2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 2

ഠിം ഠിം...ഞാന്‍ ഇടിഞ്ഞുപൊളിഞ്ഞു വീണു എന്നു കരുതിയവര്‍ക്ക് തെറ്റി.അവിടെ അമ്മയാണെന്നുതോന്നുന്നു ആരോ അലക്കുന്ന ശബ്ദമാണ്.ഓണ്‍സൈറ്റ് തരും എന്നത് നമ്മള്‍ ഇന്നും ഇന്നലേയും കേട്ടുതുടങ്ങിയതല്ലല്ലോ.ഇതും കൂടിച്ചേര്‍ത്ത് മൂന്നാമത്തെ തവണയാണു മിസ്സ് ആകുന്നത്.

അങ്ങനെ തിങ്കളാഴ്ച്ചയായി.വീണ്ടും ഓഫീസിലേക്ക്.വിസയെടുത്തിട്ടു വരാമെടെ എന്നുപറഞ്ഞുപോയവന്‍ വെറുംകൈയ്യോടെ വരുന്നതുകണ്ട് ഓഫീസിലുള്ളവരൊക്കെ ഒരു വല്ലാത്ത നോട്ടം.ഇതെന്താടാ പിണ്ടിപ്പെരുന്നാളിനു ആനയെ എഴുന്നുള്ളിച്ചേക്കുവാണോടാ ഇങ്ങനെ നോക്കാന്‍?

ഇങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു.പിന്നെ വിസയെന്നു കേട്ടിട്ടുണ്ടെന്നല്ലാതെ അതിന്‍റെ ഫോം കണ്ടിട്ടില്ലാത്ത പിള്ളാരല്ലേ ഒരു സൈഡില്‍നിന്നും പണിതുടങ്ങിയാല്‍ പിന്നെ 100ആം ദിവസം ആഘോഷിച്ചിട്ടേ നിറുത്തൂ.എന്തായാലും പണിതുടങ്ങിയേക്കാം.മെയിലുകള്‍ ധാരാളം വന്നിട്ടുണ്ട്.ചെയ്യാനുള്ള പണികളുടെ ഒരു ലിസ്റ്റ് പ്രിന്റ് എടുത്ത് മാനേജരുടെ അടുത്തു പോയേക്കാം .പ്രയോരിറ്റി പുള്ളി തീരുമാനിക്കട്ടെ.

"പേടിക്കേണ്ട കാര്യമൊന്നുമില്ല.വര്‍ക്ക് ക്രിട്ടിക്കല്‍ ആയതുകൊണ്ടാണു വിസക്കു പോകേണ്ടെന്നു പറഞ്ഞത്.ഇതു കഴിഞ്ഞാല്‍ അപ്പോള്‍തന്നെ വിസയെടുക്കാം.ഒരു കുഴപ്പവുമില്ല.അപ്പ്സെറ്റ് ആകേണ്ട യാതൊരു കാര്യമൊന്നുമില്ല." ഛെ...പുള്ളി കൈയ്യിലുള്ള പേപ്പര്‍ കണ്ടു തെറ്റിധരിച്ചു എന്നു തോന്നുന്നു.ഞാനെങ്ങാണ്ട് വിസയെടുക്കാന്‍ പറ്റത്തതുകൊണ്ട് പേപ്പറിടാന്‍ വന്നതാണെന്നു വിചാരിച്ചുകാണും.കഴിഞ്ഞതു കഴിഞ്ഞു.വീണ്ടും സില്‍വര്‍ലൈറ്റ് എന്ന ടെക്നോളജി ഉപയോഗിച്ച് പ്രൊജെക്റ്റുമായി മല്‍പ്പിടുത്തം.

അങ്ങനെ വീണ്ടും കുറെ പ്രൊജെക്റ്റ് റിലീസുകള്‍,ബഗ്ഗുകള്‍...ഇന്ഫൊപാര്‍ക്കില്‍ കുറെപ്പേര്‍ വന്നു.കുറെപ്പേര്‍ പോയി.നോക്കിവച്ചിരുന്ന പല പിള്ളേരും അവരവരുടെ വഴിനോക്കിപ്പോയി.അങ്ങനെയിരിക്കുമ്പോള്‍ ഒരു വ്യാഴാഴ്ച.സാധാരണ വൈകീട്ടാണു മീറ്റിങ്.പക്ഷെ ഇന്നു കാലത്ത് ഒരെണം.മീറ്റിങ്ങിനുമുമ്പ് മെയില്‍ നോക്കിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ഒരെണ്ണം.കണ്ണുകളെ വിശ്വസിക്കാന്‍ പറ്റില്ല എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം അന്നാണു എനിക്കു ശരിക്കും മനസ്സിലായതു.കയ്യില്‍ ഒന്നു പിച്ചി നോക്കി.സ്വപ്നമല്ല. പ്രൊജെക്റ്റ് കഴിഞ്ഞിരിക്കുന്നു.

തള്ളേ ഞാന്‍ പോലും അറിയാതെ എന്‍റെ പ്രൊജെക്റ്റ് കഴിഞ്ഞെന്ന്.മുന്പു കൊടുത്ത ഏതോ ഒരു റിലീസ് ക്ലൈന്‍റിനു പിടിച്ചുപോലും.വീണ്ടും അടിപൊളി.മസിലുപിടിച്ചുനടത്തം,നേരം വൈകി ഓഫീസില്‍ വരവ്,നേരത്തെ സ്കൂട്ടാകല്‍, അരമണിക്കൂര്‍ നീണ്ട ചായകുടി,ഭക്ഷണം കഴിഞ്ഞുള്ള  വായില്‍നോട്ടം തുടങ്ങിയ നാടന്‍കലകളുമായി കുറച്ചുനാള്‍.അധികം നീണ്ടു നിന്നില്ല.വീണ്ടും വിസയെടുക്കാന്‍ പറഞ്ഞുകൊണ്ട് അഡ്മിന്‍ എത്തി.എന്തായാലും വീണ്ടും  ഒരു വിസാപരീക്ഷണം കൂടി നടത്താന്‍ സമയമായി.

1 അഭിപ്രായം:

Joymon പറഞ്ഞു...

രണ്ടാം ഭാഗവും ഇറക്കി.കമ്പനിയിലുളവര്‍ കുറച്ചുപേര്‍ അറിഞ്ഞിട്ടുണ്ട്.