2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 6 അമേരിക്കകാരുടെ പ്രശ്നങ്ങള്‍ തുടര്‍ച്ച

അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം
അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay
അമേരിക്കന്‍ രണ്ടാമൂഴം - 5 അമേരിക്കക്കാരുടെ ഓരോ പ്രശ്നങ്ങളേ...

അങ്ങനെ പുതിയ സ്ഥലത്ത് താമസം തുടങ്ങി.ഇവിടത്തെ ഹോട്ടലില്‍ അടുക്കള ഇല്ല.അതുകൊണ്ട് ഡെയിലി പുറത്തു നിന്നും കഴിക്കണം.പിന്നെ കൂടെ വേറെ നാലു പേര്‍ ഉള്ളതുകൊണ്ട് മാറി മാറി ഓസാം.പക്ഷെ അപ്പോഴും ശനിയും ഞായറും സ്വന്തമായി കഴിക്കണം.അങ്ങനെ ആദ്യത്തെ ശനിയാഴ്ച പുറത്തു പോയി കഴിക്കാനുള്ള തയ്യാറെടുപ്പായി.അവിടെ ഇരുന്നു കഴിച്ചാല്‍ ടിപ്സ് എന്ന് പറയുന്ന ഒരു സാധനം കൊടുക്കേണ്ടിവരും.അതുകൊണ്ട് പാഴ്സല്‍ വാങ്ങാം എന്ന് വിചാരിച്ചു.അതാകുമ്പോള്‍ നേരെ പോയി മെനുവില്‍ നോക്കി പറയുക താമസിക്കുന്ന ഹോട്ടലില്‍ ഇരുന്നു കഴിക്കുക.അധികം കോമ്പ്ലിക്കേഷന്‍ ഇല്ല.മെനു ആദ്യമേ ഇന്റര്‍നെറ്റില്‍ അവരുടെ സൈറ്റില്‍ പോയി നോക്കിയാല്‍ അവിടെ ഇരുന്നു അധികം തല പുകക്കേണ്ട.അങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കി ഒരു സാന്റ് വിച്ചു തീരുമാനിച്ചു.

അങ്ങനെ ഹോട്ടലില്‍ എത്തി.ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നാട്ടിലെ ബാര്‍ പോലെയാണ്.നില്‍പ്പന്‍ അടിക്കാന്‍ വേണ്ടിയുള്ള സ്റ്റൂളുകള്‍ അങ്ങനെ നിരത്തിയിട്ടിരിക്കുന്നു.അവിടെയിവിടെയായി ഓരോരുത്തിമാര്‍ ഇരുന്നു അടിക്കുന്നുണ്ട്.കൊള്ളാമല്ലോ എന്ന് കരുതി നോക്കിയാല്‍ അപ്പോഴേ ഹായ് പറയും.നാട്ടില്‍ ആണെങ്കില്‍ നാണം കുണുങ്ങി തല കുനിച്ചു നില്‍ക്കുകയെ ഉള്ളു.അല്ലെങ്കില്‍ തലയൊന്നു കുലുക്കി എന്നെ ശരിക്കും കണ്ടോ എന്നുപറഞ്ഞു കുറച്ചു അഹങ്കാരം മുഖത്ത് വരുതുകയെ ഉള്ളു.ഇവിടെ ഹായ് പറഞ്ഞാല്‍ പിന്നെ നമുക്ക് പണിയാകും.ഇവളുമാരുടെ മുടിഞ്ഞ ഇംഗ്ലീഷ് എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാനാ.അങ്ങെനെ ഒരു അഞ്ചു മിനിട്ട് നിന്ന് കഴിഞ്ഞപ്പോ,ഇരുന്നാല്‍ പോയി, ഓര്‍ഡര്‍ എടുക്കാന്‍ ഒരുത്തി വന്നു.മെനുവില്‍ ഭയങ്കര പഠനം ഒക്കെ നടത്തിയതിനു ശേഷം നമ്മള്‍ ഒട്ടും പുറകിലാവാന്‍ പാടില്ലല്ലോ,ആദ്യമേ ഇന്റര്‍നെറ്റില്‍ നോക്കി വച്ചിരുന്ന ഐറ്റം എടുത്തു കാച്ചി.അപ്പോഴേ തിരിച്ചു ഒരു ചോദ്യം.ഏതു ചിപ്സ് ആണ് വേണ്ടത്?ഓഹോ പണി പാളി.ഇന്റര്‍നെറ്റില്‍ കണ്ട പടമല്ല ഇവിടത്തെ മെനുവില്‍.ഇതില്‍ ഒരു ഫ്രഞ്ച് ഫ്രൈസിന്റെ പടം കൂടിയുണ്ട്.ഫ്രീ ആണെന്ന് തോന്നുന്നു.എന്നാല്‍ ശരി ഫ്രഞ്ച് ഫ്രൈ കൂടി പോരട്ടെ.ഒരു വിധം ഓര്‍ഡര്‍ പറഞ്ഞൊപ്പിച്ചു.ഇനി എപ്പോള്‍ ആണാവോ ഇതൊന്നു കിട്ടുക? പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ നില്‍പ്പന്‍ അടിക്കാന്‍ ഇട്ടിരുന്ന ഒരു സ്റ്റൂളില്‍ കയറി ഇരുന്നു.കൊള്ളാം സ്റ്റൂള്‍ നല്ലവണ്ണം ഉയരം ഉള്ളതുകൊണ്ട് ഞാനൊരു രാജാവാണ് എന്നൊരു ഫീലിങ്ങ്സ്‌ വരും.ഇത്രയും ആയപ്പോള്‍ ഞാനവിടെ ഒരു നോട്ടപ്പുള്ളിയായി.വെള്ളമടിക്കാതെ ഇതാരാടാ ഇതില്‍ കയറി ഇരിക്കുന്നത് എന്നൊരു ധ്വനി ആളുകളുടെ നോട്ടത്തില്‍ ഇല്ലാതില്ല.

15 മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടി.കൂടെ ഷോക്കടിപ്പിക്കുന്ന ഒരു ബില്ലും.ഫ്രഞ്ച് ഫ്രൈക്ക് 2 ഡോളര്‍.ചേച്ചി ഇത് ഫ്രീ അല്ലായിരുന്നോ? ഏയ് അതെങ്ങിനെ ഫ്രീ ആകും എന്നായി ചേച്ചി.ഒന്നും കൂടെ നോക്കിയപ്പോള്‍ നല്ല നീതിയില്‍ ടാക്സും ഇട്ടിട്ടുണ്ട്.ഇത്രയും ടാക്സ്‌ വാങ്ങിച്ചിട്ട് എന്താണാവോ അമേരിക്കന്‍ സര്‍ക്കാര്‍ കാശില്ല കാശില്ല എന്ന് പറയുന്നത്.ആഗസ്റ്റ് രണ്ടാം തിയ്യതിക്കകം കടം കൂടുതല്‍ വാങ്ങിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവിടെയുള്ളവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കാശില്ലത്രേ.അന്തോണി ചേട്ടന്‍ കേരളം ഭരിച്ചപ്പോള്‍ ഇതിലും ഭേദമായിരുന്നു ഇവിടത്തെ സ്ഥിതി.അങ്ങനെ ആ ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു.ഈ ബ്രെഡ്‌ ഞാന്‍ ഇനി കടയില്‍ നിന്നും മാത്രമേ വാങ്ങിക്കഴിക്കൂ.വെറുതെ എന്തിനാ ഹോട്ടലുകാര്‍ക്ക്‌ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്?അങ്ങനെ കടയില്‍ നിന്നും ബ്രെഡും അതിന്റെ അനുബന്ധ സാധനങ്ങളും വാങ്ങി.ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ ഏകദേശം പകുതി വില.

ഗുണപാഠം : ഹോട്ടല്‍ എന്ന് പറയുന്നത് ഇവിടെ വല്ലപ്പോഴും പോയി കഴിക്കനുള്ളതാണ്.അല്ലാതെ നാട്ടില്‍ പറ്റുപടി പുസ്തകം വച്ച് ഹോട്ടലില്‍ കഴിക്കുന്നതുപോലെ ഇവിടെ കഴിച്ചാല്‍ പണി പാളും.

രണ്ടാഴ്ച വളരെ വേഗം കടന്നു പോയി.കഴിഞ്ഞ ആഴ്ച പോയവര്‍ പറയുന്നകേട്ടു അടുത്ത ആഴ്ച പോകാന്‍ ബുക്ക്‌ ചെയ്തിരിക്കുന്ന പ്ലെയിന്‍ വളരെ ചെറുതാണ്.പ്ലെയിന്‍ ഒന്ന് സ്ലോ ആക്കിയാല്‍ മതി നമുക്ക് ചാടിക്കേറാം.കൂടെയുണ്ടായിരുന്ന സായിപ്പും പറഞ്ഞു ഇന്ത്യയില്‍ ബസ്സില്‍ കയറുന്നപോലെ ചാടിക്കേറാം എന്ന്.ഏയ് അതൊന്നും ആകില്ല.ഇന്ത്യയില്‍ ഞാന്‍ ആദ്യം കയറിയ പ്രോപ്പെല്ലര്‍ വച്ച കൊച്ചി-ബാംഗ്ലൂര്‍ പ്ലെയിനിനെക്കളും വലുതാകും.ഉറപ്പ് ഞാനും വിട്ടില്ല.അതുപോലുള്ള പ്ലെയിന്‍ കണ്ടിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല എന്നവരും.

തിരിച്ചു പോകാന്‍ പ്ലെയിന്‍ ഗ്രൌണ്ടില്‍ എത്തിയപ്പോള്‍ കഴിഞ്ഞ പ്രാവശ്യം പറ്റിയ പറ്റുകള്‍ ഒന്നും പറ്റരുത് എന്നുറപ്പിചിട്ടുണ്ടായിരുന്നു.ഒരു ബാഗു ചെക്ക്‌ ഇന്‍ ചെയ്തു.രണ്ടെണ്ണം കൈയ്യില്‍ പിടിച്ചു.എയര്‍ പോര്‍ട്ടില്‍ നിന്നും ഫുള്‍ ടാങ്ക് അടിച്ചില്ലെങ്കിലും വഴിയില്‍ നില്‍ക്കാതിരിക്കാന്‍ ഉള്ളത് അടിച്ചു.ചുമ്മാ കുറച്ചു ഫ്രഞ്ച് ഫ്രൈസ്.പിന്നെ കാത്തിരിപ്പായി.ആദ്യം അരമണിക്കൂര്‍ ഡിലേ ഉണ്ടെന്നു പറഞ്ഞു.ഓഹോ ഇവിടെയും എയര്‍ ഇന്ത്യ ഉണ്ടല്ലേ.പിന്നെ അത് ഒരു മണിക്കൂര്‍ ആയി.ഈ കാത്തിരിപ്പില്‍ അമേരിക്കയിലെ ലോക്കല്‍ പ്ലെയിനുകളെ പറ്റി ഏകദേശം മനസിലായി.അന്നൌന്‍സ് ചെയ്യാന്‍ ഇരിക്കുന്ന ചേച്ചി ഇടയ്ക്കിടെ മൈക്കിലൂടെ ചൂടാകുന്നു.മെയിന്‍ ആയി ബോര്‍ഡിംഗ് പാസ്‌ വാങ്ങിയ ആളുകളെ ഫ്ലൈറ്റില്‍ കയറുന്ന നേരത്ത് കാണാതാകുമ്പോള്‍.ഒരുത്തിയെ വിളിച്ചു വിളിച്ചു കാണാത്തപ്പോള്‍ ചേച്ചി വിളിച്ചു പറഞ്ഞു."This is to inform you Kathi that the flight is going.Good bye...Have a nice day".

ഇത് പോട്ടെ എന്നുവക്കാം.കുറച്ചു കഴിഞ്ഞപ്പോള്‍ ഉണ്ട് ഗേറ്റില്‍ നിന്നും നീങ്ങി തുടങ്ങിയ ഒരു പ്ലെയിനില്‍ കയറാന്‍ ഒരുത്തി ഓടിക്കൊണ്ട്‌ വരുന്നു.നാട്ടില്‍ ആയിരുന്നെങ്കില്‍ ചേച്ചി പൊക്കോ.നാളത്തെ അടുത്ത പ്ലെയിനില്‍ പോകാം എന്ന് പറഞ്ഞെന്നെ.ഇവിടെ ഒരു കുഴപ്പവും ഇല്ല.ചേച്ചി എങ്ങിനെയാണാവോ കോണിയില്ലാതെ കയറിയത് ?ഇനി അവന്മാര് പറഞ്ഞത് പോലെ ചാടിക്കേറാം എന്നാണോ?ഇതിലും ഭയങ്കരമായിരുന്നു അടുത്ത പ്ലെയിനിന് വരി നിന്ന് തുടങ്ങിയപ്പോള്‍ ഒരുത്തന്‍ വന്നു മുന്പ് പോയ പ്ലെയിനില്‍ കയറാന്‍ പോയത്.കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല.നാട്ടിലെ ബസ്‌ സ്റ്റാന്റ് ഇതിലും ഭേദമാണ്.തൃശൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇരപ്പിച്ചു ഇരപ്പിച്ചു നില്‍ക്കുന്ന ഇരിഞ്ഞാലക്കുട ലിമിറ്റഡ് സ്റ്റോപ്പില്‍ കയറാന്‍ ഇതിലും ബുദ്ധിമുട്ടാ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഫ്ലൈറ്റിലെക്കും ആളെ കയറ്റിതുടങ്ങി.കഴിഞ്ഞ പ്രാവശ്യത്തെ ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടും ഇത്തവണ രണ്ടു ബാഗുകള്‍ കൈയ്യില്‍ ഉള്ളതുകൊണ്ടും ഇടിച്ചു കയറി ക്യുവില്‍ നിന്നും.കമലിന്റെ ദശാവതാരം സിനിമക്ക് ക്യുവിന്റെ മുകളിലൂടെ പോയി ടിക്കറ്റ് എടുത്ത നമ്മളോടാ ഇവന്മാരുടെ കളി.പക്ഷെ പ്ലെയിനിന്റെ ഉള്ളില്‍ കടന്നതും സകല പ്രതീക്ഷയും പോയി.ടെമ്പോ ട്രാവലറിന്റെ അത്രക്കും ഉണ്ട് വീതി.ഒരു നിരയില്‍ വെറും മൂന്ന് സീറ്റുകള്‍.ഒരു സൈഡില്‍ രണ്ടും മറ്റേ സൈഡില്‍ ഒന്നും.നാട്ടില്‍ ഓടുന്ന ബസ്സിനു പോലും ഇതിലും സീറ്റുകള്‍ ഉണ്ടാകും.ഞാന്‍ പറഞ്ഞത് വിശ്വസിക്കാന്‍ പറ്റാത്തവര്‍ താഴെ കൊടുത്ത ഫോട്ടോ നോക്കുക .
 
നേരെ നിന്നാല്‍ തലയിടിക്കും.കൈയ്യില്‍ ഉള്ള ഒരു ബാഗു ഇതിന്റെ ലഗ്ഗെജു സ്പേസില്‍ കയറുന്നപോലുമില്ല.അങ്ങനെ വീണ്ടും സീറ്റിന്റെ അടിയില്‍ ബാഗു വക്കേണ്ടി വന്നു.

പക്ഷെ ഈ ഫ്ലൈറ്റില്‍ കയറിയതുകൊണ്ട് ഒരു മെച്ചം ഉണ്ടായി.ഒരു എയര്‍ ഹോസ്റ്റെസ് ചേച്ചി എങ്ങിനെ ഒരു പ്ലെയിനില്‍ എല്ലാവരെയും മാനേജ് ചെയ്യുന്നു എന്ന് പഠിക്കാന്‍ പറ്റി.ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് വേണമെങ്കില്‍ കോസ്റ്റ് കട്ടിംഗ് എന്നാ നിലയില്‍ ചെയ്യാന്‍ പറ്റിയ പരിപാടിയാണ് ഇത്.അതുപോലെ പ്ലെയിനുകള്‍ വരിനിന്നു റണ്‍ വേയിലേക്ക് കയറുന്നു.ചിലപ്പോള്‍ വലിയ രണ്ടു പ്ലെയിനുകള്‍ നില്‍ക്കുന്നതിന്റെ ഇടയിലേക്ക് ചെറിയ പ്ലെയിനുകള്‍ കയറുന്നു.നാട്ടില്‍ റെയില്‍ വെ ഗേറ്റില്‍ കിടക്കുന്ന പാണ്ടിലോറികളുടെ ഇടയിലേക്ക് ഓട്ടോ റിക്ഷ കയറുന്നപോലെ.

പിന്നെ ഒരു കാര്യം, പ്ലെയിന്‍ ശരിക്കും എങ്ങിനെ പോകുന്നു എന്ന് മനസ്സിലാകാന്‍ പറ്റി.ചെറിയ ഒരു വഞ്ചിയില്‍ പോകുന്നതും വലിയ കപ്പലില്‍ പോകുന്നതും തമ്മിലുള്ള വ്യത്യാസം ഉണ്ടല്ലോ അതിവിടെയും ഉണ്ട്.വലിയ പ്ലെയിനില്‍ പോയാല്‍ നമുക്ക് എഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും മനസ്സിലാക്കാന്‍ പറ്റില്ല.പക്ഷെ ഇതില്‍ ഡ്രൈവര്‍ സോറി അല്ല പൈലറ്റ് ഗിയര്‍ മാറുന്നത് പോലും ശരിക്കും മനസ്സിലാകും.ഞാന്‍ അമേരിക്കയില്‍ പോയിട്ട് ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയില്ലല്ലോ എന്ന് കുറെ വിഷമിച്ചിരുന്നു .പക്ഷെ ഇതില്‍ കയറിയപ്പോള്‍ എല്ലാം തീര്‍ന്നു.എല്ലാ റൈട്കളിലും ഒരുമിച്ചു കയറിയ പ്രതീതി.തിരിച്ചു ഇറങ്ങിയ കാര്യം പറയുകയാണെങ്കില്‍

മുജമ്മപുണ്യം അല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന.


അഭിപ്രായങ്ങളൊന്നുമില്ല: