2010, ഡിസംബർ 16, വ്യാഴാഴ്‌ച

എന്‍റെ എം.ബി.എ സ്വപ്നങ്ങള്‍

ഉണ്ടായിരുന്ന ലൈനുകളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും അവരുടെ കുട്ടികള്‍ക്ക് എട്ടു മാസം പ്രായവുമായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ഞാനെടുത്തത്."ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ സര്‍വോപാരി കാശുകൊടുത്ത് തമിഴ് നാട്ടില്‍ B.Tech പഠിപ്പിച്ച കാര്‍ന്നോര്‍മ്മാര്‍ക്കെതിരെ നമ്മളൊന്നും ചെയ്യരുത്.അവര് പറയുന്ന പെണ്ണിനെ കെട്ടുക".അല്ലാതെന്ത്?നമുക്ക് വളക്കാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല.

കാരണവന്‍മാര്‍ ആയിട്ട് നടത്തുന്ന കല്യാണമായാല്‍ ആലോചനക്കിടയില്‍ പറയുന്ന ഒരു ഫേമസ് ഡെയലോഗ് ഉണ്ട്.തൃശ്ശൂര്‍ ആയാല്‍ പ്രത്യേകിച്ചും."ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഡിമാന്‍റുകള്‍ ഒന്നും ഇല്ല.നിങ്ങള്‍ പെണ്ണിന് കൊടുക്കാനുള്ളത് കൊടുത്താല്‍ മതി.പിന്നെ അറിയാലോ..അപ്പുറത്തെ വീട്ടിലെ ചെക്കന് അവന്‍ ഓട്ടോ ഓടിക്കുവാ കിട്ടി 5 ലക്ഷം.തെക്കേലെ വറീതേട്ടന്‍റെ മോന്‍ വെറും ഡിപ്ലോമ.അവന് കിട്ടി. 15ഉം കാറും.നമ്മുടെ മോളിക്കുട്ടീടെ മോള്‍ക്ക് കൊടുക്കുന്നത് 20ഉം സിഫ്റ്റുമാ ചെക്കന്‍ ഇഞ്ചിനീരാണേ."ശരിയാ പണിയെടുത്ത് പണിയെടുത്ത് ഏകദേശം ഇഞ്ചിനീരായിക്കാണും.ശരിക്കും നോക്കുവാണേല്‍ ഇവര്‍ക്കൊക്കെ നമ്മളോട് എന്തൊരു സ്നേഹമാ.നമ്മുടെ ജീവിതം ഫിനാന്‍ഷ്യലി ഉറപ്പുള്ളതാക്കാന്‍ എന്തൊരു ശുഷ്ക്കാന്തി.എന്‍റെ ഈ കാര്യത്തില്‍ എന്നെ സഹായിക്കണം എന്നുള്ള ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നുള്ള ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് ഒരു MBA എടുക്കണം എന്ന തീരുമാനം എന്നെക്കൊണ്ട് എടുപ്പിച്ചത്.അപ്പോള്‍ എളുപ്പമായല്ലോ..ചെക്കന്‍ ബി.ടെക് + എം.ബി.എ എന്ന് മാത്രം പറഞ്ഞാല്‍ മതി.

ചെന്നെയില്‍ 6 മാസം അലഞ്ഞു നടന്നിട്ടും ഡിസ്റ്റന്‍സ് MBA യുള്ള കളര്‍ഫുള്‍ ആയ ഓ സോറി നമ്മളുമായി കട്ടക്ക് കട്ട നില്‍ക്കുന്ന ഒരു കോളേജും കണ്ടില്ല.എല്ലായിടത്തും ഭയങ്കര സ്റ്റാഡേര്‍ഡ്.അസൈന്‍മെന്‍റ് വയ്ക്കണം പോലും.റെഗുലര്‍ ആയി ബി.ടെക് പഠിച്ചപ്പോള്‍ പോലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ മാത്രമാണ് വച്ചിട്ടുള്ളത്.ജാടത്തെണ്ടികള്‍....അങ്ങനെയാണ് കൊച്ചിയിലേക്ക് വന്നിട്ടാകാം എന്ന് തീരുമാനിച്ചത്.

കൊച്ചിയില്‍ വന്നാല്‍ മാത്രം പോരല്ലോ.കൂടെ പഠിക്കാന്‍ ഒരു കമ്പനി വേണമല്ലോ.അങ്ങനെ ഓഫീസില്‍ ഒരുത്തനെ കണ്ടുപിടിച്ചു.ചെറിയ ഒരു ആട്ടം ഉണ്ടായിരുന്നെങ്കിലും അവനെ ഒന്ന്‍ ബ്രെയിന്‍ വാഷ് ചെയ്തു കൂടെ കൂട്ടി.കളര്‍ഫുള്‍ ആയ സ്ഥലം തേവര എസ്എച്ച് ആയിരുന്നെങ്കിലും പാസ് ആകണമല്ലോ എന്ന്‍ വിചാരിച്ചു ഭാരതിയാര്‍ യൂണിവേര്‍സിറ്റിയുടെ ഒരു സ്റ്റഡി സെന്‍ററില്‍ ചേര്‍ന്നു.കിടിലന്‍ പരിപാടി.ടെക്സ്റ്റ് ബുക്ക് തരും.അത് മാത്രം പഠിച്ചാല്‍ മതി.പാസ്സ് ...ടെക്സ്റ്റ് ബുക്കിന്‍റെ കനം നോക്കി.കൊള്ളാം.ഏറ്റവും കൂടിയത് ഒരു മുക്കാല്‍ ഇഞ്ച്.എന്തൊരു മനോഹരമായ ആചാരങ്ങള്‍.യൂണിവേഴ്സിറ്റി സമ്മതിച്ചിരുന്നെങ്കില്‍ രണ്ട് MBA ഒരുമിച്ച് എടുക്കാമായിരുന്നു....

പക്ഷേ ആദ്യത്തെ ക്ലാസിന് ഇരുന്നപ്പോള്‍ തന്നെ കളി മാറി എന്നൊരു തോന്നല്‍.മുടിഞ്ഞ മാത്സ്.Mean,Median,Mode അതിന്‍റെ കൂടെ Standard Deviation.മാത്സ് അറിയുന്നവര്‍ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന്‍,പക്ഷേ രണ്ടും മൂന്നും പ്രാവശ്യം എഴുതി മാത്സ് പാസ്സായ എനിക്ക്ഇത് ഒരു പ്രശ്നം തന്നെ. ഇനിയിപ്പോള്‍ കുറച്ചു വായില്‍ നോട്ടം ആകാം എന്ന് കരുതി ഇടത്തോട്ടു തിരിഞ്ഞ ഞാന്‍ ഒന്ന് ഞെട്ടി.

വാഹ് ജെന്നി വാഹ്.അസ്പ്പരസ് ,മസാല്‍ദസ എന്നീ കാറ്റഗറിയിലൊന്നും പെടില്ലെങ്കിലും ഒരു കൊള്ളാവുന്ന അച്ചായത്തി.ദേവീ സാര്‍ ഒരു കോംപ്ലക്സ് പ്രോബ്ലം തരണേ എന്ന്‍ മനസില്‍ പറഞ്ഞതെയുള്ളൂ ഡേ കിടക്കുന്നു ഒരു കിടിലന്‍.ഇനി ഒന്നും നോക്കാനില്ല.അറ്റാക്ക്...

എക്സ്ക്യൂസ് മീ കാന്‍ യു പ്ലീസ്സ് ഹെല്‍പ്പ് മി ടു സോള്‍വ് ദിസ്?

ഓ യെസ്.ഷുവര്‍.

ദൈവമേ കൊള്ളാം മുടിഞ്ഞ ഇംഗ്ലിഷ്.അല്ലെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ.

വണ്‍ മിനിറ്റ്. ലെറ്റ് മി അറ്റെന്‍ഡ് ദ കോള്‍.ഓ ഈ മൊബൈല്‍ കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പേനിന്നെ കൊല്ലുന്നപോലെ ഞെരിച്ചു കൊല്ലാമായിരുന്നു.

"നിങ്ങ അങ്ങാട് പോണെണാ? അപ്പ നിങ്ങ ഇങ്ങാട് വരേന്ന് പറഞ്ഞിട്ട്?അത് ഭയങ്കര ചെയ്തായിപോയി കെട്ടാ.."

അളിയാ,എസ്കേപ്...പിന്നെ ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടുണ്ടെങ്കിലും അവള്‍ എന്നെ ഒരിക്കലും കണ്ടുകാണില്ല.

ഇനിയിപ്പോള്‍ ജൂനിയര്‍ പിള്ളേര്‍ വരട്ടെ.അതുവരെ പഠിക്കാം.സപ്പ്ളി/അരിയര്‍ ഇല്ലാത്ത ചേട്ടന്‍ എന്നത് ഒരു മുതല്‍ക്കൂട്ടാക്കാം.പക്ഷേ എല്ലാ സബ്ജെക്ടുകളും ഒരു ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ആറ് സബ്ജെക്ടുകളില്‍ ഒരു 3 എണ്ണം സപ്പ്ളിയടിക്കും.കാരണം അതില്‍ എല്ലാം ചെറിയ തോതില്‍ മാത്സിന്‍റെ അംശം ഉണ്ട്.ബാക്കി മൂന്ന്‍ കുഴപ്പമില്ല.തിയറി ആണ്.ബിറ്റ് വയ്ക്കാം.തെറ്റിധരിക്കരുത്.പഠിച്ചു പാസാകാം എന്നത് ഒരു വിദൂരസ്വപ്നമായിപ്പോലും അവശേഷിക്കുന്നില്ല.ഞങ്ങള്‍ എല്ലാം അണ്ണന്‍റെ ഫാന്‍സ് ആയതുകൊണ്ട് അണ്ണന്‍റെ "നാന്‍ ഒരു തടവെ ശോന്നാല്‍ അത് നൂറു തടവു ശോന്ന മാതിരി" എന്ന പ്രമാണം ശിരസ്സാ വഹിച്ചിരുന്നു..ഞങ്ങളില്‍ ഒരാള്‍ വന്നാല്‍ മതി എല്ലാവരും വന്ന മാതിരി.എല്ലാവരുടെയും സൈന്‍ വന്നവന്‍ ഇട്ടുകൊള്ളും.അതുകൊണ്ട് attendence ഒരു പ്രശ്നമേ അല്ലായിരുന്നു.

ഹാള്‍ ടിക്കെറ്റ് കിട്ടിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.ആറ് അല്ല 7 സബ്ജെക്ടുകള്‍ ഉണ്ട്.നോട്ട് ഓണ്‍ലി ബട്ട് ഓള്‍സൊ.കൂടുതല്‍ വന്നത് തിയറി ആണ്. കുറച്ചു ബിറ്റ് കൂടുതല്‍ എഴുത്തേണ്ടി വരും.അല്ല പിന്നെ.

പണ്ടായിരുന്നെങ്കില്‍ ഒരു പരീക്ഷ അടുത്താല്‍ സബ്ജെക്ടുകള്‍ക്കനുസരിച്ച് നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു.ബി ടെകിന് എഴുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്ന പേപ്പര്‍ എങ്ങിനെ പാസ് ആയി എന്ന്‍ താഴേക്കാട് മുത്തപ്പനും ആ പേപ്പര്‍ നോക്കിയവനും മാത്രമേ അറിയൂ.ചോദ്യങ്ങള്‍ പകര്‍ത്തി എഴുതി പാസാകുന്ന ആ വിദ്യ പിന്നെ ഞാന്‍ പ്രയോഗിച്ചിട്ട് ഒരിടത്തും വിജയിച്ചിട്ടില്ല.പക്ഷേ ഇത്തവണ ഫുള്‍ ബിറ്റുകള്‍ ആയതുകൊണ്ട് ഒരു വിഷമം.വെറുതെ എന്തിനാ ദൈവങ്ങളെയുംകൂടി നമ്മുടെ തെറ്റിലേക്ക് വലിച്ചിഴക്കുന്നേ. വിട്ടേക്കാം.ആദ്യത്തെ ചാന്‍സ് അല്ലേ? നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കില്‍ വിളിച്ചാല്‍ പോരെ?

അങ്ങനെ ആദ്യത്തെ കുത്ത് തകര്‍ത്തു.തിയറി എല്ലാം സ്റ്റോറീസ് ആക്കി.മാത്സ് ഒരു കണക്കിന് അടുത്തുള്ളവന്‍റെ ആന്‍സര്‍ അടിച്ചു മാറ്റി. ഒപ്പിച്ചു.സ്റ്റെപ്പ്സ് എല്ലാം ഒരു മായ.പേജ് മറയുമ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള എക്സ്,വൈ തുടങ്ങിയവ എല്ലാം അപ്രത്യക്ഷമാകും.അവസാനം നമ്മള്‍ ഒരു വിധത്തില്‍ അങ്ങ് പ്രൂവ് ചെയ്യും.

അടുത്ത കൊല്ലത്തെ സിലബസ് കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു.ഇത് നമ്മള്‍ തകര്‍ക്കും.കാരണം എല്ലാം തിയരീസ്.അതും നമ്മുടെ സ്വന്തം ഡാറ്റബേസ് ,ഇ കോമേഴ്സ്,ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ പേപ്പറുകള്‍.പിന്നെ ഒരു പ്രോജക്റ്റ്.ഒരു ആഴ്ച കൊണ്ട് ബി.ടെക് പ്രോജക്റ്റ് ചെയ്ത നമുക്കു ഇതൊക്കെ ഒരു ഇരയേ അല്ല.ആദ്യം ഒരു നല്ല കമ്പനി തപ്പി നടന്നെങ്കിലും പിന്നെ അതൊന്നും നടക്കില്ല എന്ന് കണ്ടപ്പോള്‍ നമ്മുടെ ഒരു ഗഡിയുടെ സ്വന്തം കമ്പനിയില്‍ ചെയ്യാന്‍ തീരുമാനിച്ചു..വെബ് സൈറ്റുകള്‍ ചെയ്തുകൊടുക്കുന്ന ഒരു ചെറിയ കമ്പനി.

അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോഴാണ് ആ കെടുതി സംഭവിച്ചത്.റിസല്‍റ്റ് അല്ലാതെന്താ?എല്ലാവരും മാര്‍ക്ക് കുറഞ്ഞു എന്ന്‍ കരയുമ്പോള്‍ നമ്മള്‍ വളരെ ഹാപ്പി.കാരണം ഒരു സപ്പ്ളി മാത്രം Quantitative Techniques .ഇനിയിപ്പോള്‍ അത് മാത്രം ഡിസംബറില്‍ ഒന്നുകൂടെ എഴുതണം.നിഷ്പ്രയാസം എടുക്കാം.പക്ഷേ അത് ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ എന്ന് പിന്നീടാണ് തോന്നിയത്.ഡിസംബറില്‍ ഒരു ദിവസം മാത്രം പഠിച്ചു വീണ്ടും കുത്തി.തീരെ പ്രതീക്ഷയില്ലാതെ..

അതുകഴിഞ്ഞു ഒന്നാശ്വസിക്കാമല്ലോ എന്നുകരുതിയപ്പോഴാണ് പ്രോജക്റ്റ് എന്ന മാരണം വീണ്ടും പൊന്തിയത്.അടുത്ത ആഴ്ച വയ്ക്കണം പോലും.പണി പാളിയോ?ഏയ് എത്ര അടുത്ത ആഴ്ചകള്‍ കണ്ടിരിക്കുന്നു.ആദ്യത്തെ പ്രാവശ്യം കണ്ടപ്പോഴേ സാറുമ്മാരുടെ അടുത്തു നിന്ന് ലാസ്റ്റ് വാണിങ് വാങ്ങിയിട്ടുള്ള നമ്മളോടാ കളി.അടുത്ത പ്രാവശ്യം വയ്ക്കാം.അങ്ങനെ അടുത്ത പ്രാവശ്യം എന്ന സംഗതി വന്നു.വച്ചേ പറ്റൂ.

അങ്ങനെ പ്രോജെക്ടിന്‍റെ പണി തുടങ്ങി.എന്ന് വച്ചാല്‍ ഗൂഗ്ലില്‍ തപ്പുക.കോപ്പി പേസ്റ്റ് ചെയ്യുക.കറെക്റ്റ് പ്രോജക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല.അല്ലെങ്കില്‍ പേര് മാത്രം മാറ്റിയാല്‍ മതിയായിരുന്നു.പിന്നെയുള്ളത് നമ്മള്‍ പ്രോജക്റ്റ് ചെയ്ത കമ്പനിയെ പറ്റിയുള്ള ഒരു പേജാണ്.ആ പേജ് കണ്ടതോടെ ആ കമ്പനിയുടെ എം.ഡി അങ്ങ് അങ്കൂശിയായിപ്പോയി.വെബ് സൈറ്റുകള്‍ ചെയ്തുകൊണ്ടിരുന്ന ആ കമ്പനിയെ പുള്ളി ഒരിക്കലും വിചാരിക്കാത്ത ഒരു നിലയില്‍ നമ്മളെത്തിച്ചു.

അങ്ങനെ അടുത്ത എക്സാം തുടങ്ങുന്നതിന് മുമ്പ് വീണ്ടും റിസല്‍റ്റ് വന്നു.എഴുതിയ ഒരു എക്സാം എട്ടുനിലയില്‍ പൊട്ടി.വീണ്ടും അപ്ലൈ ചെയ്തു.മൊത്തത്തില്‍ നോക്കുവാണേല്‍ ഒരു കെട്ട് പരീക്ഷകള്‍.പക്ഷേ ഡേയ്റ്റ് അടുക്കുംതോറും ഒരു പേടി.ഫസ്റ്റ് ഇയറിലെ ഒരെണ്ണം എഴുതണോ വേണ്ടയോ?എക്സാമിന്റെ തലേദിവസം തീരുമാനിച്ചു.വേണ്ട.സെക്കന്‍ഡ് ഇയര്‍ പേപ്പേഴ്സ്  മൊത്തം എഴുതാം.മറ്റേത് പിന്നെ ഒരിക്കല്‍ എഴുതാം.

പക്ഷേ അതൊരു തെറ്റായിപ്പോയോ എന്ന്‍ തോന്നിയത് സെക്കന്‍ഡ് ഇയര്‍ റിസല്‍റ്റ് വന്നപ്പോഴാണ്.എല്ലാം പാസ്.ഛൈ സപ്പ്ളിയും കൂടെ എഴുതാമായിരുന്നു.ഒരു ഒഴുക്കില്‍ പെട്ടെങ്കിലും കടന്നുകൂടാമായിരുന്നു.ആയിടക്കാണ് ഒന്ന് കമ്പനി മാറാമെന്ന് തീരുമാനിച്ചത്.അതോടുകൂടി കൂടെ ഉണ്ടായിരുന്നവന്‍ ഒരു സ്ഥലത്തും ഞാന്‍ വേറെ കമ്പനിയിലും ആയി.പുതിയ കമ്പനിയില്‍ സാലറിക്ക് അനുപതികമായി പണിയും ഉണ്ടായിരുന്നതിനാല്‍ എംബിഎ എന്നൊരു സംഗതിയെ മറന്നു.അങ്ങനെ ഒരു ചാന്‍സ് മിസ് ആയി.

പിന്നത്തെ ചാന്‍സ് ഞാന്‍ ഒരു വലിയ ത്യാഗം സഹിച്ച് വേണ്ട എന്ന് വച്ചു.ഓണ്‍ സൈറ്റില്‍ നമ്മടെ സേവനം അത്യാവശ്യമാണെന്ന് കമ്പനി പറഞ്ഞാല്‍ പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?പിന്നെ അടുത്ത ചാന്‍സ് വന്നതിപ്പോഴാണ്.അതായത് ഡിസംബര്‍ 2010 .പഴയതുപോലെ ഫൈനും അടച്ചു അവസാന ദിവസം ആപ്ലികേഷന്‍ അയച്ചു.ഇനിയുള്ളത് പഠിക്കുക എന്ന തീരെ താല്‍പര്യമില്ലാത്ത പരിപാടി.

ഒക്ടോബെറില്‍ ആപ്ലികേഷന്‍ കൊടുത്തെങ്കിലും പഠിക്കുക എന്നത് വെറുതെ നേരത്തെ തുടങ്ങി പഠിച്ചതോന്നും മറന്നുപോകേണ്ട കാര്യമില്ലല്ലോ എന്ന് വിചാരിച്ചു ആ കടമ ഡിസംബറിലേക്ക് പെട്ടെന്ന് തന്നെ മാറ്റി.എന്താണെന്നറിയില്ല ഇത്തവണ ഡിസംബര്‍ പെട്ടെന്നുതന്നെ വന്നു.നേരത്തെ തന്നെ 3 ദിവസം ലീവ് അപ്ലൈ ചെയ്തു.അമേരിക്കയില്‍ നിന്ന് സായിപ്പുമാര്‍ വരുന്നതുകൊണ്ടാണോ എന്തോ? വലിയ പ്രയാസം കൂടാതെ ലീവ് കിട്ടി.വെറുതെ എന്‍റെ ഇംഗ്ലിഷ് കേട്ട് അവര്‍ അങ്കൂശിയാകേണ്ട എന്ന് കരുതിക്കാണും.അങ്ങനെ പെരുന്നാളിന്‍റെ ബാക്കിയായ ചിക്കനോടും,ബീഫിനോടും യാത്ര പറഞ്ഞു ഇനി ഡിസംബര്‍ 15നു ശേഷം കാണാം എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.

പതിവുപോലെ വീക്ഡേയ്സില്‍ ഒന്നും നടന്നില്ല.ആദ്യത്തെ വീകെന്‍ഡ് ആയ 4-5 ഡിസംബര്‍ വളരെ പ്രതീക്ഷയോടെയാണ് വന്നത്.ഒരു ഉച്ചഉച്ചരയോടെ എഴുന്നേറ്റപ്പോള്‍ ഒരു കോള്‍.എടെ ഒന്ന് കറങ്ങാന്‍ പോയാലോ.പിന്നെന്താ..പോയെക്കാം.എടാ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടിവരും.എംബിഎ ക്കു പഠിക്കാനുള്ളതാ.ഓക്കെ..അങ്ങനെ തൃപ്പൂണിത്തുറ വഴി വൈറ്റില ചെന്നു കുറച്ചു ഷോപ്പിങ് നടത്തി.എന്തായാലും ഇനി ബ്രോഡ് വേയിലുംകൂടി പോയെക്കാം.അങ്ങനെ ബ്രോഡ് വേയിലേക്കുള്ള വഴിയില്‍ വെച്ച് കിട്ടി ഒരു ഫോണ്‍ കോള്‍.

ബ്രോഡ് വെയില്‍ വച്ചു കാണാം എന്ന് പറഞ്ഞിരുന്ന ഒരുത്തന്‍ ഇപ്പോള്‍ സ്റ്റേഷന്‍റെ അടുത്താണത്രേ.എടെ സൌത്ത് ആണോ? നോര്‍ത്ത് ആണോ? നീ നേരെ ഇങ്ങ് പോര്.എടാ ഞാന്‍ പോലീസ് സ്റ്റേഷനിലാ.വണ്ടി പിടിച്ചു.ആരെങ്കിലും വന്നാലെ വിടൂ..പണി പാളി..അങ്ങനെ ഒരു ദിവസം സ്വഹാ.

ആദിവസം അവസാനിച്ചു.അതായത് സൂര്യന്‍ കടലില്‍ കുളിക്കാന്‍ പോയി..ഗവണ്‍മെന്‍റ് പുളിക്ക് മാത്രം എന്താണാവോ ഒരു കുളിമുറി പണിതുകൊടുക്കാത്തത്?പിറ്റേദിവസം അതായത് ഞായര്‍.പ്രഭാതം പൊട്ടിവിടര്‍ന്നു.ഞാന്‍ പതിവുപോലെ വെയില്‍ മുഖത്തടിച്ചപ്പോള്‍ എഴുന്നേറ്റു.വീണ്ടും ഒരു ഫോണ്‍.എടാ നമ്മുടെ ഒരു കസിന്‍റെ കൊച്ച് അവിടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ കിടപ്പുണ്ട്.നീ ഒന്ന് പോയി കണ്ടേക്കു.താങ്ക്സ് മാതാജി താങ്ക്സ്...അങ്ങനെ ഇന്നത്തെ കാരണം കിട്ടി.

വീണ്ടും ഒരു വീകെന്‍ഡ് 11-12 ഡിസംബര്‍.ഈശ്വരാ ഒരു കാരണവും കിട്ടുന്നില്ലല്ലോ?അപ്പോഴാണ് ഞാന്‍ പണ്ടെപ്പോഴോ പ്രോജക്റ്റില്‍  ചെയ്ത ഒരു ഭാഗം പൊട്ടിയത്.അതും ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് 10ആം തിയ്യതി.യെസ്..ഐ ആം ഹിയര്‍..10ആം തിയ്യതി ഓഫീസില്‍ കയറിയ ഞാന്‍ പിന്നെ ഇറങ്ങിയത് 11-ആം തീയതി നേരം പരപര വെളുത്തപ്പോള്‍.ഒരു ദിവസം അങ്ങ് ഉറങ്ങി തീര്‍ത്തു.ക്ഷീണം ഉള്ളപ്പോള്‍ പഠിക്കാന്‍ പാടില്ല എന്ന്‍ പണ്ട് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.ക്ഷീണം മാറിയത് പിറ്റേന്ന്.അപ്പോഴാണ് ഓര്‍ത്തത്.ഹാള്‍ ടിക്കെറ്റ് വാങ്ങിയിട്ടില്ല.എക്സാം എഴുതാതിരിക്കാന്‍ ഒരു വിദൂര പ്രതീക്ഷ കൂടി.പൂരിപ്പിച്ചത് വല്ലതും തെറ്റ് ആണെങ്കില്‍ ഹാള്‍ ടിക്കെറ്റ് വരില്ല.ഹാള്‍ ടിക്കെറ്റ് ഇല്ലാത്ത പരീക്ഷയ്ക്ക് വെറുതെ പഠിക്കേണ്ട കാര്യമില്ലല്ലോ.

പക്ഷേ ഹാള്‍ ടിക്കെറ്റ് എന്ന് ചോദിച്ചപ്പോഴേ ഓഫീസില്‍ നില്‍ക്കുന്ന ചേച്ചി അതെടുത്ത് തന്നു.എനിക്ക് വയ്യ. എന്നെക്കൊണ്ട് എഴുതിച്ചേ അടങ്ങൂ...ഇന്നിനി എന്തു കാരണം കണ്ടു പിടിക്കും.ഓ ഐഡിയ...ഞങ്ങളുടെ കൂടെ പണ്ട് വര്‍ക്ക് ചെയ്തിരുന്ന ഒരുത്തന്‍റെ കല്യാണം.15ആം തീയതി ഉണ്ട്.വീക്ഡേ ആയതുകൊണ്ട് ഓഫീസില്‍ നിന്നും ആര്‍ക്കും പോകാന്‍ പറ്റില്ല.എനിക്കാണെങ്കില്‍ അന്നാണ് എക്സാം.എന്നാല്‍ പിന്നെ ഒരു കാര്യം ചെയ്തേക്കാം ഇപ്പോള്‍ തന്നെ പൊയേക്കാം.വിളിച്ചുനോക്കിയപ്പോള്‍ ഉണ്ട് വേറെ രണ്ട് പേര് റെഡി.യെസ് വണ്ടി വിടെടാ അടൂരിലേക്ക്.

അങ്ങനെ ആ വീക് എന്‍ഡ് സ്വഹ.ഇനിയുള്ളത് രണ്ട് ദിവസം.തിങ്കള്‍, ചൊവ്വ പിന്നെ ബുധനാഴ്ച എക്സാം.അതായത് ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന ബുധനാഴ്ച തന്നെ.തിങ്കളും,ചൊവ്വയും,എനിക്ക് വയ്യ,തിന്നുക,ഉറങ്ങുക, എന്തൊരു മനോഹരമായ ആചാരങ്ങള്‍.രണ്ട് ദിവസങ്ങള്‍ കൊണ്ട് എനിക്ക് ആകെക്കൂടെ എനിക്ക് മനസിലായ കാര്യങ്ങളാണ് ഒന്ന്‍ ലോകത്തില്‍ ബോറ് അഥവാ ബോറടി എന്നൊരു സാധനം ഉണ്ട്.രണ്ട് സിലബസില്‍ 5 യൂണിറ്റുകള്‍ ഉണ്ട്.അതില്‍ ഒരു യൂണിറ്റ് ഞാന്‍ ബി.ടെക് 4സെമില്‍ പഠിച്ച 2 തവണയെഴുതിയ ഒരു ഫുള്‍ പേപ്പര്‍ ആണ്.

ഒരേഒരു മെച്ചം മാത്രമേ ഞാന്‍ ഇന്നെഴുതിയ എക്സാമില്‍ കണ്ടുള്ളൂ.ചോദ്യങ്ങളിലെ വാക്കുകള്‍ക്ക്  ഞാന്‍ വായിച്ച ബുക്കിലെ വാക്കുകളുമായി ഒരു വിദൂരബന്ധം ഉണ്ട്.എവിടെയോ കേട്ടുമറന്നതുപോലെ.

പിന്നെയുള്ള ഒരു വ്യത്യാസം.ഇത്തവണ ഒരു നേര്‍ച്ച നേര്‍ന്നു.ഞങ്ങളുടെ ഇടവക വിശുദ്ധയായ വി.അല്‍ഫോണ്‍സാമ്മക്ക്.പാസ്സ് ആയാല്‍ കിട്ടുന്ന ഓരോ മാര്‍ക്കിനും 100 റൂപ്പീസ്.51 മാര്‍ക്കില്‍ പാസ്സ് ആയാല്‍ 51x100=5100.അതുകൊണ്ട് തന്നെ ഇത്തവണ കോപ്പിയടിച്ചില്ല.എല്ലാ ചോദ്യവും എഴുതിയിട്ടുണ്ട്.മാര്‍ക്കിടാന്‍ സ്ഥലം ഇല്ല എന്നൊരു പരാതി ഉണ്ടാകരുത്.ദൈവം പാതി ഞാന്‍ പാതി എന്നാണല്ലോ.എന്‍റെ പാതി ഏകദേശം തീര്‍ന്നു.ഇനി പുള്ളിക്കാരിയുടെ പാതി.

ഇത് വായിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിക്കാനും ഞാന്‍ എന്തോ അമേരിക്കയിലോ,ഓസ്ട്രേലിയയിലോ പോയി റാങ്കോടുകൂടി എംബിഎ എടുത്തു അഭിനന്ദനങ്ങള്‍ വാങ്ങിക്കാന്‍വേണ്ടി എഴുതിയതാണെന്ന്.പക്ഷേ ഇതിന്‍റെ തലക്കെട്ട് പോലെ ഈ നിമിഷം വരെ ഇതൊരു സ്വപ്നമാണ്.

ഇത് വായിച്ചു കഴിഞ്ഞു ഇതെന്താ,അതെന്താ,അതാരാ എന്നൊന്നും ആരും ചോദിക്കരുത്.കാരണം കഥയില്‍ ചോദ്യമില്ല.

2010, നവംബർ 30, ചൊവ്വാഴ്ച

ഈശോ മറിയോ യൌസേപ്പെ?

ഇത്തവണയും പതിവ് തെറ്റിയില്ല.അച്ചായന്‍ അമേരിക്കയില്‍ നിന്നും വന്നതുമുതല്‍ കൂട്ടുകാര്‍ ഒഴുകികൊണ്ടിരുന്നു.തലക്കു പിടിച്ചപ്പോഴാണ് അമ്മച്ചി ചൊല്ലുന്ന പ്രാര്‍ത്ഥന അച്ചായന്‍ ശ്രദ്ധിച്ചത്.ചൊല്ലുന്ന പ്രാര്‍ത്തനയില്‍ എന്തോ ഒരു വശപ്പിശകില്ലെ?കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ചായന് കാര്യം പിടികിട്ടി.അപ്പഴേ അമ്മച്ചിയെ വിളിച്ചു ഉപദേശിച്ചു.

അമ്മച്ചിയെ ഈശോ മറിയം യൌസേപ്പെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്നല്ല. ചോല്ലേണ്ടത്.അതില്‍ തെറ്റ് ഉണ്ട്.ദൈവമേ പണി പാളിയോ?മോനാണെങ്കില്‍ 2മാസം മുന്‍പാന് വിശുദ്ധസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് വന്നത്.ഇനി മാറ്റിക്കാണുമോ? കുറച്ചു കാലം മുന്‍പാണ് പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ എന്നുപറഞ്ഞു പുതിയത് കൊന്തയില്‍ ചേര്‍ത്തത്.അതോകൊണ്ട് പ്രാര്‍ത്ഥനകളൊന്നും മാറില്ല എന്നുപറയാന്‍ പറ്റില്ല."കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്‍റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...".അമ്മച്ചി മനസില്‍ പാടിത്തുടങ്ങി.

അതായത് അമ്മച്ചി,ഞാന്‍ അങ്ങ് പോയപ്പോള്‍ കേട്ടതല്ലേ.യേശുവിനെ കുരിശില്‍ തറച്ചതിനുശേഷം ഭയങ്ങര കാറ്റും ,ഭൂമികുലുക്കവും എല്ലാം വന്നല്ലോ.ദേവാലയത്തിന്റെ തിരശീല നെടുകെ കീറിപ്പോയി എന്നെല്ലാം അമ്മച്ചി ബൈബിളില്‍ വായിച്ചിട്ടില്ലെ?അതേഡാ അതേ.നീ കാര്യം പറ.

അന്നേരം അവിടെ നിന്ന ഒരു പടയാളി അരിമത്തിയാക്കാരന്‍ യൌസേപ്പിനോട് ചോദിച്ചതാണമ്മച്ചി "യേശു മറിഞ്ഞു വീഴുമോ യൌസേപ്പെ" എന്ന്.

ഈ തമാശ ഉണ്ടാക്കിയത് ഞാനല്ല.കടല്‍ കടന്ന് വന്നതാണിത്.കുഴപ്പമില്ല എന്ന് കണ്ടപ്പോള്‍ എടുത്തു പൊട്ടിച്ചതാ.നാളെമുതല്‍ ക്രിസ്തുമസ് നോമ്പ് തുടങ്ങുന്നു.ഇനി ഇറച്ചിയും,മീനും,മുട്ടയും ഇല്ലാത്ത എനിക്ക് എന്നെതന്നെ കണ്‍ട്രോള്‍ ചെയ്യാം എന്ന്‍ എനിക്ക് ആത്മവിശ്വാസം തരുന്ന 25 ദിനങ്ങള്‍.

2010, നവംബർ 22, തിങ്കളാഴ്‌ച

പെരുന്നാളിന്‍റന്ന് മഴ - ചില ചിന്തകള്‍

അങ്ങനെ ഇന്നലെ നടന്ന വല്ലക്കുന്ന് പെരുന്നാളില്‍ കട്ടപ്പുക.കട്ടപ്പുക എന്ന് പറയുന്നത് ചുമ്മാതല്ല,മഴയത്തു പടക്കം പൊട്ടിച്ചാല്‍ പുക മുകളിലോട്ട് പോകില്ല പകരം താഴെ തന്നെ നില്‍ക്കും.ആ വഴിക്കൊരു കട്ടപ്പുക.തെറ്റിദ്ധരിക്കരുത്.ചുരുക്കി പറഞ്ഞാല്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ ഇല്ല എന്ന് വിചാരിക്കുന്നവര്‍ക്ക് എനിക്കടക്കം പെരുന്നാള്‍ കുളമായി.എന്തായിരിക്കാം കാരണം?

അല്‍പം ചരിത്രം

പണ്ട് തൊട്ടേ തൃശ്ശൂര്‍ ആഘോഷങ്ങളുടെ നാടാണ്.തൃശ്ശൂര്‍ പൂരം,കൊടുങ്ങലൂര്‍ ഭരണി,ഗുരുവായൂര്‍ ഏകാദശി,കൊടകര ഷഷ്ടി അങ്ങനെ നീളുന്നു ആഘോഷങ്ങള്‍.പൂരം,ഭരണി,ഏകാദശി,ഷഷ്ടി എന്നിവ തമ്മിലുള്ള വ്യത്യാസം ആരും എന്നോടു ചോദിക്കരുത്.കാരണം ഇതിനൊക്കെ പോവുക എന്നല്ലാതെ കുഴി നമ്മള്‍ എണ്ണാറില്ല.പക്ഷേ പള്ളികളുടെ കാര്യം എടുക്കുകയാണെങ്കില്‍ പേരില്‍ ഒരു കണ്‍ഫ്യൂഷ്യനും ഉണ്ടാകില്ല.എല്ലാ പള്ളികളിലും പെരുന്നാളുണ്ട്.പണ്ട് റോമന്‍ പടയാളി ആയിരുന്ന വിശുദ്ധ സെബസ്ത്യാനോസ് ആണ് ഈ പെരുന്നാളുകളുടെ എല്ലാം രക്ഷാധികാരി..അതുകൊണ്ട് പെരുന്നാള്‍ അറിയപ്പെടുന്നത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ പെരുന്നാള്‍ എന്നാണ്.രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ എന്നുപറഞ്ഞാല്‍ മെയിന്‍ കലാപരിപാടികള്‍ താഴെ പറയുന്നവയാണ്.

  1. ബീവറേജസിനു മുന്‍പില്‍ ക്യൂ നില്‍ക്കല്‍ + വാളുവെക്കല്‍
  2. പറക്കുന്നത്,നീന്തുന്നത്,ഓടുന്നത്,ചാടുന്നത് എന്നുവേണ്ട കിട്ടാവുന്ന എന്തിനേയും കറിവച്ചു കഴിക്കല്‍.
  3. കുലയുള്ളതോ അല്ലാത്തതോ ആയ ഒരു വാഴ വെട്ടിയെടുത്ത് വീടിന്‍റെ മുന്‍പില്‍ കുഴിച്ചിട്ട് അതില്‍ കൊടികുത്തല്‍.
  4. പറ്റാവുന്നിടതൊക്കെ തോരണങ്ങള്‍/അരങ്ങ് കെട്ടല്‍.ഇപ്പോള്‍ ട്രെന്‍ഡ് ലേസര്‍ ബല്‍ബിനാണ്.
  5. അമ്പ് പ്രദക്ഷണം പോകുമ്പോള്‍ ബാന്‍ഡ് താളത്തിനൊത്ത് തുള്ളല്‍ + അടിയുണ്ടാക്കല്‍.
  6. രണ്ടാമത്തെ ദിവസമുള്ള പെരുന്നാള്‍ പ്രദക്ഷണത്തില്‍ വരിവരിയായി പോകുന്ന തരുണീമണികളെ ഒന്നുപോലും മിസ്സ് ആകാതെ വായില്‍ നോക്കല്‍.
  7. ലേഡീസ് ആണെങ്കില്‍ വള,മാല തുടങ്ങിയവ പള്ളിപ്പറമ്പില്‍ നിന്നും വാങ്ങിക്കല്‍.
  8. അബദ്ധവശാലോ,നടന്ന്‍ നടന്ന്‍ കാല് കഴക്കുമ്പോഴോ പള്ളിയില്‍ കയറല്‍.

പാവറട്ടി ഔസേപ്പിതാവിന്‍റെ പെരുന്നാള്‍,ഒല്ലൂര്‍ മാലാഖയുടെ പെരുന്നാള്‍,കൊരട്ടിമുത്തിയുടെ പെരുന്നാള്‍,താഴേക്കാട് മുത്തപ്പന്‍റെ പെരുന്നാള്‍,ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാല്‍,കല്ലേറ്റുംകര പെരുന്നാള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ നാട്ടിലുള്ള പ്രമുഖ പെരുന്നാളുകള്‍. കല്ലേറ്റുംകര പെരുന്നാള്‍ അത്ര വലിയ പെരുന്നാളൊന്നുമല്ല,പിന്നെ ഞങ്ങളുടെ പഴയ ഇടവക ആയതുകൊണ്ട് ചേര്‍ത്തതാണ്.കല്ലേറ്റുംകര പള്ളി മൂന്നോ ,നാലോ കോടി രൂപ മുടക്കി പുതുക്കിപ്പണിയുന്നു എന്ന് കേട്ടപ്പോഴാണ് വെറുതെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പള്ളി പണിയാന്‍ നമ്മള്‍ എന്തിന് പൈസ ഇറക്കണം, വല്ലക്കുന്നില്‍ ഒരു പള്ളി പണിതാല്‍  പോരെ? എന്ന ആശയം ഉണ്ടായി വന്നതും തല്‍ഫലമായി വല്ലക്കുന്നില്‍ 76 ദിവസം കൊണ്ട് പള്ളി പണിതു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ അല്‍ഫോന്‍സമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച അന്ന് തന്നെ കൂദാശ ചെയ്തതും(12OCT2008).ഞാനൊക്കെ കാശു മാത്രം കൊടുത്ത കൂട്ടത്തില്‍പ്പെട്ടതായിരുന്നു.കുറച്ചുപേര്‍ സ്ഥലം നല്‍കി.കുറെയാളുകള്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട് ശരിക്കും നന്ദിയര്‍ഹിക്കുന്നവര്‍...

അതിനുശേഷം 2008 നവംബര്‍ 17ആം തിയ്യതി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ഇവിടെ പ്രതിഷ്ഠിച്ചു.അവിടന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നു.എനിക്കും ഉണ്ടായി ഒരനുഭവം.എന്താണെന്ന് ആരും ചോദിക്കരുത്. അത്ഭുതം സംഭവിച്ചാല്‍ പിന്നെ അവിടെ എങ്ങനെയായിരിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ?വല്ലക്കുന്ന് ഒരു കൊച്ചു തീര്‍ത്ഥാടകകേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

ആലായാല്‍ തറവേണം അടുത്തോരമ്പലം വേണം എന്നാണല്ലോ.പള്ളിയായാല്‍ അച്ചനില്ലെങ്കിലും ഒരു പെരുന്നാള്‍ വേണം.അങ്ങനെയാണ് തിരുശേഷിപ്പ് കൊണ്ട് വന്ന നവംബര്‍ 17നു ശേഷം വരുന്ന ശനിയും ഞായരും വല്ലക്കുന്ന് പെരുന്നാള്‍ തീരുമാനിക്കപ്പെട്ടത്.ആദ്യ പെരുന്നാള്‍ കഴിഞ്ഞകൊല്ലമായിരുന്നു..അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഒന്നും മോശമല്ലായിരുന്നു.അതുപോലെതന്നെ മോശമല്ലാത്ത മഴയുമുണ്ടായിരുന്നു.പക്ഷേ വെടിക്കെട്ടിന് കുറച്ചു മുമ്പ് മഴ തീര്‍ന്നു.വെടിക്കെട്ട് പൊട്ടിച്ചു.പിള്ളേരെ വിറ്റും പെരുന്നാള്‍ ഘോഷിക്കണം എന്നുള്ളവരായതുകൊണ്ട് എല്ലാവരും ഹാപ്പി.പക്ഷേ ഇക്കൊല്ലം മഴ ജയിച്ചു.അതായത് വികാരിയച്ചന്‍ ഔദ്യോഗികമായി പെരുന്നാള്‍ ദിവസമായ ഇന്നലെ വെടിക്കെട്ട് ഇല്ല എന്നറിയിച്ചു.

എന്തുകൊണ്ട് മഴ

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? 30 ഇഡ്ഡലി കഴിച്ചാല്‍ പിന്നെ 10മിനിറ്റ് നേരം വിശക്കാത്തത് എന്തുകൊണ്ട്? എന്നൊക്കെ ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ 10 രൂപയുടെ ബുക്ക് വില്‍ക്കുന്നവന് ചോദിക്കാം.പക്ഷേ വല്ലക്കുന്ന്  പെരുന്നാളിന് എന്തുകൊണ്ട് മഴ പെയ്തു എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാകും.കഴിഞ്ഞ കൊല്ലം ഇരിങ്ങാലക്കുട പെരുന്നാളിനും മഴ പെയ്തിരുന്നു.പക്ഷേ ഓരോരുത്തര്‍ പറയുന്ന കാരണങ്ങള്‍ കേട്ടാല്‍ രസകരമാണ്.

പണ്ട് ശിലോഹ ഗോപുരം ഇടിഞ്ഞു വീണപ്പോള്‍ കര്‍ത്താവ് പറഞ്ഞത് അത് അവരുടെ കുറ്റം കൊണ്ടല്ല, ദൈവത്തിന്‍റെ ഹിതമാണ് എന്നാണ്.അതുകൊണ്ട് കാരണം തേടേണ്ട കാര്യമില്ല.എന്നാലും ചുമ്മാ ഒരു രസം.അതുകൊണ്ട് ഇത് ആരും സീരിയസ് ആക്കി എടുത്ത് തല്ലാനും കൊല്ലനും ഒന്നും വന്നേക്കരുത്.അതുപോലെ ജനല്‍ചില്ലിനോക്കേ ഇപ്പോള്‍ നല്ല വിലയാണ്.അപ്പോള്‍ തുടങ്ങുകയാണ്.

  1. വിശുദ്ധ അല്‍ഫോന്‍സമ്മ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു ആളാണ്.പുള്ളിക്കാരിക്ക് ഇത്ര ആര്‍ഭാടം വേണ്ട എന്ന് തോന്നിക്കാണും.
  2. പെരുന്നാളിന്‍റെ ഡേറ്റ് ഇഷ്ടപ്പെട്ടുകാണില്ല.കഴിഞ്ഞ തവണ ഒരു ചെറിയ മഴ കാണിച്ച് നോക്കി.പക്ഷേ ആളുകള്‍ക്ക് മനസിലായില്ല.അതുകൊണ്ട് ഇത്തവണ നല്ല മഴ പെയ്യിച്ചു.
  3. 25 വെള്ളി/പൊന്‍ കുരിശുകളും ,150 മുത്തുക്കുടകളും ഒരു പെരുന്നാള്‍ പ്രദക്ഷിണത്തിന്!!!അഹങ്കാരമല്ലേ?അതിന് തന്ന ശിക്ഷയാണോ?
  4. 3 ലക്ഷത്തിന് ആകാശത്തു വര്‍ണക്കാഴ്ച ഉണ്ടാക്കേണ്ട കാര്യമുണ്ടോ?അഫോന്‍സാമ്മയ്ക്ക് അതിഷ്ടപ്പെട്ട് കാണില്ലേ?
  5. പെരുന്നാള്‍ പ്രമാണിച്ച് അന്നദാനമോ,അതോപോലെ ഏതെങ്കിലും വിധത്തില്‍ പാവങ്ങളെ സഹായിക്കുന്ന പരിപാടിയോ എന്‍റെ അറിവിലില്ല.ഇനി അതോകൊണ്ടാണോ?
  6. കത്തോലിക്കാ സഭയില്‍ മരിച്ചവരുടെ മാസമായ നവംബറില്‍ മരിച്ചവരെ ഓര്‍ത്ത് വിലപിക്കുന്നതിന് പകരം പെരുന്നാള്‍ ഘോഷിക്കുന്നത് ആത്മാക്കള്‍ക്ക് ഇഷ്ടമായില്ലേ?
  7. കാരണം എന്തുതന്നെ ആയാലും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു.ഇനി കാലാവസ്ഥയാണോ വില്ലന്‍? അതോ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന നമ്മളോ?
  8. പെരുന്നാള്‍ പ്രദക്ഷണത്തിന് കുട പിടിക്കാന്‍ എന്‍റെ പേരും ഉണ്ടായിരുന്നു.പക്ഷേ ഞാന്‍ അതിവിദഗ്ദമായി മുങ്ങി.ഇനി അതുകൊണ്ടായിരിക്കുമോ?

പ്രതിവിധികള്‍

ഒരുകൊല്ലം മഴപെയ്തു എന്ന് വിചാരിച്ചു പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ട് എന്ന്‍ തോന്നുന്നില്ല.എന്നാലും ചിലത്.പെരുന്നാള്‍ വേണമെങ്കില്‍ നല്ല ചൂടുള്ള ഏപ്രില്‍,മേയ് മാസങ്ങളിലേക്ക് മാറ്റാം.പക്ഷേ ഉറപ്പില്ല.ഒരിക്കല്‍ മേയ് 2,3 തിയ്യതികളിലുള്ള താഴേക്കാട് പെരുന്നാളിന് മഴ പെയ്തിരുന്നു.പിന്നെയുള്ളത് ഭൂരിഭാഗം പള്ളികളിലും ഉള്ളതുപോലെ ജനുവരിയില്‍.എന്നാലും റിസ്ക് ആണ്.അല്ലെങ്കില്‍ ലളിതമായി പെരുന്നാള്‍ ആഘോഷിക്കാം.അല്‍ഫോന്‍സമ്മ മഴയില്ലാതിരിക്കാന്‍ സഹായിക്കും.അതുപോലെ നമ്മള്‍ പെരുന്നാളിന് ചിലവാക്കുന്ന പൈസയില്‍ നിന്നും കുറച്ചു മാറ്റി വച്ച് അന്നദാനമോ മറ്റൊ നടത്താം.

ഇനിയുള്ളത് കട്ടക്ക് കട്ട നില്‍ക്കുന്ന ഐഡിയകള്‍ ആണ്.വലിയ PVC പൈപ്പിന്‍റെ കവര്‍ എടുത്ത് അതിനുള്ളില്‍ പടക്കത്തിന്‍റെ മാല വച്ച് പൊട്ടിക്കുക.പൊട്ടിതുടങ്ങിയാല്‍ പിന്നെ ചാറ്റല്‍ മഴയൊന്നും ഒരു പ്രശ്നമാവില്ല.ഇനി വലിയ മഴയാണെങ്കില്‍ വല്ലക്കുന്ന് മൊത്തം അങ്ങ് പന്തല്‍ ഇടുക. അതിനടിയില്‍ പൊട്ടിക്കുക ഡിങ്കി ഡിങ്കാ...അടുത്ത ഐഡിയ വെള്ളത്തിനടിയില്‍ വെല്‍ഡിങ് ചെയ്യുന്നപോലെ വെള്ളത്തിലും പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടാക്കി വാങ്ങിക്കുക.ഇതും പറ്റിയില്ലെങ്കില്‍ 18ആമത്തെ അടവ് .ചൈനക്കാര്‍ ഏഷ്യന്‍ ഗെയിംസിന് ചെയ്തതുപോലെ സയന്‍റിഫിക്കായി മഴയെ ചെറുക്കുക.18 അടവുകളും കഴിഞ്ഞ സ്ഥിതിക്ക് ഒരു 19ആം അടവ്.ആവശ്യം ഉണ്ടെങ്കില്‍ മാത്രം പ്രയോഗിക്കുക.പെരുന്നാള്‍ പ്രദക്ഷണത്തിന് എന്നെക്കൊണ്ട് ഒരു മുത്തുകുടക്ക് പകരം കര്‍ത്താവ് ചുമന്നതുപോലെ ഒരു വലിയ കുരിശ് ചുമപ്പിക്കുക.പറയാന്‍ പറ്റില്ല എങ്ങാനും മഴ നിന്നാലോ?

ഈ എഴുതിയത് എഴുതിയ സെന്‍സില്‍ തന്നെ എടുക്കും എന്ന വിശ്വാസത്തോടെ...

2010, നവംബർ 10, ബുധനാഴ്‌ച

ജനറേഷന്‍ ഗ്യാപ്പ്

പുതിയ വല്ലക്കുന്ന് പള്ളി പണിതിട്ട് ഏകദേശം രണ്ട് കൊല്ലം ആയിരിക്കുന്നു.കഴിഞ്ഞ കൊല്ലമായിരുന്നു ആദ്യത്തെ പെരുന്നാള്‍.ആ പള്ളിപ്പെരുന്നാളിന്‍റെ അമ്പുപ്രദക്ഷണത്തിനിടയില്‍‍ 6ആം ക്ലാസില്‍ പഠിക്കുന്ന കസിന്‍റെ മോന്‍റെ വക ഒരു ചോദ്യം.

എന്തോരം വഴിയാ ഈ രൂപക്കൂടും പിടിച്ചു നടക്കണ്ടേ?നമ്മളും കൂടെ നടക്കണം.

ആകെ അര കിലോമീറ്റര്‍ പോലും ഇല്ല...എന്നാലും അവന്നൊന്നും വയ്യ.അവനെ ഒന്ന് ഉപദേശിച്ചേക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു.

എടാ എന്‍റെ ഒക്കെ ചെറുപ്പകാലത്ത് കല്ലേറ്റുംകര പള്ളി ആയിരുന്നു ഇടവക.അങ്ങോട്ട് ഞാനൊക്കെ രണ്ടര കിലോമീറ്റര്‍ ആണ് അമ്പ്പ്രദക്ഷിണത്തിന്‍റെ കൂടെ നടന്നിട്ടുള്ളത്.അതുപോലെ വേദോപദേശം പഠിക്കാന്‍ എല്ലാ ഞായറാഴ്ചയും.

ഇതുകേട്ട് അപ്പന്‍ അടുത്ത് നിന്നത് ഞാന്‍ കണ്ടില്ല.അങ്ങേര് തുടങ്ങി.എന്‍റെ ചെറുപ്പകാലത്ത് മുരിയാട് നിന്നുപോലും അമ്പ് പ്രദക്ഷിണങ്ങള്‍ കല്ലേറ്റുംകരയിലേക്ക് വന്നിരുന്നു,ആറെഴു കിലോമീറ്ററുകള്‍ നടന്ന്‍.

ഓഹോ...അപ്പോള്‍ രണ്ട് കിലോമീറ്റര്‍ നടന്ന ഞാനാരായി?അപ്പാപ്പന്‍ ഇല്ലാതെ പോയത് അപ്പന്‍റെ ഭാഗ്യം. അല്ലെങ്കില്‍ ഒരു 10-15 കിലോമീറ്റര്‍ പറഞ്ഞേനെ.മിക്കവാറും അടുത്ത തലമുറക്ക് ലിഫ്റ്റ് വേണ്ടി വരും പള്ളിയില്‍ പോകാന്‍.30-40 നിലകളുള്ള ഫ്ലാറ്റില്‍ ,ഒരു നിലയില്‍ പള്ളി.അല്ലേ?

അപ്പോള്‍ പറഞ്ഞു വന്നത്...അടുത്ത പെരുന്നാള്‍ ഇനി വരുന്ന 20-21 തിയ്യതികളില്‍ ആഘോഷിക്കുന്നു.എല്ലാവര്‍ക്കും സ്വാഗതം...

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ലോക്കല്‍ കമ്പനി

രംഗം : ഒരുത്തന്‍ മറ്റൊരു കമ്പനിയെകൊണ്ട് അവന്റെ  സ്കില്‍ പരിശോദിപ്പിച്ചു ആ റിസള്‍ട്ട്‌ സ്വന്തം കമ്പനിയില്‍ കാണിച്ചിരിക്കുന്നു.ഐ ടി ഭാഷയില്‍ പറഞ്ഞാല്‍ പേപ്പര്‍ ഇട്ടു.
മാനേജര്‍ വിളിപ്പിക്കുന്നു.നീയാണെടാ ഈ കമ്പനിയിലെ നെടുംതൂണ്.നീയില്ലാതെ ഈ കമ്പനിക്ക് ഒരു അടി മുന്നോട്ട് പോകാന്‍ പറ്റില്ല.വ്യത്യസ്തനായൊരു പ്രോഗ്രാമര്‍ ആയ നിന്നെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.അയ്യോ മോനെ പോകല്ലേ.
പക്ഷെ ലവന്‍ ഒരു ഭയങ്കരന്‍ ആയതുകൊണ്ട് ഓഫര്‍ ചെയ്യപ്പെട്ട കമ്പനിയുടെ വി.പി  സ്ഥാനം പോലും വലിച്ചെറിഞ്ഞു.ഗതികെട്ട മാനേജര്‍ ട്രാക്ക് മാറ്റി.ഇവനെ ഒന്ന് സോപ്പ് ഇട്ടു വച്ചേക്കാം.ഇവന്‍ പോകുന്ന കമ്പനിയില്‍ എനിക്ക് പറ്റിയ  വല്ല വേക്കന്‍സി ഉണ്ടെങ്കിലോ?

ഓക്കേ. To which LOCAL COMPANY you are going ?

ഏത് ലോക്കല്‍ കമ്പനിയിലെക്കാടാ പോകുന്നത് ?
അതോ
കൊച്ചി ലോക്കലില്‍ ഉള്ള ഇതു കമ്പനിയിലേക്കാണ് പോകുന്നത്?

ചോദിച്ചതിന്റെ അര്‍ഥം ഇതുവരേക്കും ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല.

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

അച്ചുവേട്ടന്‍ ആന്‍ഡ്‌ ദി മലയാളം ഡേ

കീലേലി അച്ചു!!!!!!!!!!!!!!ആ പേര് കേട്ടാല്‍ തന്നെ ഞങ്ങളുടെ സോഫ്റ്റ്‌വെയറില്‍ ഉള്ള ബഗ്ഗുകളെല്ലാം കിടുകിട വിറക്കും. കാരണമെന്താ ആരെഴുതിയ കോഡ് ആണെങ്കിലും അച്ചു അത് നിഷ്പ്രയാസം ഉഴുതു മറിച്ചു ഫിക്സ് ചെയ്യും.പത്തു ബഗ്ഗുകളെ ഒറ്റ ദിവസം കൊണ്ട് ഫിക്സ് ചെയ്ത് വീട്ടില്‍ പോയവനാ കീലേലി അച്ചു.അതുകൊണ്ട് അച്ചുവിനോട് കളിക്കാന്‍ബഗ്ഗുകള്‍ ആരും നില്‍ക്കാറില്ല.ഇനിയിപ്പോള്‍ ഒറ്റയ്ക്ക് പറ്റിയില്ലെങ്കില്‍ അപ്പുറത്തിരിക്കുന്ന പിള്ളേച്ചനെയും കൂട്ടി അച്ചു ചോദിക്കും .ഞങ്ങള്‍ രണ്ടു പേരോട് കളിക്കാന്‍ ആരുണ്ടെടാ എന്ന്.

അങ്ങനെയിരിക്കുമ്പോള്‍ ഒരു എച് .ആര്‍ മീറ്റിംഗ് .ധാരാളം ബഗ്ഗുകള്‍ സ്വന്തം പേരില്‍ ഉണ്ടായിട്ടും അച്ചു അതില്‍ പങ്കെടുത്തു.നമ്മുടെ കമ്പനി പോളിസികള്‍ എല്ലാം ഒന്ന് ഉറപ്പു വരുത്തണം പോലും.ആദ്യത്തെ പോളിസി ഡ്രസ്സ്‌ കോഡ്.നിലവിലുള്ള പോളിസി തന്നെ .പക്ഷെ എല്ലാവരും അത് പാലിക്കുന്നുണ്ടോ എന്ന് ഒരു വര്‍ണ്യത്തിലാശങ്ക .പോളിസി ഒന്ന് കൂടി വിശദികരിച്ചു.ഫോര്‍മല്‍ ഡ്രസ്സ്‌ മാതമേ ധരിക്കാവു.ഷൂ വേണം.അങ്ങനെ പലതും...പിന്നെ വെള്ളിയാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇടാം.പക്ഷെ കറുത്ത ജീന്‍സ് പാടില്ല.കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ പാടില്ല...ചുരുക്കി പറഞ്ഞാല്‍ കറുത്ത ജീന്‍സ് ,കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ തുടങ്ങിയവയെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പാടില്ല...

നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടോ? കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ട് ചോദിക്കുന്ന സ്ഥിരം ചോദ്യം...ചൂട് വെള്ളത്തില്‍ കുളിക്കാന്‍ പ്രശ്നം ഇല്ലാത്തതുകൊണ്ട് കീലേലി അച്ചു ഒരക്ഷരം പോലും മിണ്ടിയില്ല.ഓക്കേ ഇനി അടുത്തത്.ഓഫീസിനകത്ത് ഇംഗ്ലീഷ് മാത്രം...അന്യ സംസ്ഥാനത്ത് നിന്ന് ഉള്ളവര്‍ക്കും ,വിസിറ്റ് ചെയ്യുന്ന ക്ലയന്റ്സിനും മലയാളം ഒരു ബുദ്ധിമുട്ടാണ്.ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടോ? വീണ്ടും അതെ ചോദ്യം.
 വളരെ നല്ലൊരു കാര്യം.എല്ലാവരും അത് അംഗീകരിച്ചു. പക്ഷെ കീലേലി അച്ചുവിന്റെ മനസ്സില്‍ അത് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തി.ആരും ഒന്നും പറയാതായപ്പോള്‍ അച്ചു തന്നെ ആ ചോദ്യം അങ്ങ് ചോദിച്ചു.

വെള്ളിയാഴ്ച ഡ്രസ്സ്‌ കോഡ് ഇല്ലാത്തതുപോലെ എന്നാണ് മലയാളം പറയാന്‍ പറ്റുന്ന ദിവസം????? ഒരു ദിവസം തരോ മലയാളം പറയാന്‍?
===================
മേല്‍പ്പറഞ്ഞ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു അവിഹിത ബന്ധവുമില്ല.അങ്ങനെ വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ എനിക്കൊന്നു ചെയ്യാന്‍ പറ്റില്ല. ഐ അം വെരി സോറി.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

പ്രോഗ്രാമെഴുത്ത് ഭാഗം 2 എന്താണ് പ്രോഗ്രാം

പ്രോഗ്രാമെഴുത്ത് ഭാഗം 1 ആമുഖം

മുന്‍പേ പറഞ്ഞതുപോലെ ഈ സീരീസിലെ ഇരകള്‍ പ്രോഗ്രാമെഴുത്ത് അറിയാത്തവരാണല്ലോ.അതുകൊണ്ട് പ്രോഗ്രാം എഴുതാന്‍ പഠിക്കുന്നതിന് മുന്‍പ് എന്താണ് പ്രോഗ്രാം എന്നറിയണം.എന്തിനാണ് നമ്മള്‍ പ്രോഗ്രാം എഴുതുന്നത് എന്നറിയണം.

പ്രോഗ്രാം എന്നത് നമ്മള്‍ കമ്പ്യൂട്ടറിന് കൊടുക്കുന്ന നിര്‍ദേശങ്ങളാണ്.അതായത് എന്തൊക്കെയാണ് ചെയ്യേണ്ടത് ,എപ്പോഴാണ് ചെയ്യേണ്ടത് തുടങ്ങിയവ.കംപ്യൂട്ടറിന് സ്വന്തമായി ഒന്നും ആലോചിച്ച് ചെയ്യാന്‍ പറ്റില്ലല്ലോ.അപ്പോള്‍ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ മാത്രമേ അത് എന്തെങ്കിലും ചെയ്യൂ.

ഇനി എങ്ങിനെയാണ് ഈ നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് എന്ന് നോക്കാം.എന്തായാലും ചുമ്മാ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ അതിന് മനസിലാകില്ല.കംപ്യൂട്ടറിന് മനസിലാകുന്നത് വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളാണ്.അതായത് ബൈനറി ഭാഷ.വൈദ്യുതി ഉണ്ടെങ്കില്‍ അത് ഒന്നെന്നും ഇല്ലെങ്കില്‍ പൂജ്യം എന്നും മനസിലാകും.ഉദാഹരണമായി വൈദ്യുതിയില്‍ ഒരു പ്രത്യേകരീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ അതായത് 101001 എന്ന രീതിയില്‍ വന്നാല്‍ അത് ഒരു സങ്കലനം നടത്താനുള്ള നിര്‍ദേശമാണെന്ന് കംപ്യൂട്ടറിന് മനസിലാക്കാം.നിര്‍ദേശത്തിന് ശേഷം വരുന്ന സംഖ്യകളെ കൂട്ടി ഉത്തരം തരികയും ചെയ്യും.

പക്ഷേ ഒരു സാധാരണക്കാരന് ഇതുപോലെ എല്ലാ നിര്‍ദേശങ്ങളും ഒന്നിന്‍റെയും പൂജ്യത്തിന്‍റെയും രൂപത്തില്‍ പഠിച്ചുവയ്ക്കാന്‍ ഒരിക്കലും കഴിയില്ല.അതിലും ഭേദം ഒരു പേനയും പേപ്പറും എടുത്ത് കൂട്ടുന്നതാ.ഇവിടെയാണ് കംപൈലറുകളും,ഇന്‍റര്‍പ്രെറ്ററുകളും വരുന്നത്.ഇത് രണ്ടും എന്താണെന്ന് വിശദമായി പറഞ്ഞാല്‍ വെറുതെ കണ്‍ഫ്യൂഷന്‍ ആകും.അതുകൊണ്ട് ചുരുക്കി പറയാം.നാം ഇംഗ്ലീഷില്‍ എഴുതുന്ന നിര്‍ദേശങ്ങള്‍ മുന്‍പ് പറഞ്ഞ ബൈനറി ഭാഷയിലേക്ക് തര്‍ജിമ ചെയ്യുക അത്രമാത്രം.ബൈനറിയില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കംപ്യൂട്ടറിന് അത് ചെയ്യാം.സി ,ബേസിക് തുടങ്ങിയ പ്രോഗ്രാമെഴുത്ത് ഭാഷകളില്‍ എഴുതുന്ന എല്ലാതും ഇങ്ങനെ ബൈനറിയില്‍ ആക്കിയാണ് കമ്പ്യൂട്ടറില്‍ ഓടിക്കുന്നത്.ഇങ്ങനെ ബൈനറിയില്‍ ആക്കിയ നിര്‍ദേശങ്ങള്‍ നമുക്ക് ഒരു ഫയലായി സൂക്ഷിച്ചു വയ്ക്കാം.സാധാരണയായി അത് തിരിച്ചറിയുന്നത് അതിന്‍റെ എക്സ്റ്റെന്‍ഷന്‍ വച്ചാണ്.(.exe)

മുകളില്‍ പറഞ്ഞ ബേസിക്,സി തുടങ്ങിയ ഭാഷകള്‍ക്കും ഒരു കുഴപ്പമുണ്ട്.അതിന്‍റെ ഗ്രാമര്‍ അറിയാതെ എഴുതാന്‍ പറ്റില്ല.ഒരു സാധാരണക്കാരനു ഒരു ഫയല്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കണം എന്നൊരു ആവശ്യത്തിനുവേണ്ടി ഒരു പ്രോഗ്രാം എഴുതണം എന്നൊക്കെ പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല.ഒരു ഫയല്‍ നീക്കുന്നതിന് വേണ്ടി ഒരാളും പ്രോഗ്രാമെഴുത്ത് പഠിക്കില്ല.അപ്പോള്‍ എന്തു ചെയ്യും.അവിടെയാണ് കമാന്‍റ് വിന്‍ഡോ അഥവാ ഷെല്ലിന്‍റെ പ്രസക്തി.

കമാന്‍റ് വിന്‍ഡോ എന്നത് ഒരു പ്രോഗ്രാമാണ്.അതിന്‍റെ ദൌത്യം നമ്മള്‍ പറയുന്ന ഒരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ്.അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നടത്തുവാനായ പ്രോഗ്രാമുകള്‍ അതായത് ഫയല്‍ കോപ്പി ചെയ്യുക.,ഡിലീറ്റ് ചെയ്യുക തുടങ്ങിയവ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കും.നമുക്ക് അവയെ ഒന്ന് വിളിക്കുകയെ വേണ്ടൂ.അങ്ങനെ വിളിക്കുവനുള്ള സ്ഥലമാണ് കമാന്‍റ് വിന്‍ഡോ.വിന്‍ഡോസ് കംപ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി cmd എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അടിച്ചാല്‍ കമാന്‍റ് വിന്‍ഡോ വരും.ഒരു കറുത്ത കളറില്‍.വിന്‍ഡോസ് 98 ആണെകില്‍ command എന്ന് തന്നെ ടൈപ്പ് ചെയ്യണം.

ഈ വിന്‍ഡോ വന്നുകഴിഞ്ഞാല്‍ പിന്നെ നമുക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാം.ഉദാഹരണമായി dir എന്ന് കൊടുക്കുക.നിങ്ങളുടെ ഫോള്‍ടെറില്‍ ഉള്ള എല്ലാ ഫോള്‍ഡറുകളും ഫയലുകളും അവിടെ ലിസ്റ്റ് ചെയ്തു വരും.

ഇപ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഇത് വായിച്ചയാള്‍ക്ക് മനസിലായിക്കാണും

  1. കംപ്യൂട്ടറിന് ഒന്നും പൂജ്യവും ഉള്ള ബൈനറി ഭാഷ മാത്രമേ മനസിലാകൂ
  2. നമുക്ക് ബൈനറി ഭാഷ ബുദ്ധിമുട്ടായതിനാല്‍ നമ്മള്‍ ബേസിക് ,സി തുടങ്ങിയ ഇംഗ്ലീഷില്‍ എഴുതാവുന്ന ഭാഷകള്‍ ഉപയോഗിച്ച് പ്രോഗ്രാം എഴുതുന്നു.
  3. നമ്മള്‍ ബേസിക്,സി തുടങ്ങിയ ഭാഷകളില്‍ എഴുതിയ ഭാഷകള്‍ കംപൈലറുകളോ,ഇന്‍റര്‍പ്രെറ്ററുകളോ ഉപയോഗിച്ച് ബൈനറിയില്‍ ആക്കിയാലെ കമ്പ്യൂട്ടറില്‍ ഓടൂ.
  4. ബേസിക്,സി തുടങ്ങിയ ഭാഷകളില്‍ എഴുതി ബൈനറിയില്‍ ആക്കിയ പ്രോഗ്രാമുകള്‍ കമാന്‍റ് വിന്‍ഡോ എന്ന പ്രോഗ്രാമ്മില്‍ നിന്നും പേര് പറഞ്ഞു കൊടുത്താല്‍ ഓടിക്കം

ഇപ്പോള്‍ എന്‍റെ അടുത്ത് അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാനാവശ്യമായ പ്രോഗ്രാമുകള്‍ ഉണ്ട്.അത് ഓടിക്കേണ്ടത് എങ്ങിനെയെന്നും അറിയാം.നല്ലകാര്യം.പക്ഷേ ഒന്നിലധികം പ്രോഗ്രാമുകള്‍ ഒന്നിന് പിറകെ ഒന്നായി ഓടിക്കണമെങ്കില്‍ എന്തു ചെയ്യും? ഉദാഹരണം പറയുകയാണെങ്കില്‍ എന്നും രാവിലെ ബോസ് തരുന്ന ഫയലുകള്‍ എന്‍റെ താഴെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് കൃത്യമായി വീതിച്ചു കൊടുക്കണം. ഒരു ഐഡിയ എണ്ണി നോക്കി അങ്ങ് വീതിക്കുക.തെറ്റാന്‍ വളരെയധികം സാധ്യതയുള്ള ഒരു പരിപാടി.മറ്റൊരു ഐഡിയ ആണ് ഒരു ബാച്ച് ഫയല്‍ എഴുതിയിടല്‍.

എന്താണ് ബാച്ച് ഫയല്‍ (.bat)

കമാന്‍റ് വിന്‍ഡോയില്‍ നമ്മള്‍ ഒന്നിന് പുറകെ ഒന്നായി ഓടിക്കാന്‍ ഉദ്ദേശിക്കുന്ന കമാന്‍റുകളെ ഉള്‍കൊണ്ടിരിക്കുന്ന ഒരു ഫയലാണ് ബാച്ച് ഫയല്‍.കമാന്‍റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് ബാച്ച് ഫയല്‍ ഓടിക്കാന്‍ പറഞ്ഞാല്‍ അതില്‍ ഉള്ള കമാന്‍റുകള്‍ ഓടിക്കുക എന്നാണ് അര്‍ഥം.കമാന്‍റുകള്‍ മാത്രമല്ല ബാച്ച് ഫയലുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുക,അതെപ്പോള്‍ ഓടിക്കണം എന്നുകൂടെ പറഞ്ഞു വയ്ക്കാം.അതായത് വെള്ളിയാഴ്ച ആണെങ്കില്‍ മാത്രം ഈ കമാന്‍റ് ഓടിക്കുക തുടങ്ങിയ ചെറിയ കണ്ടിഷനുകള്‍‍.

എന്‍റെ കാര്യം പറയുകയാണെങ്കില്‍ ,ഞങ്ങള്‍ക്ക് എല്ലാദിവസവും ഒരു zip ഫയല്‍ വരും.അതിലുള്ള ഫയലുകള്‍ ചില നിര്‍ദിഷ്ട ഫോള്‍ഡറുകളില്‍ കൊണ്ട് ഇട്ടത്തിനുശേഷമേ പ്രോഗ്രാമെഴുത്ത് തുടങ്ങാന്‍ പറ്റൂ.അതുപോലെ ഓരോ ദിവസവും zip ഫയല്‍ വഴി അയച്ചു തരുന്ന പുതിയ ഡാറ്റബേസ് ഞങ്ങളുടെ കമ്പ്യൂട്ടറില്‍ കയറ്റുകയും വേണം.ഓരോന്നും ചെയ്യാന്‍ നിന്നാല്‍ ഒരു 2 മണിക്കൂര്‍ പോയിക്കിട്ടും.അതുകൊണ്ട് ഒരു ബാച്ച് ഫയല്‍ എഴുതിയിട്ടിരിക്കുന്നു.ചായ കുടിച്ചു വരുമ്പോഴേക്കും ഇവന്‍ എല്ലാം ശരിയാക്കിയിട്ടുണ്ടാകും.

കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ഇത്തവണ തുടങ്ങാം എന്നാണ്.എന്തായാലും തുടങ്ങിയേക്കാം.ദേ താഴെ കിടക്കുന്നു ഒരു ബാച്ച് ഫയലിലെ നിര്‍ദേശങ്ങള്‍.ഇത് കോപ്പി ചെയ്തു നോട്ട്പാഡില്‍ ഇട്ട് abc.bat എന്ന് സേവ് ചെയ്യുക.പിന്നെ abc.bat ഫയലില്‍  ഡബിള്‍ ക്ലിക്ക് അടിക്കുക.അപ്പോള്‍ കാണാം പൂരം.

@echo off
cls
set/p "name=Enter your name : "
set/p "choice=Enter a number between 1 & 20 : "
set /a Index = 0
cls
:start
echo Congrats %name%!!!You became a programmar...
set/a Index=Index+1
if not %choice% == %Index% goto :start

2010, ജൂലൈ 20, ചൊവ്വാഴ്ച

പ്രോഗ്രാമെഴുത്ത് ഭാഗം 1 ആമുഖം

പ്രോഗ്രാമെഴുത്ത് എന്ന്‍ ഉദ്ദേശിച്ചത് എല്ലാവര്‍ക്കും സുപരിചിതമായ പ്രോഗ്രാമ്മിങ് തന്നെ.ഒന്ന് മലയാളീകരിച്ചു എന്ന് മാത്രം.അത്രതന്നെ.പ്രോഗ്രാം എന്ന വാക്കും കൂടി മലയാളീകരിക്കാന്‍ തോന്നിയതാ.അത് മലയാളത്തിലായാല്‍ വായിക്കുന്നവന് ചിരി വരും.പിന്നെ അതിന്‍റെ ഒരു ഇത് പോകും.എന്‍റെ ഒരു അറിവ് വച്ച് പറയുകയാണെങ്കില്‍ എല്ലാ വാക്കുകളും മലയാളീകരിക്കേണ്ട കാര്യമില്ല.ഒരു വാക്ക് മറ്റൊരു ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് വന്നു എന്ന് വിചാരിച്ചു മലയാളത്തിന് ഒന്നും നഷ്ടപ്പെടാനില്ല.ഉദാഹരണമായി കസേര പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും വന്നതാണത്രേ.അതുപോലെ നമ്മളെല്ലാവരും കഴിക്കുന്ന ഷവര്‍മ മലയാളം വാക്കല്ലല്ലോ അല്ലേ.ഇംഗ്ലീഷ് ഭാഷയെടുത്താല്‍ തന്നെ ഗുരു,യോഗ ഇമ്മാതിരി വാക്കുകളൊക്കെ ഇന്ത്യയില്‍ നിന്നും നമ്മള്‍ എക്സ്പോര്‍ട്ട് ചെയ്തതല്ലേ.പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍ മലയാളത്തിലാണ് എഴുതുന്നത് എങ്കിലും പല വാക്കുകളും ഇംഗ്ലീഷ് വാക്കുകളായിരിക്കും.

ഇനി ഇതുപോലൊരു സീരീസ് തുടങ്ങാനുണ്ടായ പ്രചോദനം.കുറെ നാളായി മൈക്രോസോഫ്റ്റിന്‍റെ പല ടെക്നോളജികളിലും പണിയെടുക്കുന്നു.‍പ്രോഗ്രാമെഴുത്തുമായി ബന്ധപ്പെട്ട് 3 ബ്ലോഗുകള്‍ തുടങ്ങി. പക്ഷേ മലയാളത്തില്‍ പ്രോഗ്രാമെഴുത്തിനെ പറ്റി ഇതുവരെ ഒന്നും എഴുതാന്‍ പറ്റിയില്ല.മുഖ്യപ്രശ്നം. ഭാഷ തന്നെ.വാക്കുകള്‍ മലയാളത്തിലാക്കണോ വേണ്ടയോ?പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു സൈറ്റ് പോലും കണ്ടതുമില്ല.പക്ഷേ ഇന്നലെ ഒന്ന് കണ്ടു.പൈത്തണ്‍ എന്ന ഭാഷയില്‍ പ്രോഗ്രാമെഴുത്ത് പഠിപ്പിക്കുന്ന ഒരു കിടിലന്‍ സാധനം.പിന്നെ ഒന്നും ചിന്തിച്ചില്ല.ചാടിവീണു.മറ്റൊരു കാരണം ഈ ചളിപ്പ് വിറ്റുകള്‍ വച്ച് എത്രകാലം ഓടിക്കും.എഴുതുന്നത് ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയില്‍ ഉപകരപ്രദമായാല്‍ ആകട്ടെ.

ഞാന്‍ പ്രോഗ്രാമെഴുത്തിന്‍റെ എ ബി സി ഡി അറിയാത്തവരെയാണ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്.അഞ്ചും ആറും കൊല്ലം പ്രോഗ്രാമെഴുത്തില്‍ എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റ്വയറന്‍മാരും,വെയറിമാരും ഒന്ന് വന്ന്‍ എന്തിരെടെ ഇത് എന്നൊന്നും ചോദിക്കരുത്.നിങ്ങള്‍ പുലികള്‍ ആയിരിക്കും.പക്ഷേ ഇവിടത്തെ ഭൂരിപക്ഷംപേര്‍ക്കും കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിന്‍റെ ചുക്കേത് ചുണ്ണാമ്പേത് എന്നറിയില്ല.

യെവന്‍ പഠിപ്പിക്കും പഠിപ്പിക്കും എന്ന് പറയുന്നതല്ലാതെ ഏത് കമ്പ്യൂട്ടര്‍ ഭാഷയില്‍ പഠിപ്പിക്കും എന്നുപറയുന്നില്ലല്ലോ. ഡോട് നെറ്റും,WPFഉം,സില്‍വര്‍ലൈറ്റും പഠിപ്പിക്കും എന്ന് കരുതി ഏതെങ്കിലും ഫ്രെഷെര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആദ്യം പറഞ്ഞതുപോലെ എന്‍റെ ഇരകള്‍ പ്രോഗ്രാമെഴുത്ത് എന്താണെന്ന് പോലും അറിയാത്തവരാണ്.അവര്‍ക്ക് ഏറ്റവും പറ്റിയത്. ഒരു ബാച്ച് ഫയല്‍ എങ്ങിനെയെഴുതാം എന്ന് അറിയലാണ്.അതായത് നമ്മുടെ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സാധാരണയായി അവിടെയും ഇവിടെയും കാണുന്ന .bat എക്സ്റ്റെന്‍ഷന്‍ ഉള്ള ഫയലുകള്‍.അങ്ങനെ ഒരെണ്ണം എങ്ങിനെയുണ്ടാക്കാം.അങ്ങനെ ഒരെണ്ണം ഉണ്ടാക്കിയാല്‍ അതുപയോഗിച്ച് എന്തൊക്കെ ചെയ്യാം.ഇമ്മാതിരി കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

പ്രോഗ്രാമെഴുത്ത് അറിയാവുന്ന പുലികള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അവരുടെ നെറ്റി ചുളിഞ്ഞിട്ടുണ്ടാകും.ഇവന്‍ എന്തുവാടേ കാണിക്കുന്നത്.എല്ലാവരും പുതിയ ടെക്നോളജികള്‍ പഠിപ്പിക്കുമ്പോള്‍ ഇതെന്താ ഒരു പഴയ പരിപാടി? ബാച്ച് ഫയല്‍ എഴുതുന്നത് പഠിപ്പിക്കുവാനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

  1. നമ്മുടെ കാമ്പസുകളില്‍ നിന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പിള്ളാരും ഡോട് നെറ്റോ ജാവയോ പഠിച്ചിട്ടാ കമ്പനികളില്‍ ചേരുന്നത്.പക്ഷേ വല്ല കാര്യവുമുണ്ടോ?ഡോട് നെറ്റിലെയോ ജാവയിലെയോ കുറച്ചു വാക്കുകള്‍ അറിയാം എന്നല്ലാതെ ക്ലാസ് എന്താണു എന്നോ ഒബ്ജക്റ്റ് എന്താണ് എന്നോ ഒന്നും അറിയില്ല.മറ്റു ബ്രാഞ്ചുകളില്‍ നിന്നും വരുന്നവര്‍ കോഴ്സിന് ചേര്‍ന്ന് ക്ലാസും ഒബ്ജെക്‍റ്റും പഠിച്ചു വരും.പക്ഷേ ഒരു റിക്കര്‍സീവ് ഫങ്ഷന്‍ എഴുതാന്‍ അറിയത്തില്ല.
  2. ബാച്ച് ഫയല്‍ ഓടിച്ചുനോക്കാന്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല. വേറെ ഏത് ഭാഷയായലും എന്തെങ്കിലും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്യണം.

പിന്നെ ഒരു കാര്യം കൂടി.ഈ ബാച്ച് ഫയല്‍ എഴുതുന്നത് എന്താണെന്ന് വച്ചാല്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ കംപ്യൂട്ടറിന് കൊടുക്കുന്നു.അത്ര മാത്രം.അല്ലാതെ ഇത് ഒരു പ്രോഗ്രാമ്മിങ് ഭാഷയൊന്നും അല്ല.

നീന്തല്‍ പഠിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നു.എല്ലാ കാര്യങ്ങളും പഠിപ്പിക്കാന്‍ പറ്റില്ല.എന്താണ് കാര്യം എന്ന് പറയും എങ്ങിനെ ചെയ്യാം എന്നും.പിന്നെ സ്വന്തമായി പഠിക്കുക,പരീക്ഷിക്കുക.പരീക്ഷണം ഇല്ലാതെ ഒന്നും പഠിക്കാന്‍ പറ്റില്ല.കമ്പ്യൂട്ടര്‍ കേടാകും എന്ന് വച്ച് പേടിച്ചിരുന്നാല്‍ ഒന്നും നടക്കില്ല.അത് വിചാരിച്ചു എന്തെങ്കിലും പറ്റിയാല്‍ എന്നെ വിളിച്ചേക്കരുത്.എന്തെങ്കിലും പറ്റിയാല്‍ നേരെ ഫോര്‍മാറ്റ് ചെയ്ത് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.ഒരു കാര്യം ഉറപ്പ് തരാം.പ്രോഗ്രാമെഴുത്ത് അറിയാത്തവന്‍ എഴുതിയ പ്രോഗ്രാം കൊണ്ട് എന്തായാലും കംപ്യൂട്ടറിന്‍റെ ഹാര്‍ഡ്വയര് ഒന്നും കേടുവരില്ല.‍

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.എല്ലാവരും പോയി കമ്പ്യൂട്ടറില്‍ ഏതെങ്കിലും .bat ഫയല്‍ തപ്പിയെടുത്ത് ഒന്ന് തുറന്നു നോക്ക്.വല്ലതും മനസിലായാലോ!!!റൈറ്റ് ക്ലിക്ക് അടിച്ചു ഓപ്പണ്‍ വിത്ത് കൊടുത്ത് നോട്ട്പാഡില്‍ തുറന്നാല്‍ മതി.എല്ലാം ഇംഗ്ലീഷ് തന്നെ.

2010, ജൂലൈ 15, വ്യാഴാഴ്‌ച

വര്‍ക്ക് ചെയ്താല്‍ ചെയ്തു അത്ര തന്നെ

റോഷിനെപ്പറ്റി പറയനാണെങ്കില്‍ വളരെയധികം ഉണ്ട്.പ്രായത്തില്‍ കവിഞ്ഞ പക്വതയാണോ അതോ പക്വതയില്‍ കവിഞ്ഞ പ്രായമാണോ എന്നറിയില്ല മേല്‍പറഞ്ഞ രണ്ട് സാധനങ്ങളും ഇഷ്ടന് വേണ്ടുവോളം ഉണ്ട്.അതിന്‍റെ കൂടെയാണ് ഒരു ഇംഗ്ലിഷ് അനുകരണം.സ്പൂണ്‍ കൊണ്ട് ചോറും സമ്പാറും കഴിക്കല്‍,ഇംഗ്ലിഷ് പറയുമ്പോള്‍ ഴ എന്ന അക്ഷരം ധാരാളമായി ഉപയോഗിക്കല്‍ തുടങ്ങിയ നമ്പരുകള്‍ വെച്ചാണ് ടിയാന്‍ ഇംഗ്ലീഷുകാരെ അനുകരിക്കുന്നത്.അങ്ങനെയുള്ള റോഷിന്‍റെ ഓണ്‍സൈറ്റിലെ ലീഡ് ഒരു റഷ്യക്കാരനായിരുന്നു.റഷ്യന്‍ ഇംഗ്ലിഷ് പറയുന്ന ഒരു ദിമിത്രി.അങ്ങനെ പോകുന്ന സമയത്തെ ഒരു സായാഹ്ന സ്റ്റാറ്റസ് കോള്‍.

ദിമിത്രി:വില്‍ ദിസ് വര്‍ക്ക്?

റോഷ്:ഇഫ് ദാറ്റ് വര്‍ക്സ് ദെന്‍ ദിസ് വര്‍ക്സ്.

ദിമിത്രി:ആര്‍ യു ഷുവര്‍ ?

റോഷ്:ഇഫ് വര്‍ക്സ് ദെന്‍ വര്‍ക്സ്.ദാറ്റ്സ് ഇറ്റ്.

----------------------------------------

അതായത് വര്‍ക്ക് ചെയ്താല്‍ ചെയ്തു.അത്രതന്നെ.പുള്ളിയുടെ ഭാഗം വര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റാരോ വേറെ ഒരു ഭാഗം കൂടെ വര്‍ക്ക് ചെയ്യണം.അതാണ് ആദ്യം പറഞ്ഞത്.ഇത് കേട്ട ദിമിത്രി തന്‍റെ ഇംഗ്ലിഷ് മോശമാണെന്ന് കരുതി ജോലി രാജി വച്ച് സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന് ചേര്‍ന്നു എന്നാണ് ഓണ്‍ സൈറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു പേര് വീഴുന്നതെങ്ങിനെ

കഴിഞ്ഞ ഒരു പോസ്റ്റ് ഇട്ടത് പ്രമാണിച്ചു കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഒരു കാര്യം മനസിലായി.ഓഫീസില്‍ ബ്ലോഗ് ഹിറ്റ് ആകുന്നുണ്ട്.കൊടകരപുരാണത്തില്‍ എഴുതുന്നത് പോലെ ആണെങ്കില്‍ കുഴപ്പമില്ല.എല്ലാം പഴയ കാര്യങ്ങളല്ലെ.ആരും വന്നു ചോദിക്കില്ല.ഇതിപ്പോള്‍ അങ്ങനെയാണോ? എല്ലാം നല്ല ചൂടന്‍ കാര്യങ്ങള്‍ .ഓഫീസില്‍ നടക്കുന്നു.ഞാന്‍ ബ്ലോഗുന്നു.അതുകൊണ്ട് ഇപ്പ്രാവശ്യം പേര് വക്കുന്നില്ല.

സോമന്‍

പ്രോജക്റ്റ് റിലീസ് ഉള്ള ഒരു കാളരാത്രി.പതിവുപോലെ മിസ്റ്റര്‍ എക്സിന്‍റെ ഭാഗം വര്‍ക്ക് ചെയ്യുന്നില്ല.കയ്യില്‍ ഗ്രീസ് ആയിരിക്കുമ്പോള്‍ മൂക്ക് ചൊറിയാന്‍ തോന്നും എന്നുപറഞ്ഞതുപോലെ വര്‍ക്ക് ചെയ്യാതെ ആകുമ്പോള്‍ അത് ചെയ്തവനെയും കാണില്ലല്ലോ.അതുകൊണ്ട് അത് ശരിയാക്കാന്‍ അതുമായി ഒരു അവിഹിതബന്ധം പോലുമില്ലാത്ത മിസ്റ്റര്‍ വൈ യെ ഏല്‍പ്പിച്ചു.മിസ്റ്റര്‍ വൈ അപ്പോള്‍ തന്നെ എക്സിനെ വിളിച്ചു.

ആദ്യത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എടുക്കാതിരുന്നപ്പോള്‍ വൈ തീരുമാനിച്ചു.യേവന്നിട്ട് ഒരു പണി കൊടുക്കണം.അങ്ങനെ രണ്ടാമത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എക്സ് എടുത്തു.

വൈ: ഐ ആം സ.സ.സൊ...സോമന്‍ കോളിങ് ഫ്രം xyz കമ്പനി.ആരെ യു ലുക്കിംഗ് ഫോര്‍ അ ജോബ് ചേഞ്ച്?

എക്സ്:ഓ ഇല്ലെഡെക്കെ..ഞാന്‍ കുറച്ചു കഴിഞ്ഞേ ചാടുന്നുള്ളൂ...

പിറ്റേ ദിവസം എക്സ് വൈ യെ കണ്ടതും പറഞ്ഞു."ഗുഡ് മോര്‍ണിംഗ് സോമാ"

മറിയാമ്മ

ആ വാര്‍ത്ത കാട്ടുതീ പോലെയാണ് കമ്പനിയില്‍ പരന്നത്.ഒരു കെട്ടു ലാപ്ടോപ്പുകള്‍ വന്നിരിക്കുന്നു.നമുക്ക് കിട്ടുമോ എന്തോ.കമ്പനി പക്ഷേ പ്രതീക്ഷ തെറ്റിച്ചില്ല.അടിച്ചു വാരുന്ന ചേച്ചിക്കും ,സെക്യൂരിറ്റി ചേട്ടനും ഒഴികെ ഞങ്ങളുടെ ഫ്ലോറിലെ എല്ലാവര്‍ക്കും ലാപ്ടോപ്.

അങ്ങനെ എന്തോ ചെയ്യാത്തവന്‍  അത് ചെയ്യുമ്പോള്‍ അതുകൊണ്ട് ആറാട്ട് എന്ന് പറയുമ്പോലെ എങ്ങും ലാപ്ടോപ് മയം.ഏത് ആരുടെയാണ് എന്ന്‍ ഒരു നിശ്ചയവുമില്ല.നമ്മുടെ നായകന്‍റെ രംഗപ്രവേശം ഇവിടെയാണ്.മിസ്റ്റര്‍ എക്സ്.ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിലെ സുന്ദരനും,സുമുഖനും,സര്‍വോപാരി പെണ്ണുങ്ങളുടെ വായില്‍ നോക്കാത്തവനുമായ ഏക കക്ഷി.നായകന്‍റെ അവതരോദ്ദേശ്യം എല്ലാ ലാപ്ടോപ്പിലും ഉപയോഗിക്കുന്നവരുടെ പേര് പ്രിന്‍റ് ചെയ്തു ഒട്ടിക്കുക.ഒരു സെഡില്‍ നിന്നും ഒട്ടിച്ചു തുടങ്ങിയ എക്സിനെ അധികം വൈകാതെ തന്നെ രണ്ട് കണ്ണുകള്‍ പിന്‍തുടര്‍ന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു.

എടെ നീ ആള് ഭയങ്കരനാണല്ലോ.എന്തു പെട്ടെന്നാ ഒട്ടിക്കുന്നേ.ആദ്യത്തെ കമെന്‍റ് പൊട്ടി.താങ്ക്യൂ താങ്ക്യൂ...മൂന്നാമത്തെ താങ്ക്യൂ പറയുന്നതിനുമുന്‍പേ അടുത്തത് പൊട്ടി.പണ്ട് സിനിമ പോസ്റ്റര്‍ ഒട്ടിക്കലായിരുന്നോ പണി. ഓ അതല്ലടെ പണ്ട് കോളേജില്‍ വച്ച് എലക്ഷന്‍ പോസ്റ്റര്‍ ഒട്ടിച്ച പരിചയമാ.രംഗം പന്തിയല്ലെന്ന് കണ്ട എക്സ് അവിടെനിന്നും മുങ്ങി പിന്നെ പൊന്തിയത് മിസ്റ്റര്‍ വൈയുടെ ലാപ്ടോപ്പിന് സ്റ്റിക്കര്‍ ഒട്ടിക്കാന്‍.അതേ കുറച്ചു മുന്‍പേ പിന്‍തുടര്‍ന്ന അതേ രണ്ട് കണ്ണുകളുടെ ഉടമസ്ഥന്‍.

"എടെ നിന്‍റെ ഈ ഒട്ടിക്കുന്നതിന് മുന്‍പത്തെ തുടക്കലും,ഒട്ടിക്കലും,ഒട്ടിച്ചുകഴിഞ്ഞുള്ള ഈ തലോടലും കാണുമ്പോള്‍ എനിക്ക് മറ്റൊരു കാര്യമാണ് ഓര്‍മ വരുന്നത്."വൈ തനിക്ക് ഒരു പണി തരാന്‍ ചാന്‍സില്ല എന്ന് വിചാരിച്ച എക്സ് പറഞ്ഞു.എന്തുവാടേ ഓര്‍മ വരുന്നത്.എടാ ഞാന്‍ കുറച്ചു നാള്‍ മുന്പ് ഹോസ്പിറ്റലില്‍ കിടന്നില്ലേ? അതേ കിടന്നിട്ട്.. പിന്നെ എന്തുവാ...എക്സ് അങ്ങ് എക്സ്സൈറ്റഡ് ആയി."അവിടെ നഴ്സുമാര്‍ ഇഞ്ചെക്ഷന്‍ ചെയ്യുന്നത് ഇങ്ങനെയാണ്."ആദ്യം സ്പിരിറ്റ് കൊണ്ട് തുടക്കും.പിന്നെ കുത്തും.അതുകഴിഞ്ഞു ഒന്ന് തിരുമ്മും.മറിയാമ്മ എന്നോ മറ്റോ ആയിരുന്നു ആ നഴ്സിന്‍റെ പേര്.

ആളിയാ മറിയാമ്മേ...അന്നത്തെ ദിവസം ഈ വിളി അടങ്ങിയിട്ടില്ല.ചുമ്മാതല്ല.സ്റ്റിക്കര്‍ ഒട്ടിക്കാന്‍ എല്ലാവരും വിളിക്കുന്നതാ.

ചാള മേരി

മലയാളത്തിനിടക്ക് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ മാത്രമാണ് ഈ ലോകത്തില്‍ ഡീസന്‍റ് എന്ന് വിശ്വസിക്കുകയും അതുപോലെ തന്നെ പറ്റാവുന്ന എല്ലാ കാര്യങ്ങളും (അതായത് ചിരിക്കുക,ഭക്ഷണം കഴിക്കുക,പല്ല് തേക്കുക,ഓഫീസില്‍ വരിക, പോകുക ) ഇംഗ്ലിഷില്‍ തന്നെ ചെയ്യുകയും ചെയ്യുന്ന ആളാണ് നമ്മുടെ നായിക എക്സ്.സോറി എക്സി.

ഇത്തരത്തില്‍പ്പെട്ട മറ്റൊരാളായ വൈയുമായി, ഒരു ദിവസം നോക്കുമ്പോളുണ്ട്  വന്‍ കച്ചറ.എക്സി ഇംഗ്ലീഷില്‍ അങ്ങ് കടിച്ചാല്‍ പൊട്ടാത്ത പല വാക്കുകളും പ്രയോഗിക്കുന്നു.ഒരു മെയില്‍ അയക്കുന്നതിന്‍റെ തിരക്കിലായിരുന്ന മിസ്റ്റര്‍ സെഡ് മെയില്‍ അയച്ചു കഴിഞ്ഞു ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്,ഈ വാക്കുകളെല്ലാം പുതിയ ഇംഗ്ലീഷ് സിനിമകളില്‍ കേള്‍‍ക്കുന്ന സ്ഥിരം  വാക്കുകളാണ്.പിന്നെ വെറുതെ ഒന്ന് മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു നോക്കി.

യൂറേക്ക....മീന്‍ മാര്‍ക്കറ്റില്‍ പറയുന്ന അതേ ലാംഗ്വേജ് ഒരു മാതിരി അതേ വാക്കുകള്‍.കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ അതേ ടോണ്‍...തന്നെ ചാള മേരി തന്നെ.

പാണ്ടി ലോറിയുടെ മുകളില്‍ ചാണകം കയറിയാല്‍

കണ്ടാമൃഗത്തിന്‍റെ തോലും അതിനകത്ത് കുറച്ചധികം ഫാറ്റും.അങ്ങിനെയാണ് മിസ്റ്റര്‍ എക്സ് തന്നെതന്നെ വിശേഷിപ്പിക്കുന്നത്.പെട്ടെന്ന് ഓടാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ വഴിയില്‍കൂടി പോകുന്ന കണ്ട അണ്ടന്‍സും അടകോടന്‍സും എല്ലാം ഒന്ന് കളിയാക്കിയിട്ടേ പോകൂ.എപ്പോഴും ഇഗ്നോര്‍ ചെയ്യുന്ന എക്സ് അന്നൊരു ദിവസം പൊട്ടിത്തെറിച്ചു.

"എടാ ഞാഞ്ഞൂളേ... പാണ്ടി ലോറിയുടെ മേല്‍ ചാണകം കയറിയാലുള്ള അവസ്ഥ നിനക്കറിയാവോ.ഞാന്‍ ചുമ്മാ നിന്റെ മേത്തോടെ അങ്ങ് മറിഞ്ഞങ്ങു വീഴും."

ഓഹോ അപ്പോള്‍ എന്നെ പേടിയുണ്ടല്ലേ .അല്‍പ്പ നേരത്തെ നിശബ്ദതയെ എക്സ് തെറ്റിധരിച്ചു.എക്സിനോടുള്ള അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.

എടാ നിന്നെ "പാണ്ടിലോറി" എന്ന് വിളിക്കണോ അതോ "ചാണകം" എന്ന് വിളിക്കണോ.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

നിരപരാധി

എല്ലാവരെയും പോലെ നമ്മുടെ നായകനും +2 കഴിഞ്ഞപ്പോള്‍ തമിഴ് നാട്ടിലേക്ക് വണ്ടി കയറി.ലക്ഷ്യം ഒരു ഐടി ബിരുദം എടുക്കുക.ആകെയുള്ള ഒരു വ്യത്യാസം മാത്രം നായകന്‍ വന്നത് നേരെ ഗള്‍ഫില്‍ നിന്നാണ് .അതുകൊണ്ട് തന്നെ മലയാളത്തിലെ പല വാക്കുകളും പുള്ളിക്ക് വലിയ പരിചയമില്ല.പഠിച്ചു വരികയാണ് .ഏതൊരുത്തന്‍റെയും പോലെ ആദ്യം പടിക്കുന്നത് തെറി വാക്കുകളാണ്.

സാധാരണയായി കേരളത്തിലെ അലമ്പന്‍‍സ് ആന്‍ഡ് ഒഴപ്പന്‍സ് ആണല്ലോ തമിഴ് നാട്ടില്‍ വന്നടിയുന്നത്.അതായത് മാര്‍ക്കില്ലാതെ കേരളത്തില്‍ സീറ്റ് കിട്ടാതെ വരുമ്പോള്‍.അതുകൊണ്ട് തന്നെ റാഗിങ്ങിനും അടിപിടിക്കും ഒരു പഞ്ഞവും ഉണ്ടാകില്ല.നായകന്‍ പഠിക്കുന്ന കോളേജും ഈ നാട്ടുനടപ്പിന് ഒരു കളങ്കവും വരുത്താറില്ല.

അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് പറയുമ്പോലെ കുറെ സഹിച്ച് കഴിയുമ്പോള്‍ ജൂനിയര്‍ പിള്ളേരും ഏതെങ്കിലും ഒരു സീനിയറിനിട്ട് ഒന്ന് പൊട്ടിക്കും.അങ്ങനെ ഒരു സീനിയറിനിട്ട് പൊട്ടിച്ചതിന്റെ ഫലമായി ഒരു കൂട്ടം സീനിയേഴ്സ് നായകന്‍റെ റൂമിലേക്ക് കയറി വന്നു.ആസ് യൂഷ്വല്‍ കൂട്ടത്തില്‍ നന്നായി ചേട്ടാ എന്ന് വിളിക്കാന്‍ അറിയാവുന്നവന്‍ സീനിയേഴ്സിനോട് മാപ്പ് പറഞ്ഞു തുടങ്ങി.

"അയ്യോ ചേട്ടാ ഞങ്ങളല്ല ഞങ്ങളുടെ ഇടി ഇങ്ങനെയല്ല".

എടെ ഈ നില്‍ക്കുന്നവന്‍ ഇടിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.ഇടി കൊണ്ടവനു നായകന്‍റെ മേല്‍ ഒരു ചെറിയ ഡൌട്ട്?

ഇല്ല ചേട്ടാ ഇവന്‍ വെറും നിരപരാധിയാ...

ഹും..ഓകെ എന്നാല്‍ ശരി ..ഞങ്ങള്‍ ഇപ്പോള്‍ പോകുന്നു.

ഹാവൂ രക്ഷപ്പെട്ടു എന്ന് പറഞ്ഞു തിരിഞ്ഞ കൂട്ടുകാരനു കിട്ടിയതു നമ്മുടെ നായകന്‍റെ വക പച്ച തെറി ആയിരുന്നു.

"നിരപരാധി നിന്റെ തന്ത"

----------------------------------------------

പാവം ആ കൂട്ടുകാരന്‍ .തെറികള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് നിരപരാധി എന്ന വാക്കിന്‍റെ അര്‍ഥം പഠിപ്പിക്കേണ്ടതായിരുന്നു.

2010, ജൂലൈ 5, തിങ്കളാഴ്‌ച

ഫാം വില്ലെയും ജാതിക്ക നടലും

എന്തായാലും മഴ പെയ്തു നമ്മുടെ സ്വിമ്മിംഗ് പൂള്‍ ആകെ മൂടി കിടക്കുന്നത് കൊണ്ട് ഇപ്പ്രാവശ്യം കഴിച്ച ചിക്കനും ബീഫും ഒന്നും സ്വിം ചെയ്തു കളയാന്‍ പറ്റില്ല എന്ന നഗ്നസത്യമാണ് എന്നെ എന്തുകൊണ്ട് പറമ്പില്‍ കിളച്ചുകൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.എന്നേത്തേയും പോലെ അത് ചെന്നവസാനിച്ചത് ഒരു കടുത്ത തീരുമാനത്തിലായിരുന്നു.

വെറുതെ കിളച്ച് വേസ്റ്റ് ആക്കേണ്ട.ഒരു നാല് കുഴി കുത്തി ഒരു പത്ത് ജാതി തൈ വച്ചേക്കാം.സോറി പത്ത് കുഴി കുത്തി പത്ത് ജാതി വച്ചേക്കാം.എങ്ങാനും ചൈനക്കാരു ഇംഗ്ലിഷ് പഠിച്ചു ഐ.ടി രംഗം കീഴടക്കിയാലും നമുക്ക് ജീവിക്കേണ്ടെ?

അങ്ങനെ ആ ലോങ് വീകെന്‍റിന്‍റെ ആദ്യദിവസം ശനിയാഴ്ച.ഈ ലോങ് വീകെന്‍റ് എന്ന പ്രയോഗം ഓണ്‍ സൈറ്റില്‍ ചെന്നപ്പോള്‍ കിട്ടിയതാണ്.അവിടെ ഒരു വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ അവധി കിട്ടിയാല്‍ അത് ലോങ് വീകെന്‍ഡ് ആണ്.ഒരു പന്ത്രണ്ട് മണിയോട് കൂടി എഴുന്നേറ്റപ്പോഴാണു ചുമ്മാ മെയില്‍ ഒന്ന് നോക്കിയേക്കാം എന്നൊരു ഉള്‍വിളി ഉണ്ടായത്.പിന്നെ അമാന്തിച്ചില്ല.ചപ്പ് ചവറുപോലെ വരുന്ന കമ്യൂണിറ്റി സൈറ്റ് മെയിലുകള്‍ അതായത് അവന്‍ മുള്ളി ,അവള്‍ക്ക് കൊച്ചുണ്ടായി,അവര്‍ അങ്ങോട്ട് പോയി തുടങ്ങിയ മെയിലുകള്‍ എല്ലാം സെലക്ട് ചെയ്തു  ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് ഒരെണ്ണം ക്ലിക്ക് ആയത്.ഒരുത്തിയുടെ ഫേസ് ബുക്കിലെ ഫാം വില്ലേ കളിക്കാനുള്ള ഇന്‍വിറ്റേഷന്‍.അതായത് ഞാന്‍ അവളുടെ അയല്‍ക്കാരന്‍ ആകണം പോലും.

ചെറുതായി തലയില്‍ ഒരു ബള്‍ബ് കത്തിയോ എന്നൊരു സംശയം.ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിനും ഇതിനും ഒരു ബന്ധമില്ലേ എന്നൊരു തോന്നല്‍.മുന്‍പേ കിട്ടിയ റിക്വസ്റ്റുകള്‍ എല്ലാം നിഷ്കരുണം തള്ളികളഞ്ഞതാണ്.ഫാം വില്ലേ ഒരു ഭയങ്കര കളിയാണെന്നും കയറിയവരൊക്കെ അതിന് ആഡിക്ട് ആയെന്നും മുമ്പ് കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ ഇതൊന്ന് കളിക്കാന്‍ പറ്റിയിട്ടില്ല.അയ്യേ ഇതൊരു കൃഷി ചെയ്യുന്ന കളിയല്ലേ?ഇതിലും വലിയ വെടിവെപ്പ് കളികള്‍ കളിച്ചിട്ടു വരെ നമ്മള്‍ ആഡിക്ട് ആയിട്ടില്ല.പിന്നല്ലേ ഈ കൃഷി.പക്ഷേ ഇതു പഴയ വെടിവെപ്പോ ,റോഡ് റാഷോ പോലെയല്ല.ഫേസ് ബുക്കിലുള്ള നമ്മുടെ ഗഡികളൊക്കെ ഇതറിയും.സ്കോറും ലെവലും മറ്റു കൂന്തവും കുടച്ചക്‍രവും എല്ലാം.പണിയാകുമോ?വേണമോ വേണ്ടയോ?

എന്തായാലും ആവള് അയല്‍ക്കാരനാകാന്‍ വിളിച്ചതല്ലേ.ചേര്‍ന്നേക്കാം.കുറച്ചു കാലമെങ്കില്‍ കുറച്ചു കാലം പഞ്ചാരയടിച്ചു നടന്നതല്ലേ.ഒരു വിഷമം വേണ്ട.അങ്ങനെ ഒരു ഉച്ച ഉച്ചര നേരത്ത് ഞാനും ഒരു ഓണ്‍ലൈന്‍ കൃഷിക്കാരനായി. ആദ്യമൊക്കെ ചുമ്മാ ഒരു കൌതുകം ജാതി തൈ നടാന്‍ പറ്റുമോ ഇല്ലയോ എന്നറിയണം.അതറിയനായി കണ്ട ഓപ്ഷന്‍സെല്ലാം നോക്കികഴിഞ്ഞപ്പോള്‍ ഒരു സംശയം .ഞാന്‍ ഇതിന് അഡിക്ട് ആയോ എന്ന്‍.

പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല പൂഴിക്കടകന്‍ പ്രയോഗിക്കുക തന്നെ. കുറുക്കുവഴികള്‍ എന്ന ഹാക്കുകള്‍ ഇറക്കി പെട്ടെന്ന് ജയിച്ച് കളി നിറുത്താം.ഒരിക്കല്‍ ജയിച്ചാല്‍ പിന്നെ കളിക്കാന്‍ ഒരു ഇന്‍റെരേസ്റ്റും ഉണ്ടാകില്ല.അങ്ങനെ ഗൂഗിളില്‍ ചോദിച്ചപ്പോഴാണ് അറിയുന്നത്.ഓണ്‍ലൈന്‍ ഗെയിം ആയതുകൊണ്ട് ചീറ്റുകള്‍ ഒന്ന് തന്നെയില്ല.കളിച്ചു തന്നെ ജയിക്കണം.അല്ലെങ്കില്‍ ശരിക്കുള്ള കാശേറിഞ്ഞു കളിക്കണം. അതായത് നടപടിയൊന്നുമില്ല.

അതു കഴിഞ്ഞു മലയാളത്തില്‍ തപ്പിയപ്പോഴാണ് കൂതറ അവലോകനം എന്ന ബ്ലോഗില്‍ ഫാം വില്ലേയെപ്പറ്റിയുള്ള ഫാം വില്ലെ : കുറുക്കു വഴികള്‍ എന്ന പോസ്റ്റ് കണ്ടത്.അതിന്‍റെ പിറകെ മറ്റൊന്ന് കൂടി 226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍.. .പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ പോയി രണ്ട് കുഴിയെടുത്തു. ജാതി വെക്കാനേ.

പിന്നെ ഒരു ഗാഢമായ ഒരു ആലോചനയായിരുന്നു.എന്തുകൊണ്ടാണ് ആളുകള്‍ മണ്ണില്‍ കൃഷിയിറക്കാതെ ഇന്‍റെര്‍നെറ്റില്‍ കൃഷിയിറക്കുന്നത്?ഭൂമിയില്ലാത്തതുകൊണ്ടാണോ? ഒരു പരിധി വരെ ഇല്ലാത്തതുകൊണ്ടാണ്.അതോ ജോലി ചെയ്യുന്നത് നാട്ടില്‍ നിന്നും അകലെ ആയതുകൊണ്ടാണോ?ആയിരിക്കാം.പക്ഷേ എന്‍റെ കണക്കില്‍ ഞാന്‍ കളി ഇഷ്ടപ്പെടാന്‍ കാരണം താഴെപ്പറയുന്നവയാണ്.

  • ശരീരാദ്ധ്വാനം വേണ്ട ചുമ്മാ ക്ലിക്കിയാല്‍ മതി.
  • ശരിക്കുള്ള കൃഷി ചെയ്യാന്‍ പോയാല്‍ വല്ല പാമ്പും കടിക്കും.
  • മണ്ണില്‍ നടന്ന്‍ വിയര്‍ക്കേണ്ട.കാലില്‍ വളം കടിക്കില്ല.ചുമ്മാ എ.സിയില്‍ ഇരുന്നു ക്ലിക്കാം.
  • കാലാവസ്ഥയെ പേടിക്കേണ്ട.പറഞ്ഞ സമയത്ത് തന്നെ വിളവെടുത്ത് വില്‍ക്കാം.
  • കൂലിക്കാരെ അന്വേഷിച്ച് നടക്കേണ്ട.ഫാം വില്ലേയില്‍ എല്ലാം നമ്മള്‍ തന്നെ ചെയ്യണം.
  • വിലയില്‍ മാറ്റമില്ല.വില്‍ക്കുമ്പോള്‍, വാങ്ങുമ്പോള്‍ കണ്ട വില കിട്ടും.
  • കാക്കയെയും പട്ടിയെയും എല്ലാം നാട്ടുകാര്‍ ഓടിച്ചോളും.
  • പിന്നെ കുറച്ചു കേട്ട് പരിചയം മാത്രമുള്ള പല ചെടികളും കൃഷി ചെയ്യാം.

ഇതു കളിച്ചാല്‍ ഉണ്ടാകുന്ന ചില നല്ല കാര്യങ്ങള്‍

  • കുറച്ചു പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിക്കാം.(എന്നെപ്പോലെയുള്ള മലയാളം മീഡിയംകാര്‍ക്ക്)
  • കയ്യിലുള്ള പൈസ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് പഠിക്കാം.(ക്രെഡിറ്റ് കാര്‍ഡ് വച്ച് കളിക്കുന്ന കാര്യമല്ല.കളിയില്‍ മാര്‍ക്കറ്റില്‍ നിന്നും എന്തു വാങ്ങണം എപ്പോള്‍ വാങ്ങണം എന്ന കാര്യം.)
  • കാശിന്‍റെ വില മനസിലാകും.ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവന് ഫാം വില്ലേയില്‍ വല്ലതും വാങ്ങണമെങ്കില്‍ അപ്പുറത്തുള്ളവന്‍റെ പണിയെല്ലാം എടുത്തു കൊടുക്കേണ്ടെ?

2010, ജൂലൈ 3, ശനിയാഴ്‌ച

എടാ നിന്‍റെ വീടെവിടെയാ?

അന്നും പതിവുപോലെ തൃപ്പൂണിത്തുറ കുട്ടിശങ്കരന്‍ ഞങ്ങളുടെ ഏരിയയില്‍ കത്തി വച്ച് തകര്‍ക്കുകയാണ്.വാസുവാണെങ്കില്‍ കിട്ടിയ പണി എന്താണെന്നറിയാതെ വിഷമിച്ചുകൊണ്ടിരിക്കുന്നു.അതിന്‍റെ കൂടെയാണ് ഈ കത്തി.അപ്പുറത്തിരിക്കുന്ന ബാബുമോനാണെങ്കില്‍ ഇപ്പോഴുള്ള പണി തീര്‍ന്നിട്ട് വേണം ഒന്ന് വീഡിയോ ഗെയിം കളിക്കാന്‍ പോകാന്‍.അങ്ങനെ എന്തും എപ്പോഴും സംഭവിക്കാം എന്നുള്ള സമയത്താണ് കുട്ടി ശങ്കരന്‍റെ അടുത്ത ടോപ്പിക് വന്നത്.

"എടാ നീ അറിഞ്ഞോ ഇന്‍ഫോപാര്‍ക്കില്‍ നിന്നും സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലേക്ക് കടക്കാന്‍ ഒരു പുതിയ വഴി വന്നു.ഇനി കാക്കനാട് പോകാതെ തൃപ്പൂണിത്തുറക്ക് പോകാം.ഉല്‍ഘാടനം കഴിഞ്ഞിട്ടില്ല.പക്ഷേ  ഞാന്‍ ഇന്നലെ അതിലെ പോയി."

ശരിയാടാ നിങ്ങള്‍ക്കൊക്കെ പെട്ടെന്ന് വീട്ടിലെത്താം.ഞാന്‍ താമസിക്കുന്നത് കാക്കനാട് സിഗ്നലിന്റെ അടുത്തായതുകൊണ്ട് എനിക്ക് കാര്യമില്ല.ഞാനും കൊടുത്തു എന്‍റെ ഒരു കമെന്‍റ്.കുട്ടി ശങ്കരന് ആരും ശ്രദ്ധിക്കുന്നില്ല എന്നൊരു ഫീലിങ്സ് വരരുതലോ.അതുകൊണ്ട് മാത്രം.

കമെന്‍റ് കിട്ടിയതുകൊണ്ടാണോ എന്നറിയില്ല.ശങ്കരന്‍ തൊട്ടടുത്തിരിക്കുന്ന ബാബുമോനെ ഒന്ന് ചൊറിഞ്ഞു."എടാ നിന്‍റെ വീടെവിടെയാ". ചോറ്റാനിക്കര.ബാബുമോന്‍ പെട്ടെന്ന് തന്നെ നിറുത്തി.ബാബുമോന്‍ നിറുത്തിയെങ്കിലും ആ ചോദ്യം മറ്റൊരാളുടെ കണ്‍ട്രോള്‍ കളഞ്ഞിരുന്നു.മറ്റാരുമല്ല.നമ്മുടെ വാസു.

"എടാ ശങ്കരാ നിനക്കു ദേ അങ്ങേ അറ്റത്തിരിക്കുന്ന പെങ്കോച്ചിന്‍റെ വീടെവിടെയാണെന്നറിയാമോ?" വാസുവിന്‍റെ നിര്‍ദോഷമായ ഒരു ചോദ്യം.ഇത് തന്നെ തക്കം ശങ്കരന്‍ തന്‍റെ ഡാറ്റബേസിന്‍റെ പവര്‍ കാണിച്ചു."സേലം.സേലത്തുനിന്നും 34,17എ എന്ന നമ്പര്‍ ബസുകളൊക്കെ അവളുടെ വീട്ടിലേക്ക് പോകും."

"അതേടാ അതേ...നിനക്കു കണ്ണില്‍ കണ്ട പെങ്കുട്ടികളുടെ വീടുകള്‍ മാത്രമേ അറിയൂ.തൊട്ടടുത്തിരിക്കുന്നവന്മാരുടെ സ്ഥലം പോലുമറിയില്ല.ബാബുമോനെ നീ നാളെ ഒരു സാരിയുടുത്തു വാ.

ബ്ലെഡി ഫൂള്‍സ്...."

ജബ...ജബ.. ജബ....(കുട്ടിശങ്കരന്‍റെ വായില്‍ നിന്നും ഇതു മാത്രമാണ് പിന്നെ വന്ന വാക്കുകള്‍ എന്നാണ് സാക്ഷിമൊഴി)

------------------------------------------------------------------------------

വാസുവിനെയും കുട്ടിശങ്കരനെയും ബാബുമോനെയും പറ്റിയുള്ള കൂടുതല്‍ കഥകള്‍ താഴത്തെ ലിങ്കുകളില്‍ നിന്നും വായിക്കാം.

ഇത്രയും വെളുപ്പിച്ചത് പോരേ ഇനിയും വേണോ?
അപ്പിക്കഥകള്‍ കാണ്ഡം ഒന്ന്
വിശാന്തിന്‍റെ ലീവ് ആപ്ലികേഷന്‍
ചൂടാകാത്ത AC
വര്‍ക്ക് ഉണ്ട് ചേട്ടാ പോട്ടേ……..
വിശാന്തിന്‍റെ തറവാട്
ഫസ്റ്റ് ഗിയറിലെ ചിരിയും, വല്യപ്പൂപ്പന്‍റെ സ്വര്‍ഗാരോഹണവും
പാസ്‌വേഡ് റിക്കവറി
Better come out of office and talk

2010, ജൂൺ 23, ബുധനാഴ്‌ച

ഡബിള്‍ ഡെക്കര്‍

എടാ നീയറിഞ്ഞോ നാളെ നമ്മുടെ രജേഷിന്‍റെ എന്‍ഗേജ്മെന്‍റ് ആണെടാ.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ചയാ ഒന്ന് സ്വസ്ഥമായി വായില്‍ നോക്കുമ്പോഴാ അവന്‍റെ ഒരു എന്‍ഗേജ്മെന്‍റ്.എന്തായാലും നോക്കികൊണ്ടിരുന്നത് പോയി.ഇനി അടുത്തത് ഭക്ഷണം കഴിച്ച് ഇറങ്ങണം. ഇനിയിപ്പോള്‍ എന്‍ഗേജ്മെന്‍റ് എങ്കില്‍ അത്.

"ഓഹോ അവന് പെണ്ണ് കിട്ട്യാ.ആശ്വാസമായി."അതെന്താ?അല്ലാ അവനു കിട്ടിയാല്‍ ഒന്നും പേടിക്കേണ്ട നമുക്ക് എന്തായാലും കിട്ടും.അപ്പോള്‍ എങ്ങിനെയാ പരിപാടി? പയ്യന്നൂര്‍ വരെ പോകണം.19നു ആണ് കല്യാണം.ടാ എനിക്കൊരു പ്രോജക്റ്റ് റിലീസ് ഉണ്ട്.എന്നാലും നോക്കാം.പഴയ ടീമുകളൊക്കെ വരില്ലേ? പിന്നെ സജീവും,കെഡിയും അനീഷും ഒക്കെ കാണും.

സൂരജ് വന്നു പറയുമ്പോള്‍ പോകാന്‍ പറ്റും എന്ന് എനിക്കൊരിക്കലും തോന്നിയില്ല.പക്ഷേ കാര്യങ്ങള്‍ എങ്ങിനെയൊക്കെയോ നടന്നു.ടിക്കെറ്റ് ബുക്ക് ചെയ്തു.റിലീസ് പാതി വഴിയില്‍ നില്‍ക്കുമ്പോള്‍ വേറെ ഒരുത്തനെ ഏല്‍പ്പിച്ചിട്ടു ഓഫീസില്‍ നിന്നും ഇറങ്ങാന്‍ പറ്റി.അങ്ങനെ പയ്യന്നൂരിനടുത്തുള്ള പിലാത്തറ പോയി കല്യാണം കൂടി.ബൈ പറഞ്ഞു മണ്ഡപത്തിന് പുറത്ത് കടന്നപ്പോഴാണ് തിരിച്ചു എങ്ങിനെ എറണാകുളത്തോട്ട് പോകാം എന്ന്‍ ചിന്തിച്ചത്.ടിക്കറ്റ് തിരിച്ചു റിസര്‍വ് ചെയ്തിട്ടില്ല.

എടാ നമുക്ക് ചാടിക്കേറി ട്രൈയിനില്‍ പോകാം.സിനിമക്ക് പോകാം.അല്ലെങ്കില്‍ വേണ്ട തത്കല്‍ എടുക്കാം.ഏഴിമല പോയാലോ.അല്ലേല്‍ ബസില്‍ പോകാം.അങ്ങനെ നിരവധി അഭിപ്രായങ്ങള്‍ക്ക് ശേഷം ഒരു തീരുമാനമായി.ഞങ്ങള്‍ മൂന്നുപേര്‍ (കെഡിയും സജീവും )രാവന്‍ സിനിമ കാണാണ്‍ പയ്യന്നൂര്‍ പോകുന്നു.അവിടെ നിന്നും ബസ്സില്‍ എറണാകുളം പോകുന്നു.വരുന്നവര്‍ക്ക് കൂടെ വരാം.

കൂടെ ആര്‍ക്കും വരാമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല.അങ്ങനെ രാവന്‍ സിനിമ കണ്ടു കഴിഞ്ഞു പയ്യന്നൂര്‍ K.S.R.T.C സ്റ്റാഡില്‍ ചെന്നപ്പോഴാണ് അറിയുന്നത് ലോങ് ട്രിപ്പ് ബസ്സുകള്‍ മാത്രമേ അവിടെ വരൂ.ബാക്കിയെല്ലാം പോകുന്നത് പുതിയ ബസ് സ്റ്റാന്‍റിലെക്കാണു.അവിടെതന്നെയാണ് പ്രൈവറ്റും വരുന്നത്.അതായത് തൃശ്ശൂര്‍ പോലെ ആനവണ്ടികള്‍ എല്ലാം ഒരു സ്ഥലത്തും മറ്റേത് വേറെയിടത്തും അല്ല.ആഫ്റ്റര്‍ എഫെക്ട് എന്താണെന്ന് വച്ചാല്‍ വായില്‍ നോക്കാന്‍ അവിടെ ആരും ഇല്ല.ആകെകൂടി ഇനി വരാനുള്ളത് രണ്ട് ലോങ് ട്രിപ്പുകള്‍ മാത്രം.അതില്‍ കയറാന്‍ എത്ര പേര്‍ വരും?

വായില്‍ നോട്ടം ഇല്ലാത്തതുകൊണ്ട് മാത്രം സംസാരിക്കാനുള്ള ടോപ്പിക്കുകള്‍ ജനറല്‍ ആയി.പിന്നെ ബസ് സ്റ്റാഡ് ആയതുകൊണ്ട് ബസുകളിലേക്കും.എടാ നിങ്ങള്‍ ബോംബെയിലും മദ്രാസിലും പോയതല്ലേ ഈ രണ്ട് ബസ് ചേര്‍ത്തുണ്ടാക്കുന്ന ഡബിള്‍ ഡെക്കര്‍ ബസ്സിന്‍റെ മുകളിലത്തെ ബസിനു ടയര്‍ എങ്ങിനെയാ? സാധാരണയില്‍ നിന്നും ചെറുതാണോ? സജീവിന്‍റെ ഒരു നിഷ്കളങ്കമായ ചോദ്യം?

ഒരു രണ്ട് മിനിറ്റ് എന്തു പറയണമെന്ന് അറിയാതെ നിന്നെങ്കിലും പിന്നെ അവനെ അങ്ങു കളിയാക്കിക്കൊന്നു.അങ്ങനെ സജീവ് അടിയറവ് പറഞ്ഞിരിക്കുന്നസമയതാണ് കെഡി അവന്‍റെ "ഡബിള്‍ ഡെക്കര്‍ എന്‍സൈക്ലോപീഡിയ ഓഫ് ദി ഇന്ത്യ" തുറന്നത്.കാരണം അവന്‍ മാത്രമേ അതില്‍ കയറിയിട്ടുള്ളൂ.ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും കയറിയിട്ടില്ല.സജീവാണെങ്കില്‍ കണ്ടിട്ടു പോലുമില്ല.

എടാ നിനക്കറിയോ? മുകളിലേക്ക് പോകാന്‍ ഒരു കോണി ഉണ്ടാകും.വേണമെങ്കില്‍ മുകളിലത്തെ ബസിലേക്ക് നേരെ കയറാം.കണ്ടക്ടര്‍ വരുമ്പോള്‍ താഴത്തെ നിലയിലേക്ക് പോയാല്‍ മതി.ഇതു കുറച്ചു കൂടുതല്‍ അല്ലേ എന്ന് വിചാരിച്ചു  ഞാനും സജീവും മുഖത്തോട് മുഖം നോക്കിയപ്പോഴാണ് അടുത്തത് പൊട്ടിയത്.

എടാ അതുപോലെ മുകളിലെ ബസ്സിന് അല്‍പ്പം സ്പീഡ് കൂടുതലായിരിക്കും.ഡ്രൈവര്‍ ബ്രേക് ഇടുന്നതിന് മുന്പ് മുകളില്ലുള്ളവരൊക്കെ മുമ്പോട്ടു വീഴും.താഴെയുള്ളവര്‍ ബ്രേക് ഇട്ടത്തിന്ശേഷം .അതായത് സാധാരണ ബസ് പോലെ.

സ്റ്റോഓഓ...പ്പ്....ഇനി ഞങ്ങള്‍ പറയാം..കെഡി... നീ ഇനി കേട്ടാല്‍ മതി..

"മുകളിലത്തെ ബസിനു സ്പീഡ് കൂടുതലാ.താഴത്തെ ബസ് 30ഇല്‍ പോകുമ്പോള്‍ മുകളിലത്തെ ബസ് ഒരു 35 ഓ 40ഇലോ പോകും.താഴത്തെ ബസ് നിറുത്തുന്ന ചില സ്റ്റോപ്പുകളില്‍ മുകളിലത്തെ ബസ് നിറുത്തില്ല.നമ്മുടെ ഓര്‍ഡിനറിയും,ലിമിറ്റഡ് സ്റ്റോപ്പും പോലെ.അല്ലേ കെഡി"

എടാ അങ്ങനെയല്ല ഞാന്‍ ഉദ്ദേശിച്ചത്.കെഡി ചെറുതായി അപകടം മണത്തുകഴിഞ്ഞു.ഞങ്ങളുണ്ടോ വിടുന്നൂ.കുറച്ചു കൂടെ ഉണ്ടെടാ.

"അതുപോലെ ബ്രേക്കിന്‍റെ കാര്യം.ഡ്രൈവര്‍ ബ്രേക്കില്‍ കാലുവക്കണോ എന്ന് വിചാരിച്ചാലേ മുകളിളുള്ളവര്‍ മുന്നിലോട്ട് വീഴും.അത് കഴിഞ്ഞു ഡ്രൈവര്‍ ഓ വേണ്ട എന്ന് വച്ചാലും ആ വീഴ്ച വീണത് തന്നെ.കെഡി അങ്ങനെ എത്ര പ്രാവശ്യം വീണിരിക്കുന്നു.അല്ലെടാ?"

------------------------------------------------------------------

കവി ഉദ്ദേശിച്ചത് ബ്രേക് ഇട്ടാല്‍ മുകളിലുള്ളവര്‍ മുമ്പോട്ട് ആയുന്നതിന്‍റെ ആക്കം താഴെയുള്ളവരെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ്.

2010, ജൂൺ 16, ബുധനാഴ്‌ച

നൈജീരിയന്‍ ജേഴ്സി

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസില്‍ ജേഴ്സി ഡേ ആയിരുന്നു.അതായത് ഫുട്ബാള്‍ ഫാന്‍സ് ആയ ജ്യോതിസിനും കൂട്ടര്‍ക്കും ലോകകപ്പ് പ്രമാണിച്ച് ഒന്ന് അടിച്ചു പൊളിക്കാന്‍ കിട്ടിയ അവസരം.അന്ന്‍ ആര്‍ക്ക് വേണമെങ്കിലും ജേഴ്സി ഇട്ടുകൊണ്ട് ഓഫീസില്‍ വരാം.

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക്.

തീറ്ററപ്പായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായ വിശാന്തിന്‍റെ അടുത്ത കാബിനിലായിരുന്നു അടുത്തിടെ ജോയിന്‍ ചെയ്ത ജാക്കി ചാന്‍ ഇരിക്കുന്നത്.അടുത്ത കാബിന്‍ എന്ന് പറഞ്ഞാല്‍ അടുത്ത നിരയിലുള്ള കാബിന്‍.രണ്ട് പേര്‍ക്കും പോകാനുള്ള വഴിയെല്ലാം രണ്ടാണ്.ജാക്കി ചാന്‍ ഇരിക്കുന്ന നിരയില്‍ അധികം സംസാരമൊന്നും ഉണ്ടാകാറില്ല.കാരണം അവന്‍മാരെല്ലാം വരുന്നു പണിയെടുക്കുന്നു.പോകുന്നു അത്രമാത്രം.

പക്ഷേ വിശാന്തിന്‍റെ ഏരിയ ഒരു ഭയങ്കര ഏരിയ തന്നെയാണ്.എപ്പോഴും ചിരിയും കളിയും.പാര വെപ്പും കളിയാക്കലും.ഓരോ ചിരി അല്ലെങ്കില്‍ പാര കേള്‍ക്കുമ്പോഴും നമ്മുടെ ജാക്കി ചാന്‍ രണ്ട് കൈയ്യും കസേരയുടെ കയ്യില്‍ താങ്ങി പൊന്തി നോക്കും.സത്യം പറഞ്ഞാല്‍ ജാക്കി ചാന്‍ എന്ന പേര് കിട്ടാന്‍ തന്നെ കാരണം ഈ എത്തി നോട്ടമാണ്.

എന്നൊക്കെ എത്തി നോക്കിയിട്ടുണ്ടോ അന്നെല്ലാം വിശാന്തും വിശാന്തിന്‍റെ ഏരിയ മുഴുവനും ചേര്‍ന്ന് ജാക്കി ചാന് പണി കൊടുക്കാറുമുണ്ട്.അത് പിന്നെ അങ്ങിനെ ആണല്ലോ.പുറത്തുള്ള ഒരുത്തന്‍ വന്നാല്‍ ഒന്നിച്ചു നിന്ന് പണി കൊടുക്കണം.അങ്ങനെയുള്ള ഒരു വെള്ളിയാഴ്ചയാണ് നമ്മുടെ ജേഴ്സി ഡേ വന്നത്.ജാക്കി ചാന്‍ ഒരു അര്‍ജെന്‍റീന ഫാന്‍ ആയത് കൊണ്ട് അവരുടെ ജേഴ്സി ഇട്ടുകൊണ്ടാണ് വന്നത്.

ഫുഡ് അടി മത്സരം മാത്രം കണ്ടും കേട്ടും ശീലിച്ചിട്ടുള്ള വിശാന്തിന് എന്ത് ഫുട്ബോള്‍ ലോകകപ്പ്?കണ്ടപാടെ ജാക്കി ചാനിട്ട് പണി തുടങ്ങി.എന്തുവാടേ ഇത് ?നീ ഇതിട്ടില്ലെങ്കില്‍ എന്താ ഇവര്‍ ജയിക്കില്ലേ?150 രൂപയുടെ ഒരു ജേഴ്സിയും ഇട്ടുകൊണ്ട് കാലത്തെ തന്നെ വന്നിരിക്കുന്നു.നാണമില്ലേടെ?

150 രൂ എന്ന് പറഞ്ഞു തന്നെ തരം താഴ്ത്തിയത് കേട്ട ജാക്കി ചാന്‍ അളമുട്ടിയ ചേരയെപ്പോലെ തിരിഞ്ഞുകടിച്ചു.

അതെടോ ഞങ്ങളെല്ലാം 150 രൂപയുടെ ജേഴ്സി വാങ്ങി ജീവിച്ചു പൊക്കോട്ടെ.തനിക്കാണെങ്കില്‍ ജേഴ്സി വേണ്ടല്ലോ.ഇട്ടിരിക്കുന്ന ബനിയന്‍ ഊരിയാല്‍ നൈജീരിയക്കാര്‍ ജേഴ്സി ഇല്ലാതെ നില്‍ക്കുന്ന പോലെയല്ലേ.

അന്ന്‍ വിശാന്ത് ഒരു സത്യം മനസിലാക്കി.ആനയുടെ ശരീരമുള്ള തന്‍റെ നിറവും ആനയുടെതാണ്.

2010, ജൂൺ 12, ശനിയാഴ്‌ച

ഒരു ഭയങ്കര ഇന്‍വെസ്റ്റ്മെന്‍റ്

ഒരു തിങ്കളാഴ്ച.അന്നും പതിവുപോലെ വേണം വേണ്ടാ  എന്നുവച്ച് ഓഫീസില്‍ ചെന്നപ്പോഴുണ്ട് എപ്പോഴും എന്നെ കണ്ടാല്‍ എസ്കേപ് ആകുന്ന രാജീവ് ഒരു ചിരിയുമായി നില്‍ക്കുന്നു.എസ്കേപ് ആകുന്നത് വെറുതെയല്ല. അവനു സാധാരണയായി കട്ടക്കുള്ള പണി കൊടുക്കുന്നത് ഞാനാണ്..അതായത് ഇതുവരെ ലോകത്ത് ആരും ചെയ്യാത്ത പണികളായിരിക്കും സാധാരണ ഞാന്‍ കൊടുക്കാറുള്ളത്.

എടെ ഞാന്‍ കഴിഞ്ഞ ആഴ്ച ഭയങ്കരമായി ഇന്‍വെസ്റ്റ് ചെയ്തെടെ.എന്തായാലും ഇത്തവണ ഞാന്‍ പ്രോഫിറ്റ് ഉണ്ടാക്കും.

ഇത് കേട്ട പാടെ ഞാന്‍ ഒന്ന് ഞെട്ടി.15ആം തിയ്യതി കഴിഞ്ഞാല്‍ 10 പൈസ എടുക്കാനില്ലാത്തവന്‍ ഒക്കെ തകര്‍ത്തു ഇന്‍വെസ്റ്റ് ചെയ്യുന്നു. എന്തിലാടെ ഇന്‍വെസ്റ്റ് ചെയ്തത്.കാക്കനാട് സ്ഥലം വാങ്ങിയോ? അതോ വല്ല ഷെയറും വാങ്ങിച്ചോ? ഷെയര്‍ ആണെങ്കില്‍ ഏതാ എനിക്കും വാങ്ങാനാ.

അതോന്നുമല്ലടെ.പത്രത്തില്‍ എന്‍റെ കല്യാണആലോചനക്കുള്ള പരസ്യം കൊടുത്തു.KeralaMatrimony.com സൈറ്റില്‍ പെയ്ഡ് അക്കൌണ്ട് എടുത്തു.അതൊന്നും പോരാഞ്ഞു ക്ഷേത്രത്തില്‍ ഒരു വഴിപാടും.എല്ലാം കൂടി ഒരു 25000. പൊട്ടി.ഇത്തവണ പ്രോഫിറ്റ് ഉണ്ടാകും.തീര്‍ച്ച.ചീളു കേസ്. തന്നെ.

 

ഞാന്‍ "ചീളു കേസ്" എന്ന പ്രയോഗം‍ ബ്ലോഗില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ വര്‍ത്താനത്തിനിടക്ക് പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന് ഒരേ ഒരു കാരണം ഈ തിരോന്തരക്കാരന്‍ മാത്രമാണ്.

അമേരിക്ക v/s ഇന്ത്യ സാമ്യങ്ങള്‍

കഴിഞ്ഞ പോസ്റ്റില്‍ വ്യത്യാസങ്ങള്‍ ആയിരുന്നെങ്കില്‍ ഇതില്‍ ഒരുപോലെയുള്ള കാര്യങ്ങളാണ്.

  • ചെന്നു ഇറങ്ങേണ്ട താമസം,ന്യൂ യോര്‍ക്ക് എയര്‍ പോര്‍ട്ടിലെ ടാക്സി ചേട്ടന്‍ ചോദിച്ചു.സര്‍ ഡു യു വാണ്ട് ടാക്സി?ഇത് തന്നെയല്ലേ ചെന്നെ സെന്‍ട്രല്‍
  • റോഡിലെ ഗട്ടറുകള്‍ അത് അമേരിക്ക ആയാലും,ഇന്ത്യ ആയാലും ഒന്നുതന്നെ.
  • റോഡിലെ ചെക്കിങ് ഒരുപോലെതന്നെ .പക്ഷേ അമേരിക്കയില്‍ ഭാഷ കുറച്ചു ഡീസന്‍റ് ആയിരിക്കും.
  • റെഡി മേഡ് ഫുഡിന്റെ ഉപയോഗം അമേരിക്കയില്‍ കൂടുതലാണെന്ന് മാത്രം.
  • ഇവിടെ അമ്മാ വല്ലതും തരണേ..അവിടെ ചേഞ്ച് പ്ലീസ്സ്...
  • രാത്രിയായാല്‍ ന്യൂ യോര്‍ക്കിലെ പല സ്ഥലവും പിടിച്ചു പറിക്കാരുടെ സങ്കേതമാണ്.ഇവിടത്തെ പോലെ തന്നെ ഇറങ്ങി നടക്കാന്‍ പറ്റുകേല.
  • ഇവിടെ കടത്തിണയില്‍ ഉറങ്ങുന്നതുപോലെ അവിടെയും ആളുകള്‍ റോഡില്‍ കിടന്നുറങ്ങുന്നുണ്ട്.അതും കൊടും തണുപ്പും സഹിച്ചുകൊണ്ട്.

സമയം കിട്ടുവാണെല്‍ കുറച്ചു കൂടി എഴുതാം.

2010, ജൂൺ 6, ഞായറാഴ്‌ച

അമേരിക്ക v/s ഇന്ത്യ വ്യത്യാസങ്ങള്‍

വിസയുടെ കഥ വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ടാകും അമേരികയിലേക്ക് പോയാല്‍ ആ കഥയും വിസ്തരിച്ച് എഴുത്തുമെന്ന്.പക്ഷേ തെറ്റി.വിസയെടുക്കല്‍ ഒരു വാശി ആയിരുന്നു.കാരണം നമ്മുടെ അവിടെ കുറെ പേര് അമേരികയിലേക്കുള്ള വിസയെടുക്കാന്‍ നടക്കുന്നുണ്ട്.അവരെക്കാളും മുമ്പ് എടുക്കുക അതൊരു സംഭവമല്ലേ.അതുകൊണ്ട് മാത്രം.ആ ഇന്‍ററസ്റ്റ് കൊണ്ട് മാത്രമാണ് വിസയെടുക്കാന്‍ പോയ കഥ എഴുതിയത്.

അങ്ങോട്ട് പോകുക എന്നത് അത്ര ആഗ്രഹം അല്ലാത്തതിനാല്‍ പോയതിന്റെ കഥ എഴുതാന്‍ തോന്നുന്നില്ല.പക്ഷേ ഒന്ന് താരതമ്യപ്പെടുത്താന്‍ തോന്നുന്നുണ്ട്.എന്തു ചെയ്യനാ ബ്ലോഗര്‍ ആയതിന് ശേഷം എങ്ങോട്ട് പോയാലും എന്തെങ്കിലും എഴുതത്തെ ഉറക്കം വരുന്നില്ല.അപ്പോള്‍ കാര്യത്തിലേക്ക് വരാം.ഞാന്‍ കണ്ടിട്ടുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസങ്ങള്‍.ഞാന്‍ കണ്ട ഇന്ത്യ എന്ന് പറയുന്നത് കേരളവും(21 വര്‍ഷം) തമിഴ് നാടും(5 വര്‍ഷം).അമേരിക്ക എന്നത് ന്യൂ ജേഴ്സിയും ന്യൂ യോര്‍കും മാത്രം(20 ദിവസങ്ങള്‍).

 

മേഖല ഇന്ത്യ അമേരിക്ക
വാഹനം വലതുവശത്ത് സ്റ്റീറിംഗ്,ഇടത്ത് വശം ചേര്‍ന്ന് പോകുന്നു. ഇടത്ത് വശത്ത് സ്റ്റീറിംഗ്,വലതു വശം ചേര്‍ന്ന് പോകുന്നു.
വാഹനം സാധാരണയായി കാറിനാണ് ബൈക്കിനേക്കാള്‍ വില കൂടുതല്‍ കാറിന് വിലകുറവും ബൈക്കിന് വില കൂടുതലും
വാഹനം 99% കാറുകളിലും മാനുവല്‍ ആയി ഗിയര്‍ മാറ്റണം. ഭൂരിഭാഗവും കാറുകളിലും ഓട്ടോമാറ്റിക് ഗിയര്‍ ആണ്.
വാഹനം ലിറ്ററില്‍ പെട്രോള്‍ അടിക്കുന്നു. ഗ്യാലനില്‍ ഗ്യാസ്(പെട്രോള്‍ തന്നെ) അടിക്കുന്നു.
വാഹനം ഒരു സൂചി കയറ്റാനുള്ള ഗ്യാപ്പ് കിട്ടിയാല്‍ ഓവര്‍ടേക്ക് ചെയ്യും. ഓവര്‍ടേക്കിങ് നിരോധിച്ച റോഡിലാണെങ്കിലും ഓവര്‍ടേക്കിങ് ഫ്രീവേകളില്‍ മാത്രം.അല്ലെങ്കില്‍ തള്ളികൊണ്ട് പോകുന്ന വണ്ടിയാണെങ്കിലും പുറകില്‍ കാത്ത് കിടക്കും.
വാഹനം വാഹനത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഗം ഹോണ്‍ ആണ്. ഹോണ്‍ ഇല്ലാതെ വണ്ടി ഓടിക്കാന്‍ പറ്റില്ല. ഏറ്റവും കുറവ് ഉപയോഗിക്കുന്ന ഭാഗം ഹോണ്‍.ഹോണ്‍ ഒരു അലങ്കാര വസ്തു മാത്രം.
വാഹനം സീബ്ര ലൈന്‍ ആയാലും ഒന്ന് നീട്ടി ഹോണ്‍ അടിച്ചുകൊണ്ട് പോകും.എത്ര പേര്‍ വിടെ ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ടെങ്കിലും. റോഡില്‍ ഏത് ഭാഗത്തായാലും ആരെങ്കിലും ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ടെങ്കില്‍ അവര്‍ ക്രോസ്സ് ചെയ്യുന്നതുവരെ കാത്ത് നില്‍ക്കും.
വാഹനം തിയററ്റിക്കലി പറ്റിലെങ്കിലും പ്രാക്ടീകലി ഏതു റോഡിലും,പാര്‍ക്കിങ് സ്ഥലത്തും പാര്‍ക്ക് ചെയ്യാം. പാര്‍ക്ക് ചെയ്യുന്നതിന് മുന്പ് അത് വികലാംഗര്‍ക്ക് ഉള്ളതാണോ ഫയര്‍ ലൈന്‍ ആണോ എന്നൊക്കെ നോക്കണം.
വാഹനം ഒരുമണിക്കൂര്‍ ഓടിച്ചാലെ ക്ഷീണവും മടുപ്പും. ഡെയ്ലി ആളുകള്‍ ഓഫീസില്‍ പോകുന്നത് ഒന്നര രണ്ട് മണിക്കൂര്‍ ഓടിച്ചിട്ടാ.
വാഹനം ലോഡ് കയറ്റിയ ലോറി ഒന്ന്‍ പോകുകയാണെങ്കില്‍ തീര്‍ന്നു.ട്രാഫിക് ജാം. ലോഡ് കയറ്റിയ ട്രക്കുകള്‍ വേണ്ടി വന്നാല്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യും.
വാഹനം കുട്ടികളെ കാറിന്റെ ഡിക്കിയില്‍ വേണമെങ്കിലും കയറ്റികൊണ്ട് പോകാം. കുട്ടികളെ കാറില്‍ കയറ്റണമെങ്കില്‍ അവരുടെ പാകത്തിലുള്ള ചെറിയ സീറ്റ് പിടിപ്പിക്കണം.
റോഡ് ഡിവൈഡെര്‍ ഇല്ലാത്ത എവിടെ വച്ച് വേണമെങ്കിലും U റ്റേണ്‍ എടുക്കാം. U റ്റേണ് ചെയ്യണമെങ്കില്‍ ചിലപ്പോള്‍ മൈലുകള്‍ പോകേണ്ടിവരും‍
റോഡ് വഴിയറിയില്ലെങ്കില്‍ ചോയ്ച് ചോയ്ച് പോകാം. G.P.S. ഇല്ലെങ്കില്‍ തെണ്ടിപോകും. റോഡിലെങ്ങും ഒരു മനുഷ്യനും ഉണ്ടാകില്ല.
ഹോട്ടല്‍ ഇടത്തരം ഹോട്ടല്‍ ആണെങ്കില്‍ രാത്രിയില്‍ റൈയ്ഡ് ഉറപ്പ്. രാത്രിയില്‍ മാത്രമുള്ള റൈയ്ഡ് എന്നൊരു ഏര്‍പ്പാടെ ഇല്ല.
ഹോട്ടല്‍ ഹോട്ടേലിന്‍റെ മുമ്പില്‍ ഒരു സ്കൂള്‍ ബസ് വന്നുനിന്നു ഒരു കുട്ടിയെ കയറ്റുന്നത് കാണാനെ പറ്റില്ല. ഹോട്ടേലിന്‍റെ മുന്‍പില്‍ വന്നു നിന്ന് കുട്ടികളെ കയറ്റുന്നത് കാണാം.
ഹോട്ടല്‍ നമ്മള്‍ കൊണ്ട് വന്ന ബാഗുകള്‍ എല്ലാം റൂം ബോയ് കൊണ്ട് വയ്ക്കും.എന്നിട്ട് തല ചൊറിഞ്ഞു നില്‍ക്കും ടിപ്പിനുവേണ്ടി. നമ്മുടെ ബാഗുകള്‍ നമ്മള്‍ തന്നെ എടുത്തുകൊണ്ട് പോയാല്‍ നമുക്ക് കൊള്ളാം.ഒരുത്തനും വരുകേല.
ഹോട്ടല്‍ നല്ല ഹോട്ടല്‍ ആണെങ്കില്‍ അവര്‍ തന്നെ ഡെയ്ലി ക്ലീനിങ് ചെയ്യും. ഡെയ്ലി ക്ലീന്‍ ചെയ്യണമെങ്കില്‍ വേറെ ഡോളര്‍ കൊടുക്കണം. അല്ലെങ്കില്‍ വല്ലപ്പോഴും.(ഞാന്‍ താമസിച്ച ഹോട്ടല്‍ അങ്ങനെയായിരുന്നു. ബാക്കിയുള്ളത് അറിയില്ല.)
റെസ്റ്റോറന്‍റ് സപ്ലയ് ചെയ്യുന്നവര്‍ പുരുഷന്മാര്‍ ആയിരിക്കും. സപ്ലയ് ചെയ്യുന്നത് സ്ത്രീ ജനങ്ങള്‍ മാത്രം.
റെസ്റ്റോറന്‍റ് ഒരു സാധനം ചോദിച്ചാല്‍ ഇങ്ങ് കൊണ്ട് വരും. ഒരു സാധനം ചോദിച്ചാല്‍ മറു ചോദ്യങ്ങള്‍ ആണ്.ഇതില്‍ ഉപ്പ് എത്ര ഇടണം,പഞ്ചസാര എത്ര,ഏതു ടൈപ്പ് കുരുമുളക് ഇടണം.മുടിഞ്ഞ കസ്റ്റമൈസേഷന്‍.
റെസ്റ്റോറന്‍റ് ഒരു ലൈം ജ്യൂസോ കോളയോ ചോദിച്ചാല്‍ ഒരു ഗ്ലാസ്സ് അത്രതന്നെ. ഒരു ജ്യൂസ് വാങ്ങിയാല്‍ അത് മതിയാവോളം കുടിക്കാം.അവര്‍ റീഫില്‍ ചെയ്യും.
റെസ്റ്റോറന്‍റ് ടിപ്പു കൊടുത്താല്‍ കൊടുത്തു.ആരും ചോദിക്കില്ല മിനിമം 10% ടിപ്പു ചോദിച്ചു വാങ്ങും.ചിലപ്പോള്‍ ബില്ലില്‍ കാണും.
ഷോപ്പിങ് കടയില്‍ കയറിയ ഉടനെ എന്താ വേണ്ടതെന്ന് ചോദിച്ചു രണ്ട് പേരെങ്കിലും വരും.ഒന്നും അറിയില്ലെങ്കിലും സാധനത്തിനെപ്പറ്റി വര്‍ണിച്ചുകൊണ്ടേ ഇരിക്കും. എന്താണ് ചേട്ടാ വേണ്ടത് എന്ന്‍ ഒരുത്തനും ചോദിക്കില്ല. ഇതെന്താ എന്ന് ചോദിച്ചാല്‍ വില അല്ലാതെ മറ്റൊന്നും അറിയേഇല്ല.
ഷോപ്പിങ് ഷോപ്പിങ് മാളില്‍ വച്ച് കാഷ് തീര്‍ന്ന് പോയാല്‍ ഒന്നുകില്‍ വീട്ടില്‍ പോകണം. അല്ലെങ്കില്‍ A.T.M.ഇല്‍ പോകണം. ഷോപ്പിങ് മാളുകളില്‍ ഉള്ള സ്വര്‍ണം എടുക്കുന്ന കടയില്‍ കയറി വേണമെങ്കില്‍ സ്വര്‍ണം വിറ്റു ഷോപ്പാം.
ഷോപ്പിങ് ഒന്ന് വാങ്ങിച്ചു പോയാല്‍ വാങ്ങിയത് തന്നെ.കേടായ സാധനം തന്നെ മാറ്റി കിട്ടണമെങ്കില്‍ അവരുടെ കയ്യും കാലും പിടിക്കണം. വാങ്ങി ഒരാഴ്ച ഉപയോഗിച്ച് കടയില്‍ കൊണ്ടുപോയി കൊടുത്താലും ഒന്നും പറയില്ല.അവര്‍ തിരിച്ചെടുക്കും
ഷോപ്പിങ് ഓണ്‍ലൈന്‍ ആയി വാങ്ങിച്ചാല്‍ വിലകൂടുതല്‍ കടയില്‍ പോയി വാങ്ങിച്ചാല്‍ വില കൂടുതല്‍.പ്രത്യേകിച്ച് ഇലക്ട്രോണിക്സ്(ഓഫറുകളും കൂപ്പണുകളും ഉണ്ടെങ്കില്‍ go online)
നിയമങ്ങള്‍ വലിയ കുഴപ്പമില്ലാതെ മരങ്ങള്‍ മുറിക്കാം. മരം മുറിക്കാന്‍ അനുവാദം വേണം.
നിയമങ്ങള്‍ നമ്മുടെ വീട് നമുക്കിഷ്ടമുള്ള പോലെ പരിപാലിക്കാം. നമ്മുടെ വീടിന്‍റെ പരിസരം   അലങ്കോലമായാല്‍ അയലോക്കക്കാരന്‍ കേസ് കൊടുക്കും
നിയമങ്ങള്‍ വീടിന്‍റെ മുന്‍പിലെ പുല്ല് നമുക്കിഷ്ടമുള്ളപ്പോള്‍ വെട്ടാം 4 ഇഞ്ചില്‍ കൂടുതലായാല്‍ പോലീസ് നമ്മുടെ വീട്ടില്‍ വരും.
നിയമങ്ങള്‍ സ്കൂള്‍ ബസിനു ചുറ്റും കുട്ടികള്‍ ഓടികളിച്ചാലും ഇല്ലെങ്കിലും സ്കൂള്‍ബസിനെ ഓവര്‍ടേക്ക് ചെയ്യും. ഒരു സ്കൂള്‍ ബസ് നിന്ന് കുട്ടികളെ കയറ്റുകയാണെങ്കില്‍ കയറ്റി കഴിഞ്ഞേ നമുക്ക് അത് വഴി പോകാന്‍ പറ്റൂ.അത് വരെ വെയിറ്റ് ചെയ്യണം.
നിയമങ്ങള്‍ നമ്മുടെ സ്വന്തം കുളമോ അല്ലെങ്കില്‍ പൊതു കുളമോ ആയാല്‍ അവിടെ മീന്‍ പിടിക്കാന്‍ ആരുടെയും അനുവാദം വേണ്ട. ഒന്ന്‍ മീന്‍ പിടിക്കണമെങ്കില്‍ ലൈസന്‍സ് വേണം
പലവക വെള്ളം കിട്ടാനില്ലെങ്കിലും എല്ലാത്തിനും വെള്ളമെ ഉപയോഗിക്കൂ വെള്ളം ധാരാളം ഉണ്ടെങ്കിലും പേപ്പറേ ഉപയോഗിക്കൂ.
പലവക മീന്‍ പിടിക്കാന്‍ പോയാല്‍ കിട്ടിയ മീനിന്നെ എപ്പോള്‍ പൊരിച്ചു എന്ന് ചോദിച്ചാല്‍ മതി. മീന്‍ പിടുത്തം എന്നാല്‍ അത് മാത്രം.പിടിച്ചു കഴിഞ്ഞാല്‍ അതിനെ തിരിച്ചു വിടും.
പലവക ഭൂരിഭാഗം സമയങ്ങളില്‍ വെജ് കഴിക്കും.വെജിനാണ് വിലക്കുറവ്. വെജ് വല്ലപ്പോഴും.വെജിന് വില കൂടുതലും.

ഇനിയും കുറെ കാര്യങ്ങള്‍ ഉണ്ട്. സമയം കിട്ടുമ്പോള്‍ ചേര്‍ക്കാം.

2010, മേയ് 26, ബുധനാഴ്‌ച

കേരള ലൈഫ് ജാക്കറ്റ്

ലൈഫ് ജാക്കറ്റ് ആദ്യമായി കണ്ടപ്പോള്‍ മുതലുള്ള ഒരാഗ്രഹമാണ് ഒരെണ്ണം വാങ്ങിക്കുക എന്നത്.ആദ്യമായി കണ്ടത് ടൈറ്റാനിക് സിനിമായിലാണ് എന്ന് തോന്നുന്നു.ആദ്യത്തെ ജോലി കിട്ടി വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് അതൊരു ചെറിയ സാധനമല്ല എന്ന് മനസിലായത്.അത്യാവശ്യം നല്ല വിലയുണ്ട്.പിന്നെ ഒന്ന് ശ്രമിച്ചത് ഓണ്‍സൈറ്റ് പോയപ്പോഴാണ്.അപ്പോഴും ഒരു പ്രശ്നം കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടാണ്.അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ പിള്ളേര് ഉണ്ടാക്കുന്ന ലൈഫ് ജാക്കറ്റ് ഓര്‍മ വന്നത്.അതും പത്ത് പൈസ ചിലവില്ലാത്ത ലൈഫ് ജാക്കറ്റ്.

പാഴ്വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു കിടിലന്‍ സാധനം.ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഒരു ചരടും അതാണ് അസംസ്കൃത വസ്തുക്കള്‍ .ഒഴിഞ്ഞ കുപ്പികള്‍  നന്നായി അടച്ചു ഒരു ചരടില്‍ കെട്ടി ഉറപ്പിച്ചതിനുശേഷം ആ ചരട് അരയില്‍ കെട്ടുന്നു. കഴിഞ്ഞു. ഇതുമായി വെള്ളത്തില്‍ ചാടിയാല്‍ മുങ്ങുമെന്ന പേടിയേ വേണ്ട.ചെറിയ കുട്ടികളാണെങ്കില്‍ ഒരു 5 കുപ്പികള്‍ മതി. അല്ലെങ്കില്‍ ഒരു പത്ത് മാക്സിമം.

കണ്ടോ എന്താ ഒരു സ്റ്റൈല്‍.

ലൈഫ് ജാക്കറ്റ് ഇന്‍ ആക്ഷന്‍

ഒരു ലിറ്ററിന്‍റെ കുപ്പി ഒരു 5ഓ 6ഓ കിലോ വരെ താങ്ങും എന്നാണ് നമ്മുടെ ലോക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

ഉപയോഗങ്ങള്‍

മെയിന്‍ ഉപയോഗം നീന്തല്‍ പഠിക്കാം എന്നത് തന്നെ.ഇതങ് കെട്ടി വെള്ളത്തില്‍ ചാടുക എന്നിട്ട് കയ്യും കാലും ഇട്ടടിക്കുക. പഠിക്കുന്നതിനനുസരിച്ച് കുപ്പികളുടെ എണ്ണം കുറക്കം.

2010, മേയ് 16, ഞായറാഴ്‌ച

പോസ്റ്റലായി നീന്തല്‍ പഠിക്കാം 2

കഴിഞ്ഞ ഭാഗം വായിച്ചു പ്രക്ടിക്കല്‍ എടുത്തിട്ടു ആര്‍ക്കും കുഴപ്പം ഒന്നുമുണ്ടായില്ല എന്ന വിശ്വാസത്തില്‍ ഡേ 3യിലേക്ക്.

ഡേ 3

കാലുകള്‍ നീന്തലിനായി തയ്യാറായ സ്ഥിതിക്ക് ഇന്ന് കയ്യിലേക്ക് വരാം.ആദ്യമായി വലതു കൈ ആണ് ശരിയാക്കാന്‍ പോകുന്നത്.കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ കൈകള്‍ രണ്ടും കുത്തി കാലിട്ടടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വലതു കൈ ഉയര്‍ത്തുക.എന്നിട്ട് തുഴയുക.ആദ്യമൊക്കെ ബാലന്‍സ് കിട്ടാതെ മുങ്ങുമെങ്കിലും കുറച്ചു കഴിയുമ്പോള്‍ ശരിയാകും.വലതു കൈ കഴക്കുമ്പോള്‍ ഇടത്ത് കൈ  കൊണ്ട് തുഴയുക.ഇടത്ത് കൈ കൊണ്ട് തുഴയുമ്പോള്‍ വലതു കൈ നിലത്ത് കുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശാസ്ത്രീയമായി പറഞ്ഞാല്‍ കൈ കൊണ്ട് തുഴയലാണ് നമ്മളെ മുന്‍പോട്ട് നീക്കുന്നത്.കാലുകള്‍ കൊണ്ടുള്ള അടി പൊങ്ങി കിടക്കാന്‍ മാത്രമാണ്.ഒരു കൈ കൊണ്ട് തുഴയുമ്പോള്‍ നമുക്ക് തന്നെ നമ്മള്‍ നീങ്ങുന്നത്. അറിയാന്‍ പറ്റും.മനശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ ഒരാള്‍ക്ക് തനിക്കും നീന്തല്‍ പഠിക്കാം അല്ലെങ്കില്‍ കുറച്ചു പഠിച്ചു എന്ന ആത്മവിശ്വാസമാണ് ഇവിടെ ഉണ്ടാകുന്നത്.ചുരുക്കി പറഞ്ഞാല്‍ ഒറ്റകൈയ്യില്‍ നിന്നുകൊണ്ട് ഈ അഭ്യാസം ചെയ്യാന്‍ പറ്റിയാല്‍ ഡേ 3 നിറുത്താം.

ഡേ 4

ഇന്നാണ് ശരിക്കുമുള്ള നീന്തല്‍.അതായത് ഡേ 3യില്‍ കൈ കുത്തി നിന്ന് കാണിച്ചത് കൈ കുത്താതെ ചെയ്യുന്നു.രണ്ട് കൈയും ഉപയോഗിച്ച് തുഴയുന്നു അത്രതന്നെ.സ്വാഭാവികമായും നില്‍ക്കുന്നത് പടവിന് അഭിമുഖമായത്തുകൊണ്ട് നീന്തുമ്പോ പടവില്‍ ചെന്ന്‍ തലയിടിക്കാന്‍ സാധ്യതയുണ്ട്.സൂക്ഷിക്കുക.തുടങ്ങിയ പൊസിഷന്‍ ഓര്‍മയില്ലെങ്കില്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് നീന്തല്‍ തുടങ്ങുന്നത് മുട്ടിനൊപ്പം വെള്ളത്തില്‍ ഇറങ്ങി പടവിന് അഭിമുഖമായി നിന്നുകൊണ്ടാണ്.അതായത് നീന്തുമ്പോ നമ്മള്‍ പടവിലേക്ക് ആണ് നീന്തുന്നത് അല്ലാതെ നിലയില്ലാത്ത വെള്ളത്തിലേക്കല്ല.

പൂജ്യം മുതല്‍ ഒന്‍പത് വരെ പത്ത് ചിഹ്നങ്ങള്‍ ഉണ്ടെന്നും അതുപയോഗിച്ച് ഏതൊരു വലിയ സംഖ്യയെയും ഉണ്ടാക്കാമെന്നും പറഞ്ഞു കൊടുത്താല്‍ ഏതൊരു വലിയ സംഖ്യയെയും ഉണ്ടാക്കുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍.ഇങ്ങനെ പഠിക്കാനും പഠിപ്പിക്കുവാനുമാണു എനിക്ക് താത്പര്യം.പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍ നീന്തല്‍ എന്താണെന്ന് നിങ്ങള്‍ പഠിച്ചു കഴിഞ്ഞു.ഇനി നിങ്ങള്‍ നിങ്ങളുടെ എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച് നിലയില്ലാത്ത വെള്ളത്തിലേക്ക് നീന്തേ,മലര്‍ന്ന് നീന്തേ,ഊളാക്ക് ഇടേ എന്താണെന്നുവച്ചാ ചെയ്യ്.അങ്ങട് അര്‍മാദിക്ക്...

2010, മേയ് 15, ശനിയാഴ്‌ച

പോസ്റ്റലായി നീന്തല്‍ പഠിക്കാം 1

പോസ്റ്റലില്‍ നീന്തല്‍ പഠിക്കുക എന്നത് കാക്ക മലര്‍ന്നു പറക്കുക ,കോഴിക്ക് എന്തോ വരിക ,എനിക്ക് ഒരു ലൈനുണ്ടാകുക എന്നതുപോലെ നടക്കാത്ത ഒരു കാര്യമാണ് എന്നാണല്ലോ എല്ലാവരുടെയും ധാരണ.കോഴിക്ക് വരാത്ത സാധനത്തിന്‍റെ പേര് എന്ന് എനിക്കെഴുതാന്‍ അറിയാഞ്ഞിട്ടല്ല.പിന്നെ അതെങ്ങാനും വല്ലവന്മാരും സെര്‍ച്ച്‌ ചെയ്തു എന്റെ ബ്ലോഗില്‍ എത്തിപ്പെട്ടാല്‍ പിന്നെ അതുമതി ബൂലോഗത്തുനിന്നും പെണ്ണുകിട്ടാതിരിക്കാന്‍.അല്ലെങ്കില്‍ തന്നെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയില്‍ ഇരുന്നു വായില്‍ നോക്കി  ആ ഭാഗത്തു നിന്നും പെണ്ണു കിട്ടില്ല എന്നുറപ്പാക്കിക്കഴിഞ്ഞു.      

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് നീന്തല്‍ പഠിക്കുന്ന കാര്യം.അതും ബ്ലോഗ് പോസ്റ്റായി.എന്തിന് നീന്തല്‍ പഠിക്കണം എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല..നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ കണ്ടാല്‍ എത്രയും പെട്ടെന്ന്‍ പഠിക്കുന്നോ അത്രയും നല്ലത് എന്ന് തോന്നിപ്പോകും. ഓരോരുത്തരോടും ചോദിച്ചാല്‍ പല വഴികളായിരിക്കും പറഞ്ഞു തരിക.ഈ വഴി എന്‍ വഴി.അതായത് ഞാന്‍ നീന്തല്‍ പഠിച്ച വഴി.ഏത്?

ആവശ്യമുള്ള കാര്യങ്ങള്‍

പടവുകള്‍ ഉള്ള ഒരു കുളം (ഇംഗ്ലീഷില്‍ സ്വിമ്മിംഗ് പൂള്‍ വിത്ത് പടവ്സ്). – 1

ഒന്ന് മുങ്ങി കുറച്ചു വെള്ളം കുടിച്ചാലും ഞാന്‍ നീന്തല്‍ പഠിക്കും എന്നുറപ്പുള്ള മനസ് – 1

നന്നായി നീന്തല്‍ അറിയാവുന്ന ഒരാള്‍-അത്യാവശ്യത്തിന്

പഠിക്കേണ്ട വിധം

ഡേ 1

ആദ്യമായി കുളത്തിലിറങ്ങുക.ഏതെങ്കിലും ബ്ലെടി ഫൂള്‍സ് വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ ആഗ്രഹിച്ചാണ് വന്നതെങ്കില്‍ ഗെറ്റ് ഔട്ട് ഓഫ് ദി ക്ലാസ്.അല്ലപിന്നെ.വെള്ളം കാല്‍മുട്ട് വരെ എത്തുന്നുണ്ടെങ്കില്‍ ‍ തിരിഞ്ഞു നിന്ന്‍(എബൌറ്റേണ്‍) കൈ പടവില്‍ കുത്തുക.കാല്‍മുട്ട് വരെ വെള്ളം ഇല്ലെങ്കില്‍ ഒരു സ്റ്റെപ്പ് കൂടെ ഇറങ്ങുക.പണ്ട് സ്കൂള്‍ അസംബ്ലിയില്‍ മര്യാദക്ക് ഡ്രില്‍ ചെയ്തിട്ടുണ്ടെങ്കില്‍ വലിയ കുഴപ്പമില്ലാതെ ഈ കാര്യം സാധിക്കാം.

ഇനി പതുക്കെ കാലുകള്‍ പുറകിലോട്ട് നീട്ടുക.കാലുകള്‍ ഒരിക്കലും വെള്ളത്തില്‍ പൊന്തി കിടക്കും എന്ന് വിചാരിക്കരുത്. അത് താന്നു പോകും.കാലുകള്‍ വെള്ളത്തില്‍ പൊന്തികിടക്കാന്‍ എന്തുചെയ്യാം?സാധാരണ ഒരാള്‍ നീന്തുമ്പോ എന്തു ചെയ്യും അത് തന്നെ ചെയ്യുക.അതായത് കാലിട്ടടിക്കുക.(ആരെങ്കിലും ഒരാള്‍ നീന്തുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ അഥവാ എങ്ങിനെ കാലിട്ടടിക്കണം എന്നറിയില്ലെങ്കില്‍ യൂട്യൂബ് എടുത്ത് സര്‍ച്ച് ചെയ്യുക.എന്നിട്ട് ബാക്കി വായിച്ചാല്‍ മതി.)

തിന്നു കൊഴുതിരിക്കുന്ന ശരീരമാണെങ്കില്‍ ആദ്യം നല്ല ബുദ്ധിമുട്ടായിരിക്കും.എന്തു തന്നെ ആയാലും കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കാലിട്ടടിച്ചുകൊണ്ട് വെള്ളത്തില്‍ അരക്ക് താഴെയുള്ള ഭാഗം സമാന്തരമായി പിടിക്കാന്‍ പറ്റും.ദേ താഴെ കാണുന്ന പോലെ.

ഡേ 2

ഇത് ശരിയായി കഴിഞ്ഞാല്‍ അതായത് 90 ഡിഗ്രിയില്‍ കൈ കുത്തി കാലുകൊണ്ട് വെള്ളത്തിലടിച്ച് നില്‍ക്കുന്ന പരിപാടി, പതുക്കെ ശരീരം പുറകോട്ട് നീക്കി  പഴയ പരിപാടി തന്നെ ചെയ്യുക.ചുരുക്കി പറഞ്ഞാല്‍ 90 ഡിഗ്രിയില്‍ കൈ കുത്തുന്നതിന് പകരം ഒരു 270 ഡിഗ്രിയില്‍ കുത്തുക.ദേ വീണ്ടും ഒരു പടം.

ഈ പോസിഷനിലും നിങ്ങള്‍ക്ക് കാലിട്ടടിച്ച് സമാന്തരമായി നില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഡേ 2 വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.പിന്നെയും സമയമുണ്ടെങ്കില്‍ ഇതേ കാലിട്ടടി നിങ്ങള്‍ക്ക് കൈ പലതരത്തില്‍ കുത്തി നിന്ന്‍ പരീക്ഷിക്കാവുന്നതാണ്.ഉദാഹരണമായി കൈക്ക് പകരം വിരലുകള്‍ കുത്തി നിന്ന്‍ പരീക്ഷിക്കാം.ഇമ്മാതിരി പരീക്ഷണങ്ങള്‍ നടത്തുമ്പോ നീന്തല്‍ അറിയാവുന്ന ആരെങ്കിലും അടുത്തുണ്ടാകുന്നത് മൂക്കില്‍ പഞ്ഞി വക്കല്‍‍ ഒഴിവാക്കാന്‍ സഹായിക്കും.

ഡേ 2 വിന്‍റെ ഉദ്ദേശ്യം നിങ്ങളുടെ കാലുകള്‍ നീന്തല്‍ പര്യാപ്തമാക്കുക എന്നതാണ്. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.അടുത്ത ലക്കത്തില്‍ കാണാം.

 

NB: ഇത് വായിച്ചു ഇതുപോലെയെല്ലാം ചെയ്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ ഞാനോ എന്‍റെ ബ്ലോഗോ ഉത്തരവാദികളല്ല.മറിച്ച് ഒരു ഗുരുവിന്‍റെ സ്ഥാനത്ത് കണ്ട് എന്തെങ്കിലും തരാന്‍(കൊട്ടേഷനോഴികെ) താല്‍പര്യമുണ്ടെങ്കില്‍ വാങ്ങിക്കാന്‍ എന്നേ തയ്യാറാണ്.

2010, മേയ് 12, ബുധനാഴ്‌ച

സെന്‍സസ് 2010

ഹലോ മേരിക്കുട്ടിയല്ലേ?...

അതേ മേരിക്കുട്ടി തന്നെയല്ല ചേട്ടന്‍ ലീവിന് വന്നിട്ടുമുണ്ട്.

ഇത് ലൂസി ടീച്ചറാ.പിന്നെ എന്തൊക്കെയുണ്ട്  വിശേഷങ്ങള്‍?

എന്തു പറയാനാ.പിള്ളേര് രണ്ടും ജയിച്ചു.മൂത്തത് 7ലും രണ്ടാമത്തേത് 3നിലും.

അല്ല മേരിക്കുട്ടി നിന്റെ അമ്മായി അമ്മ ഇപ്പോഴും നിന്റെ കൂടെ ആണോ? അതോ അനിയത്യാരുടെ കൂട്യാ?

ഓ തള്ള കഴിഞ്ഞ മാസം അവരുടെ വീട്ടിലേക്ക്  പോയി.

.................

.................

നിന്റെ വീടിന്‍റെ അപ്പുറത്ത് താമസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടോ? അവിടെ എത്രയാ ആള്‍ക്കാര്? അവര്‍ക്ക് എത്ര പിള്ളാരുണ്ട്?

............................

...............

അതെ നിന്റെ വീടിന്‍റെ കിഴക്കേന്‍റെ കിഴക്കേല് താമസിക്കുന്ന രമണിയുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരാവോ? സെന്‍സസ് എടുക്കാനാണെ...നിന്റെ എല്ലാം ഞാന്‍ എഴുതി വച്ചേക്കാം .പള്ളിയില്‍ വച്ച് കാണുമ്പോള്‍ ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി....അനിയത്യാരും പള്ളിയില്‍ കാലത്തെ കുര്‍ബാനക്ക് തന്നെ വരുമല്ലോ അല്ലേ?

2010, മേയ് 9, ഞായറാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 6

കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ ചിലര്‍ക്കൊക്കെ തോന്നിയിരിക്കും ഇവനു വിസയൊക്കെ എവിടെ കിട്ടാന്‍.വെറും അലസന്‍.ഇനിയിപ്പോള്‍ കയറിയാല്‍ തന്നെ എന്തെങ്കിലും മണ്ടത്തരം ഒപ്പിച്ചു വിസ കളയും.

പക്ഷേ അതിന് വേറെ ആളെ നോക്കിയാല്‍ മതി.നമ്മളോടാ കളി? ഞാന്‍ കയറിയപ്പോഴല്ലേ കണ്ടത് എനിക്കും മുന്പ് അപ്പോയിന്‍റ്മെന്‍റ് ഉള്ളവരൊക്കെ ഇപ്പോഴും എന്റെ തോട്ടു മുന്‍പില്‍ നില്‍ക്കുന്നു. ഛേ വെറുതെ പേടിച്ചു.

വീണ്ടും പരിശോദനകള്‍..ഒരു രക്ഷയുമില്ല. വന്‍ സെക്യൂരിറ്റി തന്നെ.സമ്മതിച്ചു."എടീ സോഫീ ഇതൊന്നു പിടിച്ചേ .അവര്‍ക്കെന്നെ പരിശോദിക്കണമെന്ന്.ഡോക്ടര്‍ പോലും ഇത്രയ്ക്ക് പരിശോദിക്കില്ലലോ? " ഏതോ ഒരു ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ..ഒരു രക്ഷയുമില്ല ഗ്രീന്‍ മലയാളം. ദൈവമേ ഇവരൊക്കെ എങ്ങിനെ ഇംഗ്ലിഷ് പറഞ്ഞു വിസ മേടിക്കും? ചിലപ്പോള്‍ സോഫി പറയുവായിരിക്കും അല്ലേ?കണ്ടിട്ടു മരുമകളുടെ പ്രസവം നോക്കുവാന്‍ പോകുന്ന ലക്ഷണമാ.വെറുതെയല്ല ഒരു വേണം വേണ്ട എന്ന ഭാവം.

ആദ്യത്തെ കൌണ്ടര്‍..കിളിക്കൂടില്‍ ഇരിക്കുന്നത് ഇന്ത്യന്‍ തരുണീമണികള്‍.ഇവര്‍ക്കെന്താവോ ഇവിടെ കാര്യം.മദാമ്മക്ക് വല്ല നീരുവീഴ്ചയും വന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തതായിരിക്കും.അവര്‍ക്ക് ജലദോഷം വരാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ?

പക്ഷേ അവിടെ ചെന്നപ്പോഴാണ് കാര്യം മനസിലായത്.ചുമ്മാ ഡോക്യുമെന്‍റ്സ് നോക്കാന്‍ ഇരിക്കുന്നവരാ.ജീവിച്ചുപോക്കോട്ടെ അല്ലേ..ഇവര്‍ ഓകെ പറഞ്ഞാല്‍ നമുക്ക് അടുത്ത കൌണ്ടര്‍ അല്ല ,ബില്‍ഡിങ് വരെ പോകാം.അതായത് ശരിക്കുമുള്ള ഇന്‍റര്‍വ്യു നടത്തുന്നവര്‍ ഇരിക്കുന്നത് അവിടെയാണ് വിസ കിട്ടുമോ ഇല്ല്യോ എന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ഒരു തരുണീമണി ഓകെ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അടുത്ത കെട്ടിടത്തിലേക്ക്പോയി.അവിടെ ചെന്നപ്പോഴാണ് മലയാളത്തിന്‍റെ ഉപയോഗം ശരിക്ക് വന്നത്.മലയാളത്തില്‍ ഇന്‍റര്‍വ്യു നടത്താം.അതുമാത്രമോ മലയാളം ഇന്‍റര്‍വ്യു നടക്കുന്നിടത്ത് ഒരു മനുഷ്യനില്ല.ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ നിന്നും ചാല്‍ടി ..ചാല്‍ടി എന്ന് പറഞ്ഞു ചാലക്കുടിക്ക് ആളെ കയറ്റുന്നപോലെ വിളിച്ചു കയറ്റുന്നു.ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ വന്നതും ഇന്‍റര്‍വ്യു അറ്റെന്‍ഡ് ചെയ്യുന്നു.സോഫിയെ കാണുന്നില്ല.വല്ല്യമ്മ ഒറ്റക്ക് കയറി മദാമ്മയോട് എന്തോ പറഞ്ഞു.അവര്‍ പെട്ടെന്ന് തന്നെ പാസ്പോര്‍ട്ട് മേടിച്ചു വച്ചു.പാസ്പോര്‍ട് വാങ്ങിച്ചു=വിസ കിട്ടി എന്നുള്ള സമവാക്യം വച്ചു നോക്കിയാല്‍ വല്ല്യമ്മക്ക് വിസ!!!

ഇംഗ്ലിഷ് അറിയാം എന്ന് പറഞ്ഞുപ്പോയി എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ അവിടെ ചുമ്മാ ഇരിക്കേണ്ടി വന്നു.ടാഗ് തൂക്കി വന്നിട്ടുള്ള കുറച്ചു ടി.സി.എസ്സെന്‍മാരും എസ്സികളും അവിടെ ഇവിടെയായി ഇരിക്കുന്നുണ്ട്.ഭാവം കണ്ടാല്‍ ഏതോ ആപ്റ്റിട്യൂഡ് ടേസ്റ്റ് എഴുതാന്‍ വന്നതാണെന്ന് തോന്നും.എന്താണാവോ ഇവര് പഠിക്കുന്നത്?

കിളിക്കൂടുകളില്‍ ഒരു മദാമ്മ മാത്രം സാരി ഉടുത്തിരിക്കുന്നു.തത്കാലം അതോരാശ്വാസം.ആ കൌണ്ടര്‍ തന്നെ കിട്ടുമോ ആവോ? ബാക്കിയുള്ളവടെയെല്ലാം മുറയ്ക്ക് വിസ കൊടുപ്പും മടക്കലും നടക്കുന്നുണ്ട്.റിജക്റ്റ് ചെയ്ത ചിലവരുടെ മുഖം കണ്ടാല്‍ എന്തോ ഭയങ്കര നഷ്ടം സംഭവിച്ചതുപോലെ...എന്‍റെ ചേട്ടാ കുറച്ചു കാലം കഴിഞ്ഞാല്‍ വീണ്ടും മുട്ടി നോക്കാലോ..ഇത്ര ഫീലിങ്സ് അടിക്കണോ? ഈ നിലക്ക് എന്‍ജിനിയറിങ് മൂന്നാം സെമിലെ മാത്സ് പേപ്പര്‍ ഓരോ പ്രാവശ്യം പൊട്ടുമ്പോഴും ഞാന്‍ എത്ര ഫീലിങ്സ് അടിക്കേണ്ടതായിരുന്നു?

ഒരു പാറ്റേണ്‍ വച്ചു നോക്കിയാല്‍ ആദ്യത്തെ കിളിക്കൂടിലെ സായ്പ്പേട്ടന്‍ 1:1 ആണ്.അതായത് ഒരുത്തന് വിസ കൊടുത്താല്‍ മറ്റവന്നില്ല.രണ്ടാമത്തേത്തിലെ മദാമ്മ കുറെ നേരം സംസാരിച്ചതിനുശേഷമേ വിസ കൊടുക്കൂ.ഒരു പാറ്റേണും ഇല്ല.അടുത്തതിലിരിക്കുന്ന ചേട്ടന്‍ കോട്ടും സ്യൂട്ടും ഇട്ടവര്‍ക്ക് പെട്ടെന്ന് കൊടുക്കുന്നു.ഒരു പൂജാരി വന്നു വിസ ചോദിച്ചു.പക്ഷേ നിഷ്കരുണം തള്ളി.ഇന്‍കം വരുന്ന വഴി ശരിയല്ല പോലും..കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലത്രേ.അതൊക്കെ ആ പൂജാരി നോക്കും.നിങ്ങളു വെറുതെ ബേജാരാകണോ?

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കിളിക്കൂടില്‍ എത്തി.ദൈവമേ എന്നെക്കാളും മുമ്പത്തെ ആള്‍ക്ക് യേവന്‍ വിസ കൊടുത്തു.എനിക്ക് കിട്ടുമോ എന്തോ?

ആദ്യത്തെ ചോദ്യം:എന്തിനാടെ അങ്ങോട്ട് കെട്ടിയെടുക്കുന്നേ?

മുന്‍പ് പഠിച്ചു വച്ച ഉത്തരം അതേപടി ഛര്‍ദിച്ചു..അവിടെ പോയാല്‍ വര്‍ക്ക് ചെയ്യുകയെ ഇല്ല.മച്ചാന്‍ ഹാപ്പി.

എന്നാണ് ഈ കമ്പനിയില്‍ ചേര്‍ന്നത്?

ഒരു സംശയവും കൂടാതെ മറുപടി..കറെക്റ്റ് ഡേയ്റ്റ് തന്നെ കാച്ചി.പുള്ളി വീണ്ടും ഹാപ്പി.

മാസം എത്ര തടയുമെടെ കൈയ്യില്‍? ഓ എന്നാ പറയാനാ.തട്ടി മുട്ടി അങ്ങ് ആര്‍ഭാടമായി ധൂര്‍ത്തടിച്ച് ജീവിക്കാനുള്ളത് കിട്ടും.

ക്ലൈയിന്‍റിന്‍റെ പേര്?

_ ._ ._ ._(സോറി പേര് ബ്ലോഗിലിട്ടാല്‍ കഞ്ഞികുടി മുട്ടും)

ക്ലൈന്‍റിന്‍റെ അഡ്രെസ്സ്?

ബീപ് ?ബീപ്?....

സിലബസിലില്ലാത്ത ചോദ്യം.പാസ്സ്.

ഓകെ അപ്പോള്‍ എന്ന് ജോയിന്‍ ചെയ്തു എന്നാ പറഞ്ഞേ?

ഓഹോ നമുക്കിട്ട് പണിയാണല്ലേ?കണ്‍ഫ്യൂഷന്‍ ആക്കി വിസ റിജക്റ്റ് ചെയ്യാന്‍? ശരിയാക്കാം കേട്ട.

ഞാന്‍ ദേ _ _ ദിവസം മുന്‍പാ.അല്ലെങ്കില്‍ വേണ്ട ദേ _ മാസവും _ ദിവസവും മുന്‍പാ ജോയിന്‍ ചെയ്തെ.

അപ്പുറത്ത് നിശബ്ദത.ഒരു അതിഭയങ്കരമായ ഒരു കാല്‍ക്കുലേഷന്‍ പുള്ളിയുടെ തലയില്‍ നടക്കുന്നതിന്‍റെ ശബ്ദം എനിക്ക് ചെറുതായി കേള്‍ക്കാം.

എന്നാ ഓകെ നിനക്കു വിസ റെഡി.പാസ്പോര്‍ട് കൊറിയര്‍ വഴി വരും.ഗുഡ് ലക്ക്.

എബൌറ്റേണ്‍.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്...എങ്ങിനെ മൌണ്ട് റോഡ് മുറിച്ചു കടന്നു എന്നറിയില്ല.റൂമില്‍ എത്തിയപ്പോഴാണ് ശരിക്കും ബോധം വന്നത്.

2010, ഏപ്രിൽ 27, ചൊവ്വാഴ്ച

അമേരിക്കന്‍ വിസാപരീക്ഷണം 5

വളരെയധികം ഓര്‍മകള്‍ ഉറങ്ങുന്ന ചെന്നൈ നഗരം.ഓ എനിക്ക് വയ്യ ഞാന്‍ ഒരു സാഹിത്യകാരനായി എന്ന് തോന്നുന്നു.എന്താ ആ പ്രയോഗം.പഴയ പോലെയല്ല.വല്ലാതെ മാറി.ചില്ലിട്ട സബ് വേകളും ഓവര്‍ ബ്രിഡ്ജുകളും.ബസ്സുകള്‍ ഒട്ടുമുക്കാലും വോള്‍വോ.പഴയ അഡയാര്‍ to  വില്ലിവാക്കം ബസ് 47ഉം 147ഉം എല്ലാം ദാവണിയില്‍ നിന്നും ജീന്‍സിലേക്ക് വന്ന പോലെ. ആകെ മൊത്തത്തില്‍ ഒരു നല്ല ലുക്ക്.

ടാക്സി വിളിക്കണോ വേണ്ടയോ? ഇമ്മാതിരി വോള്‍വോ ബസ്സുകള്‍ ഉള്ളപ്പോള്‍ എന്തിന് ടാസ്കി.കിട്ടിയ വണ്ടിയില്‍ തന്നെ ചാടിക്കേറി. നേരെ ജെമിനി ഓവര്‍ ബ്രിഡ്ജ്.

എ.സി ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ എ.സി ഹോട്ടല്‍ അത്രതന്നെ.നമ്മുടെ നാട്ടിലെ പട്ടിക്കൂട് ഇതിലും വലിപ്പമുണ്ടാകും.പക്ഷേ റെന്‍റ് നോക്കുകയാണെങ്കില്‍ അടിപൊളി.കൊടുക്കുന്ന കാശിനുള്ളത് ഉണ്ട്.പിന്നെ നമ്മള്‍ ഇവിടെ സുഖവാസത്തിന് വന്നതല്ലലോ.ഒത്താല്‍ ഒരു വിസയെടുക്കണം പോണം അത്രതന്നെ.കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചെന്നൈ.

അങ്ങനെ എല്ലാം കഴിഞ്ഞപ്പോള്‍ 7 മണി.ഒന്ന്‍ ഉറങ്ങാനുള്ള സ്കോപ്പ് ഉണ്ട്.പത്ത് മണിക്കാണ് ഇന്‍റര്‍വ്യു.കോണ്‍സുലേറ്റ് ആണെങ്കിലോ വിളിച്ചാല്‍ വിളി കേള്‍ക്കാവുന്ന ദൂരത്തും.15 mins മുന്‍പാന് റിപോര്‍ട്ട് ചെയ്യേണ്ടത്.നാട്ടില്‍ നിന്നും കിട്ടിയ ഉപദേശമനുസരിച്ച് ഒരു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അവിടെ ചെല്ലണം.പക്ഷേ ഇപ്പോള്‍ അമേരിക്കയിലേക്കൊക്കെ ആര് പോകാനാ?മൊത്തം മാന്ദ്യമല്ലേ? എച്ച്1ബി തന്നെ ഫില്‍ ആയില്ല എന്നാണ് കേട്ടത്.അതുകൊണ്ട് ഒരു ഒന്‍പത് മണിക്ക് എണീറ്റാ കാര്യം നടക്കും.പണ്ടേ ഉറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ശീലം ഉള്ളതുകൊണ്ട് തീരുമാനമെടുക്കാന്‍ ഒരു താമസവും ഉണ്ടായില്ല.

എന്‍റമ്മോ മണി. 9:30.പതിവുപോലെ അലാരം അടിച്ചപ്പോള്‍ ഭംഗിയായി ഓഫ് ചെയ്തു കിടന്നുറങ്ങി.അതുകൊണ്ട് 9 മണി എന്ന ടാര്‍ഗെറ്റ് മിസ്സ് ആയി.ഇനിയിപ്പോള്‍ പഴയത് പോലെ ടോം ആന്‍ഡ് ജെറി കളിക്കേണ്ടിവരും.അതായത് ടോമിന്റെ വായില്‍ നിന്നും ഫുഡ് അടിച്ചു മാറ്റുന്ന ജെറിയുടെ അതേ സ്പീഡ്.

പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു കയ്യില്‍ കിട്ടിയ കടലാസുകളെല്ലാം ബാഗില്‍ പെറുക്കിയെടുത്ത് ഓടുന്ന സമയത്ത് ക്ലോക്കിന്‍റെ ചെറിയ സൂചി പത്തിലും വലുത് ഏകദേശം 12ലും.റോഡിന്‍റെ അപ്പുറത്താണ് കോണ്‍സുലേറ്റ്.റോഡിന്‍റെ നടുക്കാണെങ്കില്‍ ഒരു വേലിയും.പണ്ടായിരുന്നെങ്കില്‍ ചാടി കടന്നെന്നേ.പക്ഷേ ഇപ്പോള്‍ സ്റ്റൈല്‍ മാറിയില്ലേ? ഇനിയിപ്പോള്‍ അവന്‍മാര്‍ ഇതെല്ലാം വല്ല ക്യാമറ വച്ച് കാണുന്നുണ്ടെങ്കിലോ? ആ പേര് പറഞ്ഞു വിസ കിട്ടാതെ വന്നാല്‍? ഛേ. ആദ്യമായി വേലിചാടിയത്തിന്‍റെ പേരില്‍ വിസ കിട്ടിയില്ല എന്ന ഗിന്നസ് റിക്കോര്‍ഡ് വെറുതെ എന്തിനാ വാങ്ങിക്കുന്നേ?

അങ്ങനെ ആദ്യമായി ചുറ്റിക്കറങ്ങി ക്രോസ്സ് ചെയ്തു.എന്‍റമ്മച്ചി അത്യാവശ്യം വലിപ്പമുള്ള ഒരു ക്യൂ.നാട്ടുനടപ്പനുസരിച്ച് ആ സെക്യൂരിറ്റി ചേട്ടനെ സോപ്പിട്ടാല്‍ കാര്യം നടക്കുവായിരിക്കും.പത്തോ പതിനഞ്ചോ പേര് മാത്രമുള്ള ആ ക്യൂ വിട്ട് അങ്ങനെ ഞാന്‍ സെക്യൂരിറ്റി ചേട്ടനെ മണിയടിക്കാന്‍ പോയി.(ആദ്യത്തെ പണി പാളല്‍)

ബോസ് വണക്കം ബോസ്.

ബോസ് എന്നത് ചെന്നെയില്‍ സാധാരണ വിളിക്കുന്ന അണ്ണാ എന്നതിനേക്കാള്‍ എഫെക്ട് ഉള്ള വിളിയാണ്.

ഉം.

1o മണിക്ക് താന്‍ ഇന്‍റര്‍വ്യു.ബസ് കൊഞ്ചം ലേറ്റ് ആച്ച്.അതിനാലേ നാന്‍ ലേറ്റാച്ച്.

ജാവോ ജാവോ.. ക്യൂ മേം ഘടോ...

ഓഹോ അപ്പോള്‍ അണ്ണന്,‍ അണ്ണന്‍ അല്ല അല്ലേ.ചപ്പാത്തി കഴിച്ചിട്ട് കുറച്ചു കാലം ആയതുകൊണ്ട് ഹിന്ദി അങ്ങ് വരുന്നില്ല.എന്നാലും വരുന്ന ഹിന്ദി വച്ച് അഡ്ജസ്റ്റ് ചെയ്യാം.

മേരാ ബസ് ലേറ്റ് ഹോ...

തുംകോ സമജ് മേം നഹി ആത്താ. ക്യൂ മേം ഘടോ.

ഇടത്ത് കയ്യിലുള്ള തോക്ക് വലതു കയ്യിലേക്ക് മാറ്റികൊണ്ടാണ് ഇപ്പ്രാവശ്യം പറഞ്ഞത്.കയ് കഴച്ചപ്പോള്‍ മാറ്റിപ്പിടിച്ചതായിരിക്കും.എന്തായാലും വെറുതെ എന്തിനാ അയാളുടെ ഉന്നം പരീക്ഷിക്കുന്നത്?ക്യൂ തന്നെ ശരണം.അങ്ങനെ പോകുന്ന വഴിക്ക് ഇടത്ത് സെഡില്‍ അതാ ഒരു കിളിവാതിലില്‍ ഒരു തരുണീമണി.അവിടേയും ഒന്ന് ചോദിച്ചു കളയാം.

1o o clock? Thats not a problem.

അതേടി നിനക്കൊന്നും ഒരു പ്രശ്നവുമില്ല.എന്റെ വിസ അല്ലേ പോകുന്നത്.ക്യൂവില്‍  ചെന്നു നോക്കിയപ്പോള്‍ പഴയ പതിനഞ്ചിന് പകരം 20.കയറി നിന്നു.വിചാരിക്കുന്ന പോലെയല്ല.നല്ല മൂവ്മെന്‍റ്.ഒരു 10 ആളുകള്‍ മാത്രം എന്‍റെ മുന്‍പിലുള്ളപ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.ദേ വരുന്നു ഒരു TCS.കണ്ടാലെ അറിയാം ഒരു അച്ചായത്തി ആണെന്ന്.ഇതെന്താ ക്യൂവില്‍ നില്‍ക്കാതെ അങ്ങ് പോകുന്നേ? ദേ അമ്പലത്തില്‍ ചെരിപ്പ് സൂക്ഷിക്കുന്നത് പോലത്തെ ഒരു സെറ്റപ്പ്.ബാഗ് അവിടെ കൊടുത്ത് ടോക്കെന്‍ വാങ്ങുന്നു.ശരിയാ ഇതില്‍ നില്‍ക്കുന്നവരുടെ കയ്യിലൊന്നും ബാഗുകള്‍ ഇല്ല.വീണ്ടും പണി പാളി.

എന്‍റെ വെപ്പ്രാളം കണ്ടത് കൊണ്ട് ആകാം മുന്നില്‍ നില്‍ക്കുന്ന ചേട്ടന്‍ പറഞ്ഞു.ബാഗും കൊണ്ട് ഉള്ളില്‍ കടക്കാന്‍ പറ്റില്ല മോനേ.അവിടെ കൊടുത്ത് ഏല്‍പ്പിച്ചേര് കൂടെ പത്ത് രൂപായും.യേവന്‍ ഇതോന്ന് മുന്‍പേ മൊഴിഞ്ഞിരുന്നെങ്കില്‍??

അങ്ങനെ ബാഗ് കൊടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഒരു ക്യൂ.പക്ഷേ 3 പേര് മാത്രം.അവനെന്‍റെ പാസ്പോര്‍ട് കാണണം.ഇന്‍റര്‍വ്യു ലെറ്റര്‍ കാണണം.എന്നാലേ ബാഗ് എടുക്കൂ.

അവസാനം ക്യൂ വില്‍ വന്നു നിന്നപ്പോള്‍ 15 പേര്.ആരുടെയോ തിയറി വച്ചോ ബിTech നാലാം സെമ്മില്‍ പഠിച്ച Queuing equations വച്ചോ ഒക്കെ ക്യൂ നീങ്ങുന്നുണ്ട്.അങ്ങനെ എന്‍റെ ഊഴം എത്തി സമയം 10:30.സെക്യൂരിറ്റി കടത്തി വിടുമോ എന്തോ? ഇനി വിട്ടില്ലെങ്കില്‍ വല്ല കള്ള സീലുമുണ്ടാക്കി rejected എന്ന് മുദ്ര കുത്തി നാട്ടില്‍ പോകാം.അല്ലാതെ എന്തു ചെയ്യാന്‍ അല്ലേ?വരുന്നിടത്ത് വച്ച് കാണാം.

2010, ഏപ്രിൽ 25, ഞായറാഴ്‌ച

നൂഡില്‍സ് കഞ്ഞി

നൂഡില്‍സ് ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയതാ.പക്ഷേ കഞ്ഞി പോലെയായി.

പിന്നെ ചെമ്മീന്‍ ചമ്മന്തിപൊടി വിതറി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.ഓണ്‍സൈറ്റ് അല്ലേ.. എന്തൊക്കെ സഹിക്കണം.:-)

 

പഴയ നിക്കോണ്‍ ക്യാമറ പോലെയല്ല.ഈ ക്യാനന്‍ അത്ര ക്ലാരിറ്റി വരുന്നില്ല.

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 4

കഥ ഇതുവരെ

അത്രയ്ക്ക് നിര്‍ബന്ധമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കി വായിച്ചു മനസിലാക്കുക.

അമേരിക്കന്‍ വിസാപരീക്ഷണം 1
അമേരിക്കന്‍ വിസാപരീക്ഷണം 2
അമേരിക്കന്‍ വിസാപരീക്ഷണം 3

 

10 മണിക്കാണ് വിസ ഇന്‍റര്‍വ്യു.ചുമ്മാ ടിക്കറ്റെടുത്ത് ചാടിക്കേറി പോയാല്‍ മാത്രം മതിയോ? അവിടെപോയാല്‍ എവിടെ താമസിക്കും?എങ്ങിനെ പോകും?തുടങ്ങിയ സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാം.പക്ഷെ ഒന്നുകൊണ്ടും പേടിക്കേണ്ട.ഒരു എ.സി ഹോട്ടല്‍ തന്നെ കണ്ടു വച്ചിട്ടുണ്ട് .അതും കോണ്‍സുലേറ്റിന്‍റെ തൊട്ടടുത്ത് തന്നെ.കഴിഞ്ഞപ്രാവശ്യം അവന്‍മാര്‍ പോയപ്പോള്‍ താമസിച്ചതും അവിടെത്തന്നെ.ഈ കമ്പനിയുടെ ഓരോ സ്റ്റാന്‍ഡേര്‍ഡുകളേ.എ.സി കോച്ച് ,എ.സി റൂം.എനിക്ക് വയ്യ.

അങ്ങനെ നമ്മുടെ ആലപ്പി ഒരു അര മണിക്കൂര്‍ വൈകി നോര്‍ത്ത് സ്റ്റേഷനില്‍ വന്നു നിന്നു.അരമണിക്കൂര്‍ വൈകിയില്ലെങ്കില്‍ പിന്നെ എന്തു ആലപ്പി അല്ലേ.പക്ഷെ എനിക്ക് ഫീലിങ്സ് ആയത് അതോന്നുമല്ല.സാധാരണ ബോഗിയില്‍ പതിക്കുന്ന ആ റിസര്‍വേഷന്‍ ലിസ്റ്റ് കാണുന്നില്ല..പ്രോജെക്റ്റിന്‍റെ പേര് മാത്രം തന്ന്‍ കോഡ് എഴുതാന്‍ പറഞ്ഞ ഒരു അവസ്ഥ.ഇനിയിപ്പോള്‍ എല്ലാം ഞാന്‍ തന്നെ കണ്ടു പിടിക്കണം.അങ്ങനെ വലതു കാലുവച്ച് ഞാന്‍ ആ ബോഗിയിലേക്ക് കയറി.

3rd എ.സി ഇപ്പോഴും 3rd എ.സി തന്നെ.ഒരുത്തനും മിണ്ടുന്നില്ല.എല്ലാവരും ഓരോ ബുക്കും പിടിച്ചുകൊണ്ട് നാളെയാണ് പി.എസ്.സി ടെസ്റ്റ് എന്ന മട്ടില്‍ ഇരിക്കുന്നു.ചിലഅവന്‍മാര്‍ ലാപ്ടോപ്പ് തുറന്നു വച്ച് ചുമ്മാ വാള്‍പേപ്പര്‍ മാറ്റി കളിക്കുന്നു.സ്ക്രീന്‍സേവര്‍ നോക്കുന്നു.ഇതെന്താണെന്നറിയാത്തവര്‍ ഇവന്‍ ഭയങ്കരനാണ് എന്ന മട്ടില്‍ നോക്കികൊണ്ടിരിക്കുന്നു.ലാപ്ടോപ്പ് ഇപ്പോഴേ തുറക്കണോ?ഏയ് വേണ്ട.അറിയാവുന്നവര്‍ വല്ലവരുമുണ്ടെങ്കില്‍ വെറുതെ ജാടയാണെന്നുവിചാരിക്കും.ആരും ഇങ്ങോട്ടുകയറി മുട്ടുകയുമില്ല. അങ്ങനെ ഞാനെന്‍റെ സീറ്റില്‍ വന്നിരുന്നു.തികച്ചും ഒരു മരുഭൂമി.

അതായത്.ആറുപേര്‍ക്കിരിക്കാവുന്ന സെഡില്‍ ഞാനും ഒരു വല്യപ്പനും.പുള്ളി ഉറക്കത്തിലാണ്.മറ്റേ സെഡില്‍ രണ്ട് മദ്ധ്യവയസ്കര്‍ ഏതോ കമ്പനിആവശ്യത്തിന് ചെന്നെയില്‍ പോകുന്നവരാണ്.ടോയിലേറ്റില്‍ പോവുകയാണെന്ന വ്യാജേന ഒന്ന് കറങ്ങി.കൊള്ളാം.മറ്റുള്ള കാബിനുകളെല്ലാം ഏകദേശം ഫുള്ള്.ഇനി ആരെങ്കിലും കയറിയാല്‍ ഇവിടെ മാത്രമേ സീറ്റുള്ളൂ.പ്രൈസ് ദ ലോര്‍ഡ്.

അങ്ങനെ ആലുവ.ഒരു അന്‍പത് റേഞ്ചിലുള്ള ഒരു കപ്പിള്‍സ് കയറി.കണ്ടാലേയറിയാം അവര്‍ അവിടെ വര്‍ക്ക് ചെയ്യുന്നവരല്ല.എന്തോ കാര്യത്തിന് പോകുന്നതാണ്.ഇവര്‍ക്ക് ഇവരുടെ പിള്ളാരെയും കൂടെ കൂട്ടിക്കൂടെ..രണ്ട് സീറ്റ് ബാക്കിയുണ്ടല്ലോ.അല്ല പിന്നെ.ദാന്‍ഡെ ഒരു ഉയരമില്ലാത്ത മനുഷ്യന്‍ രണ്ട് പ്രാവശ്യമായി നമ്മുടെ കാബിനില്‍ വന്നു വെറുതെ നോക്കിപോകുന്നു.തല്‍ക്കാലം നമുക്കയാളെ കുട്ടിമനുഷ്യന്‍ എന്ന് വിളിക്കാം.

അങ്ങനെ ടി.ടി. ആര്‍ വന്നു.എന്‍റെ ടിക്കറ്റ് നോക്കിയത്തിനുശേഷം ആ കപ്പിള്‍സ് കൊടുത്ത ടിക്കറ്റ് നോക്കി ടിടി. പറഞ്ഞു.ഈ ബാക്കി കിടക്കുന്ന സീറ്റ് നിങ്ങള്‍ ബുക്ക് ചെയ്തിട്ട് ക്യാന്‍സല്‍ ചെയ്തല്ലേ? അതേ മോള്‍ കുറച്ചു അത്യാവശ്യം ഉള്ളതുകൊണ്ട് ഇന്നലെ തന്നെ പോയി.അപ്പോള്‍ വിചാരിച്ച പോലെ തന്നെ.വായില്‍നോട്ട യോഗം ആയിട്ടില്ല.

അങ്കമാലി...അകത്തോ ആരും ഇല്ല എന്നാല്‍ ഇനി പുറത്തെങ്കിലും വായില്‍ നോക്കാം.അങ്ങനെ വാതില്‍ക്കല്‍ ചെന്നു നിന്നു.യെവെടെ സഹാറ മരുഭൂമിയില്‍ ഇതിലും കൂടുതല്‍ മരുപ്പച്ചകളും വെള്ളവും കാണും.ഇവിടെ ഒന്നുമില്ല.ട്രയിന്‍ നീങ്ങി തുടങ്ങി.ദേ വരുന്നു രണ്ട് കിളികള്‍.അതിലൊരുത്തിയെ കണ്ടാലേയറിയം അ ഉയരം... എനിക്കുവേണ്ടി പറഞ്ഞുവച്ചിട്ടുള്ളതാ.വെറുതെ പുറത്ത് നിന്ന് വായില്‍ നോക്കി ഇമേജ് ഉണ്ടാക്കേണ്ട. അകത്തിരിക്കാം.വേറെ എവിടെ പോകാന്‍.ഇനി ഈ കംപാര്‍ട്ട്മെന്‍റില്‍ എന്‍റെ കാബിനില്‍ മാത്രമല്ലേ സ്ഥലമുള്ളൂ.

അതേ ഞങ്ങളിപ്പോള്‍ ട്രൈയിനില്‍ ചെന്നൈയിലേക്ക് ചിന്നുമോളുടെ convocation കാണാന്‍ വേണ്ടി പോയികൊണ്ടിരിക്കുവാ.അവള് ഇന്നലെയേ പോയി.റിഹേഴ്സല്‍ ഉണ്ട് പോലും.കാപ്പിള്‍സിലുള്ള ചേച്ചി ആരോടോ ഫോണില്‍ പറയുന്നു.വെറുതെ എന്തിനാ ചേച്ചി ശവത്തില്‍ കുത്തുന്നെ?നിങ്ങള്‍ എങ്ങോട്ടെങ്കിലും വരികയെ പോവുകയോ ചെയ്യ്.വിളിച്ചു പറയേണ്ട വല്ല കാര്യവുമുണ്ടോ?

കുറച്ചു മുന്‍പ് കണ്ട കുട്ടിമനുഷ്യനല്ലേ ദേ ഇപ്പോള്‍ ഫാമിലിയായിട്ട് വരുന്നത്?ഇവര്‍ക്കേവിടെയാ സീറ്റ്?ഇനി ക്യാന്‍സല്‍ ചെയ്ത സീറ്റ് പിടിക്കാന്‍ വരുന്നതാകുമോ?ഏയ് അപ്പോള്‍ അങ്കമാലിയില്‍ നിന്നും കയറിയ പിള്ളേര്‍ എവിടെ ഇരിക്കും. എന്തെങ്കിലുമാകട്ടെ. ഒരു മോളുണ്ട്.സ്റ്റാര്‍ട്ട് സ്കാനര്‍...ആക്ഷന്‍...

കട്ട്...ഛേ.ഒരു പച്ച പരിഷ്കാരി.അവളുടെയൊരു ജീന്‍സും t ഷര്‍ട്ടും.ഒരു മുടിഞ്ഞ ഇംഗ്ലീഷും.ഏയ് നമുക്ക് ശരിയാവില്ല.പേര് ലിസ.അങ്ങനെ ആ പ്രതീക്ഷയും പോയി.

വെയര്‍ ആര്‍ യു സ്റ്റെയിങ്? ഐ ആം സ്റ്റെയിങ് അറ്റ് Thiruvanmiyur.ഒരു കിളിയുടെ മറുപടിയല്ലേ ആ കേട്ടത്?അതേ.അങ്കമാലിയില്‍ നിന്നും കയറി യ അതേ കിളി.അപ്പുറത്തെ കാബിനില്‍ നിന്നും.അവിടെ മസിലും പെരുപ്പിച്ച് ലാപ്ടോപ്പും തുറന്നു വച്ചിരിക്കുന്നവനോടുതന്നെ.എടീ.എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു.

ഞാന്‍ നോക്കിയപ്പോള്‍ കറക്റ്റ് 6 പേരവിടെ ഇരിപ്പുണ്ടായിരുന്നല്ലോ.അപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു?ആ പോട്ട് എന്തായാലും കാലാവസ്ഥ വളരെ പ്രതികൂലമാണ്.മൂടി പുതച്ചു കിടന്നുറങ്ങിയേക്കാം.അങ്ങനെ നമ്മുടെ അപ്പര്‍ ബെര്‍ത്തിലേക്ക് ചുരുണ്ടു വിത്ത് 2 അലാംസ്  ഇന്‍ ആക്ഷന്‍ അറ്റ് 5:45 .

ഓട്ടഹപ്പാല്‍.. ഓട്ടഹപ്പാല്‍...ദൈവമേ ആരാ ഈ രാത്രിയില്‍ ഒട്ടകപാല് ചോദിക്കുന്നത്?വല്ല അറബിയും കയറിയിട്ടുണ്ടോ?മാന്ദ്യം കാരണം അറബികളൊക്കെ ട്രെയിന്‍ യാത്രയാക്കിയോ? ഒട്ടകപാലല്ല മോളേ.ഒറ്റപ്പാലം.ശരിക്ക് വായിക്കൂ.ഓഹോ.കുട്ടിമനുഷ്യന്‍ മോളേ മലയാളം പഠിപ്പിക്കുവാ...അതും മനുഷ്യന്‍ ഇവിടെ ഡെസ്പ് അടിച്ച് ഉറങ്ങുന്ന നേരത്ത്.അവളുടെ അമ്മേടെ....വീട്ടില്‍ നിന്നിട്ടാണെന്ന് തോന്നുന്നു ആകുട്ടി മലയാളം പഠിച്ചത്.ഹും..

6:05 am.ആലപ്പി ചെന്നെയില്‍ വന്നു നിന്നു.ഇപ്പോള്‍ ചെന്നെയില്‍ ഇറങ്ങുന്നത് ആ പഴയ ജോലി അന്വേഷിച്ച് വന്ന പോലെയല്ല.എ.സി കോച്ച്.കയ്യില്‍ ലാപ്പ്.ഓ എനിക്ക് വയ്യ.ഇത്തവണ ഒന്ന് തകര്‍ക്കണം.

2010, ഏപ്രിൽ 14, ബുധനാഴ്‌ച

ന്യൂ ജെനെറഷന്‍ ഹീറോ ഈസ്‌ ബാക്ക്

കോഴിക്കോട് വീടായതുകൊണ്ട്‌ മാത്രം ബാക്ക് എന്നു പേര് വീണ ഒരുത്തനെപറ്റി ഒരു പഴയ പോസ്റ്റില്‍ പറഞ്ഞിരുന്നു.പുള്ളിക്കാരന്‍ താന്തോന്നി എന്ന പടം റിലീസ് ആയതോടുകൂടി ശരിക്കും ഹീറോ ആയി.

കഥ ഇങ്ങെനെയാണ്.ഒരുത്തന്‍ ആ പടം കണ്ടിട്ട് വരുന്നു.പടത്തിനെ പറ്റി പറയുന്നതിനുമുന്പേ ബാക്കിനെ ഒന്ന് അഭിനന്ദിച്ചു.നീയാണെടാ ബാക്കെ ന്യൂ ജെനെറേഷന്‍ ഹീറോ.ഒന്നും മനസിലാകാതെ നിന്ന ബാക്കിനു താഴെ കൊടുത്തിട്ടുള്ള ഫോട്ടോ കണ്ടപ്പോള്‍ എല്ലാം പിടികിട്ടി.



2010, ഏപ്രിൽ 11, ഞായറാഴ്‌ച

കടാപ്പുറത്തെ സൗന്ദര്യം

എടാ നീ അറിഞ്ഞോ നമ്മുടെ ആ ആന്റിയുടെ മോന്‍ ഒരു അരയത്തി പെണ്ണിനെ കല്യാണം കഴിക്കാന്‍ പോകുന്നു.
ഇത് കേട്ട നിധിന്‍: അതിനെന്താ കുഴപ്പം.കടപ്പുറത്തുള്ള പെണ്ണുങ്ങളെല്ലാം നല്ല സുന്ദരി പെണ്ണുങ്ങളല്ലേ.ഉദാഹരണമായി ചെമ്മീനിലെ ഷീല സുന്ദരിയല്ലേ,പിന്നെ അമരത്തിലെ മാതു....
 

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 3

Recap /കഥ ഇതുവരെ...

ആദ്യത്തെ വിസാപരീക്ഷണം പാളി.വീണ്ടും പോകാന്‍ അനുമതി കിട്ടി.

തുടര്‍ന്നു വായിക്കുക.

 

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ചോദിക്കുന്ന ഒരു കുസൃതിച്ചോദ്യമുണ്ട്.ഒരു കിളി പറന്നുകൊണ്ട് മുട്ടയിട്ടു മുട്ട പൊട്ടിയില്ല എന്തുകൊണ്ട്? അറിയിലെങ്കില്‍ പറയാം.അതിന്‍റെ ഭാഗ്യം കൊണ്ട്.വീണ്ടും പറന്നുകൊണ്ട് മുട്ടയിട്ടപ്പോഴും പൊട്ടിയില്ല എന്തുകൊണ്ട്? ഉത്തരം എക്സ്പീരിയന്‍സ് കൊണ്ട്..

അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് എക്സ്പീരിയന്‍സ് ആയി ഈ വിസയെടുക്കലില്‍.ആ ഒരു അഹങ്കാരത്തോടുകൂടി അഡ്മിന്‍റെ കൈയ്യില്‍ നിന്നും പൈസയും വാങ്ങി എച്ച്.ഡി.എഫ്.സി. ബാങ്കില്‍ പോയി.പെട്ടെന്നുതന്നെ റെസീപ്റ്റ് വാങ്ങി.സൈറ്റില്‍ കയറി പിന്നെയെങ്ങാനും അപ്പോയിന്‍റ്മെന്‍റ് എടുക്കാം.നമ്മള്‍ എക്സ്പേര്‍ട് അല്ലേ ഇതെല്ലാം ഫില്‍ ചെയ്യാന്‍.

അങ്ങനെ രാഹുകാലം,യമകണ്ടകാലം,കലികാലം ഒക്കെനോക്കി ഫില്ലൂചെയ്യാനിരുന്നു.സൈറ്റുകണ്ടതും എന്‍റെ ഉള്ളില്‍ ഒരു ഇടിവെട്ടി.ആനയും ആടും എന്നൊക്കെ പറഞ്ഞാല്‍ ഒരു ചെറിയ സാമ്യമെങ്കിലും കാണും.കുറഞ്ഞത് രണ്ടിനും നാലുകാലാണല്ലോ..പോരാത്തത്തിന് രണ്ടും വെജിറ്റേറിയന്‍സ്.ഇതൊരുമാതിരി ആനയും അട്ടയും പോലെ.പണ്ടുഞങ്ങള്‍ കണ്ട സൈറ്റുമായി ഒരു ബന്ധവുമില്ല.പണ്ടു ഫില്‍ ചെയ്തത് ഫോം 156ഉം 157നും ആയിരുന്നു.ദാന്‍ഡെ ഇവിടെ കിടക്കുന്നു ഫോം 160.കര്‍ത്താവേ പണി പാളിയെന്നാ തോന്നുന്നേ.

ആദ്യം ഫില്‍ ചെയ്തപ്പോള്‍ കൂടെ എച്ച്.ആര്‍ ഉണ്ടായിരുന്നു.അന്ന് ഞങ്ങള്‍ നാലുപേരുള്ളതുകൊണ്ട് കുഴപ്പമില്ല.ഇപ്പോഴെങ്ങാനും ഞാന്‍ എച്ച്.ആറിനെയും കൂട്ടി ഒരു മുറിയിലിരുന്നു ഫില്‍ ചെയ്താല്‍ പണിപാളും.ചുമ്മാ ഓരോ കഥകള്‍ ഇറങ്ങും.അല്ലെങ്കില്‍ത്തന്നെ നല്ല ഇമേജാണ്.ഇനി അത് വെറുതെ കൂടുതലാക്കി ഭാവി കോഞ്ഞാട്ടയാക്കേണ്ട.എന്നെപ്പോലെ ഗ്ലാമറുള്ള ഒരു ബാച്ചിലറുടെ ഓരോ പ്രശ്നങ്ങളേ...അങ്ങനെ വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചു ഞാന്‍ ഒറ്റക്ക് ഫില്ലിങ് തുടങ്ങി.

ആദ്യ പാര ഫോട്ടോ ആയിരുന്നു.പണ്ടായിരുന്നെങ്കില്‍ ഫോട്ടോ കൊണ്ട് പോയാല്‍ മതിയായിരുന്നു.ഇതിപ്പോള്‍ അതില്‍ അപ്പ് ലോഡുചെയ്യണം.അതും അവന്‍മാരുടെ ഒരു ഫോര്‍മാറ്റില്‍.എന്തു ചെയ്യും എന്നാലോചിച്ചുനിന്നപ്പോഴാണ് അടുത്തിരിക്കുന്ന പ്രവീണ്‍ നായരുടെ പുതിയ മൊബൈല്‍ കണ്ടത്.പിന്നെ ഒന്നും ആലോചിച്ചില്ല ഡിസൈനര്‍ രാജീവിനേയും വിളിച്ചു അടുത്ത കോണ്‍ഫറന്‍സ് റൂമില്‍ കയറി.എന്‍റെ ഗ്ലാമറും പിന്നെ രാജീവിന്‍റെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു കിടിലന്‍ ഫോട്ടോ.അവന്‍മാരു പറഞ്ഞ അതേ രണ്ടിഞ്ച് നീളത്തിലും രണ്ടിഞ്ച് വീതിയിലും.

അങ്ങനെ അതു കഴിഞ്ഞപ്പോള്‍ ദേ വരുന്നു അടുത്ത പാര.ഈ കുന്തത്തില്‍ ലോഗിന്‍ ഇല്ല.നമ്മള്‍ ഓരോ ഫോമുകള്‍ ഫില്‍ ചെയ്തു അവസാനം അതു ഡിജിറ്റല്‍ സിഗ്നേചര്‍ ഉപയോഗിച്ച് ഒരു ബാര്‍കോട് ഉണ്ടാക്കണം.ഈ ബാര്‍കോഡുപയോഗിച്ച് വേണം അപ്പോയിന്‍റ്മെന്‍റ് എടുക്കാന്‍.ഫില്ലുചെയ്യുന്നതിന്റെ  ഇടയില്‍ ഒരു ചായ കുടിക്കാന്‍ പോയാല്‍ അതു ടൈം ഔട്ട് ആകും.വിസ പിന്നെയും എടുക്കാം.പക്ഷെ  ഇപ്പോള്‍ കുടിക്കേണ്ട ചായ ഇപ്പോള്‍ തന്നെ കുടിക്കണമല്ലോ എന്ന ഒരു തത്വം വച്ച് രണ്ട് തവണ ചായ കുടിക്കാന്‍ പോയി രണ്ട് തവണയും അവന്‍ ടൈം ഔട്ട് ആയി.ഒരു കാര്യം ഉറപ്പിച്ചു.ഏതോ വിവരമുള്ളവന്‍ ചെയ്ത സൈറ്റുതന്നെ.

കുന്തം പോയാല്‍ ഗൂഗിളിലും തപ്പണം എന്ന പുതിയ പഴഞ്ചൊല്ലനുസരിച്ച് അവിടെയും ഒന്ന് തപ്പി.ദാണ്‍‍ഡെ കിടക്കുന്നു ഒരു കിടിലന്‍ എന്നുപറയാന്‍പറ്റില്ല എന്നാലും കുഴപ്പമില്ലാത്ത ഒരു വഴി.ഓരോ പേജും കഴിയുമ്പോള്‍ ആ അപ്പ്ളിക്കേഷന്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം.ആ ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ അപ്പ് ലോഡ് ചെയ്താല്‍ വീണ്ടും വിസ അപ്പ്ളിക്കേഷന്‍ ഫില്‍ ചെയ്യാം.

അങ്ങനെ ആ ഭയങ്കയകണ്ടുപിടുത്തത്തോടുകൂടി കാര്യങ്ങള്‍ വളരെ എളുപ്പമായി.ഫോം 160 കഴിഞ്ഞു..അതു കഴിഞ്ഞപ്പോള്‍ ഒരു ബാര്‍‍കോഡു പതിച്ച ഒരു ഷീറ്റ് കിട്ടി. പിന്നെ ഡേയ്റ്റ് എടുക്കല്‍.അതു അതിലും എളുപ്പം.ചുമ്മാ ആ ബാര്‍കോഡുകൊടുത്താല്‍ മാത്രം മതി.അങ്ങനെ ഡേയ്റ്റ് കിട്ടി.26 മാര്‍ച്ച്.

ദൈവമേ ട്രെയിനില്‍ ടിക്കറ്റുണ്ടോ എന്ന് നോക്കിയില്ലലോ.ഒരു ഓളത്തിനങ്ങുപോയി ഡേയ്റ്റ് എടുക്കുകയും ചെയ്തു.പണ്ടു ജോലിയില്ലാതെ ചെന്നെയില്‍ തെണ്ടിതിരിഞ്ഞു നടന്നപ്പോള്‍ പോയിരുന്നതുപോലെ ചാടിക്കേറി പോകേണ്ടി വരുമോ?ഛെ..ഇനി ഞാനങ്ങനെ പോകാം എന്നുപറഞ്ഞാലും കമ്പനി സമ്മതിക്കുമോ? കമ്പനിക്ക് ഒരു സ്റ്റാന്‍ഡേര്‍ഡു കാണില്ലേ?

വെറുതെ കാടുകയറി ചിന്തിക്കുന്നതെന്തിനാ?ടിക്കറ്റ് ഉണ്ടോ എന്ന് നോക്കിയിട്ടു പോരെ ഈ വക ചിന്തകളെല്ലാം?അങ്ങനെ ഓം ആലപ്പിയാഹ നമഹ എന്ന് പറഞ്ഞുനോക്കിയപ്പോള്‍ ദേ കിടക്കുന്നു 3rd എ.സിയില്‍ വെയിറ്റിങ് ലിസ്റ്റ് 6.ചീളുകേസ്... എന്തായാലും കണ്‍ഫോമാകും.

അങ്ങനെ 24ആം തീയതിയായി.പ്രശ്നങ്ങള്‍ ഒന്നും കാണാനില്ല.പ്രോജക്റ്റ് അതിന്‍റെ വഴിക്ക് തന്നെ പോകുന്നുണ്ട്.ആ ദിവസത്തെ ഓണ്‍സൈറ്റ് ലീഡുമായുള്ള കോളും വലിയ കുഴപ്പമില്ലാതെ അവസാനിച്ചു.എന്തായാലും നാളത്തെ കോളിനെ പേടിക്കേണ്ട കാര്യമില്ല.ട്രെയിന്‍ നാളെ വൈകീട്ട് അഞ്ചരക്കാണ്.അതിന് മുന്‍പ് പുള്ളി വിളിക്കത്തില്ല.

പോകാനുള്ള ദിവസം വന്നപ്പോള്‍ ആദ്യം ചെയ്തത് കമ്പനി മെയില്‍ നോക്കലായിരുന്നു.നോ പ്രോബ്ലംസ്...ഉച്ചക്ക് രണ്ട് മണിയായപ്പോഴേ ഓഫീസില്‍ നിന്നും മുങ്ങി.പിന്നെ പൊങ്ങിയത് ഒരു നാലരമണിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു എല്ലാ പ്രാവശ്യവും ആലപ്പി എക്സ്പ്രെസില്‍ കയറുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനയും ചൊല്ലിക്കൊണ്ട്.എനിക്കായി പറഞ്ഞുവച്ചിട്ടുള്ളവളെ ഈ യാത്രയിലെങ്കിലും കാണിച്ച് തരണമേ.ആമ്മേന്‍.അതായത് വായില്‍ നോക്കാന്‍ പരുവത്തില്‍ ഒരു അഞ്ചാറേഴേട്ടോമ്പത് പിള്ളേര്‍ ഞാന്‍ കയറുന്ന ബോഗിയില്‍.അത്രമാത്രം.