2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 3

Recap /കഥ ഇതുവരെ...

ആദ്യത്തെ വിസാപരീക്ഷണം പാളി.വീണ്ടും പോകാന്‍ അനുമതി കിട്ടി.

തുടര്‍ന്നു വായിക്കുക.

 

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ചോദിക്കുന്ന ഒരു കുസൃതിച്ചോദ്യമുണ്ട്.ഒരു കിളി പറന്നുകൊണ്ട് മുട്ടയിട്ടു മുട്ട പൊട്ടിയില്ല എന്തുകൊണ്ട്? അറിയിലെങ്കില്‍ പറയാം.അതിന്‍റെ ഭാഗ്യം കൊണ്ട്.വീണ്ടും പറന്നുകൊണ്ട് മുട്ടയിട്ടപ്പോഴും പൊട്ടിയില്ല എന്തുകൊണ്ട്? ഉത്തരം എക്സ്പീരിയന്‍സ് കൊണ്ട്..

അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് എക്സ്പീരിയന്‍സ് ആയി ഈ വിസയെടുക്കലില്‍.ആ ഒരു അഹങ്കാരത്തോടുകൂടി അഡ്മിന്‍റെ കൈയ്യില്‍ നിന്നും പൈസയും വാങ്ങി എച്ച്.ഡി.എഫ്.സി. ബാങ്കില്‍ പോയി.പെട്ടെന്നുതന്നെ റെസീപ്റ്റ് വാങ്ങി.സൈറ്റില്‍ കയറി പിന്നെയെങ്ങാനും അപ്പോയിന്‍റ്മെന്‍റ് എടുക്കാം.നമ്മള്‍ എക്സ്പേര്‍ട് അല്ലേ ഇതെല്ലാം ഫില്‍ ചെയ്യാന്‍.

അങ്ങനെ രാഹുകാലം,യമകണ്ടകാലം,കലികാലം ഒക്കെനോക്കി ഫില്ലൂചെയ്യാനിരുന്നു.സൈറ്റുകണ്ടതും എന്‍റെ ഉള്ളില്‍ ഒരു ഇടിവെട്ടി.ആനയും ആടും എന്നൊക്കെ പറഞ്ഞാല്‍ ഒരു ചെറിയ സാമ്യമെങ്കിലും കാണും.കുറഞ്ഞത് രണ്ടിനും നാലുകാലാണല്ലോ..പോരാത്തത്തിന് രണ്ടും വെജിറ്റേറിയന്‍സ്.ഇതൊരുമാതിരി ആനയും അട്ടയും പോലെ.പണ്ടുഞങ്ങള്‍ കണ്ട സൈറ്റുമായി ഒരു ബന്ധവുമില്ല.പണ്ടു ഫില്‍ ചെയ്തത് ഫോം 156ഉം 157നും ആയിരുന്നു.ദാന്‍ഡെ ഇവിടെ കിടക്കുന്നു ഫോം 160.കര്‍ത്താവേ പണി പാളിയെന്നാ തോന്നുന്നേ.

ആദ്യം ഫില്‍ ചെയ്തപ്പോള്‍ കൂടെ എച്ച്.ആര്‍ ഉണ്ടായിരുന്നു.അന്ന് ഞങ്ങള്‍ നാലുപേരുള്ളതുകൊണ്ട് കുഴപ്പമില്ല.ഇപ്പോഴെങ്ങാനും ഞാന്‍ എച്ച്.ആറിനെയും കൂട്ടി ഒരു മുറിയിലിരുന്നു ഫില്‍ ചെയ്താല്‍ പണിപാളും.ചുമ്മാ ഓരോ കഥകള്‍ ഇറങ്ങും.അല്ലെങ്കില്‍ത്തന്നെ നല്ല ഇമേജാണ്.ഇനി അത് വെറുതെ കൂടുതലാക്കി ഭാവി കോഞ്ഞാട്ടയാക്കേണ്ട.എന്നെപ്പോലെ ഗ്ലാമറുള്ള ഒരു ബാച്ചിലറുടെ ഓരോ പ്രശ്നങ്ങളേ...അങ്ങനെ വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചു ഞാന്‍ ഒറ്റക്ക് ഫില്ലിങ് തുടങ്ങി.

ആദ്യ പാര ഫോട്ടോ ആയിരുന്നു.പണ്ടായിരുന്നെങ്കില്‍ ഫോട്ടോ കൊണ്ട് പോയാല്‍ മതിയായിരുന്നു.ഇതിപ്പോള്‍ അതില്‍ അപ്പ് ലോഡുചെയ്യണം.അതും അവന്‍മാരുടെ ഒരു ഫോര്‍മാറ്റില്‍.എന്തു ചെയ്യും എന്നാലോചിച്ചുനിന്നപ്പോഴാണ് അടുത്തിരിക്കുന്ന പ്രവീണ്‍ നായരുടെ പുതിയ മൊബൈല്‍ കണ്ടത്.പിന്നെ ഒന്നും ആലോചിച്ചില്ല ഡിസൈനര്‍ രാജീവിനേയും വിളിച്ചു അടുത്ത കോണ്‍ഫറന്‍സ് റൂമില്‍ കയറി.എന്‍റെ ഗ്ലാമറും പിന്നെ രാജീവിന്‍റെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു കിടിലന്‍ ഫോട്ടോ.അവന്‍മാരു പറഞ്ഞ അതേ രണ്ടിഞ്ച് നീളത്തിലും രണ്ടിഞ്ച് വീതിയിലും.

അങ്ങനെ അതു കഴിഞ്ഞപ്പോള്‍ ദേ വരുന്നു അടുത്ത പാര.ഈ കുന്തത്തില്‍ ലോഗിന്‍ ഇല്ല.നമ്മള്‍ ഓരോ ഫോമുകള്‍ ഫില്‍ ചെയ്തു അവസാനം അതു ഡിജിറ്റല്‍ സിഗ്നേചര്‍ ഉപയോഗിച്ച് ഒരു ബാര്‍കോട് ഉണ്ടാക്കണം.ഈ ബാര്‍കോഡുപയോഗിച്ച് വേണം അപ്പോയിന്‍റ്മെന്‍റ് എടുക്കാന്‍.ഫില്ലുചെയ്യുന്നതിന്റെ  ഇടയില്‍ ഒരു ചായ കുടിക്കാന്‍ പോയാല്‍ അതു ടൈം ഔട്ട് ആകും.വിസ പിന്നെയും എടുക്കാം.പക്ഷെ  ഇപ്പോള്‍ കുടിക്കേണ്ട ചായ ഇപ്പോള്‍ തന്നെ കുടിക്കണമല്ലോ എന്ന ഒരു തത്വം വച്ച് രണ്ട് തവണ ചായ കുടിക്കാന്‍ പോയി രണ്ട് തവണയും അവന്‍ ടൈം ഔട്ട് ആയി.ഒരു കാര്യം ഉറപ്പിച്ചു.ഏതോ വിവരമുള്ളവന്‍ ചെയ്ത സൈറ്റുതന്നെ.

കുന്തം പോയാല്‍ ഗൂഗിളിലും തപ്പണം എന്ന പുതിയ പഴഞ്ചൊല്ലനുസരിച്ച് അവിടെയും ഒന്ന് തപ്പി.ദാണ്‍‍ഡെ കിടക്കുന്നു ഒരു കിടിലന്‍ എന്നുപറയാന്‍പറ്റില്ല എന്നാലും കുഴപ്പമില്ലാത്ത ഒരു വഴി.ഓരോ പേജും കഴിയുമ്പോള്‍ ആ അപ്പ്ളിക്കേഷന്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം.ആ ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ അപ്പ് ലോഡ് ചെയ്താല്‍ വീണ്ടും വിസ അപ്പ്ളിക്കേഷന്‍ ഫില്‍ ചെയ്യാം.

അങ്ങനെ ആ ഭയങ്കയകണ്ടുപിടുത്തത്തോടുകൂടി കാര്യങ്ങള്‍ വളരെ എളുപ്പമായി.ഫോം 160 കഴിഞ്ഞു..അതു കഴിഞ്ഞപ്പോള്‍ ഒരു ബാര്‍‍കോഡു പതിച്ച ഒരു ഷീറ്റ് കിട്ടി. പിന്നെ ഡേയ്റ്റ് എടുക്കല്‍.അതു അതിലും എളുപ്പം.ചുമ്മാ ആ ബാര്‍കോഡുകൊടുത്താല്‍ മാത്രം മതി.അങ്ങനെ ഡേയ്റ്റ് കിട്ടി.26 മാര്‍ച്ച്.

ദൈവമേ ട്രെയിനില്‍ ടിക്കറ്റുണ്ടോ എന്ന് നോക്കിയില്ലലോ.ഒരു ഓളത്തിനങ്ങുപോയി ഡേയ്റ്റ് എടുക്കുകയും ചെയ്തു.പണ്ടു ജോലിയില്ലാതെ ചെന്നെയില്‍ തെണ്ടിതിരിഞ്ഞു നടന്നപ്പോള്‍ പോയിരുന്നതുപോലെ ചാടിക്കേറി പോകേണ്ടി വരുമോ?ഛെ..ഇനി ഞാനങ്ങനെ പോകാം എന്നുപറഞ്ഞാലും കമ്പനി സമ്മതിക്കുമോ? കമ്പനിക്ക് ഒരു സ്റ്റാന്‍ഡേര്‍ഡു കാണില്ലേ?

വെറുതെ കാടുകയറി ചിന്തിക്കുന്നതെന്തിനാ?ടിക്കറ്റ് ഉണ്ടോ എന്ന് നോക്കിയിട്ടു പോരെ ഈ വക ചിന്തകളെല്ലാം?അങ്ങനെ ഓം ആലപ്പിയാഹ നമഹ എന്ന് പറഞ്ഞുനോക്കിയപ്പോള്‍ ദേ കിടക്കുന്നു 3rd എ.സിയില്‍ വെയിറ്റിങ് ലിസ്റ്റ് 6.ചീളുകേസ്... എന്തായാലും കണ്‍ഫോമാകും.

അങ്ങനെ 24ആം തീയതിയായി.പ്രശ്നങ്ങള്‍ ഒന്നും കാണാനില്ല.പ്രോജക്റ്റ് അതിന്‍റെ വഴിക്ക് തന്നെ പോകുന്നുണ്ട്.ആ ദിവസത്തെ ഓണ്‍സൈറ്റ് ലീഡുമായുള്ള കോളും വലിയ കുഴപ്പമില്ലാതെ അവസാനിച്ചു.എന്തായാലും നാളത്തെ കോളിനെ പേടിക്കേണ്ട കാര്യമില്ല.ട്രെയിന്‍ നാളെ വൈകീട്ട് അഞ്ചരക്കാണ്.അതിന് മുന്‍പ് പുള്ളി വിളിക്കത്തില്ല.

പോകാനുള്ള ദിവസം വന്നപ്പോള്‍ ആദ്യം ചെയ്തത് കമ്പനി മെയില്‍ നോക്കലായിരുന്നു.നോ പ്രോബ്ലംസ്...ഉച്ചക്ക് രണ്ട് മണിയായപ്പോഴേ ഓഫീസില്‍ നിന്നും മുങ്ങി.പിന്നെ പൊങ്ങിയത് ഒരു നാലരമണിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു എല്ലാ പ്രാവശ്യവും ആലപ്പി എക്സ്പ്രെസില്‍ കയറുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനയും ചൊല്ലിക്കൊണ്ട്.എനിക്കായി പറഞ്ഞുവച്ചിട്ടുള്ളവളെ ഈ യാത്രയിലെങ്കിലും കാണിച്ച് തരണമേ.ആമ്മേന്‍.അതായത് വായില്‍ നോക്കാന്‍ പരുവത്തില്‍ ഒരു അഞ്ചാറേഴേട്ടോമ്പത് പിള്ളേര്‍ ഞാന്‍ കയറുന്ന ബോഗിയില്‍.അത്രമാത്രം.

1 അഭിപ്രായം:

Joymon പറഞ്ഞു...

അടുത്തത് ഒരു ട്രെയിന്‍ യാത്ര...