2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 5 അമേരിക്കക്കാരുടെ ഓരോ പ്രശ്നങ്ങളേ...

പഴയ പോസ്റ്റുകള്‍ 
അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം
അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay

അമേരിക്കയില്‍ നല്ല നിലയില്‍ സ്വന്തമായുള്ള വില്ലയില്‍ കഴിയുന്നവന്‍ ആയാലും ഒറ്റ മുറിയില്‍ ബെര്‍ത്തില്‍ കഴിയുന്നവന്‍ ആയാലും ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?കാര്യങ്ങള്‍ ഒക്കെ എങ്ങിനെ പോകുന്നു ?എന്നുചോദിച്ചാല്‍ ഒറ്റ ഉത്തരമേ വരൂ. "ഓ എന്നാ പറയാനാ.തട്ടിയും മുട്ടിയും അങ്ങനെ പോകുന്നു.ഇവിടെ വലിയ മെച്ചമൊന്നും ഇല്ലെടെ.ജോലി എപ്പോള്‍ വേണമെങ്കിലും പോകും എന്നാ നിലയിലാ.പിന്നെ ഭയങ്കര ചിലവാ.കാറിനു ഇന്‍ഷുറന്‍സ് അടക്കണം.പുല്ലു വെട്ടാന്‍ കാശുകൊടുക്കണം.പിള്ളേരെ പഠിപ്പിക്കണം.പിന്നെ നാട്ടില്‍ പോയി വന്നാല്‍ അതുവരെയുണ്ടയിരുന്നത് എല്ലാം തീരും.ഒന്നും മിച്ചംവെക്കാന്‍ പറ്റില്ല.എന്നാല്‍ ചേട്ടാ അവിടെ അത്രയ്ക്ക് ബുദ്ധിമുട്ട് ആണെങ്കില്‍  ഇങ്ങോട്ട് പോരെ.ഇവിടെ തൂമ്പയെടുത്ത് കിളച്ചാല്‍ അതിലും കൂടുതല്‍ കിട്ടും എന്ന് നമ്മള്‍ പറഞ്ഞാല്‍ ഏയ്‌ അത് പറ്റില്ല.പട്ടിണി കിടന്നാലും അമേരിക്ക വിട്ടു വേറെ ഒരു കളിയും ഇല്ല.

ഇപ്പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ ബാച്ചിലേഴ്സ് എന്തുകൊണ്ട് തിരിച്ചു വരുന്നില്ല എന്നതിന്‍റെ കാരണം ഏകദേശം പിടികിട്ടിയെങ്കിലും ഫാമിലീസ് എന്തുകൊണ്ട് തിരിച്ചു വരുന്നില്ല എന്ന് മനസിലായില്ല.പക്ഷെ ചെലവ് ചെലവ് എന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നതിന്റെ കാരണം പക്ഷെ ശരിക്കും മനസിലായി.അതിനു പ്രത്യേകിച്ച് റിസര്‍ച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല.അവിടെ ഒരു സിറ്റിയില്‍ നിന്നും ഒരു ആയിരം മൈല്‍അപ്പുറമുള്ള മറ്റൊരു സിറ്റിയിലേക്ക് യാത്ര ചെയ്‌താല്‍ മതി.എല്ലാം താനേ മനസിലാകും.എനിക്ക് യാത്ര ചെയ്യേണ്ടി വന്നത് ന്യൂ ജേഴ്സിയില്‍ നിന്നും നോര്‍ത്ത് കരോലിനയില്‍  ഉള്ള ഷാര്‍ലറ്റ് (Charlotte)വരെയായിരുന്നു.

കമ്പനി ആവശ്യം ആയതുകൊണ്ട് ടിക്കെറ്റ് എല്ലാം കമ്പനി വക.പിന്നെ നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് എന്തിന്റെയും വില നോക്കുമല്ലോ.അങ്ങനെ ചുമ്മാ ഇന്റര്‍നെറ്റ്‌ നോക്കിയപ്പോള്‍ ഒരു കാര്യം മനസിലായി.ഡയറക്റ്റ് ബസില്ല.ട്രെയിന്‍ എന്ന പരിപാടി അവിടെ നടപ്പില്ല.ഒന്നാമത് ഒരു ട്രെയിനില്‍ അവിടെ എത്താന്‍ പറ്റില്ല.രണ്ടു മൂന്ന് ട്രെയിന്‍ കയറണം.പിന്നെ ചില സ്ഥലങ്ങളില്‍ ബസിലും കയറണം.രണ്ടാമത് മുടിഞ്ഞ റേറ്റ്.പിന്നെയുള്ളത് റോഡ്‌ മാര്‍ഗം.പക്ഷെ ശരിക്കും ടൈം എടുക്കും.അടുത്ത ചോദ്യം ആര് കാറോടിക്കും?ഇതെല്ലം കമ്പനിക്കു അറിയാവുന്നതുകൊണ്ട്‌ ഫ്ലൈറ്റ് ടിക്കറ്റ്‌ എടുത്തു തന്നു.നെവാര്‍ക്ക് എയര്‍പോര്‍ട്ട് നിന്നും ഷാര്‍ലറ്റ് ഡഗ്ലാസ് എയര്‍ പോര്ട്ടിലേക്ക് വരെ.അങ്ങനെ കൊച്ചിയില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഞാനും അവിടെ ഞങ്ങളുടെ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന വേറെ രണ്ടു പേരും പിന്നെ ക്ലയന്റ് കമ്പനിയില്‍ നിന്നും ഒരു പുള്ളിയും 10Jul2011 ഒരു ഉച്ചേമുക്കാലിന് യാത്ര തുടങ്ങി.

രണ്ടാഴ്ചയാണ് അവിടത്തെ പരിപാടി.ഞാനോഴിച്ചുള്ളവര്‍ ന്യൂ ജേഴ്സിയില്‍ സ്ഥിരതാമസക്കാരയതുകൊണ്ട് വീക്കെണ്ട് അവര്‍ തിരിച്ചു പോകും. പിന്നെ ഞായറാഴ്ച്ചയെ വരൂ.ഞാന്‍ നോക്കുമ്പോള്‍ എന്റെ കൈയ്യില്‍ മാത്രം വലിയ ബാഗ്‌.മറ്റുള്ളവന്മാരുടെയടുത്  മീഡിയം ബാഗുകള്‍.ചോദിച്ചപ്പോള്‍ 5 ദിവസത്തെ ലഗ്ഗെജു മാത്രമല്ലെ ഉള്ളു എന്നൊരു മറുപടി.പക്ഷെ അതിന്റെ ശരിക്കുള്ള കാരണം മനസിലായത് ലഗ്ഗെജു ചെക്ക്‌ ഇന്‍ ചെയ്തപ്പോഴാണ്.ഞാനൊഴിച്ച്‌ വേറെയാരും ചെക്ക്‌ ഇന്‍ ചെയ്തില്ല.നമുക്ക് പണ്ടേ കയ്യില്‍ ഒന്നും പിടിച്ചു യാത്ര ചെയ്യുന്ന ശീലം ഇല്ലാത്തതുകൊണ്ട് ചെക്ക്‌ ഇന്‍ ചെയ്യാം എന്ന് വിചാരിച്ചു.ആദ്യമായിട്ടാണ് എന്ന് തോന്നുന്നു ഒരു ഇന്ത്യക്കാരന്‍ രണ്ടു ബാഗുകള്‍ ചെക്ക്‌ ഇന്‍ ചെയ്യുന്നത് എന്ന ഭാവത്തില്‍ ആ കറുത്ത ചേട്ടന്‍ എന്നെയൊന്നു നോക്കി.ഫിഫ്ടി ഡോള്ലെഴ്സ്...അല്ല ചേട്ടാ ടിക്കറ്റ്‌ ഇന്റര്‍നെറ്റ്‌ വഴി എടുത്തതാ.അതിനു കാശും കൊടുത്തു.അതിന്റെ കടലാസല്ലേ ചേട്ടന്റെ കൈയ്യില്‍ തന്നത്.പിന്നെ ഇത് എന്തിനാ  ഈ ഫിഫ്ടി ഡോള്ലെഴ്സ്? ഇത് രണ്ടു ബാഗുകള്‍ ചെക്ക്‌ ഇന്‍ ചെയ്യാനുള്ള ഫീസാ.അതായത് ഒരു ബാഗ്‌ ചെക്ക്‌ ഇന്‍ ചെയ്യാന്‍ $25...ചെറുങ്ങനെ തല കറങ്ങിയോ എന്നൊരു സംശയം.

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ...എന്ന് ഭാവിച്ചു മാറി നിന്നിരുന്ന കൂടെയുള്ളവര്‍ അപ്പോഴേ രംഗത്തെത്തി കാഴ്ചക്കാരായി.ഫിഫ്ടി ഡോള്ലെഴ്സ് എങ്കില്‍ അത് എന്ന് കരുതി പോക്കറ്റില്‍ നിന്നും കാശു എടുത്തു കൊടുത്തപ്പോള്‍ പുള്ളിയുടെ അടുത്ത കമന്റ്‌.ഇവിടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ മാത്രമേ എടുക്കൂ.നോട്ട് ഞങ്ങള്‍ ടിപ്സ് കൊടുക്കാന്‍ മാത്രമേ ഉപയോഗിക്കൂ.ഇതില്‍ പണി പാളി.ഇനി ഒറ്റ വഴിയെ ഉള്ളൂ.കൂടെയുള്ളവന്മാരുടെ കാലില്‍ വീഴുക.ദയനീയമായ ഒരു നോട്ടത്തിലൂടെ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി.പിന്നെ രംഗം അവര്‍ ഏറ്റെടുത്തു.

അതി വിദഗ്ദമായി അവര്‍ ഒരു ബാഗ്‌ മറ്റേ വലിയ ബാഗിന്റെ ഉള്ളിലാക്കി.എന്നിട്ട് ഒരു ബാഗിന്‍റെ കാശു ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി കൊടുത്തു അത് മാത്രം ചെക്ക്‌ ഇന്‍ ചെയ്തു.ഇപ്പോള്‍ മനസ്സിലായി എന്തുകൊണ്ടാണ് അവര്‍ മീഡിയം സൈസിലുള്ള ബാഗ്‌ എടുത്തതെന്നും ചെക്ക്‌ ഇന്‍ ചെയ്യാതിരുന്നതെന്നും.അപ്പോള്‍ ഗുണപാഠം  എന്താണ്?

ഗുണപാഠം 1 :അമേരിക്കയില്‍ പ്ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ലഗ്ഗെജു ഉണ്ടെങ്കില്‍ മീഡിയം സൈസില്‍ ഉള്ള ബാഗുകളില്‍ ആക്കി ചെക്ക്‌ ഇന്‍ ചെയ്യാതെ സൂക്ഷിക്കുക.ചെക്ക്‌ ഇന്‍ ചെയ്താല്‍ ട്രൌസര്‍ കീറും.

അമേരിക്കയില്‍ ചെന്നയുടനെ ചുമ എന്നൊരു സംഗതി പിടിച്ചതുകൊണ്ട് ഫുള്‍ ടൈം വെള്ളം കൂടെകൊണ്ടു നടക്കുക എന്ന സായിപ്പിന്റെ അസുഖം  പിടി പെട്ടിരുന്നു.അങ്ങനെ ഞാന്‍ വെള്ളം കുടിക്കുന്നത് കണ്ടപ്പോള്‍ കൂടെയുള്ളവന്മാര്‍ പറഞ്ഞു ഇത് സെക്യൂരിറ്റി ചെക്കിംഗ് വരെയേ പറ്റൂ.അവര്‍ വെള്ളം അകത്തു കടത്തി വിടില്ല.ശരി വെള്ളമല്ലേ അകത്തു കയറ്റാതെയുള്ളൂ,ബോട്ടില്‍ കൊണ്ട് പോകാമല്ലോ? പിന്നെ അകത്തു നിന്നും കുടിവെള്ളം എടുക്കാം.ഓക്കേ ശരി ചേട്ടാ.അങ്ങനെ അവരെല്ലാം കൊണ്ട് വന്ന ബോട്ടില്‍ കുടിച്ചു തീര്‍ത്തു.നമുക്ക് കുടിക്കാവുന്നതല്ല കുടിക്കാന്‍ പറ്റൂ.ഡോള്ലെഴ്സ് കൊടുത്തു വാങ്ങിയ വെള്ളമാണ് .വെറുതെയങ്ങു കുടിക്കാന്‍ പറ്റോ?ഞാന്‍ കുറച്ചു ബാക്കി വച്ചു.എങ്ങാനും കടത്തി വിട്ടാലോ?

സെക്യൂരിറ്റി ചെക്കിംഗ്.നാട്ടിലെ പോലെ അല്ല,ഷൂസും ,ബെല്‍ട്ടും വരെ ഊരണം.അങ്ങനെ എന്റെ സ്ഥാപകജംഗമവസ്തുക്കള്‍ മുഴുവന്‍ ഒരു കുട്ടയിലാക്കി നിരായുധനായി സെന്സറിന്റെ അപ്പുറം കടന്നപ്പോള്‍ എക്സറേ ടി വിയില്‍ നോക്കികൊണ്ടിരുന്നവന്‍ അലറുന്നു.മാന്വല്‍ ചെക്കിംഗ് നീടെഡ്.ഛെ...ഇവന്റെ മെഷീന്‍ ഇത്ര കൂതറയാണോ?ഇതിലും നല്ലത് ഞങ്ങളുടെ നെടുമ്പാശേരിയില്‍ ഉണ്ടെടാ...എന്നെ നോക്കിയാണ് അലറുന്നത്.ഇനി ഞാന്‍ എന്തെങ്കിലും അഴിക്കാന്‍ മറന്നോ? ഓ യെസ് ചീപ്പ് പുറകിലെ പോക്കറ്റില്‍ കിടക്കുന്നു.പണി പാളിയോ? ഇല്ല പാളിയില്ല.ദാണ്ടേ ആപ്പിള് പോലത്തെ ഒരു പോലീസ് ചേച്ചി വരുന്നു.ദൈവമേ ഇംഗ്ലീഷ് സിനിമയില്‍ കാണുന്നത് പോലെ എന്നെ പരിശോദിക്കാന്‍ ആണോ?സോണിയാ ...സോണിയ വരുന്നു..സോണിയ വരട്ടെ...സോണിയ..

വന്നപാടെ ചേച്ചി എക്സറേ ടി വിയിലേക്ക് നോക്കി എന്നിട്ട് ഒരു പ്രത്യേക സ്ലാങ്ങില്‍ ചോദിച്ചു വെള്ളമുണ്ടോ ?അമേരിക്കന്‍ അല്ല.പക്ഷെ ചേച്ചി നല്ല കീറാന്നു തോന്നുന്നു.കണ്ടപാടെ വെള്ളം ചോദിക്കുന്നു.യെസ് ചേച്ചി.ചെക്ക്‌ ഇന്‍ ചെയ്ത ബാഗില്‍ നല്ല നാടന്‍ അച്ചാറ്  ഇരിപ്പുണ്ട് എന്ന് പറയണം എന്നുണ്ടായിരുന്നു പിന്നെ നമ്മള്‍ ഇതൊന്നും കൈ കൊണ്ട് തൊടാത്തത് കൊണ്ട് ഒന്നും പറഞ്ഞില്ല.അപ്പോള്‍ തന്നെ ചേച്ചി വെള്ളമെടുത്തു മാറ്റിവച്ചു.പിന്നെ ഒരു ഗ്ലൌസ് ഇട്ടു ബാഗു മൊത്തം  പരിശോദിച്ചു.നമ്മുടെ നാട്ടിലെ പോലെ എല്ലാം വലിച്ചുവാരിയിട്ടു ഉള്ള പരിശോദനയല്ല ചുമ്മാ കൈയ്യിട്ടുള്ള പരിശോദന.എന്നിട്ട് പറഞ്ഞു.ഗോചുചോ.ദൈവമേ ഗോ ട്ടു കോപ്പ്  എന്നാണല്ലോ പറയുന്നത് ?അതായത് പോലീസ് പിടിച്ചു.ഇലക്ട്രിക്‌ ചെയര്‍,ഗ്വാണ്ടെനാമോ ജെയില്‍ ഇതെല്ലം ഒരു മിന്നായം പോലെ മനസില്‍ കൂടി കടന്നു പോയി.ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഉച്ചസമയതിരുന്നു, ഭക്ഷണം കഴിച്ചു വരുന്ന കിളികളെ വായില്‍ നോക്കിയതിനുള്ള ശാപമാണോ? ചേച്ചി കാന്‍ യു പ്ലീസ് റിപീറ്റ്?

ഗുഡ് ട്ടു ഗോ.ഓഹോ അങ്ങനെയയിരുന്നോ?താങ്കൂ ചേച്ചി താങ്കൂ.വേണമെങ്കില്‍ എന്നെക്കൂടി പരിശോദിച്ചോ.വിരോദമില്ല.കേരളത്തിലോട്ടു വരുമ്പോള്‍ ട്രെയിനില്‍ ആണ് വരുന്നതെങ്കില്‍ ഇരിഞ്ഞാലകുട സ്റ്റേഷന്‍ എത്തുമ്പോള്‍ വിളിച്ചാല്‍ മതി.ഇപ്പോള്‍ ആളൂര് ത്രീ സ്റ്റാര്‍ ബാര് തുടങ്ങിയിട്ടുണ്ട്.ഞാന്‍ കുടിക്കില്ലെങ്കിലും ഒരു കമ്പനി തരാം.ചേച്ചി ആള് കമ്പനി ആയി.ബോട്ടില്‍ വേണമെങ്കില്‍ വെള്ളം കളഞ്ഞു തരാമത്രേ.പക്ഷെ ഇവിടെ ഒന്നും കുടിവെള്ളം എന്ന സംഗതി ഇല്ല.കാശു കൊടുത്തു വാങ്ങണം.എന്നാല്‍ ശരി ചേച്ചി ഈ ബോട്ടില്‍  എന്റെ ഓര്‍മയ്ക്ക് ചേച്ചി തന്നെ വച്ചോ.അതിനു ശേഷം ഞാന്‍ അവിടെ മുഴുവന്‍ നടന്നു നോക്കി.കുടിക്കാനുള്ള വെള്ളം എവിടെയും ഇല്ല.ഒന്നുകില്‍ റസ്റ്റ്‌ റൂമിലെ വെള്ളം കുടിക്കണം.അല്ലെങ്കില്‍ കാശു കൊടുത്തു വാങ്ങണം.റസ്റ്റ്‌ റൂം എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ കക്കൂസ്,മൂത്രപ്പുര എന്ന് പറയുന്ന സ്ഥലങ്ങള്‍ തന്നെ.കുക്കീസ് ,കാന്റി എന്ന് പറയുന്നതുപോലെ ചെറിയ ഒരു പേര് മാറ്റം.

ഗുണപാഠം 2 :പ്രത്യേകിച്ചൊന്നും ഇല്ല.നെടുമ്പാശേരിയില്‍ അറ്റ്ലീസ്റ്റ് കുടിവെള്ളം എങ്കിലും ഉണ്ട്.നാട്ടിലെ എന്തിനെയും കുറ്റം പറയുന്നതിന് മുന്പ് നാടിനു പുറത്ത് എന്താണ് ഉള്ളത് എന്നും കൂടി അറിയണം.

അങ്ങനെ സെക്യൂരിറ്റി എന്നാ കടമ്പ കഴിഞ്ഞു.ഇനി ഉള്ളത് ഏതു ഗേറ്റ് ആണ് നമ്മുടെ എന്ന് കണ്ടു പിടിക്കലാണ്.കൊച്ചിയില്‍ ആണേല്‍ അങ്ങനെ വലിയ കണ്‍ഫ്യൂഷന്‍ ഒന്നും ഇല്ല.ഒറ്റ ഗേറ്റെ ഉള്ളു.പക്ഷെ ഇവിടെ അമ്പതിന് മുകളിലാണ് ഗേറ്റുകള്‍.ഒരു ടി വിയില്‍ നോക്കിയപ്പോള്‍ മനസിലായി നമ്മുടെ ഗേറ്റ് ആണ് ഏറ്റവും അകലെയുള്ള ഗേറ്റ്.നാട്ടില്‍ ഒരു ബസു പിടിച്ചു പോയാല്‍ മിനിമം ചാര്‍ജില്‍ പോകാന്‍ പറ്റില്ല.ഒരു രണ്ടു പോയന്റിന്റെ വഴി എങ്കിലും കാണും.അങ്ങിനെ അവിടെ ചെന്നപ്പോള്‍ ആകെ 10 കസേരകള്‍.നമ്മള്‍ നേരത്തെ ആയതുകൊണ്ട് ഇരിക്കാന്‍ പറ്റി.ഇനിയും ഒന്നര മണിക്കൂര്‍ ഉണ്ട്.പക്ഷെ പിന്നീടു വന്ന സായിപ്പന്മാര്‍ ഒക്കെ ക്യു ആയി നില്ക്കാന്‍ തുടങ്ങി.ഇതെന്താ നാട്ടിലെ ബസ്സില്‍ പോകുന്നതുപോലെ.ആദ്യം കയറിയാല്‍ നല്ല സീറ്റ്‌ കിട്ടുമോ?ഫ്ലൈറ്റില്‍ കയറി കഴിഞ്ഞപ്പോള്‍ മനസ്സിലായി സീറ്റ്‌ അല്ല ലഗ്ഗെജു വക്കാനുള്ള സ്ഥലമാണ്‌ പ്രശ്നം.ഒരു ബാഗിന് 25 ഡോളര്‍ കൊടുക്കേണ്ടത് കൊണ്ട് ഒരുത്തനും ബാഗ്‌ ചെക്ക്‌ ഇന്‍ ചെയ്യില്ല.അതുകൊണ്ട് വേഗം കയറിയില്ലെങ്കില്‍ പ്ലെയിനിലെ ലഗ്ഗെജു വക്കാന്‍ മുകളിലുള്ള സ്ഥലം എല്ലാം നിറയും.എനിക്ക് അവസാനം ബാഗു സീറ്റിന്റെ അടിയില്‍ വക്കേണ്ടി വന്നു.അവസാനം കയറിയ ചേട്ടന്റെ കാര്യമായിരുന്നു അതിലും കഷ്ടം.ഒരു ഇഞ്ച് സ്ഥലം പോലും ഇല്ല.ചേട്ടന്‍ അവസാനം ബാഗു പ്ലെയിനിന്റെ നടുക്കുള്ള വഴിയില്‍ ഇട്ടു.അല്ലെങ്കിലെ ഒരു നിരയില്‍ 4 പേര്‍ ഇരിക്കുന്ന ചെറിയ പ്ലെയിന്‍ ആണ്.അതിന്റെ കൂടെ നടുക്ക് ഒരു ബാഗും കൂടെ ഇട്ടപ്പോള്‍ പൂര്‍ത്തിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ പൈലറ്റ്‌ ആണെന്ന് തോന്നുന്നു ഒരുത്തന്‍ വന്നു കൊണ്ട് പോയി.എയര്‍ ഹോസ്റ്റെസ് ചുമ്മാ അതെന്റെ കാര്യമല്ല എന്ന മട്ടില്‍ നില്‍ക്കുന്നു.

ബാഗു എല്ലാം വച്ച് കഴിഞ്ഞു നോക്കിയപ്പോഴാണ് അപ്പുറത്തിരിക്കുന്നവന്‍ അവന്‍ കൊണ്ട് വന്ന ഫുഡ്‌ കഴിക്കുന്നത്‌ കണ്ടത്.കവര്‍ കണ്ടപ്പോള്‍ മനസ്സിലായി അത് എയര്‍ പോര്‍ട്ടില്‍ നിന്നും വാങ്ങിച്ചതാണ്.ഛെ..മണ്ടന്‍ ഫ്ലൈറ്റില്‍ ഫുഡ്‌ തരുമെടെ.വെറുതെ എന്തിനാ കാശു കളയുന്നത് എന്ന് പറയണം എന്നുണ്ടായിരുന്നു.പിന്നെ നമ്മള്‍ ഒരു തമാശ പറയുന്നത് അവനു തമാശയായി തോന്നിയിലെങ്കില്‍ വെറുതെ അവനു ഒരു പണിയുണ്ടാക്കെണ്ടല്ലോ എന്ന് കരുതി മനസ്സില്‍ മാത്രം പറഞ്ഞു.പണ്ടേ എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് എന്തെങ്കിലും കഴിക്കാതെ ഇരിക്കാന്‍ പറ്റില്ല.അപ്പോഴാണ് പ്ലെയിനില്‍ അറിയിപ്പ് വന്നത്.കുടിക്കാനുള്ള പാനീയങ്ങള്‍ മാത്രം തരും.ഫുഡ്‌ വേണെങ്കില്‍ ഒരു മെനു എല്ലാ സീറ്റിലും ഉണ്ട്.അത് നോക്കി ഓര്‍ഡര്‍ ചെയ്യാം.ചുമ്മാ ആ മെനുവില്‍ നോക്കിയതെ ഉള്ളു വിശപ്പെല്ലാം ആവിയായി.ഇന്ത്യയില്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്താലേ വയറു നിറച്ചു കിട്ടില്ലെങ്കിലും വിശപ്പ്‌ മാറാന്‍ഉള്ളതെങ്കിലും കിട്ടും.

ഗുണപാഠം 3:പ്ലെയിനില്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഫുള്‍ ടാങ്ക് അടിക്കുക.എയര്‍ പോര്‍ട്ടില്‍ നിന്നെങ്കിലും.

എനിക്കാണെങ്കില്‍ വിശപ്പ്‌ സഹിച്ചിരിക്കാന്‍ പറ്റിയ ഒരേ ഒരു വഴി ടി വി കാണുക എന്നതാണ് .അങ്ങനെ ടി വി ഓണ്‍ ആക്കി.കൊള്ളാം നല്ല സിനിമകള്‍ ഉണ്ട് .എയര്‍ ഇന്ത്യയുടെ ടിവി പോലെയല്ല ഈ പ്ലെയിനിലെ ടി വി.സൈഡില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാന്‍ എന്ന പോലെ ഒരു പൊഴിയുണ്ട്.ആദ്യത്തെ സിനിമ പ്ലേ ചെയ്തപ്പോള്‍ ഒരു കാര്യം കൂടി മനസിലായി.ഇതില്‍ സിനിമ കാണണമെങ്കില്‍ 6 ഡോളര്‍ കൊടുക്കണം.പ്ലെയിന്‍ യാത്ര മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആയിരുന്നെങ്കില്‍ 8 ഡോളര്‍.അതിനു വേണ്ടി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാന്‍ ഉള്ളതാണ് ടിവി യുടെ സൈഡിലെ ആ വര.ഈ സായിപ്പിന്റെ മുടിഞ്ഞ ഒരു ബ്ലുദ്ധി.

ഗുണപാഠം 4 :ജാടക്ക് വേണ്ടിയല്ല അമേരിക്കയില്‍ ഉള്ളവന്മാര്‍ എപ്പോഴും ഐപാട് പോലെയുള്ള 7 ഇഞ്ച്‌ സ്ക്രീന്‍ സൈസുള്ള ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ കൂടെ കൊണ്ട് നടക്കുന്നത്.

ഷാര്‍ലറ്റ്  ചെന്നപ്പോള്‍ എന്‍റെ അടുത്ത ഡൌട്ട് ഇവന്മാര്‍ എങ്ങിനെ കാര്‍ ഒപ്പിക്കും എന്നതായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലയന്റ് സായിപ്പു അവിടെ കിടന്ന ഒരു വാനില്‍ കയറിക്കോ എന്ന് പറഞ്ഞു.ചാലക്കുടി ആമ്പല്ലൂര്‍ റൂട്ടില്‍ പണ്ട് സമാന്തര സര്‍വിസ് നടത്തിയിരുന്ന വാനുകളാണ് എനിക്ക് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നത്.ഞങ്ങളെ കൂടാതെ വേറെ കുറെ പേര്‍ കൂടി കയറിയതോടെ വാന്‍ഓടിക്കുന്ന അമ്മച്ചി അത് മെല്ലെ അനക്കി തുടങ്ങി.അത് നിന്നത് ഒരു കാര്‍ റെന്റല്‍ ഓഫിസിലാണ്.ഒരു പത്തഞ്ഞൂറു കാറുകള്‍ അങ്ങനെ പാര്‍ക്ക് ചെയ്തിരിക്കുന്നു.അതില്‍ നിന്നും നമ്മുടെ കൈയ്യില്‍ ഉള്ള കാര്‍ഡില്‍ പ്രിന്റ്‌ ചെയ്ത നമ്പര്‍ ഉള്ള കാര്‍ കണ്ടു പിടിച്ചു അത് ഓടിച്ചു സെക്യൂരിറ്റി പോസ്റ്റില്‍ കാര്‍ഡ്‌ കാണിച്ചാല്‍ റെന്റ് കാര്‍ നമുക്ക് കൊണ്ട് പോകാം.ക്ലയന്റ് പുള്ളി ആദ്യമേ കാര്‍ ബുക്ക്‌ ചെയ്തിരുന്നു എന്ന് തോന്നുന്നു.എന്തായാലും പരിപാടി കൊള്ളാം .

അങ്ങനെ ഞങ്ങള്‍ ഷാര്‍ലറ്റ് എന്ന ടൌണ്‍ കടന്നു അതിനു പുറത്തുള്ള ആഴ്സ്ലെ എന്ന കൊച്ചു ടൌണ്‍ഷിപ്പില്‍  എത്തി അവിടെയാണ് ഞങ്ങളുടെ താമസം അടുത്ത രണ്ടാഴ്ചക്കാലം.തിരിച്ചുള്ള വിശേഷങ്ങളും എഴുതണം എന്നുണ്ട്.പക്ഷെ ഇത് തന്നെ വളരെ നീണ്ടുപോയപോലെ.അതുകൊണ്ട് അടുത്ത ലക്കത്തില്‍

1 അഭിപ്രായം:

Jerin Mathew Jose പറഞ്ഞു...

ഗുണപാഠം : ദരിദ്രവാസി എന്നും ദരിദ്രവാസി തന്നെ ...