വളരെയധികം ഓര്‍മകള്‍ ഉറങ്ങുന്ന ചെന്നൈ നഗരം.ഓ എനിക്ക് വയ്യ ഞാന്‍ ഒരു സാഹിത്യകാരനായി എന്ന് തോന്നുന്നു.എന്താ ആ പ്രയോഗം.പഴയ പോലെയല്ല.വല്ലാതെ മാറി.ചില്ലിട്ട സബ് വേകളും ഓവര്‍ ബ്രിഡ്ജുകളും.ബസ്സുകള്‍ ഒട്ടുമുക്കാലും വോള്‍വോ.പഴയ അഡയാര്‍ to വില്ലിവാക്കം ബസ് 47ഉം 147ഉം എല്ലാം ദാവണിയില്‍ നിന്നും ജീന്‍സിലേക്ക് വന്ന പോലെ. ആകെ മൊത്തത്തില്‍ ഒരു നല്ല ലുക്ക്.
ടാക്സി വിളിക്കണോ വേണ്ടയോ? ഇമ്മാതിരി വോള്‍വോ ബസ്സുകള്‍ ഉള്ളപ്പോള്‍ എന്തിന് ടാസ്കി.കിട്ടിയ വണ്ടിയില്‍ തന്നെ ചാടിക്കേറി. നേരെ ജെമിനി ഓവര്‍ ബ്രിഡ്ജ്.
എ.സി ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ എ.സി ഹോട്ടല്‍ അത്രതന്നെ.നമ്മുടെ നാട്ടിലെ പട്ടിക്കൂട് ഇതിലും വലിപ്പമുണ്ടാകും.പക്ഷേ റെന്‍റ് നോക്കുകയാണെങ്കില്‍ അടിപൊളി.കൊടുക്കുന്ന കാശിനുള്ളത് ഉണ്ട്.പിന്നെ നമ്മള്‍ ഇവിടെ സുഖവാസത്തിന് വന്നതല്ലലോ.ഒത്താല്‍ ഒരു വിസയെടുക്കണം പോണം അത്രതന്നെ.കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചെന്നൈ.
അങ്ങനെ എല്ലാം കഴിഞ്ഞപ്പോള്‍ 7 മണി.ഒന്ന്‍ ഉറങ്ങാനുള്ള സ്കോപ്പ് ഉണ്ട്.പത്ത് മണിക്കാണ് ഇന്‍റര്‍വ്യു.കോണ്‍സുലേറ്റ് ആണെങ്കിലോ വിളിച്ചാല്‍ വിളി കേള്‍ക്കാവുന്ന ദൂരത്തും.15 mins മുന്‍പാന് റിപോര്‍ട്ട് ചെയ്യേണ്ടത്.നാട്ടില്‍ നിന്നും കിട്ടിയ ഉപദേശമനുസരിച്ച് ഒരു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അവിടെ ചെല്ലണം.പക്ഷേ ഇപ്പോള്‍ അമേരിക്കയിലേക്കൊക്കെ ആര് പോകാനാ?മൊത്തം മാന്ദ്യമല്ലേ? എച്ച്1ബി തന്നെ ഫില്‍ ആയില്ല എന്നാണ് കേട്ടത്.അതുകൊണ്ട് ഒരു ഒന്‍പത് മണിക്ക് എണീറ്റാ കാര്യം നടക്കും.പണ്ടേ ഉറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ശീലം ഉള്ളതുകൊണ്ട് തീരുമാനമെടുക്കാന്‍ ഒരു താമസവും ഉണ്ടായില്ല.
എന്‍റമ്മോ മണി. 9:30.പതിവുപോലെ അലാരം അടിച്ചപ്പോള്‍ ഭംഗിയായി ഓഫ് ചെയ്തു കിടന്നുറങ്ങി.അതുകൊണ്ട് 9 മണി എന്ന ടാര്‍ഗെറ്റ് മിസ്സ് ആയി.ഇനിയിപ്പോള്‍ പഴയത് പോലെ ടോം ആന്‍ഡ് ജെറി കളിക്കേണ്ടിവരും.അതായത് ടോമിന്റെ വായില്‍ നിന്നും ഫുഡ് അടിച്ചു മാറ്റുന്ന ജെറിയുടെ അതേ സ്പീഡ്.
പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു കയ്യില്‍ കിട്ടിയ കടലാസുകളെല്ലാം ബാഗില്‍ പെറുക്കിയെടുത്ത് ഓടുന്ന സമയത്ത് ക്ലോക്കിന്‍റെ ചെറിയ സൂചി പത്തിലും വലുത് ഏകദേശം 12ലും.റോഡിന്‍റെ അപ്പുറത്താണ് കോണ്‍സുലേറ്റ്.റോഡിന്‍റെ നടുക്കാണെങ്കില്‍ ഒരു വേലിയും.പണ്ടായിരുന്നെങ്കില്‍ ചാടി കടന്നെന്നേ.പക്ഷേ ഇപ്പോള്‍ സ്റ്റൈല്‍ മാറിയില്ലേ? ഇനിയിപ്പോള്‍ അവന്‍മാര്‍ ഇതെല്ലാം വല്ല ക്യാമറ വച്ച് കാണുന്നുണ്ടെങ്കിലോ? ആ പേര് പറഞ്ഞു വിസ കിട്ടാതെ വന്നാല്‍? ഛേ. ആദ്യമായി വേലിചാടിയത്തിന്‍റെ പേരില്‍ വിസ കിട്ടിയില്ല എന്ന ഗിന്നസ് റിക്കോര്‍ഡ് വെറുതെ എന്തിനാ വാങ്ങിക്കുന്നേ?
അങ്ങനെ ആദ്യമായി ചുറ്റിക്കറങ്ങി ക്രോസ്സ് ചെയ്തു.എന്‍റമ്മച്ചി അത്യാവശ്യം വലിപ്പമുള്ള ഒരു ക്യൂ.നാട്ടുനടപ്പനുസരിച്ച് ആ സെക്യൂരിറ്റി ചേട്ടനെ സോപ്പിട്ടാല്‍ കാര്യം നടക്കുവായിരിക്കും.പത്തോ പതിനഞ്ചോ പേര് മാത്രമുള്ള ആ ക്യൂ വിട്ട് അങ്ങനെ ഞാന്‍ സെക്യൂരിറ്റി ചേട്ടനെ മണിയടിക്കാന്‍ പോയി.(ആദ്യത്തെ പണി പാളല്‍)
ബോസ് വണക്കം ബോസ്.
ബോസ് എന്നത് ചെന്നെയില്‍ സാധാരണ വിളിക്കുന്ന അണ്ണാ എന്നതിനേക്കാള്‍ എഫെക്ട് ഉള്ള വിളിയാണ്.
ഉം.
1o മണിക്ക് താന്‍ ഇന്‍റര്‍വ്യു.ബസ് കൊഞ്ചം ലേറ്റ് ആച്ച്.അതിനാലേ നാന്‍ ലേറ്റാച്ച്.
ജാവോ ജാവോ.. ക്യൂ മേം ഘടോ...
ഓഹോ അപ്പോള്‍ അണ്ണന്, അണ്ണന്‍ അല്ല അല്ലേ.ചപ്പാത്തി കഴിച്ചിട്ട് കുറച്ചു കാലം ആയതുകൊണ്ട് ഹിന്ദി അങ്ങ് വരുന്നില്ല.എന്നാലും വരുന്ന ഹിന്ദി വച്ച് അഡ്ജസ്റ്റ് ചെയ്യാം.
മേരാ ബസ് ലേറ്റ് ഹോ...
തുംകോ സമജ് മേം നഹി ആത്താ. ക്യൂ മേം ഘടോ.
ഇടത്ത് കയ്യിലുള്ള തോക്ക് വലതു കയ്യിലേക്ക് മാറ്റികൊണ്ടാണ് ഇപ്പ്രാവശ്യം പറഞ്ഞത്.കയ് കഴച്ചപ്പോള്‍ മാറ്റിപ്പിടിച്ചതായിരിക്കും.എന്തായാലും വെറുതെ എന്തിനാ അയാളുടെ ഉന്നം പരീക്ഷിക്കുന്നത്?ക്യൂ തന്നെ ശരണം.അങ്ങനെ പോകുന്ന വഴിക്ക് ഇടത്ത് സെഡില്‍ അതാ ഒരു കിളിവാതിലില്‍ ഒരു തരുണീമണി.അവിടേയും ഒന്ന് ചോദിച്ചു കളയാം.
1o o clock? Thats not a problem.
അതേടി നിനക്കൊന്നും ഒരു പ്രശ്നവുമില്ല.എന്റെ വിസ അല്ലേ പോകുന്നത്.ക്യൂവില്‍ ചെന്നു നോക്കിയപ്പോള്‍ പഴയ പതിനഞ്ചിന് പകരം 20.കയറി നിന്നു.വിചാരിക്കുന്ന പോലെയല്ല.നല്ല മൂവ്മെന്‍റ്.ഒരു 10 ആളുകള്‍ മാത്രം എന്‍റെ മുന്‍പിലുള്ളപ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.ദേ വരുന്നു ഒരു TCS.കണ്ടാലെ അറിയാം ഒരു അച്ചായത്തി ആണെന്ന്.ഇതെന്താ ക്യൂവില്‍ നില്‍ക്കാതെ അങ്ങ് പോകുന്നേ? ദേ അമ്പലത്തില്‍ ചെരിപ്പ് സൂക്ഷിക്കുന്നത് പോലത്തെ ഒരു സെറ്റപ്പ്.ബാഗ് അവിടെ കൊടുത്ത് ടോക്കെന്‍ വാങ്ങുന്നു.ശരിയാ ഇതില്‍ നില്‍ക്കുന്നവരുടെ കയ്യിലൊന്നും ബാഗുകള്‍ ഇല്ല.വീണ്ടും പണി പാളി.
എന്‍റെ വെപ്പ്രാളം കണ്ടത് കൊണ്ട് ആകാം മുന്നില്‍ നില്‍ക്കുന്ന ചേട്ടന്‍ പറഞ്ഞു.ബാഗും കൊണ്ട് ഉള്ളില്‍ കടക്കാന്‍ പറ്റില്ല മോനേ.അവിടെ കൊടുത്ത് ഏല്‍പ്പിച്ചേര് കൂടെ പത്ത് രൂപായും.യേവന്‍ ഇതോന്ന് മുന്‍പേ മൊഴിഞ്ഞിരുന്നെങ്കില്‍??
അങ്ങനെ ബാഗ് കൊടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഒരു ക്യൂ.പക്ഷേ 3 പേര് മാത്രം.അവനെന്‍റെ പാസ്പോര്‍ട് കാണണം.ഇന്‍റര്‍വ്യു ലെറ്റര്‍ കാണണം.എന്നാലേ ബാഗ് എടുക്കൂ.
അവസാനം ക്യൂ വില്‍ വന്നു നിന്നപ്പോള്‍ 15 പേര്.ആരുടെയോ തിയറി വച്ചോ ബിTech നാലാം സെമ്മില്‍ പഠിച്ച Queuing equations വച്ചോ ഒക്കെ ക്യൂ നീങ്ങുന്നുണ്ട്.അങ്ങനെ എന്‍റെ ഊഴം എത്തി സമയം 10:30.സെക്യൂരിറ്റി കടത്തി വിടുമോ എന്തോ? ഇനി വിട്ടില്ലെങ്കില്‍ വല്ല കള്ള സീലുമുണ്ടാക്കി rejected എന്ന് മുദ്ര കുത്തി നാട്ടില്‍ പോകാം.അല്ലാതെ എന്തു ചെയ്യാന്‍ അല്ലേ?വരുന്നിടത്ത് വച്ച് കാണാം.