2011 ജൂൺ 30, വ്യാഴാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...

രണ്ടാമൂഴം എന്ന് പേരുകൊടുക്കാനിരുന്നതാ പിന്നെ വിചാരിച്ചു ആ പേരില്‍  മഹാഭാരതത്തിലെ കഥ ആടിസ്ഥാനമാക്കി പണ്ട് എം.ടി എന്നോ വാസുദേവന്‍‌ എന്നോ മറ്റോ ഒരു പുള്ളി നോവല്‍ എഴുതിയിട്ടുള്ളതാ.ഞാന്‍ എങ്ങാനും അതെ പേരില്‍ എഴുതി എനിക്ക് ബ്ലോഗ്‌ അവാര്‍ഡ് കിട്ടുമ്പോള്‍ പുള്ളി വെറുതെ അതില്‍ കയറി പിടിച്ചാലോ? അതുകൊണ്ട് ചെറുതായി ഒന്ന് മാറ്റി.അമേരിക്കന്‍ രണ്ടാമൂഴം എന്നാക്കി.പിന്നെ രണ്ടാമൂഴം എന്നുവച്ചാല്‍ പുള്ളി കണ്ടു പിടിച്ച വാക്കൊന്നുമല്ലല്ലോ.രണ്ടാം പ്രാവശ്യം എന്നുപറയാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക് അത്ര തന്നെ.

കഴിഞ്ഞപ്രാവശ്യം അമേരിക്കയിലോട്ട് പോകുന്നതിനേക്കാള്‍ താല്പര്യം വിസ കിട്ടുക എന്നായിരുന്നതുകൊണ്ട് അമേരിക്കന്‍ വിശേഷങ്ങള്‍ ഒന്നും എഴുതിയിരുന്നില്ല.പകരം വിസാപരീഷണം എഴുതി.പക്ഷെ 10 കൊല്ലത്തെ ബിസിനസ്‌ വിസാ കിട്ടിയതുകൊണ്ട് ഇപ്പ്രാവശ്യം പോകുന്നതിന്‍റെകാര്യങ്ങള്‍ മാത്രമേ എഴുതാന്‍ പറ്റൂ.

എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് പറയാന്‍ പറ്റില്ല.പക്ഷെ ഒരു തരത്തില്‍ നോക്കിയാല്‍ പെട്ടെന്നാണ്.ഏപ്രില്‍ മുതലേ കേട്ട് തുടങ്ങി ഞങ്ങള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ Mayയില്‍  മൈക്രോസോഫ്ട്‌ റിവ്യൂ ചെയ്യുന്നുണ്ട് അതിനായി കൊച്ചിയില്‍ നിന്നും രണ്ടു പേര്‍ പോകണമത്രെ.ഞാനും വേറെ ഒരുത്തനും.ആദ്യത്തെ പണികിട്ടിയത് എനിക്കായിരുന്നു.എന്‍റെ സ്വപ്നമായ MBA പരീക്ഷണം മേയ് മാസത്തില്‍ ആണ്.അങ്ങനെ ഞാന്‍ ഊരിപ്പോന്നു.മറ്റവന്‍ ആണെങ്കില്‍ വിസാ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ തട്ടിപ്പോയി.പുള്ളി പണ്ട് എങ്ങാണ്ട് ദുബായിയില്‍ പോയിട്ടുണ്ടത്രേ അതാണ് കാരണം.അരി വാങ്ങിക്കാന്‍ വേണ്ടി ഒരു ഇന്ത്യക്കാരന്‍  ദുബായിയില്‍ പോയത് വലിയ കുറ്റമാണോ.പെട്രോള്‍ ഊറ്റാന്‍ പോയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്ന് തോന്നുന്നു.

അല്ലെങ്കിലും രണ്ടാമത്തെ പ്രാവശ്യം പോകുക എന്നുവച്ചാല്‍ വലിയ ഇന്റെറെസ്റ്റ് ഒന്നും കാണുകേല,പോകുന്നത് സ്ഥിരമായി നില്‍ക്കാനല്ലെങ്കില്‍.കാരണം ആദ്യത്തെ പ്രാവശ്യം പോകുമ്പോഴേ അമേരിക്കന്‍ ജീവിതം കണ്ടു ഞെട്ടിയിട്ടുണ്ടാകും. നമ്മുടെ നാലിരട്ടി സാലറി.നമ്മുടെ നാട്ടിലെ പോഷ് കാറായ ഹോണ്ട സിവിക് ,വോക്സ് വാഗന്‍ എല്ലാം അവിടത്തെ പിച്ചക്കാര് പോലും ഓടിച്ചോണ്ട് നടക്കുന്നു.ആദ്യത്തെ പ്രാവശ്യം വേണമെങ്കില്‍ പറയാം ,ഇതെല്ലാം ചുമ്മാ ചീളുകേസു ഇവന്മാര്‍ ചുമ്മാ പെട്രോള്‍ കത്തിച്ചു കളയുകയാണ് മൈലേജ് നമ്മുടെ മാരുതിക്ക് തന്നെ എന്നെല്ലാം..പക്ഷെ പിന്നെയും ഇതെല്ലാം കാണുക എന്നുവച്ചാല്‍ ഇത്തിരി കടന്ന കൈയ്യാണ്.

അതുപോലെ ഞങ്ങള്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്ട്‌ റിവ്യൂ ചെയ്യുക എന്ന് പറഞ്ഞാലും ഒരു വന്‍ പരിപാടിയാണ്.നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കാലത്ത് കള്ളുചെത്തുന്ന കുമാരന്‍ താന്‍ കൊടുക്കുന്ന ഷാപ്പിലെ കള്ളിന് ക്വാളിറ്റി പോര എന്ന് വൈകീട്ട് അതെ ഷാപ്പുകാരോട് പറയുന്ന പോലെ.നമ്മള്‍ സമയമില്ലാത്ത സമയത്ത് ചെയ്ത സകല ഉടായിപ്പ് വേലകളും മൈക്രോസോഫ്ട്‌ പൊക്കും.സമയമില്ലാത്തത് കൊണ്ടാണ് ചേട്ടാ എങ്ങനെ ചെയ്യാതിരുന്നത് ക്ലയന്റ്  സമയത്തിന്റെ കാര്യത്തില്‍ വളരെ കണിശക്കാരനാണ് എന്നൊന്നും പറയനോക്കുകേല.അവിടെ ഇരുന്നു അവര് പറയുന്നപോലെ മാറ്റിയെഴുതി അതുകൊണ്ട് യാതൊരു ഉപകാരവുമില്ല എന്ന്  തെളിയിക്കേണ്ടി വരും. അതുപോലെ നിങ്ങളുടെ ഡോട്ട്.നെറ്റ് കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നും.

അങ്ങനെ മെയ്‌ മാസം വന്നപ്പോള്‍ അതാ വീണ്ടും വരുന്നു ഒരറിയിപ്പ്.ചില സാങ്കേതിക കാരണങ്ങളാല്‍ റിവ്യൂ മഹോത്സവം എന്ന പരിപാടി ജൂലൈ മാസത്തിലേക്ക് മാറ്റി.ലഡ്ഡു പൊട്ടി എന്ന് പറയാന്‍ പറ്റില്ല.പൊട്ടി പൊടിയായി.ജൂണ്‍അവസാനം ഞങ്ങളുടെ ന്യൂ ജേഴ്സിയില്‍ ഉള്ള ഓഫീസില്‍ ചെല്ലണം .അവിടെ രണ്ടാഴ്ച റിവ്യൂ എങ്ങിനെ ഫലപ്രദമായി നേരിടാം എന്നുള്ള തയ്യാറെടുപ്പുകള്‍.അതായത് മലപ്പുറം കത്തി,നാടന്‍ ബോംബ്‌ ,അമ്പും വില്ലും തുടങ്ങിയ സാധനങ്ങള്‍ എല്ലാം എങ്ങിനെ എപ്പോള്‍ ഉപയോഗിക്കണം എന്ന് തീരുമാനിക്കല്‍.പിന്നെ രണ്ടാഴ്ച മൈക്രോസോഫ്ട്‌ എന്ന എന്‍റെ ഒരു സ്വപ്ന കമ്പനിയില്‍.ജ്വാലി കിട്ടിയില്ലെങ്കിലും അതിന്‍റെ പടി കയറാനുള്ള ഒരു ചാന്‍സ് വെറുതെ എന്തിനാ മിസ്സ്‌ ചെയ്യുന്നേ. ഇനി വരുന്ന ഫ്രെഷര്‍ തരുണികളോട് "ഞാന്‍ പണ്ട് മൈക്രോസോഫ്റ്റില്‍ ആയിരുന്നപ്പോള്‍" ഓ സോറി "When I was in Microsoft ..." എന്ന് ഉളിപ്പില്ലാതെ വച്ച് കാച്ചാമല്ലോ എന്നൊരു പ്ലസ്‌ പോയിന്റ്‌ കൂടിയുണ്ട്.അങ്ങനെ ഓ കമ്പനിക്ക് വേണമെങ്കില്‍ ഞാന്‍ പോയേക്കാം എന്ന് പ്രഖ്യാപിച്ചു.

ടിക്കറ്റ്‌ വളരെ പെട്ടെന്ന് തന്നെ കിട്ടി.എയര്‍ ഇന്ത്യ, കൊച്ചി -ഡല്‍ഹി -JFK ന്യൂ യോര്‍ക്ക്‌. 25 ജൂണ്‍ 2011 ശനിയാഴ്ച രാത്രി 8 മണിക്ക് കൊച്ചിയില്‍നിന്നും പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ ന്യൂ യോര്‍ക്ക്‌.എന്താണെന്നറിയില്ല എയര്‍ ഇന്ത്യ പണ്ടേ എനിക്കിഷ്ടമല്ല.നമ്മളീ കിംഗ്‌ ഫിഷരിലും,ഖത്തര്‍ എയര്‍വെയ്സിലും ഒക്കെ പോയി ശീലിച്ചതുകൊണ്ട്‌ഇവരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.പിന്നെ സമയനിഷ്ഠ തീരെയില്ല.അതും പോരാത്തതിനു ചുമ്മാ കുറച്ചു പെണ്ണുങ്ങള്‍ സാരിയും ഉടുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമത്രെ.അയ്യയ്യ.യ്യേ...ടിക്കറ്റ്‌ പിന്നെ കമ്പനി എടുത്തു തരുന്നത് കൊണ്ട് ഓ എന്നാ പിന്നെ പോയേക്കാം.

അമേരിക്കക്ക് പോകുമ്പോള്‍ ടിക്കറ്റ്‌ മാത്രം പോരല്ലോ.അവിടെ ചുരുണ്ട് കൂടാന്‍ ഒരു സ്ഥലം വേണം.വല്ല പനിയോ ജലദോഷമോ വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകാനുള്ള ഇന്‍ഷുറന്‍സ് വേണം.ഡോക്ടര്‍ ഡോള്ലെഴ്സ് വാങ്ങാത്തത് കൊണ്ടല്ല.ഡോള്ലെഴ്സ് കൊടുത്താല്‍ നമ്മുടെ തറവാട് വില്‍ക്കെണ്ടിവരും .അവിടെ വച്ച് അല്ലറ ചില്ലറ ഫോണ്‍വിളിക്കാനുള്ള ഒരു അമേരിക്കന്‍ മൊബൈല്‍ വേണം.അങ്ങോട്ടുള്ള ടിക്കെറ്റിന്റെ കൂടെ തന്നെ തിരിച്ചുള്ളത് എടുത്തതുകൊണ്ട് 'തിരിച്ചു വരാനുള്ള ടിക്കറ്റ്‌' എന്നാലോചിക്കേണ്ട.പിന്നെ ഒരു ഇന്വിറ്റെഷന്‍ ലെറ്റര്‍ കൂടി വേണം.കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ അവന്മാര് വാങ്ങി നോക്കിയതാ.ഇങ്ങനെ ഒരു കമ്പനി ഉണ്ടെന്നും അവന്മാര്‍ക്ക് എന്നെക്കൊണ്ട് എന്തോ ആവശ്യം ഉണ്ടെന്നും അവിടെക്കാണ് ഞാന്‍ പോകുന്നതെന്നും ഞാന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ.ഒരു തെളിവ് വേണമല്ലോ.അങ്ങനെ വെള്ളിയാഴ്ചയായി ഇന്‍ഷുറന്‍സ് കിട്ടി,ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞു,മൊബൈലിനു  പകരം ഒരു കാളിംഗ്  കാര്‍ഡ്‌ തന്നു.പക്ഷെ ഇന്വിറ്റേന്‍ ലെറ്റര്‍ മാത്രം വന്നില്ല.

കളി കാര്യമായി.വിസ എടുക്കാന്‍ പോകുമ്പോള്‍ മാത്രം ഇന്വിറ്റേന്‍ മതിയെന്ന് കുറച്ചു പേര്‍.രണ്ടാമത്തെ പ്രാവശ്യം പോകുമ്പോള്‍ വേണ്ടെന്നു വേറെ കൂട്ടര്‍.ഓ കുഴപ്പമില്ലെട അവിടെ വരെപോയി ലെറ്റര്‍ ഇല്ലാത്തതുകൊണ്ട് നിന്നെ തിരിച്ചു അതെ വണ്ടിക്കു തന്നെ തിരിച്ചു വിട്ടോളും എന്ന് ചില കാപാലികന്മാര്‍.കൊച്ചിയില്‍ നിന്നും നിന്നെ കയറ്റത്തില്ലെടെ എന്ന് മറ്റു ചില ബ്ലാടി ഫൂള്‍സ്.ദൈവമേ ഇവിടെ നിന്നും 1 മാസം  കഴിക്കാനുള്ളതെല്ലാം വാങ്ങി ,ഫേസ് ബുക്കില്‍ "ഹെഡിംഗ് ടു വെസ്റ്റ്" എന്ന് അപ്ടെറ്റും ചെയ്ത് അറ്റ്ലീസ്റ്റ് ന്യൂ യോര്‍ക്കില്‍ കാല് പോലും കുത്താതെ കൊച്ചിയില്‍ അല്ലെങ്കില്‍ ഡല്‍ഹിയില്‍ ഇറക്കി വിട്ടാല്‍ ..ഓ...എനിക്കോര്‍ക്കാന്‍ വയ്യ....എന്തും സംഭവിക്കാം...

2011 ജൂൺ 16, വ്യാഴാഴ്‌ച

കുടുംബകൂട്ടായ്മ വര്‍ഷത്തിലെ ദിവ്യജ്യോതി

ദിവ്യ ,ജ്യോതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഞാന്‍ വായില്‍നോക്കുന്ന ഏതോ പെമ്പിള്ളേരുടെ കുടുംബത്തിലെ കൂട്ടായ്മയെ പറ്റിയുള്ള കഥയാണെന്ന് വിചാരിച്ചാല്‍ അത് തെറ്റി.ഇത് ഇരിഞ്ഞാലക്കുട രൂപതയിലെ കുടുംബകൂട്ടായ്മ വര്‍ഷാചരണത്തെപ്പറ്റിയുള്ള സീരിയസ് ആയിട്ടുള്ള ഒരു കാര്യമാണ്.അക്രൈസ്തവര്‍ഇനി വായിക്കുന്നതിന് മുമ്പ് രൂപതാ,... എന്താണെന്നും ഓ സോറി രൂപത. താ എന്നു നീട്ടി വായിക്കരുത് അതുപോലെ രൂപ എന്നു കഴിഞ്ഞു ഗ്യാപ്പ് ഇടാനും പാടില്ല,ഇടവക എന്താണെന്നും ഇടവകയിലെ കുടുംബയൂണിറ്റ് എന്താണെന്നും,മാര്‍പ്പാപ്പ,മെത്രാന്‍,വികാരി എന്നിവര്‍ ആരാണെന്നും   അറിയാന്‍ ,ഒരു ട്യൂഷന്‍ ക്ലാസിന് പോകുന്നത് നല്ലതായിരിക്കും.

ഇനി കാര്യത്തിലേക്ക് വരാം .എല്ലാ വര്‍ഷവും ആ വര്‍ഷം ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നീക്കിവക്കുന്ന ഒരു ഏര്‍പ്പാട് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഉണ്ട്.ഒരു വര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനം ,അടുത്ത വര്‍ഷം മദ്യനിരോധനം അങ്ങനെ നീളും ആ പട്ടിക. ലതായത് 1997 ഇന്‍ഡ്യന്‍ ജനത സ്വതന്ത്രമായതിന്‍റെ 50ആം വര്‍ഷം ആഘോഷിച്ചതുപോലെ.ഇന്‍ഡ്യന്‍ ജനത എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി മാത്രമാണു ആ കൊല്ലം നീക്കി വച്ചത് കേരളവും തമിഴ്നാടും ,തൃശ്ശൂരും എല്ലാം ഒരേ പോലെ ആഘോഷിച്ചു, 50ആം വാര്‍ഷികം.പക്ഷേ ഇവിടെ സ്ഥിതി മറ്റൊന്നാണ് അങ്ങ് റോമില്‍ മാര്‍പ്പാപ്പ പറയും ഈവര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനമാണെന്ന്.കുറച്ചു കഴിയുമ്പോള്‍ ഇങ്ങ് മെത്രാന്‍ പറയും ഈ വര്‍ഷം മദ്യനിരോധനമാണെന്ന്.കുറച്ചു കാര്യപ്രാപ്തിയും കഴിവുമുള്ള ഒരു വികാരിയാണ് നമ്മുടെ ഇടവകയിലെങ്കില്‍ അങ്ങേരും കേറി ഒന്നു പ്രഖ്യാപിച്ചു കളയും.പിന്നെ നമുക്ക് പ്രത്യേകിച്ചു കുഴപ്പമൊന്നും ഇല്ലാത്തതുകൊണ്ട് നമ്മള്‍ കുഞ്ഞാടുകളെല്ലാം എല്ലാം തല കുലുക്കി സമ്മതിക്കും.

അങ്ങനെ ഇരിഞ്ഞാലകുട രൂപത ഈ  വര്‍ഷം കുടുംബകൂട്ടായ്മ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചു.ദാരിദ്രനിര്‍മ്മാര്‍ജനമോ ,മദ്യവിരുദ്ധമോ ആയിരുന്നെങ്കില്‍ നമ്മളൊന്നും അറിയേണ്ട കാര്യം തന്നെയില്ല.സംഘടനക്കാര്‍ കുറച്ചു വീടുകള്‍ വച്ചു കൊടുക്കുകയോ,ഒരു റാലി നടത്തുകയോ ചെയ്തോളും.പക്ഷേ ഇത് കുടുംബത്തെ ബാധിക്കുന്ന കാര്യമല്ലേ നമ്മളറിഞ്ഞേ പറ്റൂ എന്ന നിലയിലായി കാര്യങ്ങള്‍.അച്ചന്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞതനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.

1.അടുത്തടുത്ത മൂന്നു വീട്ടുകാര്‍ക്ക് കൂടി ഒരു ജ്യോതി തരും.അത് കെടാതെ 9 ദിവസം സൂക്ഷിക്കണം.(ജ്യോതി എന്നു പറഞ്ഞാല്‍ ഒരു എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്ക്)
2.ഈ ജ്യോതി ഒരു വീട്ടില്‍ 3 ദിവസം വയ്ക്കണം.
3.ജ്യോതി വച്ചിട്ടുള്ള വീട്ടിലാണ് ഈ മൂന്നു വീട്ടുകാരും ചേര്‍ന്ന് സന്ധ്യപ്രാര്‍ഥന ചൊല്ലേണ്ടത്.

പണി പാളി.കുടുംബകൂട്ടായ്മ കുടുംബങ്ങളുടെ കൂട്ടായ്മയായി.ഒരു വീടെടുത്താലേ അതിനുള്ളില്‍ കൂട്ടായ്മയില്ല.പിന്നല്ലേ മൂന്നു കുടുംബങ്ങള്‍.പക്ഷേ അതിനുള്ളിലെ മാനേജ്മെന്‍റ് തന്ത്രം എനിക്കിഷ്ടപ്പെട്ടു.അതായത് ഇപ്പോഴത്തെ തലമുറ പഴയ തലമുറ പോലെയല്ല.ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല.പരസ്പരം അറിഞ്ഞാലെ നസ്രാണികള്‍ക്ക് ഒത്തൊരുമ ഉണ്ടാകൂ.അടിവേരു പൊളിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ കത്തോലിക്കാ സഭക്ക് നിലനില്‍ക്കാന്‍ പാടുപെടും.പിന്നെ പള്ളിപ്പെരുന്നാളും മറ്റും നടക്കണമെങ്കില്‍ നമ്മുടെ എന്നൊരു വികാരം വേണമല്ലോ.അതിനു ആള്‍ക്കാര്‍ തമ്മില്‍ നല്ല സഹവര്‍ത്തിത്വത്തില്‍ ആയിരിക്കുകയും വേണം.ഈ ഐഡിയ ഉണ്ടാക്കിയവനെ കിട്ടിയിരുന്നെങ്കില്‍ പുള്ളിയെ HR മാനേജരാക്കി ഒരു ഐ‌ടി കമ്പനി തുടങ്ങമായിരുന്നു.
അങ്ങനെ ഒരു പള്ളിയില്‍ നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച അല്ലെങ്കില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന കുറച്ചു കാര്യങ്ങള്‍..

അച്ചന്‍ ഇത് പറഞ്ഞതിന് ശേഷം ആണുങ്ങളുടെ ഭാഗത്ത് :
എടാ ജോസെ ,വര്‍ഗീസേ കോളടിചെടാ ,ഇനി 9 ദിവസം അടിച്ചുപൊളിക്കാം..
എന്തൂട്ടണ്ടാ,കുടുംബകൂട്ടായ്മ വര്‍ഷം ആചാരിച്ചാല്‍ നമുക്കെന്താടാ കാര്യം.ഓഹോ അപ്പോള്‍ ഒന്നും മനസിലായില്ലേ? നമ്മുടെ കെട്ട്യോളുമാരും,പിള്ളേരും ഇനി 9 ദിവസം ഒരു വീട്ടില്‍ 1 മണിക്കൂര്‍ കൂടില്ലെ.അപ്പോള്‍ മറ്റേ വീട്ടില്‍ നമുക്ക് കൂടി ഒരു ഫുള്ള് അങ്ങട് തീര്‍ക്കാം എന്ത്യേ?

പെണ്ണുങ്ങളും വെറുതെ ഇരുന്നില്ല എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ..
എടീ ലില്ലീ നമുക്ക് ആലീസിനെയും വിളിച്ചങ്ങ് കൂടിയാല്‍ പോരേ? അതെങ്ങിനാ ചേച്ചി അവളുടെ വീട് കുറച്ചപ്പുറമല്ലേ.അടുത്ത വീട്ടുകാര്‍ തമ്മിലല്ലേ കൂടേണ്ടത്?
oഓ അതൊന്നും കുഴപ്പമില്ലന്നെ .നമ്മുടെ അടുത്തുള്ള മറിയാമ്മ മുടിഞ്ഞ പൊങ്ങച്ചമാ..അവളുടെ വീട്ടില്‍ പോയാല്‍ അവളത്ത് കാണിക്കും,അതൊന്നും കാണാന്‍ എന്നെക്കൊണ്ടു പറ്റില്ല.

അങ്ങനെ സന്ധ്യാ പ്രാര്‍ഥനയുടെ നേരമായി അതായത് 7 മണി.

eഎന്നാലും എന്‍റെ ചേടത്തി തെക്കേതിലെ ക്ലാരയോട് അവളുടെ മരുമോള് കാണിച്ചത് ഒട്ടും ശരിയായില്ല.എന്തൊക്കെ പറഞ്ഞാലും അവള്‍ടെ കെട്ട്യോന്‍റെ തള്ളയല്ലേ?പെണ്ണിന്ജോലിയുള്ളത്തിന്‍റെ ഹുങ്കാ...അവളത്തിന്നൊക്കെ എണ്ണം പറഞ്ഞു അനുഭവിക്കും..

 രംഗത്ത്ഇപ്പോള്‍ അമ്മായിഅമ്മമാരുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ടു മാത്രം ആ കമന്‍റ് പാസ്സായി.അപ്പോഴേക്കും കൂട്ടത്തില്‍ പ്രായമുള്ള മരുമകള്‍ഫോണെടുത്ത് വിളിച്ചു .എടീ നിങ്ങളൊക്കെ എവിടെ കെടക്കാ..ഞങ്ങള്‍ തുടങ്ങാന്‍ പുവ്വാ..വരുന്നെങ്ങേ വാ...
5 മിനിറ്റിനകം ഇപ്പോഴത്തെ കേരള നിയമസഭ പോലെ രണ്ടു ഭാഗത്തും തുല്യം ആള്‍ക്കാരായി .

"അതേ  ജോലിയുള്ളവരാകുമ്പോള്‍ കുറച്ചു ഹുങ്ക് ഒക്കെ ഉണ്ടാകും.പകല് മുഴുവന്‍ പണിയെടുത്ത് വീട്ടില്‍ വരുമ്പോള്‍ പെട്ടെന്നു ദേഷ്യം വന്നെന്നൊക്കെയിരിക്കും.അമ്മായമ്മമാര്‍ അതിനോത്ത് നില്‍ക്കണം.മാസമാസം ശംബളം കൊണ്ടുതരുന്നതല്ലേ.അപ്പോള്‍ അമ്മായമ്മമാര്‍ക്ക്കുറച്ചു പണിയൊക്കെ എടുക്കാം.പിന്നെ അവളുടെ തള്ള തള്ളേടെ  അമ്മായമ്മയോട് ചെയ്തതൊക്കെ എല്ലാവര്‍ക്കും അറിയാം."

അങ്ങനെ ഇഞ്ചോടിഞ്ച് പോരാട്ടം...കോളേജിലെ ഫസ്റ്റ് ഇയര്‍ ബാച്ചുകാരും സെക്കണ്ട് ഇയര്‍ പിള്ളേരും റാഗിങ്ങിനെ ചൊല്ലി അടിക്കുന്നപോലെ..കേന്ദ്രത്തിലെ എണ്ണകമ്പനികള്‍ വില കൂട്ടുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന പ്രതീതി.ഒരു കാര്യവുമില്ലാതെ മൂന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ക്രിക്കേറ്റ് കളിക്കിടയിലെ പരസ്യം പോലെ ടിന്‍റുമോന്‍ വിളിച്ച് പറഞ്ഞു

"അമ്മേ,,,അമ്മാമേ,,, ദിവ്യജ്യോതി കേട്ടുപോയി"

ഈ പോസ്റ്റ് ഇട്ടതുകൊണ്ട് എന്‍റെ കല്യാണം പള്ളിയില്‍ നടത്താന്‍ പറ്റില്ല എന്നു പറഞ്ഞാല്‍  കല്യാണത്തിന്‍റെ അന്ന് കാലത്ത് തന്നെ ഞാനിതു മായ്ക്കും.. അല്ല പിന്നെ നമ്മളോടാ കളി, എനിക്കൊന്നും പറ്റില്ല ഇനി റജിസ്ട്രാര്‍ ഓഫീസില്‍ പോയി കെട്ടാന്‍.റെജിസ്ട്രാര്‍ ഓഫീസില്‍ വച്ച് കെട്ടാനായിരുന്നെങ്കില്‍ പണ്ടേ ആവാമായിരുന്നില്ലേ??