴ്സിയിലെ ഞാന്‍ പോകുന്ന സെന്‍റ് അഗസ്തിന്‍ പള്ളിയും പിന്നെ നാട്ടിലെ തൃശ്ശൂര്‍ ജില്ലയിലെ  കല്ലേറ്റുംകര, താഴേക്കാട് ,വല്ലക്കുന്ന് പള്ളികളും ആണ്. ഞാന്‍ ഇത് വളരെയധികം കാലത്തെ ഗവേഷണം കൊണ്ട് കണ്ടുപിടിച്ചതല്ല. ചുമ്മാ കണ്ടത് കുറിച്ചു വയ്ക്കുന്നു .അത്രമാത്രം.

കാര്യങ്ങള്‍ കുറച്ചു അധികം ഉള്ളതുകൊണ്ടു കാണ്ഡം കാണ്ഡമായിട്ടാണ്  എഴുതിതുടങ്ങുന്നത്.

പള്ളികള്‍

നിര്‍മാണം

കേരളത്തിലെ പ്രത്യേകിച്ചും മധ്യകേരളത്തിലെ പള്ളികള്‍ എല്ലാം ഒരു മാറ്റത്തിന്‍റെ പാതയിലാണ്. സാക്ഷാല്‍ കര്‍ത്താവ് വന്നാല്‍ പോലും പള്ളിയില്‍ കയറിയാല്‍ പള്ളിയുടെ മനോഹരിതയും ആഡംബരങ്ങളും കണ്ട് അന്ധാളിച്ച് നില്‍ക്കണം. ഒരിക്കലും പ്രാര്‍ത്ഥിക്കാന്‍ തോന്നരുത്. ഞാന്‍ രണ്ട് പ്രാവശ്യം മലയാറ്റൂര്‍ തടത്തിലെ പള്ളി (പുഴവക്കത്തുള്ളത്) പള്ളിയില്‍ പോയിട്ടും ഒന്നും പ്രാര്‍ത്ഥിക്കാന്‍ പറ്റിയിട്ടില്ല. കാരണം എന്തോരം കണ്ടിട്ടും ആ ആഡംബരങ്ങളൊന്നും മനസിലാക്കാന്‍ പറ്റുന്നില്ല. എങ്ങിനെ നോക്കിയിട്ടും ഏകദേശം എത്ര രൂപ ആ പള്ളി പണിയാന്‍ ചിലവായിട്ടുണ്ടാകും എന്നു കണക്ക് കൂട്ടാന്‍ പറ്റുന്നില്ല. ഏകദേശം അതുപോലെതന്നെയാണ് ഞങ്ങളുടെ അടുത്തുള്ള താഴേക്കാട് പള്ളി പണി തീര്‍ത്തിരിക്കുന്നത്. കല്ലേറ്റുംകര പള്ളി പണിതുകൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ...



അങ്ങനത്തെ പള്ളിയില്‍ ഇരിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത്. കുറച്ചു ആഡംബരങ്ങള്‍ കുറച്ചിട്ട് ആ രൂപ വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ഉപയോഗിച്ചുകൂടെ എന്നാണ്. പല പള്ളികളിലും പെരുന്നാള്‍ ചെറുതാക്കി കഴിച്ച് ആരൂപ ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഒരു പള്ളിക്കാരും പള്ളി ആഡംബരം കുറച്ചു പണിതു പാവങ്ങളെ സഹായിക്കുന്നത് കണ്ടിട്ടില്ല.

അപ്പോള്‍ ചോദിക്കും നിന്‍റെ വീട് വൈക്കോല്‍ കൊണ്ട് മേഞ്ഞു ബാക്കി പൈസക്ക് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുത്തൂടെ എന്ന്‍. പുല്‍ക്കൂട്ടില്‍ ജനിച്ച യേശുവിനെ സഭ പിന്തുടര്‍ന്നാല്‍അല്ലേ കുഞ്ഞാടുകള്‍ പിന്തുടരൂ.

കുറെ കാലം കഴിഞ്ഞു ക്രിസ്ത്യാനികളുടെ എണ്ണം കുറയുകയാണെങ്കില്‍ അല്ലെങ്കില്‍ ആളുകള്‍ക്ക് വിശ്വസം കുറഞ്ഞാല്‍ ഈ പള്ളികള്‍ ഒക്കെ ആരും വരാത്ത സ്ഥലങ്ങളായി മാറില്ലേ? അങ്ങനെ പള്ളി നടത്തികൊണ്ട് പോകാനുള്ള പൈസ വരാതായാല്‍ പിന്നെ പള്ളികള്‍ എന്തു ചെയ്യും? ഭയങ്കര ഒരു ചോദ്യമാണത്.

ഇവിടെ അമേരിക്കയില്‍ കേട്ടത് പള്ളികള്‍ വില്‍പ്പനക്ക് ഉണ്ടെന്നാണ്. അത്തരം ഒന്നു ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്ത് കൊടുക്കാനുണ്ട്. ദാണ്ടെ കൊളുത്ത്. ആരും വരാതായാല്‍ രൂപതക്കാര്‍ പിന്നെ പള്ളി വില്‍ക്കാണ്ട് എന്താ ചെയ്യാ? അല്ല നാട്ടുകാര്‍ പിരിവെടുത്ത് കഷ്ടപ്പെട്ട് പണിത പള്ളി രൂപതക്ക് എടുത്ത് വില്‍ക്കാന്‍ പറ്റുമോ എന്നൊന്നും ആരും ചോദിക്കരുത്. എന്‍റെ അറിവ് പ്രകാരം പള്ളിയും സ്ഥലവും രൂപതയുടെ പേരിലാണു റജിസ്റ്റര്‍ അഥവാ തീറ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമം പ്രകാരം സ്വന്തം പേരിലുള്ള സ്ഥലവും അതിലെ കെട്ടിടവും അതിന്‍റെ ഉടമസ്ഥന് വില്‍ക്കാം.

അമേരിക്കയിലെ പള്ളികള്‍ അങ്ങനെ കാര്യമായി കാശ് പൊടിച്ച് ഉണ്ടാക്കിയതാണെന്ന് തോന്നുന്നില്ല. ചുരുക്കം ചില പള്ളികള്‍ ഉണ്ടാകാം. പക്ഷേ സാധാരണ ഗ്രാമപ്രദേശങ്ങളില്‍ ഉള്ള പള്ളികള്‍ എല്ലാം സിംമ്പിള്‍ ആണ്. പ്രാര്‍ത്ഥിക്കാന്‍ ഒരിടം അത്രയേയുള്ളൂ. പള്ളികള്‍ ആഡംബരപൂര്‍ണമല്ലെങ്കിലും എല്ലാ സൌകര്യങ്ങളും ഉണ്ട്. എയര്‍കണ്ടിഷന്‍, ബെഞ്ചുകള്‍, വയര്‍ലസ്സ് മൈക്ക്,ആവശ്യത്തിന് വലിപ്പം അങ്ങനെ പോകുന്നു.
താഴെ കൊടുത്തിരിക്കുന്ന കൊളുത്തില്‍ ഞെക്കിയാല്‍ ഞാന്‍ ഇപ്പോള്‍ പോകുന്ന ന്യൂജേഴ്സിയിലെ പള്ളി കാണാം.
http://www.staugustinenj.org/parish/home.html

തിരുസ്വരൂപങ്ങള്‍

നാട്ടില്‍ കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുത്തിക്കൊല്ലുന്ന വിശുദ്ധ ഗീവര്‍ഗീസിന്‍റെ പ്രതിമ ആണെങ്കില്‍ ഇവിടെ വിശുദ്ധ പൌലൊസിനോടൊപ്പം ഒരു കാളയും , വിശുദ്ധ ലൂക്കായോടൊപ്പം ഒരു കുതിരയും ഉണ്ട്. സംശയം ഉണ്ടെങ്കില്‍ താഴെയുള്ള കൊളുത്തുകളില്‍ പോയി നോക്കിക്കൊ. ഞാന്‍ പോകുന്ന പള്ളിയിലും അങ്ങനെ ഒരു പടം ഉണ്ട്. പറ്റിയാല്‍ ഫോട്ടോ എടുത്ത് ഇതില്‍ ഇടാം.

പിന്നെ ഇവിടെ അമേരിക്കന്‍ അള്‍ത്താര ഒന്നും നിറയെ രൂപങ്ങള്‍ വച്ച് അലങ്കരിച്ചിട്ടില്ല. അതുപോലെ കിലോക്കണക്കിന് പൂക്കളും ഇല്ല.

അല്‍മായര്‍ / വിശ്വാസികള്‍

വസ്ത്രധാരണം

ബീച്ചില്‍ പോകുമ്പോഴും പള്ളിയില്‍ വരുമ്പോഴും ഏറെക്കുറെ ഒരേപോലത്തെ ഡ്രസ് തന്നെയാണ് ഇവിടെ പെണ്ണുങ്ങള്‍ ഇടുന്നത്. നാട്ടിലെ അച്ചന്‍മാരാണെങ്കില്‍ ചിലപ്പോള്‍ സ്ത്രീകള്‍ തലയില്‍ ഡ്രസ് /ഷാള്‍ ഇട്ടില്ലെങ്കില്‍ ചീത്ത പറയുന്നതു കേള്‍ക്കാം. ഒരുതവണ ഒരു കുട്ടിക്ക് ഷാള്‍ ഇട്ടിട്ടില്ല എന്ന കാരണത്താല്‍ കുര്‍ബാനക്ക് കൊടുക്കാതിരുന്നതും കണ്ടിട്ടുണ്ട്. അമേരിക്കയില്‍ എന്തു ഷാള്‍? 

സ്ത്രീകള്‍ മുട്ടോപ്പം ഉള്ള ഡ്രസ് ഇട്ടു ഏറ്റവും മുന്നിലെ ബെഞ്ചില്‍ കാലില്‍ കാലു കയറ്റിവച്ച് ഇരുന്നാലും അച്ചന്‍മാര്‍ കുര്‍ബാന നന്നായി ചൊല്ലുന്നുണ്ട്. നാട്ടില്‍ ആണെങ്കില്‍ എന്‍റെ കല്യാണത്തിന് ഒരു എയര്‍ ബലൂണ്‍ കൊണ്ടുള്ള ബൊമ്മയെ വച്ചെന്നു പറഞ്ഞു കുര്‍ബാനക്കിടെ അച്ചന്‍ എന്തൊരു ബഹളമായിരുന്നു. ശ്രദ്ധ പോകുമത്രേ. ആ ബൊമ്മ ആണെങ്കില്‍ പള്ളിയുടെ മുന്‍വശത്താണ് വെച്ചിരിക്കുന്നത് അതുകൊണ്ട് അച്ചന്‍ ഒഴികെ ആളുകള്‍ക്കു ആര്‍ക്കും അത് കാണാന്‍ കഴിയില്ല. ഒരു ചെറിയ ബൊമ്മ വച്ചപ്പോള്‍ ശ്രദ്ധ പോയ ആ അച്ചന്‍ എങ്ങാനും അമേരിക്കയില്‍ വന്നിരുന്നെങ്കില്‍ കുര്‍ബാന ചൊല്ലാതെ ഇറങ്ങി ഓടിയേനെ.

ആണുങ്ങള്‍ ആയാലും ബെര്‍മുഡ ഒക്കെ ഇട്ടിട്ടാണ് വരുന്നത്.

പള്ളിയിലെ പെരുമാറ്റം

പള്ളിയില്‍ വരുന്ന കാര്യത്തില്‍ ലോകത്തില്‍ എല്ലായിടത്തും ആളുകള്‍ ഒരേപോലെയാണ്. നാട്ടിലും ഇവിടെയും ആളുകള്‍ പ്രസംഗം കഴിയാന്‍ കണ്ടിട്ടാണ് വരുന്നത്. അമേരിക്കയില്‍  കുര്‍ബാനക്കിടെ വര്‍ത്തനം പറയുന്നതു കേള്‍ക്കാം. പക്ഷേ ആരും ഓവര്‍ ആകുന്നില്ല. അമേരിക്കയില്‍ ഫാമിലി ഒന്നിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് ആണുങ്ങള്‍ പ്രത്യേകിച്ചു അപ്പന്‍മാര്‍ മര്യാദക്ക് ഇരുന്ന്‍ കുര്‍ബാന അര്‍പ്പിക്കും.

എല്ലാം കേരളത്തില്‍ ആണെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ സ്ഥലം. കുട്ടികള്‍ക്ക് വേറെ സ്ഥലം. അങ്ങനെയാകുമ്പോള്‍ കുട്ടികള്‍ അവിടെയിരുന്ന് കളിക്കും അത് കാണുമ്പോള്‍ കുര്‍ബാന ചൊല്ലുന്ന അച്ചന് ദേഷ്യം വരും. നിങ്ങള്‍ കുട്ടികളെപ്പോലെയാകുവിന്‍ എന്നു പറഞ്ഞ ക്രിസ്തുവിന്റെ പ്രതിരൂപമായ ബലിയര്‍പ്പകന്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് കുട്ടികളെ ചീത്തപറയും. കേരളത്തിലും കുടുംബം ഒന്നിച്ചിരുന്ന് കുര്‍ബാന കണ്ടാല്‍ ചിലപ്പോള്‍ നേരെയാകുമായിരിക്കും.

അച്ചന്‍മാര്‍ / പുരോഹിതര്‍

അമേരിക്കയില്‍ ഇപ്പോള്‍ ഞാന്‍ പോകുന്ന പള്ളിയിലെ അങ്ങേരെ കണ്ടിട്ട് ഡീസന്‍റ് ആണെന്ന്‍ തോന്നുന്നു. നല്ല വയസുള്ള വെളുത്ത വര്‍ഗക്കാരനാണ്. കുര്‍ബാന കാണുമ്പോള്‍ ഒരു ദൈവീകത്വം ഒക്കെ ഉണ്ട്. ചിലപ്പോള്‍ കുര്‍ബാനക്കിടെ കാശ് ,കാശ് എന്നു പറയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അങ്ങേരുടെ മുഖം പട്ടിയുടെ മുഖത്ത് വീണ പൂച്ചയുടെ പോലെ അല്ലാത്തതുകൊണ്ടായിരിക്കും. നാട്ടില്‍ ചില അച്ചന്‍മാരേ കണ്ടാല്‍ അവരോടു എന്തെങ്കിലും ചോദിച്ചാല്‍ അങ്ങനത്തെ ചില പൂച്ചകളുടെ മുഖഭാവമാണ്.

അമേരിക്കയിലെ പുള്ളി കുര്‍ബാനക്ക് ഇടുന്നത് കടും ചുവപ്പ് നിറത്തിലുള്ള ഒരു ഡ്രസ് ആണ്. നമ്മുടെ നാട്ടിലെ അച്ചന്‍മാരുടെ രാജവേഷവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.

അതുപോലെ കുര്‍ബാന കഴിയുമ്പോള്‍ അമേരിക്കന്‍ അച്ചന്‍ പള്ളിയുടെ മെയിന്‍ വാതിലില്‍ നില്‍ക്കും .എല്ലാവരോടും വര്‍ത്താനം പറയും. ശരിക്കും ഒരു ആതിഥേയന്‍റെ മര്യാദ. നാട്ടില്‍ കുര്‍ബാന കഴിഞ്ഞാല്‍ അച്ചന്‍മാര്‍ ഓടി മേടയില്‍ കയറും. പിന്നെ നമ്മള്‍ അവരുടെ സൌകര്യം നോക്കി നില്‍ക്കണം ഒന്നു കാണണമെങ്കില്‍.

കുര്‍ബാന

അമേരിക്കയില്‍ കുര്‍ബാന ഓരോരുത്തര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ് എന്നാണ് തോന്നുന്നത്.

നാട്ടിലെ ഒരു റോമന്‍ കത്തോലിക് കുര്‍ബാന മിനിമം 1 മണിക്കൂര്‍ ഉണ്ടാകും. എന്നാല്‍ അമേരിക്കന്‍ കുര്‍ബാന 45 മിനിറ്റ് മാത്രമേയുള്ളൂ. കുര്‍ബാന തുടങ്ങിയാല്‍ അപ്പോള്‍ തന്നെ മെയിന്‍ /ആന വാതില്‍ അടച്ചിടും. പിന്നെ വരുന്നവര്‍ക്ക് സൈഡില്‍ കൂടെ മാത്രമേ കയറാന്‍ കഴിയൂ.

അമേരിക്കയില്‍ ഒരുമാതിരി എല്ലാവരും എന്നെപ്പോലെ ഇംഗ്ലിഷ് അറിയാത്തവരോഴിച്ച്, കുര്‍ബാനയില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലും. നാട്ടില്‍ അച്ചനും, ഗായകസംഘവും .പിന്നെ കുറച്ചു വയസായ അമ്മാമ്മമാരും മാത്രം കുര്‍ബാന ചൊല്ലും ബാക്കിയെല്ലാവരും കാഴ്ചക്കാര്‍.

നാട്ടില്‍ അച്ചന്‍ അള്‍ത്താരക്ക് നേരെ നടുവില്‍ നിന്നാണ് കുര്‍ബാന ചൊല്ലുന്നത്. ഇവിടെ അമേരിക്കയില്‍ അച്ചന്‍ അള്‍ത്താരയുടെ ഒരു വശത്താണ്. ജനങ്ങളുടെ വലതു വശത്ത്. പിന്നെ ബുക്ക് വയ്ക്കാനുള്ള സ്റ്റാന്‍ഡില്ല. ഒരു അള്‍ത്താര ബാലനോ, ബലികയോ പുസ്തകം പിടിച്ചുകൊണ്ട് അച്ചന്‍റെ മുന്‍പില്‍ നില്‍ക്കുന്നുണ്ടാകും. 

നാട്ടില്‍ അള്‍ത്താര ബാലികമാര്‍ എന്നൊരു കൂട്ടര്‍ കുറച്ചു കാലം മുന്‍പെ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ അവിടെ അള്‍ത്താര ബാലന്‍മാര്‍ ഉണ്ടെങ്കില്‍ ബാലികമാര്‍ ഉണ്ടാവില്ല. അതുപോലെ നേരെ തിരിച്ചും. അമേരിക്കയില്‍ അവര്‍ മിക്സ് ആയിട്ടോക്കെ നില്‍ക്കുന്നുണ്ട്.

നാട്ടിലെ കുര്‍ബാനയിലെ പ്രസംഗം പഞ്ചായത്തില്‍ കാശിന്‍റെ  വരവ്ചി.ലവ് വായിക്കുന്നതുപോലെ ആണെങ്കില്‍ അമേരിക്കയില്‍ കുര്‍ബാനക്കിടയില്‍ കാര്യമായി കാശിന്‍റെ കാര്യം ഒന്നും പറയുന്നില്ല.

നാട്ടില്‍ കാണാതെ ഒരു സംഗതിയാണ് കുര്‍ബാനക്ക് വളണ്ടിയര്‍മാര്‍ നില്‍ക്കുന്നത്. ന്യൂ ജേഴ്സിയില്‍ ഞാന്‍ പോകുന്നിടത്ത് കോട്ട് ഇട്ട 6-7 പേര്‍ നില്‍പ്പുണ്ടാകും. അവരാണ് കുര്‍ബാനക്കിടയില്‍ കാഴ്ചസമര്‍പ്പണത്തിനുള്ള പണം പിരിക്കുന്നത്. അതുപോലെ ആരെങ്കിലും പുറത്തു നില്‍പ്പുണ്ടെകില്‍ അകത്തേക്ക് ക്ഷണിക്കുന്നത്. .ക്ഷണം മാത്രം .ഇഷ്ടം പോലെ ആളുകള്‍ നാട്ടിലെപ്പോലെതന്നെ പുറത്തു നിന്നാണ് കുര്‍ബാന കാണുന്നത്. അതുപോലെ അവരാണ് ഇരിക്കാന്‍ സ്ഥലമില്ലാതെ നില്‍ക്കുന്നവര്‍ക്ക് ഒഴിഞ്ഞ ബെഞ്ച് കാണിക്കുന്നത്. കുര്‍ബാന തുടങ്ങുമ്പോ വാതില്‍ അടക്കുന്നതും കഴിയുമ്പോള്‍ തുറക്കുന്നതും.വളരെ നല്ല ആളുകളാ.

ഇടവും വലവും നില്‍ക്കുന്നവര്‍ക്ക് സമാധാനം പരസ്പരം കൈമാറുന്നത് നാട്ടില്‍ കൈ കൂപ്പിക്കൊണ്ടാണെങ്കില്‍ അമേരിക്കയില്‍ ഷേക്ക്ഹാന്‍ഡ് കൊടുത്തിട്ടാണ്. അതും ചുറ്റും നില്‍ക്കുന്ന 8 പേര്‍ക്കും കൊടുക്കും.

കുര്‍ബാനക്ക് അപ്പം കൊടുക്കല്‍ നാട്ടില്‍ പണ്ട് അച്ചന്‍മാര്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. അപ്പം കൊടുക്കല്‍ എന്നതുകൊണ്ട് ഉദേശിച്ചത് നാട്ടില്‍ തിരൂരക്തം കൊടുക്കാതെയുള്ള ഒരു ഏര്‍പ്പാടിനെക്കുറിച്ചാണ്. വലിയ കാര്യത്തില്‍ എല്ലാദിവസവും കുര്‍ബാന കൈക്കൊള്ളണം എന്നൊക്കെ അച്ചന്‍മാര്‍  പറയും. പക്ഷേ .തിരുശരീരരക്തങ്ങള്‍ തരുന്നതില്‍ രക്തതെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞു കാണില്ല. അവര്‍ തന്നെ ഉഡായിപ്പ് കാണിക്കുമ്പോള്‍ പിന്നെ കുഞ്ഞാടുകള്‍ ഉഡായിപ്പ് കാണിക്കാതിരിക്കുമോ? ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പ് ചെറിയ പരിഷ്കാരം ഒക്കെ കൊണ്ടുവന്ന് അത് കന്യാസ്ത്രീകള്‍ക്ക്, അതും നല്ല വയസായവര്‍ മാത്രം കൊടുക്കാന്‍ പറ്റുമെന്നാക്കി. അമേരിക്കയില്‍ തിരുശരീരരക്തങ്ങള്‍ നല്‍കുന്നത് നാട്ടുകാരാണ്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഷൂസ് ധരിച്ചുകൊണ്ട് തന്നെ അവര്‍ അള്‍ത്താരയിലേക്ക് കയറും. സ്ത്രീകളുടെ ഡ്രെസ്സിന്റെ കാര്യം ആദ്യമേ പറഞ്ഞല്ലോ. അവരാണെന്ന് തോന്നുന്നു അവിടത്തെ പ്രമാണിമാര്‍. കന്യാസ്ത്രീമാരെ അധികം കണ്ടിട്ടില്ല. അതുപോലെ മറ്റൊരു പ്രത്യേകതയാണ് വയസായവര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലത്തു പോയി കുര്‍ബാനക്ക് കൊടുക്കും.

കുര്‍ബാന കഴിയുമ്പോള്‍ ഉള്ള നോട്ടിസ്. വിതരണം എല്ലായിടത്തും ഒരേപോലെ തന്നെ.

2014, ജൂൺ 14, ശനിയാഴ്‌ച

വെള്ളവും വെള്ളക്കാരനും / Water and Whites

അമേരിക്കയെപ്പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി മലയാളി കേള്‍ക്കുന്നതാണ് അവര്‍ "നമ്മള്‍ വെള്ളം ഉപയോഗിച്ചേ ചെയ്യാന്‍ പറ്റു എന്നു വിചാരിക്കുന്ന ഒരു കാര്യം കടലാസ് ഉപയോഗിച്ച് ചെയ്യുന്നവരാണ്" എന്നത്. സാധാരണ ഇത് നാറ്റക്കേസ് ആയതുകൊണ്ട് കേട്ട മലയാളികള്‍ ആരും തന്നെ ചോദിക്കില്ല എന്താ അവര്‍ അങ്ങനെ ചെയ്യുന്നതെന്ന്?. എന്നാല്‍ എല്ലാവരുടെയും മനസില്‍ ആ ചോദ്യം അവശേഷിക്കും.എന്‍റെ മനസ്സിലും അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു. 

ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലത്ത്, കൊള്ളാവുന്ന ഒരു ഉത്തരം ആദ്യം സാധാരണക്കാരന്‍റെ മനസില്‍ തോന്നുക, "പാവങ്ങള്‍ വെള്ളം ഉണ്ടാകില്ല" എന്നതായിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്നപോലെ കാലവര്‍ഷവും തുലാവര്‍ഷവും ഒന്നും അവര്‍ക്ക് ഉണ്ടാകില്ല. അതുകൊണ്ടായിരിക്കും .ജീവിച്ചു പൊയ്ക്കൊട്ടെ... ഇംഗ്ലിഷ് സിനിമകള്‍ ഭൂരിഭാഗവും അതിനെ ശരിവയ്ക്കുന്നതുമാണ്.

പിന്നെ കുറച്ചു കമ്യൂണിസ്റ്റ് ചിന്താഗതികള്‍ നമ്മുടെ തലയില്‍ വരുമ്പോള്‍ തോന്നും. ബ്ലെഡി ബൂര്‍ഷകള്‍, അവന്‍റെയൊക്കെ കാശ് കൈയില്‍ ഉണ്ടെന്ന അഹങ്കാരം. ഇവിടെ കുട്ടികള്‍ പുസ്തകം വാങ്ങാന്‍ പറ്റാതെ വിഷമിക്കുമ്പോള്‍ അവന്മാര്‍ അവിടെ വെള്ളത്തിന് പകരം പേപ്പര്‍ ഉപയോഗിക്കുന്നു.

ഒരുപ്രായത്തില്‍ നമ്മുടെ സംസ്ക്കാരം ,പാരമ്പര്യം എന്നൊക്കെ പറഞ്ഞു ഒരുതരം വികാരം നമ്മുടെ സിരകളില്‍ ഓടിക്കളിക്കും. അന്ന് നമുക്ക് തോന്നും ഓ പാവങ്ങള്‍ അവര്‍ക്ക് വെള്ളം ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നൊന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഉണ്ടായില്ല അതുകൊണ്ടാണ് അവര്‍ പേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത്. അതുപോലെ അവരുടെ പാരമ്പര്യം തുടങ്ങുന്നത് അടുത്ത കാലത്തു കൊളംബസ് ഇന്‍ഡ്യയിലേക്ക് വരുന്ന വഴി  വഴി തെറ്റി അങ്ങോട്ട് ചെന്നതു മുതലാണ്. എന്നാല്‍ നമ്മുടെയോ പേപ്പര്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പു തന്നെയുള്ളതാണ്.

പിന്നെ ഒരു കാലഘട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വെള്ളക്കാരുടെ ഫാന്‍ ആകും. അവരുടെ ജീവിതരീതികളില്‍ നിന്ന്‍ അനാവശ്യമായ എല്ലാം നമ്മള്‍ പിന്തുടരാന്‍ നോക്കും.ഇംഗ്ലിഷില്‍ പല്ലുതേക്കും കുളിക്കും.  ബെര്‍ഗര്‍, KFC ചിക്കന്‍ തുടങ്ങിയ ഭക്ഷണം മാത്രം കഴിക്കും. വേഷം പറയേ വേണ്ട. ഖനിതൊഴിലാളികള്‍ക്ക് വേണ്ടി പെട്ടെന്ന് കീറിപ്പോകാതിരിക്കാന്‍ ഉണ്ടാക്കിയ ജീന്‍സ് ഇട്ടു നമ്മള്‍ കല്യാണത്തിന്  കെട്ടാന്‍ വരെ പോകും. കുട്ടികള്‍ക്ക് ജോണ്‍സണ്‍ആന്ഡ് ജോണ്‍സണ്‍ സാധനങ്ങള്‍ മാത്രം വാങ്ങികൊടുക്കും. മലയാളത്തിലെ  കേട്ടാല്‍ ചെവിപൊട്ടുന്ന നല്ല വാക്കുകള്‍ക്ക് പകരം വെറും 4 അക്ഷരങ്ങള്‍ ഉള്ള അവരുടെ വാക്കുകള്‍ ഉപയോഗിക്കും. അത്യാവശ്യം കാശിന്‍റെ ചിലവ് ഉള്ളതുകൊണ്ടു മാത്രം വെള്ളത്തിന് പകരം കടലാസ് ഉപയോഗിക്കില്ല. ഒരു മാതിരിപ്പെട്ട ആളുകളൊന്നുംതന്നെ ഈയൊരു ഘട്ടത്തില്‍നിന്നും തിരിച്ചുവരില്ല. നമ്മുടെ വിഷയം വേറെയാണ്  ഈ ചിന്താഗതിയില്‍ ഉള്ളവര്‍ വിചാരിക്കുന്നത് പേപ്പര്‍ വെള്ളക്കാര്‍  ഉപയോഗിക്കുന്നത് ഹൈജീന്‍ അഥവാ വളരെ വൃത്തിയുള്ളവരാവാന്‍  വേണ്ടിയാണ് എന്നാണ്.യൂസ് ആന്‍ഡ് ത്രോ ആകുമ്പോള്‍ നമ്മുടെ കൈയ്യില്‍ ഒന്നും പറ്റുകയില്ല. അങ്ങനെ നമ്മള്‍ ഹൈജീന്‍ ആകും. മുഴുവനായും പേപ്പര്‍ കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കരുത്. ഹൈജീന്‍ കൈക്കാണ് വേണ്ടത്.

എന്‍റെ മനസ് വളരെ നിഷ്കളങ്കമായതുകൊണ്ട് ഞാന്‍  ആദ്യം വിചാരിച്ചത് പാവങ്ങള്‍ വെള്ളം ഇല്ലാഞ്ഞിട്ടായിരിക്കും എന്നുതന്നെയാണ്. പിന്നെയാണ് ആലോചിച്ചത് അവിടെ മഞ്ഞു വീഴുന്ന സ്ഥലമല്ലേ. ഇഷ്ടം പോലെ വെള്ളം ഉണ്ടാക്കാമല്ലോ. പക്ഷേ അങ്ങിനെയാകുമ്പോള്‍ ഒരു കുഴപ്പം ഉണ്ട്. മഞ്ഞു ഉരുക്കിവെള്ളമാക്കുമ്പോള്‍ ചൂട് ഒരു പ്രശ്നമാണ്. കറെക്റ്റ് ചൂട് അല്ലെങ്കില്‍ തണുത്തു വിറയ്ക്കും അല്ലെങ്കില്‍ പൊള്ളിച്ചാകും. ആയുധം വച്ചുള്ള കളിയായതുകൊണ്ടും സ്ഥലം വളരെ സെന്‍സിറ്റീവ് ആയതുകൊണ്ടും ആരും അങ്ങനെ ഒരു പരീക്ഷണം ചെയ്തിട്ടുണ്ടാവില്ല..

വെള്ളമില്ലാഞ്ഞിട്ടാണൊ അതോ വെള്ളക്കാരന്‍റെ അഹങ്കാരമാണോ എന്നു എനിക്കു ഒരു സംശയം വന്നത് തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയപ്പോള്‍ ആണ്. തമിഴ്നാട്ടില്‍ കഴുകാന്‍ പോയിട്ട് കുടിക്കാന്‍ പോലും വെള്ളമില്ല. പക്ഷേ എന്നിട്ടും അവര്‍ പേപ്പര്‍ ഉപയോഗിക്കുന്നില്ല. കിലോമീറ്ററുകള്‍ നടന്ന്‍ കുടത്തില്‍ വെള്ളം കൊണ്ട് വന്നു ഉപയോഗിക്കും. അപ്പോള്‍ വെള്ളമല്ല പ്രശ്നം.

അങ്ങനെ ആ സംശയം അതുപോലെ നിന്നു. അതിനു ഒരു പരിഹാരം ആകും എന്നു തോന്നിയത് ആദ്യമായി അമേരിക്കയില്‍ പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ആയിരുന്നു. പക്ഷേ മുന്പെ അമേരിക്കയില്‍ പോയവന്‍മാര്‍ "അളിയാ കപ്പ് മറക്കേണ്ട" എന്നു പറഞ് കപ്പ് എടുപ്പിച്ചപ്പോള്‍ ഒരു വലിയ സംശയത്തിനുള്ള ഉത്തരം കിട്ടാനുള്ള വഴിയടഞ്ഞു. അമേരിക്കയില്‍  ചെന്നപ്പോള്‍ അവിടെ വെള്ളം സുലഭമായി കിട്ടുന്നു. എല്ലാ പൈപ്പിലും ചൂടുവെള്ളവും തണുത്ത വെള്ളവും വരും.അതിന്‍റെ നോബ് ഒന്നു അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടും കൂടി മിക്സ് ആയി നമുക്ക് ആവശ്യമായ ചൂടില്‍ വരും. എന്നിരുന്നാലും ഞാന്‍ നേരെ ഒരിയ്ക്കലും വെള്ളം ഉപയോഗിച്ചിട്ടില്ല. ചൂട് വെള്ളവും കൂടി വരുന്ന പൈപ്പല്ലേ, എല്ലാം യന്ത്രമാണല്ലോ, അഡ്ജസ്റ്റ്മെന്‍റ് ഒന്നു പാളിയാല്‍  പിന്നെ സ്വാഹാ... എന്നു പറയേണ്ടി വരും. വളരെ സമയം എടുത്ത് കപ്പില്‍ എടുത്ത് ചൂട് നോക്കി മാത്രം ഉപയോഗിച്ചു.

പക്ഷേ ഇത്തവണ H1B വിസയില്‍ ആയതുകൊണ്ട് കുറെ കാലം നില്‍ക്കണം. അപ്പോള്‍ എന്ത് ചെയ്യും എന്നൊരു ചോദ്യം ആദ്യം മനസില്‍ ഉയര്‍ന്നു വന്നെങ്കിലും കപ്പ് എന്നൊരു ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ...

അങ്ങനെ അമേരിക്കയില്‍ വന്ന്‍ താമസിക്കുന്നത് കമ്പനി വക ഗസ്റ്റ് ഹൌസില്‍ ആണ്. ഗസ്റ്റ് ഹൌസ് എന്നു പറഞ്ഞാല്‍ ഒരു അമേരിക്കന്‍ സായിപ്പിന്‍റെ നാടന്‍ വീട്. ഇവിടെ കുറച്ചുനാള്‍ താമസിച്ചപ്പോഴാണ് ഒരു ബള്‍ബ് മിന്നിയതും "എന്തുകൊണ്ട് പേപ്പര്‍" എന്നതിന് ഒരു ഉത്തരം കൂടി കിട്ടിയതും.

ഇവിടെ അമേരിക്കയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും തണുപ്പാണ്. നന്നായിട്ട് മഞ്ഞും വീഴും. അങ്ങനെയുള്ള രാജ്യത്തെ വീടുകള്‍ പണിയാന്‍ മരമാണ് നല്ലത്. അതുപോലെ വീടുകളുടെ മേല്‍ക്കൂര നമ്മുടെ നാട്ടിലെ ഓട് വീടുകളുടെപോലെ  കൂര്‍ത്തിരിക്കും.മഞ്ഞു വീണാല്‍ താഴോട്ട് ഇഴുകിപ്പോരാനായിരിക്കും. ഇവിടെ ന്യൂജേഴ്സിയില്‍ എവിടെനോക്കിയാലും  മരങ്ങള്‍ കാണാം . തണുപ്പില്‍ നിന്നു രക്ഷപ്പെടുകയും ചെയാം, ചിലവും കുറവ്, അതായിരിക്കാം എല്ലാ വീടുകളും ഇവിടെ മരം ഉപയോഗിച്ചു മാത്രം ഉണ്ടാക്കിയിരിക്കുന്നതിന്‍റെ കാരണം. ഭൂരിഭാഗം വീടുകള്‍ക്കും ബേസ്മെന്‍റ് എന്നു പറയുന്ന അണ്‍ഡര്‍ഗ്രൌണ്ട് ഉള്‍പ്പെടെ 2-3 നിലകള്‍ കാണും. മൊത്തം മരം എന്നു പറയുമ്പോള്‍ ചുമര്‍ ഉള്‍പ്പെടെ മരം. അതായത് കേരളത്തിലെ പഴയ തറവാടുകളില്‍ കാണുന്നപോലെ മരത്തിന്‍റെ തട്ട് ഇട്ട മേല്‍ക്കൂര അതിന്‍റെ മുകളില്‍ ഒരു നില. അമേരിക്കയില്‍ ബേസ്മെന്‍റിനു മുകള്‍ത്തട്ട് വരെ മരത്തിലാണ് പണിയുന്നത്. അതായത് ഒന്നാം നിലയുടെ അടിഭാഗം മരമാണ് എന്നര്‍ത്ഥം. ആ ഒന്നാം നിലയിലാണ് നമ്മുടെ "വെള്ളമോ കടലാസോ" എന്ന തര്‍ക്കബാധിത മുറി സ്ഥിതിചെയ്യേണ്ടത്.

അങ്ങനെ മരത്തിന് മുകളില്‍ ടൈല്‍സ് വിരിച്ച് പണിയുന്ന മുറിയില്‍ നമ്മള്‍ വെള്ളം ഉപയോഗിച്ചാല്‍, ആ വെള്ളം ടൈല്‍സിന് ഉള്ളിലൂടെ ഇറങ്ങി മരത്തില്‍ വീണ് മരം ദ്രവിച്ചുപോയാല്‍ ആര് സമാധാനം പറയും? നിങ്ങള്‍ തന്നെ പറയൂ പേപ്പര്‍ അല്ലേ നല്ലത്?

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചുടല വരെ ഇല്ലെങ്കിലും സ്കൂളില്‍ പോകുമ്പോള്‍ ആ ശീലം വേണ്ടേ? അങ്ങനെ ഇഷ്ടികയില്‍ പണിത സ്കൂളിലും പേപ്പര്‍ മാത്രം.സ്കൂളുള്‍ ശീലിച്ചത് ഇനിയിപ്പോള്‍ ജോലിസ്ഥലത്ത് മാറ്റാന്‍ പറ്റുമോ? അതൊരിക്കലും പറ്റില്ല. അങ്ങനെ കോണ്‍ക്രീറ്റ് കൊണ്ട് പണിത കമ്പനിയിലും പേപ്പര്‍. അങ്ങനെ പേപ്പര്‍ പേപ്പര്‍ സര്‍വത്ര...

തണുപ്പ് കൂടിയിട്ടാണ് വീടുകള്‍ മരം കൊണ്ട് പണിയുന്നത് എന്നു പറഞ്ഞു. പക്ഷേ എന്തുകൊണ്ട് കമ്പനികള്‍ ,സ്കൂളുകള്‍ ,ഷോപ്പിങ് മാളുകള്‍  തുടങ്ങിയവ കോണ്‍ക്രീറ്റ് കൊണ്ട് പണിയുന്നു.അവിടെ തണുപ്പില്ലേ? അതിനു ഉത്തരം കിട്ടിയിട്ടില്ല. കിട്ടിയാല്‍, ഇവിടെതന്നെ പോസ്റ്റും.

2014, ജൂൺ 7, ശനിയാഴ്‌ച

NO166-JOY-16

NO-1-NO-JOY-16
ആരും പേടിക്കേണ്ടാ രഹസ്യകോഡൊന്നുമല്ല. അമേരിക്കയിൽ വന്നതിനുശേഷമുള്ള വെറും ജാഡ. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. നമ്മളായിട്ട് എന്തിനാ കുറക്കുന്നത്? നടുക്കീക്കോടെ ഒന്ന് സൈക്കിൾ ചവിട്ടാം എന്ന് തീരുമാനിച്ചു.

ഒരു മാതിരി ലാൻഡ്‌ ഫോണുകളുടെ ഒക്കെ ഡയൽ പാഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം. എന്തിനാ അതെന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മയുടെ വീട്ടിൽ വച്ച് ഞാൻ ആദ്യം ഫോണ്‍ കണ്ടപ്പോൾ തന്നെ മനസ്സിൽ വന്ന ചോദ്യമാണ്. അവിടെ എന്നെക്കാൾ കുറച്ചു വലിയ ചേട്ടന്മാർ ഉൾപ്പെടെ എല്ലാവരും ഫോണ്‍ വന്നാൽ എടുക്കും. ഞാൻ പിന്നെ ചെവിയിൽ ഷോക്ക് അടിക്കേണ്ടല്ലോ എന്ന് കരുതി മാറി നിൽക്കും. ഫോണ്‍ എടുക്കാൻ അസിസ്റ്റന്റ്‌സ് കൊറേയുള്ളപ്പോൾ എന്തിനാ പിന്നെ ഞാൻ. അതുകൊണ്ട് എന്റെ വിചാരം അവർക്കെല്ലാം അതിൽ എന്തിനാ ഇംഗ്ലീഷ് എഴുതിയിരിക്കുന്നത് എന്ന് അറിയാം എന്നായിരുന്നു. വെറുതെ നമ്മൾ ചോദിച്ചു വില കളയേണ്ട കാര്യമില്ലല്ലോ.

പിന്നെ വീട്ടിൽ ഫോണ്‍ വന്നപ്പോഴും ആ ചോദ്യം ചോദ്യമായി തുടർന്നു. നാട്ടിൽ ആണെങ്കിൽ ഞങ്ങൾക്ക് ഫോണ്‍ കിട്ടുമ്പോൾ വേറെ അധികം പേർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് അടുത്തുള്ള കുറെ വീട്ടുകാർ ഞങ്ങളുടെ ഫോണ്‍ നമ്പർ ആണ് ഉപയോഗിക്കുന്നത്. അവർക്ക് ഫോണ്‍ വരുമ്പോൾ അവരെ അറിയിക്കുക, അത്യാവശ്യം മറ്റുള്ളവർക്ക് ഡയൽ ചെയ്തുകൊടുക്കുക തുടങ്ങി ഒരു ചെറിയ ഫോണ്‍ ഓപ്പറേറ്റർ ആയി നിൽക്കുമ്പോൾ എങ്ങിനെ ആരോടെങ്കിലും അതിൽ ഇംഗ്ലീഷ് എന്തിനാ എഴുതിയത് എന്ന് ചോദിക്കാൻ പറ്റോ?

ആദ്യമായി ഒരു ഉത്തരം കിട്ടിയത് മൊബൈൽ ഫോണിൽ ഇംഗ്ലീഷ് SMS അയക്കുന്നത് കണ്ടപ്പോഴായിരുന്നു. എന്തൊരു ആശ്വാസമായിരുന്നു അത് കണ്ടപ്പോൾ. അപ്പോൾ തന്നെ വീട്ടിൽ വന്നു ലാൻഡ്‌ ഫോണിൽ നിന്നും sms ടൈപ്പ് ചെയ്തു നോക്കിയെങ്കിലും send ബട്ടണ്‍ കാണാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. അപ്പോഴും പാതി സംശയം ബാക്കി.

അത് ഏറെക്കുറെ മാറിയത് സോഫ്റ്റ്‌ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ആയിരുന്നു. ആദ്യം വർക്ക്‌ ചെയ്ത അമേരിക്കൻ കമ്പനിയുടെ വെബ്‌സൈറ്റിൽ 1-888-9DOTNET എന്ന് പറഞ്ഞു ഒരു ടോൾഫ്രീ നമ്പർ കിടക്കുന്നു. ഒന്നും മനസിലായില്ല. അവിടെ ജോലി ടെക്നിക്കൽ സപ്പോർട്ട് ആയതുകൊണ്ട് കൊറേ പേർക്ക് ഈ നമ്പർ കൊടുത്തിട്ടുണ്ട്. ഭാഗ്യത്തിന് ആരും ഈ നമ്പർ എങ്ങിനെ വിളിക്കും എന്ന് ചോദിച്ചിട്ടില്ല. ആ വല്ല കമ്പ്യൂട്ടർ അപ്ലിക്കേഷൻ വഴി അവർ  എങ്ങിനെയെങ്കിലും വിളിച്ചോളും എന്നൊരു സമാധാനമായിരുന്നു. അന്ന് ഇന്റർനെറ്റ്‌ ഇന്നത്തെപ്പോലെ കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ടും, കമ്പനി ഇന്റർനെറ്റ്‌ വഴി നമ്മൾ സെർച്ച്‌  ചെയ്‌താൽ ഇതു പോലും അറിയാത്തവനാണോ ഇവൻ എന്ന് കരുതി കമ്പനിക്കാർ പിടിച്ചു പുറത്താക്കുമോ എന്നൊരു പേടിയുള്ളതുകൊണ്ടും അധികം റിസർച്ച് ചെയ്യാൻ പോയില്ല.

അങ്ങിനെ കാലം കടന്നുപോയി. അത് അറിയാഞ്ഞിട്ടു എട്ടിന്റെ പണി കിട്ടിയത് ഓർക്കാപ്പുറത്തായിരുന്നു. എന്റെ ഇ മെയിൽ ഡൌണ്‍ ആയി. ഇനി മെയിൽ കിട്ടണമെങ്കിൽ പ്രൊവൈഡറുടെ ടോൾഫ്രീ നമ്പർ വിളിക്കണം. നാലാം നിലയിൽ നിന്നും വീണാലും നാലുകാലിൽ നില്ക്കുന്നതുകൊണ്ട് നെറ്റ്‌വർക്ക് പിള്ളേരെക്കൊണ്ട് വിളിപ്പിച്ചു. ഇതെല്ലാം നിന്റെ പണിയല്ലേ നിന്റെ പണി ഞാൻ ചെയ്‌താൽ എന്റെ 2 ബഗ് നീ ഫിക്സ് ചെയ്യുമോടാ എന്നുള്ള ചോദ്യത്തിൽ അവന്മാർ വീണുപോയി.

എന്തായാലും അതോടുകൂടി അതൊന്നു അറിയാൻ  തീരുമാനിച്ചു.സംഗതി സിമ്പിൾ ആണ്. ആദ്യം ഇത് എക്സ്ചേഞ്ച് അറിയാൻ വേണ്ടി ഉപയോഗിച്ചതാണ്. പിന്നെ ആളുകൾ നമ്പറുകൾ എളുപ്പം ഓർക്കാൻ വേണ്ടി ഉപയോഗിച്ചു തുടങ്ങി. അവസാനം മൊബൈലിൽ sms അയക്കാനും. അന്ന് തീരുമാനിച്ചതാണ് ഇനി അടുത്ത നമ്പർ എടുക്കുമ്പോൾ ഇതുപോലത്തെ ഒരെണ്ണം എടുക്കണം എന്ന്.

ഇന്ത്യയിൽ അതിന് ഒരു ചാൻസും ഇല്ല. ഇവിടെ അമേരിക്കയിൽ ആളുകൾ ഫോണ്‍ നമ്പറുകൾ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ വച്ച് എഴുതുന്ന പതിവുണ്ട്. അതുകൊണ്ട് ഇത്തവണ അങ്ങനത്തെ ഒരു നമ്പർ എടുത്തു. ഇത് ഗൂഗിൾ വോയിസ്‌ എന്ന സർവീസ് വഴി എടുത്തതാണ്.ഇനി ശരിക്കും ഉള്ള സിം എടുക്കുമ്പോൾ ഇതിനോട് ലിങ്ക് ചെയ്യണം. അങ്ങനെ ഇത് എന്റെ അമേരിക്കൻ നമ്പർ ആകും

ശരിക്കും നമ്പർ 661-665-6916
അക്ഷരീകരിച്ചു എഴുതിയാൽ NO166-JOY16
വേറെ രീതിയിൽ എഴുതിയാൽ NO1-NO-JOY-16

ഓർക്കാൻ എളുപ്പമുണ്ട് അത്രയേ ഉള്ളു...

നിങ്ങളുടെ ഇപ്പോൾ നിലവിൽ ഉള്ള നമ്പർ എങ്ങിനെ ജാഡീകരിക്കാം എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഡീ താഴത്തെ കൊളുത്ത് ഒന്ന് പോയി നോക്കിയേര്...
http://www.internetmarketingninjas.com/seo-tools/phone-number-spell/

അമേരിക്കക്കാരുടെ കൊള്ളാവുന്ന ഒരു രീതിയാണ്‌ ഇത്. ഇന്ത്യക്കാരുടെ ഒരു സ്വഭാവം വച്ച് അമേരിക്കക്കാരുടെ കൈയിൽ നിന്നും ഒരിക്കലും ഇങ്ങനത്തെ നല്ലത് എടുക്കില്ല. ഡ്രെസ്സൊ, ഭക്ഷണശീലങ്ങളോ, 4 ലെറ്റർ ഉള്ള വാക്കുകളോ ആണെങ്കിൽ എപ്പോ എടുത്തു എന്ന് ചോദിച്ചാൽ മതി.

2014, മേയ് 2, വെള്ളിയാഴ്‌ച

കാര്‍ത്തിക ക്രിസ്ത്യാനിയാണോ?

ഫാര്യ - അല്ല കൊച്ചിനു നമുക്ക് നല്ലൊരു പേര് കണ്ടുവയ്ക്കേണ്ടായോ?
ഫര്‍ത്താവ് - ആള് ഇപ്പോള്‍ വയറ്റില്‍ സുഖമായി, ഫുട്ബോള്‍ കളിച്ചിരിക്കല്ലേ.പുള്ളി പുറത്തെത്തിയിട്ട്പോരേ പേര്?

ഫാര്യ  - ആശുപത്രിയില്‍ ഒക്കെ ഇപ്പോള്‍ പേര് കൊടുക്കണന്നേ. അല്ലേല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ പ്രശ്നമാകും. ജനന സര്‍ട്ടിഫിക്കറ്റിലെ പേരും എസ്‌എസ്‌എല്‍‌സി ബുക്കിലെ പേരും രണ്ടായാല്‍ പിന്നെ പുലിവാലാന്നേയ്..
ഫര്‍ത്താവ്  - എന്തായാലും മാമോദീസ പേര് എന്‍റെ അപ്പന്‍റെയോ അമ്മയുടെയോ ഇടണം.ആദ്യത്തെ കൊച്ചല്ലേ.പിന്നെ വിളിക്കാന്‍ ഒരു പേര് അത് ആ പേര് തന്നെ ഇട്ടാല്‍ പോരേ? എന്തിനാ വേറെ ഒരു പേര് നോക്കി ബുദ്ധിമുട്ടണേ.

ഫാര്യ  - അതുവേണോ.അപ്പന്‍റെ പേരിട്ടു വിളിച്ചാല്‍ കണ്‍ഫ്യൂഷന്‍ ആകില്ലേ.എടാ ജോര്‍ജേ എന്നു മോനുണ്ടായി അവനെ വിളിച്ചാല്‍ അപ്പന്‍ വിളികേള്‍ക്കോ അതോ മോന്‍ കേള്‍ക്കൊ?
ഫര്‍ത്താവ് -അത് നല്ലപോയന്‍റാ.അപ്പനെങ്ങാനും അമ്മയെ ചീത്ത പറഞ്ഞാല്‍ അമ്മക്ക് എടാ ജോര്‍ജേ ഇങ്ങോട്ട് വാടാന്നു മോനേ വിളിച്ചു,അപ്പനിട്ട്ചുമ്മാ പണി കൊടുക്കാം.

ഫാര്യ - എയ് എന്തായാലും അത് വേണ്ടാന്നേ.മാമോദീസ പേര് വേറെ ...വിളിക്കണ പേര് വേറെ.
ഫര്‍ത്താവ് . - എന്നാല്‍ അങ്ങനെയെങ്കില്‍ അങ്ങനെ.പക്ഷേ ഒരു കാര്യം.പേരിടുമ്പോ കേട്ടാല്‍ ക്രിസ്ത്യാനിയാണെന്ന് മനസിലാകുന്ന പേരിടണം. ഒരു മാതിരി നിന്‍റെ പേരുപോലത്തെ പേരിടരുത്.നിന്‍റെ പേരിന്‍റെ കൂടെ അപ്പന്‍റെ പേരില്ലെങ്കില്‍ ,നിന്നെ നിന്‍റെ നായര്‍ കൂട്ടുകാരികള്‍ അവരുടെ ആങ്ങളമാര്‍ക്ക് ആലോചിച്ചേനെ...

ഫാര്യ  - എന്നാ നമ്മള്തന്നെ പേരിട്ടോ..എന്‍റെ പേര് ഹിന്ദു പേരല്ലേ......ഞാന്‍ പേരിടുന്നില്ല..
ഫര്‍ത്താവ്  - അല്ല..അങ്ങനെയല്ലേ...കവി ഉദ്ദേശിച്ചത് എന്താണെന്ന് വച്ചാല്‍...

ഫാര്യ -എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ പേര് രമ്യ സ്റ്റീഫന്‍നായിരുന്നല്ലോ. അവര്‍ക്കെന്താ പേരിനു കുഴപ്പം? കീര്‍ത്തി ജോസും ഉണ്ടായിരുന്നു.
ഫര്‍ത്താവ്  - അല്ലാ എന്നാ ഒരു കാര്യം ചെയ്യാം.ബൈബിളില്‍നിന്ന് ഒരു പേരുണ്ടാക്കാം.പ്രശ്നം കഴിഞ്ഞില്ലേ.

ഫാര്യ - അല്ല ഇവിടത്തെ ചേച്ചിമാരുടെ പേരൊക്കെ സുധ എന്നൊക്കെയുണ്ടല്ലോ.അങ്ങനെ ഒരു പേര് ഞാന്‍ ഇവിടെ കേട്ടിട്ടുണ്ടല്ലോ.
ഫര്‍ത്താവ് - ബൈബിളീന്ന് പേരെടുത്തു...പ്രശ്നം തീര്‍ന്നല്ലോ..

ഫാര്യ -ബൈബിളീന്ന് എന്താ മത്തായി ,മാര്‍ക്കോസ്, മറിയം എന്നൊക്കെ പേര് എടുക്കാനാണോ. അതിലും ഭേദം എന്‍റെ പേരാ.
ഫര്‍ത്താവ് -നിന്‍റെ പേര് കിടിലന്‍ പേരല്ലേ.നിന്‍റെ പേരിന് എന്താ ഒരു പ്രശ്നം ?എത്ര ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലാ നിന്‍റെ പേരുള്ളത്.

ഫാര്യ -ബൈബിളീന്ന് ഏത് പേരാ ? പറ.
ഫര്‍ത്താവ് - അല്ല നീ പറ. നീയെന്താ ബൈബിള്‍ വായിച്ചിട്ടില്ലേ?

ഫാര്യ -ഞാന്‍ ആവശ്യത്തിനുള്ള ബൈബിളെ വായിച്ചിട്ടുള്ളൂ.നമ്മള്‍ ബൈബിള്‍, കഥാപുസ്തകം വായിക്കണപോലെയല്ലേ വായിക്കണേ..ഞാന്‍ അതുപോലെ വായിക്കാറില്ലായേ..
ഫര്‍ത്താവ് -അല്ല .......അ...അങ്ങനെയല്ല....നീ പേര് പറ......

ഫാര്യ -തന്നത്താന്‍ ഒരെണ്ണം പറഞ്ഞേ.കുറെ നാളായല്ലോ ഐപാഡില്‍ ഇരുന്ന്‍ ബൈബിള്‍ വായിക്കുന്നു...
ഫര്‍ത്താവ് ‍-ഓകെ.എന്ന ദേ പിടിച്ചോ ഒരു ജോഡി.പെണ്ണാണെങ്കില്‍ "കാര്‍ത്തിക"..ആണാണെങ്കില്‍..

ഫാര്യ -അയ്യോ കാര്‍ത്തിക...എന്നാ പേരാന്നേ...ബൈബിളാണെന്ന് വച്ച് വേറെ ഏതോ ബുക്കാന്നോ ഐപാഡില്‍ വായിക്കുന്നേ
ഫര്‍ത്താവ് - നിനക്കെന്താടീ ഇടക്കിടെ ഒരു കോട്ടയം ഭാഷ.കുറച്ചു കാലം അച്ചായത്തിമാരുടെ കൂടെ ഹോസ്റ്റലീ നിന്നപ്പോ ഭാഷ മാറ്യാ? എടി കാര്യമായിട്ട് പറഞ്ഞതാ.ബൈബിളില്‍ പേരുണ്ടെടി.നീ ജോബിന്‍റെ പുസ്തകം ജോബിന്‍റെ പുസ്തകം എന്നു കേട്ടണ്‍ഡാ.

ഫാര്യ  - ഏത് ജോബിന്‍റെ പുസ്തകം. ബൈബിളില്‍ എവിടെയാ അത്?
ഫര്‍ത്താവ്  - ഓ ജോബിന്‍റെ പുസ്തകം അറിയില്ലേ? വലിയ കാര്യത്തില്‍ പള്ളിയില്‍ പോകാന്‍ എന്താ ഇന്‍ററസ്റ്റ്.നമ്മുടെ അവിടെ കോഴിക്കച്ചോടം ചെയ്യണ ജോബിന്‍റെ പറ്റു പുസ്തകം.

ഫാര്യ -പറയണുണ്ടെങ്കില്‍ പറ.എനിക്കു വേറെ പണിയുണ്ട്.
ഫര്‍ത്താവ് -എടീ പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകം 9ആം അധ്യായം 9ആം വാക്യത്തിലുണ്ട് കാര്‍ത്തിക എന്ന്‍.ഞാന്‍ ദേ കഴിഞ്ഞ ആഴ്ച വായിച്ചതാ.നിനക്കു സംശയണ്ടെങ്കില്‍ നീ ബൈബിളെടുത്ത് നോക്ക്

ഫാര്യ -ശരിയാ ഞാന്‍ നോക്കി ജോബിന്‍റെ പുസ്തകത്തില്‍ ഉണ്ട്.ഇനി ഇപ്പോ എന്‍റെ പേരും ഉണ്ടോവോ?
അല്ല അപ്പോ  നമ്മുടെ അപ്പുറത്ത് താമസിക്കുന്ന നാരായണന്‍ ചേട്ടന്‍റെ മോള് ബി‌എ ക്കു പഠിക്കുന്ന കാര്‍ത്തിക ക്രിസ്ത്യാനിയാണോ?
ഫര്‍ത്താവ് - പിന്നെ അല്ലാതെ.പുള്ളിക്കാരി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ പള്ളിപ്പെരുന്നാളിന് തിരക്കിനിടയില്‍ കൂട്ടം തെറ്റി പള്ളിയില്‍ കയറിയപ്പോള്‍ അച്ചന്‍ വെഞ്ചിരിക്കണ  വെള്ളം, അറിയാണ്ട് തലേല്‍ വീണു.

വായനക്കാരുടെ ശ്രദ്ധക്ക് - ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മരിച്ചു കിടക്കുന്നവര്‍ കുഴിയില്‍ നിന്നെഴുന്നേറ്റ് വന്ന്‍ തല്ലും. ഒരു കഥാതന്തു വീണു കിട്ടി. പിന്നെ കംപ്ലീറ്റ് ഗ്യാസടിച്ചുകയറ്റിയതാ.

എന്‍റെ ഭാവനയെകൊണ്ട് ഞാന്‍ തന്നെ തോറ്റു. ഭാവന... കൊള്ളാം നല്ല പേരാ.